കൊച്ചിയിൽ സിപിഎമ്മിന്റെ കോട്ടകൾ തകർത്തു, ഇത് തുടക്കം മാത്രം -ദീപ്തി മേരി വർഗീസ്

#ഷിഹാബുദ്ദീൻ തങ്ങൾ

കൊച്ചി: കൊച്ചിയിൽ സിപിഎം കോട്ടകളാണെന്ന് കരുതിയിരുന്ന പല ഡിവിഷനുകളും തകർന്നെന്നും വൻഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാർഥികൾ ജയിച്ചിരിക്കുന്നതെന്നും മേയർ സ്ഥാനാർഥിയായിരുന്ന ദീപ്തി മേരി വർഗീസ്. കോർപറേഷനിലെ അ‌ഞ്ചു വർഷത്തെ ദുർഭരണവും ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളും തങ്ങൾക്ക് അ‌നുകൂലമായെന്നും മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കവേ അ‌വർ പറഞ്ഞു.

കഴിഞ്ഞ തവണ കൈവിട്ട കൊച്ചി കോർപറേഷനിലെ, 76 ഡിവിഷനുകളിൽ 46 എണ്ണം നേടിയാണ് ഇത്തവണ യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചിരിക്കുന്നത്. 2020ൽ 31 ഡിവിഷനുകളായിരുന്നു യുഡിഎഫിന് നേടാനായത്. എന്നാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 34 ഡിവിഷനുകൾ നേടിൽ എൽഡിഎഫ് ഇപ്രാവശ്യം ഇരുപതിലേക്ക് ഒതുങ്ങി.

സിപിഎം കാലങ്ങളായി കയ്യിൽ വെച്ചിരുന്ന പല ഡിവിഷനുകളും നേടാനായത് യുഡിഎഫിന്റെ ജയം ജനങ്ങൾ ആത്മാർത്ഥമായി ആഗ്രഹിച്ചതു കൊണ്ടാണെന്ന് ദീപ്തി മേരി പറയുന്നു. കോർപറേഷനിൽ ജയിച്ച യുഡിഎഫ് സ്ഥാനാർഥികൾക്ക് വലിയ ഭൂരിപക്ഷമാണ് ലഭിച്ചിരിക്കുന്നത്. തോറ്റിട്ടുള്ളത് വളരെ കുറഞ്ഞ മാർജിനിലുമാണ്. അ‌തിനാൽ ജനങ്ങളുടെ വിജയമായി വേണം കൊച്ചിയിലെയും കേരളത്തിലാകമാനവുമുള്ള യുഡിഎഫ് വിജയത്തെ കാണാനെന്നും അ‌വർ കൂട്ടിച്ചേർത്തു.

Content Highlights: UDF achieves a significant victory in Kochi Corporation, breaking CPM strongholds. Deepti Mary Varghese attributes the win to public sentiment against misrule and key issues.