മിക്കവരും വിദ്യാസമ്പന്നർ, പുതുമുഖക്കാരും രാഷ്ട്രീയത്തിൽ അനുഭവസമ്പത്തുള്ളവർ; അറിയാം പുതിയ മന്ത്രിമാരെ

21 അംഗ മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം 16 പേർ പുതുമുഖങ്ങൾ, കൂടുതലും യുവനിര, രണ്ട് പട്ടികവിഭാഗത്തിൽനിന്നുള്ളവർ, രണ്ട്‌ വനിതാമന്ത്രിമാർ, മൂന്ന് വനിതകൾ പ്രധാന പദവിയിലെത്തുന്നത് യുഡിഎഫിൽ തന്നെ ആദ്യം. വിഡി സതീശന്റെ നേതൃത്വത്തിൽ അധികാരത്തിലേറിയ പുതിയ മന്ത്രിസഭയ്ക്ക് പ്രത്യേകതകളേറെയാണ്.

വാക്കുകളിലെ കണിശതയെയും കണക്കുകളിലെ കരുത്തിനെയും ആയുധമാക്കി കേരള നിയമസഭയിൽ തിളങ്ങിയ വി.ഡി. സതീശൻ, ഇനി കേരളത്തിന്റെ മുഖ്യമന്ത്രി. കണക്കുകളിലെ കൃത്യതയിലൂടെ എതിർപക്ഷത്തെപ്പോലും ഞെട്ടിച്ച് യു.ഡി.എഫിന്റെ വിജയത്തേര് നയിച്ച നേതാവ്. കാൽനൂറ്റാണ്ടിലെ സാമാജിക പരിചയവും വികസനരംഗത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടും ദീർഘവീക്ഷണവും കൈമുതലാക്കിയ വ്യക്തി. അധികാരത്തിലേറിയത് ജനം തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ്.

2001 മുതൽ അഞ്ചുതവണയായി പറവൂരിന്റെ എംഎൽഎ. പരിസ്ഥിതിസൗഹൃദ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്നതിനായി രൂപവത്കരിച്ച 'ഹരിത എം.എൽ.എ.' എന്ന കൂട്ടായ്മയിലൂടെ ശ്രദ്ധേയനായി. നിയമസഭയിൽ എസ്റ്റിമേറ്റ്സ് കമ്മിറ്റി ചെയർമാനായും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു. 2021-ൽ കോൺഗ്രസ് നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടു, പ്രതിപക്ഷനേതാവായി കൈയ്യടി നേടി. കെ.എസ്.യു.വിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ തമിഴ്‌നാടിൻ്റെ ചുമതലയുള്ള സെക്രട്ടറിയായും കെ.പി.സി.സി. വൈസ് പ്രസിഡന്റായും പാർട്ടി ചുമതലകളും വഹിച്ചു. രാഷ്ട്രീയക്കാർക്കിടയിലെ മികച്ച വായനക്കാരൻ. സോഷ്യോളജിയിലും നിയമത്തിലും ബിരുദധാരി. മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനാകുന്നതിനു മുൻപ് ഹൈക്കോടതിയിൽ അഭിഭാഷകൻ.

കോൺഗ്രസിലെ സീനിയർ നേതാവ്, രമേശ് ചെന്നിത്തല ഇനി ആഭ്യന്തരവകുപ്പുമന്ത്രി. വിജിലൻസും അദ്ദേഹത്തിന്റെ കീഴിലായിരിക്കും. രണ്ടാം ഉമ്മൻചാണ്ടി മന്ത്രിസഭയിലും അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നു. 1982-ൽ 26-ാം വയസ്സിൽ ഹരിപ്പാട് എം.എൽ.എ.യായി. 29-ാം വയസ്സിൽ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയായി. ഹരിപ്പാടുനിന്ന് മത്സരിച്ച ആറുതവണയും ജയിച്ചു. കോട്ടയത്തു നിന്ന് മൂന്നുതവണയും മാവേലിക്കരയിൽനിന്ന് ഒരുതവണയും എം.പി.യായി. രണ്ട് തവണ മന്ത്രിയായി. കെ.എസ്.യു. സംസ്ഥാനപ്രസിഡൻ്റ്, എൻ.എസ്.യു. അഖിലേന്ത്യാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ്, എ.ഐ .സി.സി. സെക്രട്ടറി, കെ.പി.സി.സി. പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ കോൺഗ്രസ് പ്രവർത്തകസമിതി അംഗം.

