ഡിസ്‌കോ ഡാന്‍സര്‍ മുതല്‍ ഗസലും മെലഡിയും വരെ; ബപ്പി ദായ്ക്ക് പകരം ബപ്പി ദാ മാത്രം
ഇന്ത്യന്‍ സിനിമാസംഗീതത്തില്‍ ഡിസ്‌കോയുടെ മാസ്മരിക ലഹരി ചേര്‍ത്ത ഡിസ്‌കോ കിങ്. ഒപ്പം ചല്‍തേ ചല്‍തേ, സഖ്മീ... ചിത്രങ്ങളിലെ മനോഹരമായ മെലഡികള്‍. ഇതെല്ലാം ചേര്‍ത്താണ് ബോളിവുഡ് സംഗീതപ്പട്ടികയിലേക്ക് 'ബപ്പി ദാ' എന്ന ബപ്പി ലാഹിരി തന്റെ പേര് ചേര്‍ത്ത് വെച്ചത്. ബപ്പി ലാഹിരിയുടെ ശബ്ദം അദ്ദേഹമണിഞ്ഞിരുന്ന സ്വര്‍ണം പോലെ ശുദ്ധമാണെന്നായിരുന്നു ആരാധകരുടെ വിശേഷണം.
പുതിയ സംഗീതസംവിധായകര്‍ ബോളിവുഡില്‍ അരങ്ങ് വാഴാനെത്തുമ്പോഴും ബപ്പിയുടെ സംഗീതം ലഹരി പടര്‍ത്തുന്നതില്‍ കുറവുണ്ടാക്കിയില്ല. രണ്ടായിരത്തിന്റെ തുടക്കം വരെ ഇടവളയില്ലാതെ ബപ്പിയുടെ സംഗീതം ബോളിവുഡ് സിനിമയ്ക്ക് മേമ്പൊടിയായി.
നിറയെ സ്വര്‍ണമാലകളണിഞ്ഞ്, വെല്‍വെറ്റ് ഓവര്‍കോട്ടും സണ്‍ഗ്ലാസ്സുമായി ബപ്പി ലാഹിരി ഇനി വേദിയിലെത്തില്ല. പക്ഷേ ചല്‍തേ ചല്‍തേയും റമ്പാ ഹോയും ഡിസ്‌കോ ഡാന്‍സറും ഊലാലാ ഊലാലയും സൃഷ്ടിച്ച ലഹരിയുടെ അലകള്‍ ഒരിക്കലും അവസാനിക്കില്ല, ഇന്ത്യന്‍ സിനിമാസംഗീത ചരിത്രത്തില്‍ ബപ്പി ദായ്ക്ക് പകരം ബപ്പി ദാ മാത്രം.