പാകിസ്താനിലെ ബലൂചിസ്താനിൽ ചാവേര്‍ ആക്രമണം; 25 പേര്‍ കൊല്ലപ്പെട്ടു

പാകിസ്താനിലെ ബലൂചിസ്താനിൽ ചാവേര്‍ ആക്രമണം. ക്വറ്റ റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു
പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റെയിൽവേ സ്‌റ്റേഷനിലെ ബുക്കിങ് ഓഫീസിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. പെഷാവറിലേക്കുള്ള തീവണ്ടി പുറപ്പെടാനൊരുങ്ങുമ്പോഴായിരുന്നു സ്‌ഫോടനം നടന്നത്. സംഭവസമയം നൂറോളം ആളുകൾ സ്റ്റേഷനിലുണ്ടായിരുന്നു. തീവണ്ടി പുറപ്പെടുന്ന സമയമായിരുന്നതിനാൽ നിരവധിപേരാണ് സ്റ്റേഷനിലുണ്ടായിരുന്നത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ സൈനികരും ഉൾപ്പെടുന്നു.