മണ്ഡലത്തിൽനിന്ന് 85,327 വോട്ടുമായി കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിസഭയിൽ ആറാം ഊഴം നേടുന്നത്. പ്രായോഗിക രാഷ്ട്രീയത്തിന്റെ തന്ത്രങ്ങളുമായി മുസ്ലിം ലീഗിനെയും യു.ഡി.എഫിനെയും നയിക്കുന്ന അനിഷേധ്യ നേതാവ്. കേരള രാഷ്ട്രീയത്തിലെ പ്രതിസന്ധികളിൽ മധ്യസ്ഥനായും വികസന നായകനായും തിളങ്ങിയ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ യാത്രയ്ക്ക് അഞ്ച് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. എം.എൽ.എ.യാകുന്നത് ഒൻപതാം തവണ. 2006-ൽ പരാജയപ്പെട്ടു. രണ്ടുതവണ പ്രതിപക്ഷ ഉപനേതാവായി. 2017-ലും 2021-ലും മലപ്പുറം മണ്ഡലത്തിൽനിന്ന് പാർലമെൻ്റിലുമെത്തി. 1991-ൽ കെ. കരുണാകരൻ മന്ത്രിസഭയിലാണ് ആദ്യം അംഗമായത്. എ.കെ. ആൻ്റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിലും അംഗമായി. അക്ഷയ ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ കേരളത്തിന്റെ ഡിജിറ്റൽ വിപ്ലവത്തിൻ്റെ ശില്പികളിലൊരാളായി. 2016-ൽ ഇന്ത്യ യിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നതിലും നിർണായക പങ്കുവഹിച്ചു. കിൻഫ്ര പാർക്കുകൾക്ക് തുടക്കമിട്ടു. ബി.കോം. ബിരുദവും ബിസിനസ് മാനേജ്മെൻ്റിൽ പി.ജി. ഡിപ്ലോമയും നേടി.

സമീപകാലത്ത് കോൺഗ്രസിനായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഏറ്റവുമധികം പരീക്ഷിക്കപ്പെട്ട വ്യക്തി. പ്രതിസന്ധിഘട്ടങ്ങളിൽ ശക്തമായ നിലപാടുകൊണ്ടും വിവാദങ്ങളിൽ കൃത്യമായ വാക്കുകൾകൊണ്ടും നിലകൊള്ളുന്ന നേതാവ്. കെ മുരളീധരൻ മന്ത്രിപദത്തിലേക്ക് ഇത് രണ്ടാം തവണ. മാർ ഇവാനിയോസ് കോളേജിൽനിന്ന് ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദവും നേടി. കെ. കരുണാകരന്റെ മകനെന്ന നിലയിൽ പാർട്ടിയിലേക്കെത്തിയ മുരളീധരൻ രണ്ടുപതിറ്റാണ്ടുമുൻപ് കെപി.സി.സി. പ്രസിഡന്റ് പദവിയിൽവരെ എത്തി. നിയമസഭാംഗമല്ലാതെ 2004-ൽ മന്ത്രിസഭയിലേക്ക് എത്തിയെങ്കിലും വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് മൂന്നുമാസത്തിനുള്ളിൽ സ്ഥാനമൊഴിയേണ്ടിവന്നു. പിന്നീടുണ്ടായ രാഷ്ട്രീയസാഹചര്യങ്ങളിൽ പാർട്ടിയുമായി കലഹിച്ച് പുറത്തുപോയി. 2011-ൽ പാർട്ടിയിൽ തിരിച്ചെത്തി വട്ടിയൂർക്കാവിൽനിന്ന് ആദ്യമായി നിയമസഭയിൽ എത്തി. 1988-ൽ സേവാദളിൻ്റെ കോഴിക്കോട് ജില്ലാചെയർമാനായി പൊതുരംഗത്തേക്ക്. നാലുതവണ ലോക്‌സഭാംഗം. 2005-ൽ കോൺഗ്രസ് വിട്ട് കെ. കരുണാകരനൊപ്പം ഡെമക്രാറ്റിക് ഇന്ദിരാ കോൺഗ്രസ് രൂപവത്കരിച്ചു. പിന്നീട് എൻ.സി.പി. പ്രസിഡന്റായി.

