ജനക്കൂട്ടത്തോട് ഹൃദയത്തിൽ നിന്ന് സംസാരിച്ച മാർപാപ്പ; അനുസ്മരിച്ച് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ്
ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും മനോഹരമായ മാതൃക നൽകികൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ കടന്നുപോവുന്നതെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് തോമസ് തറയിൽ. അഭയാർഥികളെ സ്വീകരിക്കുന്നതിൽ ലോകമെമ്പാടും അദ്ദേഹം വിമർശിക്കപ്പെട്ടു. എന്നാൽ ക്രിസ്ത്യാനിയാണെങ്കിൽ അഭയാർഥിയെ സ്വീകരിച്ചേ പറ്റൂവെന്ന പിതാവിന്റെ നിലപാട് വ്യക്തമായിരുന്നു. ഉത്ഭവമൊന്നും നോക്കേണ്ട. ആരുമില്ലാത്തവന് അഭയം കൊടുക്കാൻ ക്രിസ്ത്യാനി സന്നദ്ധനാവണം. അല്ലെങ്കിൽ അവൻ ക്രിസ്ത്യാനിയല്ലെന്നായിരുന്നു പരിശുദ്ധ പിതാവിന്റെ വിമർശനങ്ങളോടുള്ള മറുപടി. വലിയ സന്തോഷത്തോട് കൂടിയാണ് അദ്ദേഹം എല്ലാവരെയും കണ്ടതും സംസാരിച്ചതും. എഴുതിക്കൊടുത്ത പ്രസംഗങ്ങൾ മാറ്റിവെച്ച് ജനക്കൂട്ടത്തോട് ഹൃദയത്തിൽ നിന്ന് സംസാരിച്ച മാർപാപ്പയാണ്. ഈ ആധുനിക ലോകത്ത് ക്രൈസ്തവ വിശ്വാസത്തെ ഇത്രയും പ്രസക്തമാക്കിയ ഒരു വ്യക്തി വേറെയില്ല. അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്നുവെന്നും അദ്ദേഹത്തിനായി പ്രാർഥിക്കുന്നുവെന്നും ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ച് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് പറഞ്ഞു.
Inshort: Changanassery Archbishop Thomas Tharayil praises Pope Francis`s compassionate leadership and commitment to refugees, highlighting his exemplary Christian faith.
Content Highlights: Changanassery Archbishop Thomas Tharayil remembers Pope Francis