'ഡ്രാക്കുള ദിവ്യേ, രാജിവെച്ച് പോ പുറത്ത്', അലയടിച്ച് പ്രതിഷേധം, കോലം കെട്ടിത്തൂക്കി യൂത്ത് കോൺഗ്രസ്

യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം | Screengrab: ANI
യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം | Screengrab: ANI

എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്‌ക്കെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ദിവ്യ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രസിഡന്റിന്റെ കോലം കെട്ടിത്തൂക്കുകയുംചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തുനീക്കി. 

കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ബാബുവിനെ ചൊവ്വാഴ്ച രാവിലെയാണ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍നിന്ന് സ്ഥലംമാറ്റം ലഭിച്ച അദ്ദേഹം ചൊവ്വാഴ്ച പത്തനംതിട്ടയില്‍ ചുമതലയേല്‍ക്കാനിരിക്കെയായിരുന്നു സംഭവം. കഴിഞ്ഞദിവസം കണ്ണൂരില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് പി.പി. ദിവ്യ എ.ഡി.എമ്മിനെതിരേ പരസ്യമായി അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കുന്നതുമായി ബന്ധപ്പെട്ട് എ.ഡി.എം. അഴിമതി കാണിച്ചെന്നായിരുന്നു ആരോപണം. യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കപ്പെടാതെ എത്തിയ ദിവ്യ, ജില്ലാ കളക്ടറുടെ സാന്നിധ്യത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇതിനുപിന്നാലെയാണ് എ.ഡി.എം. നവീന്‍ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. 

Content Highlights: kannur adm naveen babu death youth congress protest against pp divya district panchayath president