കെ.പി.സി.സി. പ്രസിഡൻറായ സണ്ണി ജോസഫുമുണ്ട് ഈ മന്ത്രിസഭയിൽ. കെ.എസ്.യു.വിലൂടെ പൊതുപ്രവർത്തനരംഗത്തേക്ക് എത്തിയ സണ്ണി ജോസഫ് കെ. സുധാകരൻ സ്ഥാനമൊഴിഞ്ഞപ്പോള്‌‍ കണ്ണൂർ ഡി.സി. സി. പ്രസിഡന്റായും പിന്നീട് കഴിഞ്ഞ മേയിൽ കെ.പി.സി.സി. പ്രസിഡൻ്റായതും സ്ഥാനമേറ്റു. നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. കൃത്യമായ കാഴ്ചപ്പാടും വീക്ഷണവുമുള്ള, വിവാദങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ്. മികച്ച പാർലമെന്റേറിയൻ, മികച്ച സംഘാടകൻ. 40 വർഷത്തിലധികം പാർട്ടിയിൽ പ്രവർത്തിച്ച ശേഷം 2011ലാണ് സണ്ണി ജോസഫ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. കന്നി മത്സരത്തിൽ തന്നെ അന്നത്തെ സിറ്റിംഗ് എം.എൽ.എയായിരുന്ന കെ.കെ ശൈലജയെ പരാജയപ്പെടുത്തി അട്ടിമറി വിജയം. പിന്നീടിങ്ങോട്ട് പേരാവൂർകാർ സണ്ണിജോസഫിനെ കൈവിട്ടിട്ടില്ല. ഇത്തവണ നിയമസഭയിലേക്കെത്തിയത് നാലാംതവണ.

വണ്ടൂർ മണ്ഡലത്തിൽ നിന്ന് 2001 മുതൽ ആറുതവണ നിയമസഭാംഗമായ എ.പി. അനിൽ കുമാർ മന്ത്രിയാകുന്നത് ഇത് മൂന്നാംതവണ. 1996ൽ തൃത്താലയിലെ ആദ്യമത്സരത്തിൽ പരാജയപ്പെട്ടു. പെരിന്തൽമണ്ണ പി.ടി.എം. ഗവ. കോളേജിൽനിന്ന് പ്രീഡിഗ്രി പാസായ അദ്ദേഹം അവിടെ യൂണിയൻ ചെയർമാനായിരുന്നു. കെ.എസ്.യു. ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. കെ.പി.സി.സി. അംഗം, എ.ഐ.സി.സി. അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ കെ.പി.സി.സി. വർക്കിങ് പ്രസിഡന്റാണ്.

കെ.പി.സി.സി. വർക്കിങ് പ്രസിഡൻ്റായ പി.സി. വിഷ്ണുനാഥ് നിയമസഭാംഗമാകുന്നത് ഇത് മൂന്നാംതവണ. യൂത്ത്കോൺഗ്രസ് മുൻ ദേശീയ ജനറൽ സെക്രട്ടറി, കെ.എസ്.യു., യൂത്ത്കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ബി.കോം. ബിരുദധാരി. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരിക്കേ 2006-ൽ ചെങ്ങന്നൂരിൽ സജി ചെറിയാനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. 2011-ൽ വിജയം ആവർത്തിച്ചു. 2016-ൽ പരാജയപ്പെട്ടു. 2021-ൽ കുണ്ടറയിൽ, മന്ത്രിയായിരു ന്ന ജെ. മേഴ്സിക്കുട്ടിയമ്മയെ തോൽപ്പിച്ചാണ് സഭയിലെത്തിയത്.

കേരളത്തിലെ ആദ്യ വനിതാ ഡി.സി.സി. പ്രസിഡന്റ്. എം.എൽ.എ.യായ ആദ്യ അവസരത്തിൽ തന്നെ ബിന്ദു കൃഷ്ണ മന്ത്രിസ്ഥാനത്തേക്ക്. കെ.എസ്.യു.വിലൂടെ പൊതുപ്രവർത്തനത്തിൽ. തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമ ബിരുദവും ഗവ. ലോ കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും. കൊല്ലം കോടതിയിൽ അഭിഭാഷകയായി. 2004-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി. 2007-ൽ മഹിളാകോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി. 2011-ൽ ചാത്തന്നൂരിൽനിന്ന് നിയമസഭയിലേക്കും 2014-ൽ ആറ്റിങ്ങലിൽനിന്ന് ലോക്സഭയിലേക്കും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 2016-ൽ കൊല്ലം ഡി.സി.സി. അധ്യക്ഷയായി. നിലവിൽ കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി അംഗമാണ്.

