നവീകരണത്തിനായി ഓട പൊളിച്ചു, മഴയായപ്പോൾ തോടായി; വീടിന്റെ ഗേറ്റു തുറന്നാല്‍ വെള്ളത്തിലേക്ക്!

കൊല്ലം : നവീകരണത്തിനായി സ്ലാബുകള്‍ മാറ്റിയതോടെ വഴി തോടായി മാറിയ അവസ്ഥയിൽ ബുദ്ധിമുട്ടുകയാണ് കോയിക്കല്‍ ശാസ്താനഗര്‍, സൗഹൃദ നഗര്‍ നിവാസികളായ 25 കുടുംബങ്ങള്‍. കോയിക്കല്‍ ഗുരുമന്ദിരം- മംഗലശ്ശേരി റോഡിന്റെ നൂറോളം മീറ്ററാണ്  സ്ലാബുകൾ മാറ്റാനായി പൊളിച്ചിട്ടത്. തോടിന് മുകളിലൂടെ സ്ലാബിട്ടിരുന്ന വഴിയാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ഒരുമാസം മുന്‍പാണ് സ്ലാബുകള്‍ മാറ്റുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്. വീടിന്റെ ഗേറ്റു തുറന്നിറങ്ങുന്നത് തോട്ടിലേക്കാണ്.

മൂന്നുവര്‍ഷം മുന്‍പാണ് ഇവിടെ പുതിയ സ്ലാബിട്ടത്. എന്നാല്‍ ഈ സ്ലാബുകള്‍ പൊളിഞ്ഞ് കമ്പി തെളിഞ്ഞു വന്നു. കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടന്നുപോകുന്നതിന് അപകടഭീഷണി ഉയര്‍ത്തിയതോടെയാണ് പുതിയ സ്ലാബ് സ്ഥാപിക്കാന്‍ തീരുമാനമായത്. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് മൂന്നരക്കോടി ചെലവഴിച്ചാണ് മംഗലശ്ശേരി മുതല്‍ 650 മീറ്റര്‍ ഓടയും പിന്നീടുള്ള റോഡും നവീകരിക്കുന്നത്.

എന്നാല്‍ മഴ ശക്തമായതോടെ പണി നടത്താനായില്ല. ഈ റോഡിനെ മാത്രം ആശ്രയിച്ച് തോടിന്റെ കരയില്‍ കഴിയുന്ന കുടുംബങ്ങളാണ് ഇതോടെ ദുരിതത്തിലായത്. സ്ലാബുകള്‍ മാറ്റിയത് കൂടാതെ തോടിന് വശങ്ങള്‍ കെട്ടിയിരുന്നതും പൊളിച്ചു. തോടിനുകുറുകേ തടിവെച്ച് അതിലൂടെ മറുവശത്തെത്തി മറ്റു വീടുകളിലെ പറമ്പുകളിലൂടെയാണ് പലരും പ്രധാന റോഡിലെത്തുന്നത്. കുട്ടികളും ജോലിക്കു പോകുന്നവരും വയോധികരും ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ താമസിക്കുന്നുണ്ട്. പുറത്തിറങ്ങാന്‍ പറ്റാതായതോടെ ചിലര്‍ വീടു പൂട്ടിയിട്ട് മറ്റു സ്ഥലത്തേക്ക് താമസം മാറി. അസുഖം വന്നാല്‍ വാഹനങ്ങള്‍ കയറിവരാനാകാത്ത സ്ഥിതിയാണ്. 

inshort-Road renovation in Koickal, Kollam leaves 25 families stranded with a canal where their road used to be.  Work halted due to rain.

Content Highlights: Koickal Residents Face Road-to-Canal Issue