VIDEO | 'രാജവെമ്പാല പുഴയിൽ ചാടി, എന്നാൽ വനപാലകരും ചാടട്ടേ...'; സീതത്തോടിലെ സാഹസികകൃത്യം

സീതത്തോട് : നാട്ടിലിറങ്ങി ഭീതിപരത്തിയ രാജവെമ്പാലയെ പിടികൂടാന്‍ വനപാലക സംഘം ശ്രമിക്കവെ നദിയില്‍ ചാടി പാമ്പ്. നദിയില്‍ ചാടിയ രാജവെമ്പാലയെ അതിസാഹസികമായി വനപാലകര്‍ പിടികൂടി. പത്തനംതിട്ട സീതത്തോട് പഞ്ചായത്തിലെ ഉറുമ്പനിയിലാണ് കക്കാട്ടാറില്‍ നിന്നും ജീവന്‍ പണയം വച്ച് വനംവകുപ്പിന്റെ ആര്‍.ആര്‍.ടി സംഘം രാജവെമ്പാലയെ പിടികൂടിയത്.

ഉറുമ്പനിയില്‍ ജനവാസ പ്രദേശത്ത് രാജവെമ്പാലയെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റാന്നിയില്‍നിന്ന് ആര്‍.ആര്‍.ടി സംഘമെത്തിയത്. ഇവരെത്തി രാജവെമ്പാല കിടക്കുന്ന സ്ഥലം കണ്ടെത്തി. തുടര്‍ന്ന് പിടികൂടാന്‍ ശ്രമിക്കവെ പാമ്പ് സമീപത്തുള്ള മരത്തില്‍ കയറി. പിന്നാലെ മരത്തില്‍ കയറിയ ആര്‍.ആര്‍.ടി സംഘം പാമ്പിന്റെ വാലില്‍ പിടികൂടിയെങ്കിലും താഴെയുള്ള നദിയിലേക്ക് വഴുതി വീഴുകയായിരുന്നു. വിടാതെ പിന്തുടര്‍ന്ന ആര്‍.ആര്‍.ടി ടീമിലെ പി.കെ.രമേശ്,എസ്.സതീഷ്‌കുമാര്‍,അരുണ്‍ രാജ് എന്നിവര്‍ പാമ്പിന് പിന്നാലെ നദിയില്‍ ചാടി കുടുക്കിട്ടു. ഇതിനിടെ രണ്ട് തവണ രാജവെമ്പാല വനപാലകര്‍ക്ക് നേരെ ചീറിയടുത്തു. എന്നാല്‍ വെള്ളത്തില്‍ വച്ച് തന്നെ വനപാലക സംഘം പാമ്പിനെ കുടുക്കി കസ്റ്റഡിയിലാക്കി.

Content Highlights: King Cobra Captured by RRT team