തിരഞ്ഞെടുപ്പു പരാജയങ്ങളുടെ തുടർക്കഥകളിൽനിന്ന് കായംകുളത്ത് ഉജ്ജ്വലവിജയം നേടിയ എം. ലിജു ഇനി മന്ത്രി. എറണാകുളത്തിന്റെ രാഷ്ട്രീയ മണ്ണിൽ നിന്ന് ഉയർന്ന് വന്ന നേതാവ്. യുവജന രാഷ്ട്രീയം, സംഘടനാ ഏകോപനം, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ എന്നിവയിൽ കാട്ടിയ മികവിലൂടെ മുന്‌നിരയിലേക്ക്. കെ.പി.സി.സി. വൈസ് പ്രസിഡന്റ്, കെ.എസ്.യു., യൂത്ത് കോൺഗ്രസ് എന്നിവയുടെ നേതൃപദവിയിലിരുന്നു. കെ.പി.സി.സി. സംഘടനാചുമതലയുള്ള ജനറൽസെക്രട്ടറിയായി. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൻ്റെ വാർ റൂം ചെയർമാൻ. നിയമ ബിരുദധാരി. തിരുവനന്തപുരം ലോ കോളേജിൽ മാഗസിൻ എഡിറ്ററായിരുന്നു. ടെലിവിഷൻ ചർച്ചകളിലൂടെയും രാഷ്ട്രീയ പ്രതികരണങ്ങളിലൂടെയും പൊതുസമൂഹത്തിൽ കൂടുതൽ ശ്രദ്ധേയനായി. പാർട്ടിയിലെ സീനിയോറിറ്റിയും സാമുദായിക പരിഗണനകളുമാണ് ലിജുവിനെ മന്ത്രിപദത്തിലേക്കെത്തിച്ചത്.

മൂന്നാംവട്ടം അങ്കമാലിയിൽനിന്ന് നിയമസഭയിലേക്കെത്തിയ റോജി എം ജോൺ ആണ് മന്ത്രിസഭയിലെ മറ്റൊരു അംഗം. മന്ത്രിയാവുമോയെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഡൽഹിയിൽ പ്രവർത്തിച്ചുള്ള പരിചയവും രാഹുൽഗാന്ധി ഉൾപ്പെടെയുള്ളവരുമായി നേരിട്ടുള്ള അടുപ്പവും അനുകൂലമായി. കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറി. കെ.എസ്. യു. പ്രവർത്തകനായി രാഷ്ട്രീയത്തിൽ തുടക്കം. എറണാകുളം തേവര എസ്.എച്ച്. കോളേജിൽനിന്ന് ബി.എ. ഇക്കണോമിക്സും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.എ. പൊളിറ്റിക്കൽ സയൻസ് ബിരുദവും ഡൽഹി ജവാഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ഫിലും നേടി. 2005-ൽ ജെ.എൻ.യു. സ്റ്റുഡൻ്റ്സ് യൂണിയൻ കൗൺസിലറായി. തുടർന്ന് എൻ.എസ്.യു. ദേശീയ പ്രസിഡൻറുമായി.

അഞ്ചുവർഷം മുൻപ് വയനാട്ടിലേക്ക് ചുരം കയറിയെത്തി വിജയിച്ച ടി. സിദ്ദിഖ് ഇക്കുറി മന്ത്രി. കെ.എസ്.യു. പ്രവർത്തകനായി രാഷ്ട്രീയ പ്രവേശനം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, വർക്കിംഗ് പ്രസിഡന്റ്, കോഴിക്കോട് ഡിസിസി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. യുഡിഎഫ് കൺവീനറും കെപിസിസി പ്രസിഡന്റും ഒഴികെയുള്ള മിക്കവാറും എല്ലാ പദവികളും വഹിച്ചു. ബി.കോം, എൽഎൽ. ബി. ബിരുദധാരി. 2014-ൽ കാസർഗോഡ് ലോക്‌സഭാ മണ്ഡലത്തിലും 2016-ൽ കുന്ദമംഗലം നിയമസഭാ മണ്ഡലത്തിലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2019-ൽ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി നിശ്ചയിക്കപ്പെട്ടെങ്കിലും, എ.ഐ.സി.സി അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധിക്ക് വേണ്ടി സ്വമനസ്സാലെ പിന്മാറി ശ്രദ്ധ നേടി. സംഘടനാ രംഗത്തെ സീനിയോറിറ്റിയും വയനാട്, കോഴിക്കോട് ജില്ലകളിലുള്ള സ്വാധീനവുമാണ് സിദ്ദിഖിനെ മന്ത്രിസ്ഥാനത്ത് എത്തിച്ചത്. 

