ചൈനീസ് പുതുവർഷത്തെ വരവേറ്റ് വുഹാൻ
ചൈനയിലെ വുഹാൻ എന്ന നഗരത്തെ ആരും പെട്ടെന്ന് മറക്കാൻ സാധ്യതയില്ല. കോവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാൻ അന്നുതൊട്ട് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്. ലോക്ഡൗണിന്‍റേയും സാമൂഹ്യ അകലത്തിന്റേയും നീണ്ട ഇടവേളയ്ക്കുശേഷം മറ്റൊരു ചൈനീസ് പുതുവർഷത്തെ വരവേറ്റിരിക്കുകയാണ് വുഹാൻ ജനത.
നഗരത്തിലെ പാർക്കുകളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. 20,000 ലേറെ പ്ലം മരങ്ങൾ, ട്രോപ്പിക്കൽ ഓർക്കിഡുകളുടെ നൂറിലധികം സ്പീഷീസുകൾ, രണ്ടുലക്ഷത്തോളം ടുലീപ് മരങ്ങൾ... എല്ലാം പുതുവർഷ ആഘോഷത്തിനായി ഒരുക്കിയിരിക്കുന്നു. ഫെബ്രുവരി 12-നാണ് ചൈനക്കാരുടെ പുതുവർഷാരംഭം. വുഹാനിലെ പാർക്കുകളെല്ലാം അതിനായൊരുങ്ങിയിരിക്കുന്നു.
പൂക്കളുടെ വർണാഭമായ കാഴ്ചകൾ മാത്രമല്ല, രുചികരമായ ഭക്ഷണങ്ങളും കമനീയമായ വസ്ത്രങ്ങളുടെ ശേഖരവുമെല്ലാമായി ഉത്സവാന്തരീക്ഷത്തിലാണ് വുഹാൻ.