കുറ്റാലം കൊട്ടാരം നവീകരണം പൂർത്തിയായി; സഞ്ചരികൾക്ക് ഇനി ഓൺലൈനായും ബുക്ക് ചെയ്യാം

കുറ്റാലം വെള്ളച്ചാട്ടത്തിനടുത്ത് കേരളത്തിന് ഉടമസ്ഥാവകാശമുള്ള കുറ്റാലം കൊട്ടാരത്തിന്റെ നവീകരണ ജോലികൾ പൂർത്തിയാക്കി സഞ്ചാരികൾക്കായി വാടകയ്ക്ക് നൽകിത്തുടങ്ങിയിരിക്കുകയാണ് സർക്കാർ. കുറ്റാലം കൊട്ടാരം ബുക്കിങ്  ഓൺലൈനാക്കാനും തീരുമാനമായിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന് കീഴിലെ വിശ്രമ മന്ദിരങ്ങളിൽ കുറ്റാലം കൊട്ടാരത്തിന്റെ ബുക്കിങ് മാത്രം ഇതുവരെ ഓൺലൈനാക്കിയിരുന്നില്ല. ഇതുവഴി വലിയ വരുമാന ചോർച്ചയാണ് സർക്കാരിനുണ്ടാക്കിയിരുന്നത്. ഇതു സംബന്ധിച്ച മാതൃഭൂമി വാർത്തകളെ തുടർന്നാണ് ബുക്കിങ് ഓൺലൈനാക്കാൻ നടപടി തുടങ്ങിയത്.

രാജകൊട്ടാരം,ദളവാ കൊട്ടാരം,അമ്മച്ചിക്കൊട്ടാരം എന്നിങ്ങനെ ചെറുതും വലുതുമായ 11 കെട്ടിടങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷമാണ് കൊട്ടാരം സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. തടികൊണ്ടുള്ള മേൽക്കൂരയുള്ള രാജ്ഭവൻ, ക്ലിഫ്ഹൗസ് എന്നിവയുടെ മാതൃകയിലാണ് കുറ്റാലം കൊട്ടാരത്തിന്റെയും അറ്റകുറ്റപ്പണി നടത്തിയത്. 

കുറ്റാലം കൊട്ടാരം നശിക്കുന്നത് സംബന്ധിച്ച്, മാതൃഭൂമി നൽകിയ വാർത്തയെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ അറ്റകുറ്റപ്പണിക്ക് അടിയന്തര നടപടിയുണ്ടായത്. 2022 ഒക്ടോബർ 22-ന് കുറ്റാലം കൊട്ടാരത്തിലെത്തിയ മാതൃഭൂമി വാർത്താ സംഘം കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളാണ്. പുരാമൂല്യമുള്ള കൊട്ടാരത്തിന്റെ ഓടിളകിയും പൊട്ടിയും വെള്ളമിറങ്ങി മേൽക്കൂരയിലെ തടികളാകെ നശിച്ചിരുന്നു. വാർത്ത വന്നതിന് പിന്നാലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചീഫ് എഞ്ചിനീയറോട് വിശദീകരണം തേടിയിരുന്നു. ശേഷം ആദ്യ കരാറുകാരനും മരാമത്ത് വകുപ്പും തമ്മിൽ ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ ഇടക്കാല ഉത്തരവ് നേടിയതോടെ അറ്റകുറ്റപ്പണിക്ക് വഴിതുറക്കുകയായിരുന്നു.

1882-ൽ തിരുവിതാംകൂർ മഹാരാജാവ് വിശാഖം തിരുനാളാണ് കുറ്റാലം വെള്ളച്ചാട്ടത്തിനടുത്ത് വിശ്രമമന്ദിരമെന്നനിലയിൽ കൊട്ടാരം നിർമ്മിക്കാൻ തുടങ്ങിയത്. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് പണി പൂർത്തിയാക്കിയത്. യൂറോപ്യൻ എൻജിനീയർമാരാണ് രൂപകല്പനയും നിർമ്മാണമേൽനോട്ടവും നിർവഹിച്ചത്. റോഡിനിരുവശത്തുമായി 56.57 ഏക്കർ സ്ഥലത്ത് 2639.98 ചതുരശ്ര മീറ്റർ വലിപ്പമുള്ള കെട്ടിടങ്ങളാണ് ഇപ്പോൾ പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലുള്ളത്. കൊട്ടാരവും ഭൂമിയും കൈവശപ്പെടുത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയായ മേൽനോട്ടക്കാരനിൽ നിന്ന് നിയമ നടപടികളിലൂടെയാണ് കേരളം ഉടമസ്ഥാവകാശം പുഃനസ്ഥാപിച്ചത്.

Content Highlights: Kuttalam Kottaram renovated and available to Public for booking