രാഷ്ട്രീയപ്രവർത്തന -സമരപോരാട്ടങ്ങളിൽ സക്രിയമായിരുന്നെങ്കിലും പദവികളും സ്ഥാനങ്ങളും അപ്രതീക്ഷിതമായി ഒ.ജെ. ജനീഷിനെ തേടിയെത്തുകയായിരുന്നു പതിവ്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ആരോപണങ്ങളിൽപ്പെട്ട് സ്ഥാനമൊഴിയേണ്ടിവന്നപ്പോൾ ജനീഷ് പകരമെത്തി. സി.പി.ഐ.ക്ക് മേൽ ക്കൈയുള്ള കൊടുങ്ങല്ലൂർ മണ്ഡലത്തിലായിരുന്നു നിയമസഭയിലേക്ക് കന്നി പോരാട്ടം. ഈഴവപ്രാതിനിധ്യവും തൃശ്ശൂരിന്റെ പങ്കാളിത്തവും ഉറപ്പിക്കാനുള്ള ആലോചനകൾ മന്ത്രിസ്ഥാനത്തേക്ക് ജനീഷിന് അനുകൂലമായി. എൽ.എൽ. ബി. ബിരുദ ധാരിയാണ്. നിലവിൽ ചാലക്കുടി കോടതിയിൽ പ്രാക്ടീസ് ചെയ്യുകയാണ്.

2011-ൽ മണ്ഡലം രൂപവത്കരിച്ചതുമുതൽ എൽ.ഡി. എഫിനൊപ്പം മാത്രം നിന്നിട്ടുള്ള കോങ്ങാടുനിന്ന് അട്ടിമറിവിജയം നേടിയാണ് കെ.എ. തുളസി മന്ത്രിപദത്തിലെത്തുന്നത്. കെ.പി.സി.സി. ജനറൽ സെക്രട്ടറിയും നെന്മാറ എൻ.എസ്.എസ്. കോളേജ് ചരിത്രവിഭാഗം മേധാവിയുമാണ്. വി.കെ. ശ്രീകണ്ഠൻ എം.പി.യാണ് ഭർത്താവ്. സംസ്ഥാനത്ത് ഇക്കുറി മൂന്ന് മുന്നണിക്കായും സ്ത്രീകൾ മത്സരിച്ച ഏകമണ്ഡലമായിരുന്നു കോങ്ങാട്. സംസ്ഥാന വനിതാ കമ്മിഷൻ അംഗ മായും പ്രവർത്തിച്ചിട്ടുണ്ട്.

ഏറനാടിന്റെ പകരക്കാരനില്ലാത്ത നേതാവായ പി.കെ. ബഷീർ ഇത് മന്ത്രിപദത്തിലേക്കെത്തുന്നത് ഇത് ആദ്യമായാണ്. മുൻ എം.എൽ.എയും ഗവ. ചീഫ് വിപ്പുമായിരുന്ന പി. സീതി ഹാജിയുടെയും ഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്. പിതാവിന് കിട്ടാതെപോയ മന്ത്രി സ്ഥാനം ഇപ്പോൾ ലഭിച്ചു. മദ്രാസ് ക്രിസ്ത്യൻകോളേജിൽ വിദ്യാർഥിയായിരുന്ന ബഷീർ 1977-ൽ എം.എസ്.എഫിലൂടെയാണ് രാഷ്ട്രീയം തുടങ്ങിയത്. യൂത്ത് ലീഗിലെ പ്രവർത്തനത്തിനുശേഷം മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗമായി. നിലവിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. നാലുപ്രാവശ്യം ഏറനാട് മത്സരിച്ച് ഓരോ തവണയും ഭൂരിപക്ഷം ഉയർത്തി.

സ്ഥാനാർഥി വിഷയവുമായി ബന്ധപ്പെട്ടുയർന്ന പ്രാദേശികവാദങ്ങളെ മറികടന്ന് മുസ്‌ലിംലീഗ് സംസ്ഥാനനേതൃത്വം നല്കിയ വിശ്വാസ്യത നാലാംതവണയും കാത്തുസൂക്ഷിച്ച എൻ. ഷംസുദ്ദീൻ ആദ്യമായി മന്ത്രിപദവിയിലേക്ക്. മണ്ണാർക്കാട് മണ്ഡലത്തിന്റെ ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് എൻ. ഷംസുദീൻ വിജയിച്ചത്. എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച് പാർലമെൻ്ററി രാഷ്ട്രീയത്തിൽ തിളങ്ങിയ ഷംസുദ്ദീൻ ലീഗിന്റെ സംസ്ഥാനസെക്രട്ടറിയും ദേശീയ വർക്കിങ് കമ്മിറ്റി അംഗവുമാണ്. അഭിഭാഷകനായും പ്രവർത്തിച്ചിട്ടുണ്ട്.

