ബ്രേക്കിങ് ന്യൂസ് സംസ്‌കാരം മാധ്യമങ്ങളെ കൂപ്പുക്കുത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം-മുഖ്യമന്ത്രി

ഓഗ്മെന്റ്ഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വാര്‍ത്തകളുടെ വിസ്മയ കാഴ്ചകള്‍ ഒരുക്കുകയാണ് വാര്‍ത്താചാനലുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ 60-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തൊക്കെ മാറ്റങ്ങളുണ്ടായാലും മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങള്‍ മാറുന്നില്ല. മാധ്യമരംഗത്തുള്ളവരും മാധ്യമപ്രവര്‍ത്തകരും സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ഓരോ വാര്‍ത്തയും എത്രത്തോളം ആഴത്തിലാണ് മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും സമീപിക്കുന്നതെന്നും പരിശോധിക്കപ്പെടണം. അവയുടെ കൃത്യമായ വിശദാംശങ്ങളിലേക്ക് കടക്കുന്നുണ്ടോ അതോ കേവലം കേട്ടെഴുത്ത് മാത്രമായി ചുരുങ്ങുന്നുണ്ടോയെന്നതും പരിശോധിക്കപ്പെടണം.
അക്ഷരതെറ്റും വ്യാകരണ പിശകും ഒഴിവാക്കാനുള്ള സാവകാശമില്ലാത്ത തരത്തിലേക്ക് ബ്രേക്കിങ് ന്യൂസ് സംസ്‌കാരം മാധ്യമങ്ങളെ കൂപ്പുക്കുത്തിക്കുന്നുണ്ടോയെന്നും പരിശോധിക്കപ്പെടണം. തങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് അതീതരാണോയെന്ന ചിന്ത മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ വളരുന്നുണ്ടോയെന്നതും വിലയിരുത്തപ്പെടണം.
അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് അംഗീകരിക്കുകയും ആരുടെ അഭിപ്രായസ്വാതന്ത്ര്യം ഹനിക്കപ്പെട്ടാലും അത് സ്വന്തം അഭിപ്രായം ഹനിക്കപ്പെടുന്നതിന് തുല്യമാണെന്ന് കരുതുകയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ വ്യക്തിസ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യേണ്ട നീതിയുക്തമായ മാധ്യമപ്രവര്‍ത്തനം എന്ന ബോധ്യമാണ് നമ്മെ നയിക്കേണ്ടത്.
നീതിയുക്തമായ മാധ്യമപ്രവര്‍ത്തനം ഈ കൊച്ചിയുടെ പശ്ചാത്തലത്തില്‍ തന്നെ ഉണ്ടാവേണ്ടതുണ്ട്. ബ്രഹ്‌മപുരം എല്ലാവരും ഓര്‍ക്കുന്നുണ്ടല്ലോ. എന്തൊക്കെ വാര്‍ത്തകളാണ് ഉയര്‍ന്നുവന്നത്. എന്നാല്‍ കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട് അവിടെയുണ്ടായ മാറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്ര പേര്‍ സന്നദ്ധമായെന്നും മുഖ്യമന്ത്രി ചോദിച്ചു.
Content Highlights: does medias have changed due to the breaking news culture