ഏഴുമണി കഴിഞ്ഞാൽ കല്ലേറ്, 'ചാത്തനേറെന്ന്' പ്രചരണം; ഒരാഴ്ചയായി ഉറക്കമില്ലാതെ കവളങ്ങാട് നിവാസികൾ

കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് ലക്ഷംവീട് മൂന്ന് സെന്റ് കോളനിയിൽ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ദുരൂഹമായ കല്ലേറ് ജനജീവിതം ദുസ്സഹമാക്കുകയാണ്. രാത്രി ഏഴു മണി മുതൽ അർധരാത്രി വരെ നീളുന്ന കല്ലേറ് കാരണം പരിസരനിവാസികൾക്ക് രാത്രിയിൽ ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്.

നാശനഷ്ടങ്ങളും ഭീതിയും വീടുകളുടെ മേൽക്കൂരകളിലെ ഷീറ്റുകൾ തകരുകയും വാട്ടർ ടാങ്കുകൾ പൊട്ടുകയും ചെയ്യുന്നതുൾപ്പെടെ വലിയ നാശനഷ്ടങ്ങളാണ് ഈ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വീടിന് പുറത്തിറങ്ങാൻ പോലും പേടിയാണെന്നും കുട്ടികളടക്കം വലിയ മാനസിക സമ്മർദ്ദത്തിലാണെന്നും പ്രദേശവാസികൾ പറയുന്നു.

സംഭവത്തെ 'ചാത്തനേറ്' എന്ന് ചിലർ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഇത് വെറും അന്ധവിശ്വാസമാണെന്നും ഇതിന് പിന്നിൽ മനുഷ്യർ തന്നെയാണെന്നുമാണ് നാട്ടുകാരുടെയും വാർഡ് മെമ്പറുടെയും ഉറച്ച വിശ്വാസം. അന്വേഷണം വഴിതെറ്റിക്കാൻ ചിലർ മനഃപൂർവം ഇത്തരം അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന സാഹചര്യം ഉണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്ത് ലഹരി മാഫിയയുടെ ശല്യമുണ്ടെന്നും ആൾതാമസമില്ലാതെ കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് മദ്യപാനികളും മറ്റും നടത്തുന്ന പ്രവർത്തികളാകാം ഇതെന്നും സംശയമുണ്ട്.

ഊന്നുകൽ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിട്ടുണ്ട്. പോലീസ് സ്ഥലത്തുള്ളപ്പോൾ പോലും വീടുകൾക്ക് നേരെ കല്ലേറുണ്ടായതായി നാട്ടുകാർ പറയുന്നു. എന്നാൽ കല്ലെറിയുന്നത് ആരാണെന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. പ്രദേശത്തെ ആൾതാമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.

Content Highlights: Mysterious nightly stone-throwing terrorizes Kavalangad's Lakshmveedu colony