കളമശ്ശേരിയിൽ മന്ത്രി പി. രാജീവിനെ തോൽപ്പിച്ച് നിയമസഭയിലേക്കെത്തിയ അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ മന്ത്രിയാകുമ്പോൾ അത് ഒരു തുടർച്ചയാണ്. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിലെ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിൻ്റെ മകൻ. സംസ്ഥാന അണ്ടർ-16 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടു ക്കപ്പെട്ടിരുന്നു. തിരുവനന്തപുരം കേരള ലോ അക്കാദമിയിൽ നിന്ന് എൽഎൽ.ബി. ബിരുദം നേടി. 2000-ൽ കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. എം.എസ്.എഫിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നത്. യൂത്ത് ലീഗിൻ്റെ എറണാകുളം ജില്ലാ പ്രസിഡന്റായി. നിലവിൽ ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയാണ്. തൊഴിലാ ളിസംഘടനാ രംഗത്തും സജീവമാണ്.

എസ്.എഫ്.ഐ. സംസ്ഥാനസെക്രട്ടറിയും പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡൻറുമായിരുന്നു സി.പി. ജോൺ, പിന്നീട് എം.വി. രാഘവനൊപ്പം സി.പി.എം. വിട്ട് സി.എം.പി. രൂപവത്കരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. സി.പി.എമ്മിൽ തുടർന്നിരുന്നെങ്കിൽ സംസ്ഥാന സെക്രട്ടറിവരെ ആകാമായിരുന്നുവെന്നാണ് രാഷ്ട്രീയ എതിരാളികൾപോലും പറയുന്നത്. എം.വി. രാഘവന്റെ മരണശേഷം സി.എം.പി. ജനറൽസെക്രട്ടറിയായി എല്ലാക്കാലത്തും യു.ഡി.എഫിനൊപ്പം ചേർന്നുനിന്നു. സാമ്പത്തികവിദഗ്‌ധനും ധിഷണാണാശാലിയുമായ ഇദ്ദേഹം യു.ഡി.എഫിൻ്റെ ബൗദ്ധികമുഖമാണ്. പാർലമെന്ററി രംഗത്ത് ഇതുവരെ അവസരംലഭിക്കാത്ത സി.പി. ജോണിന് മന്ത്രി സ്ഥാനം അർഹതയ്ക്കുള്ള അംഗീകാരംകൂടിയായി. കേരളത്തിന്റെ വികസനത്തിനായി 'പെർസ്പെക്റ്റീവ് പ്ലാൻ 2030' രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. നേരത്തെ കുന്നംകുളത്തുനിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും നേരിയ വോട്ടിനു പരാജയപ്പെട്ടിരുന്നു. യു.ഡി.എഫ്. സെക്രട്ടറിയാണ്. ഫിസിക്‌സിൽ ബിരുദം, എൽ.എൽ.ബി., എൽ.എൽ.എം. ബിരുദങ്ങൾ നേടിയിട്ടുണ്ട്. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വ്യക്തിപരമായി യാതൊരു അഴിമതി ആരോപണങ്ങളും ഇല്ലാത്ത നേതാവായിട്ടാണ് അറിയപ്പെടുന്നത്. ഗവൺമെന്റ് ഗ്രാന്റുകൾ ഉപയോഗിച്ച് പാവപ്പെട്ട രോഗികളെ ചികിത്സിക്കാൻ സഹായിക്കുന്നതടക്കം നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമാണ്.

ആർ.എസ്.പി. സംസ്ഥാന സെക്രട്ടറിയായ ഷിബുബേബിജോൺ ചവറയിൽനിന്ന് നിയമസഭാംഗമാകുന്നത് മൂന്നാംതവണ. 2011-ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ മന്ത്രിയായിരുന്നു. ചലച്ചിത്ര നിർമ്മാതാവ്. ആർ.എസ്. പി. നേതാവും മുൻ മന്ത്രിയുമായിരുന്നു ബേബി ജോണിൻ്റെ മകൻ. കൊല്ലം നീണ്ടകര സ്വദേശി. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബി.ടെക്. ബിരുദം നേടിയ ശേഷം സമുദ്രോത്‌പന്ന കയറ്റുമതി മേഖലയിൽ ബിസിനസിൽ ഏർപ്പെട്ടിരിക്കേയാണ് രാഷ്ട്രീയപ്രവേശനം. 2016-ലും 2021-ലും ചവറയിൽ തോറ്റു.

