'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്കുള്ള പ്രാധാന്യംപോലും ഗാന്ധിജിയുടെ ഹിന്ദുസ്വരാജിന് കൊടുക്കുന്നില്ല'

മ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് നല്‍കുന്ന പ്രാധാന്യം പോലും പൊതുസൂഹം മഹാത്മാഗാന്ധിയുടെ ഹിന്ദ്സ്വരാജിന് കൊടുക്കാറില്ലെന്ന് എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ സുധാ മേനോന്‍. മാതൃഭൂമി പ്രസിദ്ധീകരിച്ച സുഭാഷ് ചന്ദ്രന്റെ 'ജ്ഞാനസ്‌നാനം' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ യു.ആര്‍. അനന്തമൂര്‍ത്തിയുടെ 'ഹിന്ദുത്വ ഓര്‍ ഹിന്ദ്‌സ്വരാജ്'(Hindutva or Hind Swaraj) എന്ന പുസ്തകത്തെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അവര്‍. 

'നമ്മളില്‍ എത്രപേര്‍ ഹിന്ദുസ്വരാജ് വായിച്ചിട്ടുണ്ട്? ഞാനൊരു പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിനിയായിരുന്നപ്പോള്‍ ഹിന്ദുസ്വരാജ് സിലബസില്‍പോലും ഉണ്ടായിരുന്നില്ല. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് നല്‍കുന്ന പ്രാധാന്യംപോലും ഗന്ധിജിയുടെ ഹിന്ദ്സ്വരാജിന് പൊതുസമൂഹം കൊടുക്കാറില്ല. ഇന്ത്യക്കാരോടുള്ള മഹാത്മാഗാന്ധിയുടെ മാനിഫെസ്റ്റോയാണ് ഹിന്ദുസ്വരാജ്. ഹിന്ദുത്വയ്‌ക്കെതിരായ കര്‍മപദ്ധതിയാണ് ഗാന്ധിജിയും ഹിന്ദുസ്വരാജുമെന്നാണ് യു.ആര്‍. അനന്തമൂര്‍ത്തി അദ്ദേഹത്തിന്റെ പുസ്തകമായ 'ഹിന്ദുത്വ ഓര്‍ ഹിന്ദുസ്വരാജി'ലൂടെ പറഞ്ഞത്' -സുധാ മേനോന്‍ പറഞ്ഞു.

'2014 ആഗസ്ത് 22-നാണ് യു.ആര്‍. അനന്തമൂര്‍ത്തി മരിച്ചത്. മോദി അധികാരത്തില്‍ വരികയാണെങ്കില്‍ താന്‍ ഇന്ത്യയിലുണ്ടാകില്ലെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. പിന്നീട് മോദി അധികാരത്തില്‍ വന്നപ്പോള്‍ സംഘപരിവാര്‍ അനന്തമൂര്‍ത്തിക്കെതിരെ അവഹേളനങ്ങള്‍ ഉയര്‍ത്തി. ഗിരിരാജ കിഷോര്‍ എന്ന സംഘപരിവാര്‍ നേതാവ് അദ്ദേഹത്തോട് പാക്കിസ്താനിലേക്ക് പോകാനാണ് അന്നു പറഞ്ഞത്. അദ്ദേഹത്തിന്റെ വീട് ആക്രമിച്ച സംഘപരിവാറിനും അവഹേളിച്ച ഗിരിരാജ കിഷോറിനും വാക്കുകളിലൂടെയല്ല ഒരു പുസ്തകത്തിലൂടെയായിരുന്നു അനന്തമൂര്‍ത്തി മറുപടി നല്‍കിയത്. ആ പുസ്തകമാണ് 'ഹിന്ദുത്വ ഓര്‍ ഹിന്ദ്സ്വരാജ്'. സവര്‍ക്കറുടെ ഹിന്ദുത്വത്തെയും ഹിന്ദ്സ്വരാജിനെയും താരതമ്യം ചെയ്തുകൊണ്ട് വര്‍ത്തമാനകാല ഇന്ത്യ എങ്ങനെയാണ് ഗാന്ധിയിലേക്ക് തിരിച്ചുപോകേണ്ടത് എന്ന് അതില്‍ അദ്ദേഹം പറയുന്നു'- സുധാ മേനോന്‍ വിശദീകരിച്ചു.

Content Highlights: Hindu swaraj is not even given the importance as The Communist Manifesto