ക്ഷേമ പെൻഷൻ ഒറ്റപ്പൈസ കൂട്ടിയില്ല, ജനത്തിന് അധിക നികുതി ഭാരം; ജനപ്രിയമല്ല, ഇത് പ്രായോഗിക ബജറ്റ്
കൈയ്യടി കിട്ടുന്ന ജനപ്രിയ പ്രഖ്യാപനങ്ങളൊന്നുമില്ലാത്ത, പ്രായോഗികതയിൽ ഊന്നിയ ബജറ്റ്. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവെന്ന് ധനമന്ത്രി പറഞ്ഞുവെച്ചിട്ടും ക്ഷേമ പെൻഷൻ കൂട്ടിയില്ല. ഭൂനികുതി 50 ശതമാനം വർധപ്പിച്ചു. കോടതി ഫീസും ഇലക്ട്രിക് വാഹന നികുതിയും കൂട്ടി. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയിലും വൻ വർധനവ്. പ്രതീക്ഷിച്ച ജനപ്രിയ പ്രഖ്യാപനങ്ങൾ ഒന്നുമില്ലെങ്കിലും ഖജനാവിലേക്ക് പണമെത്തിക്കാനുള്ള വഴി കൂടി തേടുന്നതായി കെ.എൻ ബാലഗോപാലിന്റെ അഞ്ചാം ബജറ്റ്.
തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെ ക്ഷേമ പെൻഷൻ 100 രൂപയെങ്കിലും വർധിപ്പിക്കുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. എന്നാൽ ഒറ്റപൈസ പോലും കൂട്ടിയില്ല. മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷന്റെ മൂന്ന് മാസത്തെ കുടിശ്ശിക സമയബന്ധിതമായി നൽകുമെന്നത് മാത്രമായിരുന്നു പെൻഷൻ വാങ്ങുന്നവർക്കുള്ള ധനമന്ത്രിയുടെ ഒരേയൊരു ഉറപ്പ്. നേരത്തെ മുഖ്യമന്ത്രി സഭയിൽ പറഞ്ഞ അതേകാര്യം.
നിലവിൽ 1600 രൂപയാണ് സംസ്ഥാനത്തെ ക്ഷേമ പെൻഷൻ. ഇത് 2500 ആക്കി ഉയർത്തുമെന്നായിരുന്നു എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. സർക്കാരിന്റെ കാലാവധി ഒരുവർഷം മാത്രം ശേഷിക്കെ ആ വാഗ്ദാനം നടപ്പാക്കൽ ഇനി അപ്രാപ്യം. ക്ഷേമ പെൻഷന് ബജറ്റിൽ പ്രാധാന്യമില്ലെങ്കിലും കാലാവധി കഴിഞ്ഞ സർക്കാർ വാഹനങ്ങൾ മാറ്റി പുതിയത് വാങ്ങാൻ പോലും 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
പതിവുപോലെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന വാദത്തോടെയായിരുന്നു ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. വയനാട് പുനരധിവാസത്തിനായി ഒരു പൈസ പോലും കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ലെന്ന് പറഞ്ഞ ധനമന്ത്രി മുണ്ടകൈ-ചൂരൽമല പുനരുദ്ധാരണത്തിനായി 750 കോടിയുടെ ആദ്യഘട്ട പദ്ധതിയും പ്രഖ്യാപിച്ചു.
ഇലക്ട്രിക് വാഹനങ്ങൾക്കും രക്ഷയില്ല
കഴിഞ്ഞ ബജറ്റിൽ നികുതികൾ കാര്യമായി വർധിപ്പിച്ച സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള ബജറ്റിൽ ജനത്തിന് അധിക നികുതി ബാധ്യത ഉണ്ടാകില്ലെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ അതുണ്ടായില്ല. ഭൂനികുതി 50 ശതമാനം വർധിപ്പിച്ചതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് 100 കോടിയുടെ അധിക വരുമാനം. അടിസ്ഥാന ഭൂനികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ഒരു ആറിന് 5 രൂപ എന്നത് 7.5 രൂപയാകും. ഏറ്റവും ഉയർന്ന സ്ലാബ് നിരക്ക് ഒരു ആറിന് 45 രൂപയായും ഉയരും.
ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടിയതിലൂടെ 10 കോടി അധികവരുമാനവും സർക്കാർ പ്രതീക്ഷിക്കുന്നു. 15 ലക്ഷത്തിന് മുകളിലുള്ള വാഹനങ്ങൾക്ക് 8 ശതമാനമാണ് നികുതി. 20 ലക്ഷത്തിന് മുകളിലുള്ള വാഹനങ്ങൾക്ക് 10 ശതമാനവും. നേരത്തെയുള്ള 5 ശതമാനം നികുതിയാണ് വാഹന വിലയുടെ അടിസ്ഥാനത്തിൽ പുനക്രമീകരിച്ചത്. ബാറ്ററി റെൻഡിങ് സംവിധാനമുള്ള വാഹനങ്ങൾക്ക് അവയുടെ വിലയുടെ 10 ശതമാനവും നികുതി ഈടാക്കും. ഇതിന് പുറമേ കോൺട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതിയും പരിഷ്കരിച്ചിട്ടുണ്ട്. ഇതിലൂടെ പ്രതീക്ഷിക്കുന്നത് 15 കോടി രൂപ. ഇതോടെ ടൂറിസ്റ്റ് ബസ് നിരക്കും ഉയരും. കോടതി ഫീസ് വർധിപ്പിച്ചത് വഴി ഖജനാവിലേക്ക് 150 കോടിയുടെ അധികവരുമാനവും പ്രതീക്ഷിക്കുന്നു.
സർക്കാർ ജീവനക്കാർക്ക് നേരിയ ആശ്വാസം
12-ാം ശമ്പള കമ്മീഷന്റെ പ്രഖ്യാപനം ഇത്തവണ ബജറ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല. പക്ഷേ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമേകുന്ന ചില പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമബത്ത ഏപ്രിലിൽ നൽകും. സർവീസ് പെൻഷൻ പരിഷ്കരണ കുടിശ്ശികയുടെ അവസാന ഗഡു 600 കോടി ഈ മാസം തന്നെ നൽകും. ശമ്പള പരിഷ്കരണ കുടിശ്ശികയുടെ രണ്ട് ഗഡുവും ഈ സാമ്പത്തിക വർഷം അനുവദിക്കും. ഇത് പിഎഫിൽ ലയിപ്പിക്കും. ഡി.എ കുടിശ്ശികയുടെ രണ്ടു ഗഡുവിന്റെ ലോക്ക് ഇൻ പീരിഡ് ഒഴിവാക്കുമെന്നു മന്ത്രി പ്രഖ്യാപിച്ചു.
വരുന്നു കെ-ഹോം...
വലിയ പദ്ധതികളും മറ്റുമില്ലാത്ത ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളിലൊന്ന് കെ-ഹോം പദ്ധതിയാണ്. താമസക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതി. മിതമായ നിരക്കിൽ ഇത്തരം വീടുകളിൽ വിനോദ സഞ്ചാരികൾക്ക് താമസ സൗകര്യം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വീട്ടുടമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞുകിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും ഇതിലൂടെ കഴിയും. ലോകമെമ്പാടുമുള്ള സമാന സംരഭങ്ങളിൽനിന്ന് മാതൃകകളും നടത്തിപ്പ് രീതികളും സ്വീകരിച്ച് ഫോർട്ട് കൊച്ചി, കുമരകം, കോവളം മൂന്നാർ തുടങ്ങിയ വിനോദ സഞ്ചാര മേഖലകളുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ ഇതിന്റെ ഫലം വിലയിരുത്തി സംസ്ഥാനത്തുടനീളം കെ-ഹോം വ്യാപിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയുടെ പ്രാരംഭ ചെലവുകൾക്കായി 5 കോടി രൂപയും ബജറ്റിൽ വകയിരുത്തി.
1,52,352 കോടി രൂപ റവന്യൂ വരവും 1,79,476 കോടി രൂപ റവന്യൂ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റായിരുന്നു ഇത്തവണത്തേത്. തനത് നികുതി വരുമാനത്തിൽ 9888 കോടി രൂപയുടെയും നികുതിയേതര വരുമാനത്തിൽ 1240 കോടി രൂപയുടെയും വർദ്ധനവ് ലക്ഷ്യമിടുന്നു. അതേസമയം വരുമാനമുള്ള സ്ഥാപനമാക്കി കിഫ്ബിയെ മാറ്റുമെന്ന ധനമന്ത്രിയുടെ വാക്കുകൾ കിഫ്ബി നിർമിക്കുന്ന റോഡുകൾക്ക് ടോൾ അല്ലെങ്കിൽ യൂസർ ഫീ ഏർപ്പെടുത്തുമെന്നതിന്റെ സൂചന കൂടിയാണ്. ഇതിനുള്ള പ്രാരംഭ പഠനങ്ങൾ കിഫ്ബി ഇതിനോടകം ആരംഭിച്ചിട്ടുമുണ്ട്.
Content Highlights: kerala budget 2025 analysis key highlights and tax hikes