VIDEO| ഒന്നല്ല നൂറ് അരിക്കൊമ്പന്‍മാരെ ' കാടുകടത്തി' കെനിയ
കാടിറങ്ങി നാട്ടുകാര്‍ക്ക് തലവേദനയായി മാറിയ അരിക്കൊമ്പനെയും അതിന്റെ കാട് മാറ്റത്തേയും ആരും മറന്നിട്ടുണ്ടാവില്ല. അത്ര ദുഷ്‌കരമായിരുന്നു ആ ദൗത്യം. അങ്ങ് കെനിയയില്‍ ഒന്നല്ല അതുപോലെ നൂറ് ആനകളെ കഴിഞ്ഞ ദിവസം കൂട്ടക്കാടുമാറ്റം നടത്തി. ഇതിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
മനുഷ്യ-മൃഗ സംഘര്‍ഷങ്ങളുടെ പല വാര്‍ത്തകളും ലോകത്തെല്ലായിടത്തുനിന്നും നമ്മള്‍ കേള്‍ക്കാറുണ്ട്. ഇതിനെല്ലാം പ്രധാന കാരണമായി പറയുന്നത് എണ്ണക്കൂടുതലാണ്. ഈ സമയങ്ങളില്‍ സ്വീകരിക്കുന്ന പ്രധാന പരിഹാര മാര്‍ഗമാണ് ഒന്നുകില്‍ നിയന്ത്രിത കൊന്നൊടുക്കല്‍ അല്ലെങ്കില്‍ കാടുമാറ്റം. അങ്ങനെയൊരു കാടുമാറ്റമാണ് കഴിഞ്ഞ ദിവസം കെനിയയില്‍ നടന്നത്. ഒരുവേള വിചിത്രവും വലിയ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്ത ജോലി.
മധ്യ കെനിയയിലെ എംവിയ സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം. കാലുകള്‍ കൂട്ടിക്കെട്ടിയ ആനകളെ ആദ്യം മയക്കുവെടി വെച്ച് മയക്കി. പിന്നെ ക്രെയിനില്‍ നിന്ന് പൊക്കിയെടുത്ത് ട്രക്കുകളിലാക്കി മറ്റൊരു കാട്ടില്‍ തുറന്നുവിട്ടു. അങ്ങനെ നൂറ് ആനകള്‍ക്ക് പുതിയ കാട് കിട്ടി.
42 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള എംവിയക്ക് 50 ആനകളെ മാത്രമേ ഉള്‍ക്കൊള്ളാനാവു. ഇത് 156 ആയി ഉയര്‍ന്നു. ഭക്ഷണത്തിനും മറ്റുമായി കാടിറങ്ങിയതോടെ മനുഷ്യ മൃഗ സംഘര്‍ഷം രൂക്ഷമായി. ഇതോടെയാണ് കാടുമാറ്റമെന്ന മാര്‍ഗം തിരഞ്ഞെടുത്തത്. നൂറ് ആനകളെ മധ്യ കെനിയയിലെ തന്നെ അബേര്‍ഡയര്‍ ദേശീയോദ്യാനത്തിലേക്കാണ് മാറ്റിയത്.