പിറവത്ത് റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിച്ച അനൂപ് ജേക്കബ് ഇനി മന്ത്രി. പിതാവ് ടി.എം. ജേക്കബ്, ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മന്ത്രിയായിരിക്കേ അന്തരിച്ചതിനെത്തുടർന്ന് 2012-ൽ പിറവത്ത് നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് അനൂപിന്റെ നിയമസഭാ പ്രവേശം. പിതാവ് കൈകാര്യം ചെയ്തിരുന്ന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെതന്നെ മന്ത്രിയായി. 2016-ലും 2021-ലും അനൂപ് വിജയിച്ചു. തിരുവനന്തപു രം മാർ ഇവാനിയോസ് കോളേജിൽ നിന്ന് ബിരുദവും ലോ അക്കാ മിയിൽനിന്ന് നിയമബിരുദവും നേടി. 2001-ൽ കേരളാ കോൺഗ്രസിന്റെ വിദ്യാർഥിവിഭാഗത്തിന്റെയും യൂത്ത് ഫ്രണ്ടിന്റെയും സംസ്ഥാന പ്രസിഡന്റുമായി.

ആറാംതവണ സഭയിലേക്കെത്തിയ മോൻസ് ജോസഫ് രണ്ടാംവട്ടം മന്ത്രിപദവിയിലേക്ക്. പി.ജെ. ജോസഫ് വിട്ടുനിന്ന ഈ തിരഞ്ഞെടുപ്പിൽ പാർട്ടിയെ എട്ടിൽ ഏഴുസീറ്റിലും ജയിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 2006-ലെ വി.എസ്. മന്ത്രിസഭയിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ ഏക മന്ത്രിയായിരുന്ന ടി.യു. കുരുവിള സ്ഥാനമൊഴിഞ്ഞതോടെ 2007-ൽ മന്ത്രിയായി. ഒരു കേസിൻ്റെ വിധികാത്ത് അന്ന് പി.ജെ. ജോസഫും മന്ത്രിസഭയിൽനിന്ന് ഒഴിഞ്ഞു നിൽക്കുകയായിരുന്നു. ജോസഫ് കുറ്റവിമുക്തനായതോടെ അദ്ദേഹം മടങ്ങിവരാൻ മോൻസ് സ്ഥാനമൊഴിഞ്ഞു കൊടുത്തു. ലയിച്ച കേരളാ കോൺഗ്രസിൽ 2019-ലെ പി ളർപ്പുകാലത്തും നേതൃത്വത്തിന് താങ്ങായി ജോസഫ് വിഭാഗത്തിന്റെ നെടുംതൂണായി. തലയോലപ്പറമ്പ് ഡി.ബി. കോളേജ്, കോട്ടയം ബസേലിയസ് കോളേജ്, തിരുവനന്ത പുരം ലോ കോളേജ് എന്നിവിടങ്ങളിൽ പഠനം. ഇപ്പോൾ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ.

മുസ്‌ലിം ലീഗിന്റെ ‘ക്രൗഡ്പുള്ളർ’ എന്നറിയപ്പെടുന്ന കെ.എം. ഷാജി മന്ത്രിസ്ഥാനത്ത് ആദ്യം. അണികളുടെ തീപ്പൊരിനേതാവ്. കണ്ണൂരിൽനിന്നും മലപ്പുറത്തുനിന്നുമായി മൂന്നുതവണ എം.എൽ.എ.. എം.എസ്.എഫിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങി. 2016 ൽ അഴീക്കോട് മണ്ഡലത്തിൽ എം വി നികേഷ് കുമാർ എന്ന തൊട്ടടുത്ത സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയെങ്കിലും സുപ്രീം കോടതി തെരഞ്ഞെടുപ്പ് അസാധുവാക്കിയതോടെ എം എൽ എ സ്ഥാനം നഷ്ടമായി. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ്, യൂത്ത് ലീഗിന്റെ സംസ്ഥാന ട്രഷറർ, ജനറൽസെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു.

തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

കോൺഗ്രസ് നിയമസഭാകക്ഷിയിൽ പ്രായത്തിലും അനുഭവസമ്പത്തിലും ഒന്നാമനായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇനി സ്പീക്കർ. 1970-കളിലെ കോൺഗ്രസ് യുവതരംഗത്തിൻ്റെ പ്രതിനിധി. കെ.പി.സി.സി. അച്ചടക്കസമിതി അധ്യക്ഷൻ. ഇക്കുറി എട്ടാം ജയം. കോട്ടയം ബസേലിയസ് കോളേജിൽനിന്ന് ബിരുദവും തിരുവനന്തപുരം ഗവ. ലോ കോളേജിൽനിന്ന് നിയമബിരുദവും. കെ .എസ്.യു. സംസ്ഥാന പ്രസിഡന്റായിരുന്നു. 1976 മുതൽ കോട്ടയം ബാറിൽ അഭിഭാഷകൻ. പിന്നീട് യൂത്ത് കോൺഗ്രസ് സംസ്ഥാനപ്രസിഡന്റ്റായി, കെ.പി.സി.സി. ജനറൽ സെക്രട്ടറിയായി. എ.കെ. ആൻ്റണിക്കും ഉമ്മൻ ചാണ്ടിക്കുമൊപ്പം കോൺഗ്രസ് രാഷ്ട്രീയത്തിലെ തന്ത്രജ്ഞരിൽ ഒരാൾ. രണ്ടുതവണയായി ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ ആഭ്യന്തരവകുപ്പിൽ ഉൾപ്പെടെ മന്ത്രിസ്ഥാനത്ത്.

ഷാനിമോൾ ഉസ്മാൻ

കേരളത്തിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കർ എന്ന ബഹുമതിയോടെയാണ് ഷാനി മോൾ ഉസ്മാൻ ഇപ്പോൾ അരൂരിൽനിന്ന് വിജയിച്ച് നിയമസഭയുടെ പടികയറുന്നത്. ആലപ്പുഴ എസ്‌.ഡി. കോളേ ജിൽ പഠിക്കുമ്പോൾ കെ.എസ്.യു.വിലൂടെയാണ് രാഷ്ട്രീയപ്രവേശനം. ആലപ്പുഴ നഗരസഭയിലെ പ്രഥമ വനിതാ അധ്യക്ഷ, മഹിളാകോൺഗ്രസ് സംസ്ഥാന അധ്യക്ഷ, കെ.പി.സി.സി. നിർവാഹകസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരളത്തിൽനിന്ന് എ.ഐ.സി.സി. സെക്രട്ടറിയായ ആദ്യ വനിത. 2006-ൽ പെരുമ്പാവൂരിലും 2016-ൽ ഒറ്റപ്പാലത്തും നിയമസ ഭയിലേക്കു മത്സരിച്ചെങ്കിലും തോറ്റു. 2019-ൽ ആലപ്പുഴയിൽ നിന്ന് ലോക്സഭയിലേക്കും 2021-ൽ അരൂരിൽനിന്ന് നിയമസഭയിലേക്കും മത്സരിച്ചുതോറ്റു. 2019-ലെ അരൂർ ഉപതിരഞ്ഞെടുപ്പിൽ ജയിച്ചു.

അപു ജോൺ ജോസഫ്

പിതാവും കേരള കോൺഗ്രസ് ചെയർമാനുമായ പി.ജെ. ജോസഫിൻ്റെ പിൻഗാമിയായി തൊടുപുഴയിൽനിന്ന് മത്സരിച്ചു ജയിച്ച അപു ജോൺ ജോസഫ്, നിയമസഭയിലെ ആദ്യ ഊഴത്തിൽ ചീഫ് വിപ്പ് പദവിയിലേക്ക്. കോയമ്പത്തൂരിലെ കെ.സി.ടി. കോളേജിൽനിന്ന് ബി.ടെക് നേടി. സ്വിസ് എയറിൽ സീനിയർ സോഫ്റ്റ്വേർ എൻജിനിയറായിരുന്നു. പിന്നീടാണ് പൊതുപ്രവർത്തന രംഗത്ത് സക്രിയമായത്. കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയിലും തുടർന്ന് ഹൈപവർ കമ്മിറ്റിയിലും എത്തി. ഇപ്പോൾ സംസ്ഥാന കോഡിനേറ്ററാണ്

Content Highlights: VD Satheesan sworn in as the new Chief Minister of Kerala in 2026. 21-member cabinet featuring 16 first-time ministers. Historic appointment of three women to key positions within the UDF cabinet. Ramesh Chennithala appointed as Home Minister with Vigilance charge. PK Kunhalikutty returns for his sixth term as a minister.