ഒറ്റമരത്തില്‍ കയ്യൊപ്പാല്‍ ഇലകള്‍ നിറച്ചു, പ്രകൃതിയെ സംരക്ഷിക്കാന്‍ അവര്‍ ഒന്നിച്ച് പ്രതിഞ്ജയെടുത്തു

.
.

ലോക പരിസ്ഥിതി ദിനത്തില്‍ മാതൃഭൂമി-ഫെഡറല്‍ ബാങ്ക് സീഡിന്റെ 17 വര്‍ഷത്തെ ജൈത്രയാത്ര കളമശ്ശേരി രാജഗിരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊപ്പം ആഘോഷിച്ചു. എറണാകുളം സബ് കളക്ടര്‍ മീര കെ ഐഎഎസ് സീഡിന്റെ എറണാകുളം ഉപജില്ലയിലെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. പ്ലാസ്റ്റികിനോട് നോ പറയുക എന്ന ലക്ഷ്യമാണ് ഈ വര്‍ഷത്തെ സീഡ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്.

കോള്‍ പാടത്തിന്റെ കരയിലായിരുന്നു തന്റെ വീടെന്നും അനധികൃതമായി കോള്‍ പാടങ്ങള്‍ നികത്തുന്നത് തടയാന്‍ കളക്ടര്‍ വന്ന് സ്റ്റോപ് മെമോ നല്‍കിയത് ഒരു എട്ടാം ക്ലാസുകാരിയുടെ മനസില്‍ കിടന്നിരുന്നുവെന്നും പിന്നീട് 2018ലെ പ്രളയ ശേഷം കളക്ടര്‍ ആവണമെന്ന എന്ന മോഹം മനസിലേക്കെത്തുകയായിരുന്നുവെന്ന് മീര ഐഎഎസ് പറഞ്ഞു

തൃശൂരാണ് എന്റെ വീട്. 2018ലെ പ്രളയത്തിന് ചുറ്റുപാടെല്ലാം വെള്ളം കയറി, പക്ഷേ ഞങ്ങളുടെ ഭാഗം മാത്രം വെള്ളം കയറിയില്ല. വെള്ളമെല്ലാം കോള്‍ പാടങ്ങളിലേക്ക് ഒഴുകി പോയി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കളക്ടര്‍ വന്ന് ഒരു സ്റ്റോപ് മെമോ നല്‍കിയതായിരുന്നു അതിന് കാരണം. ഒരു ചെറിയ തീരുമാനം വലിയ മാറ്റം കൊണ്ടുവരുമെന്ന് എനിക്ക് മനസിലായി. അങ്ങനെയാണ് സിവില്‍ സര്‍വീസ് മോഹം എന്നിലേക്ക് എത്തുന്നത്. ഭാവിയില്‍ എപ്പോഴെങ്കിലും സംഭവിക്കുന്ന കാര്യമായാണ് പണ്ട് ക്ലൈമറ്റ് ചേഞ്ചിനെ കണ്ടിരുന്നത്. എന്നാലിന്ന് ആ കാലം മുന്നിലെത്തിയിരിക്കുകയാണ്. ഒരു കാലം വരെയും വിഷുക്കാലത്ത് പൂക്കുന്ന കണിക്കൊന്ന കാലം തെറ്റി പൂക്കുന്നത് കാണാനാവും. അതെല്ലാം കണ്മുന്നില്‍ കാണുന്ന ഉദാഹരണങ്ങളാണ്. പരിസ്തിഥിയെ സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് മുന്നില്‍ കടമ്പകളില്ല. അതിന് മുന്‍കയ്യെടുക്കുന്ന സീഡിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ വലിയ അഭിനന്ദനം അര്‍ഹിക്കുന്നതാണ്. മീര ഐഎഎസ് പറഞ്ഞു.

പരിസ്ഥിതിയെ സംരക്ഷിക്കുമെന്ന ഉറപ്പിന്റെ സൂചകമായി വിശിഷ്ടാതിഥികളും വിദ്യാര്‍ഥികളും ചേര്‍ന്ന് തുണിയില്‍ വരച്ച ഒറ്റമരത്തിന് വിരലടയാളം കൊണ്ട് ഇലകള്‍ വരച്ചു ചേര്‍ത്തു. ഫെഡറല്‍ ബാങ്ക് സോണല്‍ ഹെഡ് & സീനിയര്‍ വൈസ് പ്രസിഡന്റ് ശശിധരന്‍ സിഎം, മാതൃഭൂമി കൊച്ചി സീനയര്‍ ന്യൂസ് എഡിറ്റര്‍ എസ്.പ്രകാശ്, മാതൃഭൂമി പബ്ലിക് റിലേഷന്‍സ് വൈസ് പ്രസിഡന്റ് പി.വി മിനി, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുബിന്‍ പോള്‍, മാതൃഭൂമി എറണാകുളം യൂണിറ്റ് മാനേജര്‍ ഐശ്വര്യ ദാസ്, കാര്‍ഷിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഗീത ചന്ദ്രന്‍, രാജഗിരി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ടോമി കൊച്ചെലഞ്ഞിക്കല്‍ തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമായി.

Content Highlights: Mathrubhumi Federal Bank SEED celebrated its 17th anniversary