തോളില്‍ ഒരു കുരങ്ങുപാവ, ചിരിക്കും ചിന്തിപ്പിക്കും; വിനോദിന്റെ കിറ്റിഷോ പിന്നിട്ടത് 20000 വേദികള്‍
തോളില്‍ ഒരു കുരങ്ങുപാവയുമായി നീങ്ങുന്ന ഒരാള്‍. കൗതുകത്തോടെ നോക്കുന്ന നമ്മളോട് കുരങ്ങ് ചോദ്യം ചോദിക്കാന്‍ തുടങ്ങും. അയാള്‍ ചോദ്യം ആവര്‍ത്തിക്കുകയോ, വിശദീകരിക്കുകയോ ചെയ്യും. നര്‍മത്തില്‍ പൊതിഞ്ഞ ചോദ്യോത്തരങ്ങളില്‍ എന്തെങ്കിലും അറിവുണ്ടായിരിക്കും, ജീവിതത്തില്‍ പകര്‍ത്തേണ്ട ഒരാശയം ഉണ്ടായിരിക്കും. വിനോദ് നരനാട്ടിന്റെ കിറ്റിഷോ അതാണ്. കുരങ്ങുപാവയായി സംസാരിക്കുന്നതും വിനോദ് തന്നെയാണെന്നതാണ് കൗതുകം. കിറ്റി എന്ന കുരങ്ങ് സംസാരിക്കുമ്പോൾ വിനോദിന്റെ ചുണ്ട് അനങ്ങില്ല. തൊണ്ടയില്‍ നിന്നാണാ ശബ്ദം പുറത്തുവരുന്നത്. അങ്ങിനെ ശബ്ദനിയന്ത്രണത്തിലൂടെ കലാപരമായും ആശയപരമായും അറിവുകള്‍ പങ്കുവെക്കുന്ന പരിപാടിയാണിത്. ഇതിനകം ഇരുപതിനായിരം പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് വിനോദ് പറയുന്നു.
1987-ല്‍ ഒരു മജിഷ്യനായി കലാജീവിതമാരംഭിച്ചതാണ് വിനോദ് നരനാട്ട്. 1990 മുതലാണ് വിനോദിന്റെ തോളത്തൊരു കുരങ്ങ് കയറിപ്പറ്റിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കുവേണ്ടി എഴുപത്തിരണ്ടു വിഷയങ്ങള്‍ അവതരിപ്പിച്ചുകഴിഞ്ഞ വിനോദ്, ഇതിനോടകം മലയാളത്തിലെ എല്ലാ പ്രധാന ടെലിവിഷന്‍ ചാനലുകളിലും ഇംഗ്ലീഷിലെ ഏഴു ടെലിവിഷന്‍ ചാനലുകളിലും ഇന്ത്യക്കുപുറത്ത് ഒന്‍പതു രാജ്യങ്ങളിലും മൂന്നു ഭാഷകളിളും പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. വിനോദിന് 2005-ല്‍ സാക് അവാര്‍ഡും 2011-ല്‍ വൈ.സി.സി അവാര്‍ഡും 2014-ല്‍ നാഷണല്‍ യൂത്ത് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.