400 കടന്ന് വെളിച്ചെണ്ണ വില, ഓണമാകുമ്പോൾ 600 ആകുമെന്ന് വിലയിരുത്തൽ; വില വർധനവിന് കാരണമെന്ത്?
വെളിച്ചെണ്ണയില്ലാത്ത അടുക്കള, വീട്ടകങ്ങളിലും ഹോട്ടലുകളിലും അങ്ങനെ ഒന്നുണ്ടാകുമോ എന്നാണ് ഇനി അറിയാനുള്ളത്. സംസ്ഥാനത്ത് വെളിച്ചെണ്ണ വില ലിറ്ററിന് നാനൂറും കടന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും കൂടിയ വില. ചക്കിലാട്ടിയ നാടൻ വെളിച്ചെണ്ണയ്ക്ക് 450 രൂപവരെ വിലയെത്തി. ജനുവരി ആദ്യം ലിറ്ററിന് 200 രൂപയ്ക്ക് താഴെ മാത്രമായിരുന്നു വെളിച്ചെണ്ണ വില. മാര്‍ച്ച് അവസാനത്തോടെ 300 രൂപ കടന്നു. പിന്നെയത് കുറഞ്ഞിട്ടേയില്ല. ഓണക്കാലമാകുമ്പോഴേക്കും വില വീണ്ടും ഉയർന്ന് 600 ന് അടുത്ത് എത്തുമെന്നാണ് വിലയിരുത്തൽ. ശബരിമല മണ്ഡലകാലത്ത് വെളിച്ചെണ്ണയ്ക്കും തേങ്ങയ്ക്കും വില കൂടാറുണ്ടെങ്കിലും ജനുവരിയിൽ സാധാരണനിലയിലെത്തുന്നതാണ്. എന്തുകൊണ്ടാണ് ഈ വർഷം വില കുത്തനെ ഉയരുന്നത്? വില ഇനി എന്നുകുറയും?
തേങ്ങയുടെ ക്ഷാമവും വിലവർധനയും
നിലവിലെ വെളിച്ചെണ്ണവില വർധനവിന് ഒന്നിലധികം കാരണങ്ങളുണ്ട്.
1) നാളികേര ഉത്പാദനത്തിലെ കുറവ്
സംസ്ഥാനത്ത് തേങ്ങയുടെ ഉൽപ്പാദനക്ഷമത കഴിഞ്ഞ വേനലിൽ ഏതാണ്ട് പകുതിയായാണ് കുറഞ്ഞത്. 2021–22ൽ ഹെക്ടറിന് 7412 തേങ്ങയായിരുന്നു ശരാശരി ഉൽപ്പാദനം. 2022–23ൽ 7215 തേങ്ങയായും 2023–-24ൽ 7211 ആയും ഇടിഞ്ഞു. കാലാവസ്ഥാ വ്യതിയാനങ്ങൾ, തെങ്ങിനെ ബാധിച്ച രോഗങ്ങൾ എന്നിവ ഉത്പാദനകുറവിന് കാരണമായിട്ടുണ്ട്. ഇത്പാദനം കുറഞ്ഞതോടെ തേങ്ങവിലയും കൂടി. കഴിഞ്ഞ വർഷം 30 രൂപയുണ്ടായിരുന്ന തേങ്ങയ്ക്ക് ഇപ്പോൾ 70 രൂപയിലധികമാണ് വില.
2) കൊപ്ര ക്ഷാമം
കേരളത്തിൽ വെളിച്ചെണ്ണ ഉത്പാദനത്തിന് ആവശ്യമായ കൊപ്രയുടെ ലഭ്യതയിൽ കുറവുണ്ടായിട്ടുണ്ട്. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കൊപ്രയുടെ വരവും വിദേശത്തു നിന്നുള്ള ഇറക്കുമതിയും കുറഞ്ഞു. ചൈന, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള നാളികേര ഉൽപ്പന്നങ്ങളുടെ ഡിമാൻഡ് വർധിച്ചത് വില ഉയരാൻ കാരണമായി.
3) ഉത്പാദന ചെലവിന്റെ വർധന
തേങ്ങയുടെയും കൊപ്രയുടെയും വില കൂടിയതോടെ വെളിച്ചെണ്ണ ഉത്പാദകരുടെ ചെലവും വർധിച്ചു. ഒരു ലിറ്റർ വെളിച്ചെണ്ണയുടെ ഉത്പാദനച്ചെലവ് 345 രൂപ വരെ എത്തിയതായാണ് റിപ്പോർട്ടുകൾ. 100 കിലോ കൊപ്ര ആട്ടിയാല്‍ കിട്ടുന്നത് ഏകദേശം 60-65 കിലോ വെളിച്ചെണ്ണയാണ്. നിലവില്‍ തമിഴ്‌നാട്ടിൽ നിന്ന് 100 ക്വിന്റല്‍ കൊപ്രയിറക്കാന്‍ 24 ലക്ഷം രൂപയാകും. അതായത് വെളിച്ചെണ്ണവിലയെക്കാള്‍ കൂടുതലാണ് അസംസ്‌കൃതവസ്തുക്കളുടെ വില. അത് പ്രകാരമാണെങ്കിൽ ഉത്പാദനച്ചെലവ് ഇനിയും കൂടും.
4) ചെറുകിട മില്ലുകളുടെ പ്രതിസന്ധി
കൊപ്രയുടെ ലഭ്യത കുറയുന്നതിനാൽ ചെറുകിട വെളിച്ചെണ്ണ മില്ലുകൾ പ്രവർത്തനം കുറച്ചിട്ടുണ്ട്. ഇത് വിപണിയിലെ വെളിച്ചെണ്ണയുടെ ലഭ്യതയെ ബാധിച്ച് വില ഉയരുന്നതിന് കാരണമായി
വിപണിയിൽ ഇടം പിടിക്കുന്ന വ്യാജൻ
വെളിച്ചെണ്ണ വില കുതിച്ചുയരുകയും ലഭ്യത കുറയുകയും ചെയ്തതോടെ വ്യാജന്മാർ വിപണിയിൽ ഇടംപിടിച്ചിരിക്കുകയാണ്. പാം കെര്‍ണല്‍ ഓയിലും മറ്റ് വിലകുറഞ്ഞ എണ്ണയും ചേര്‍ത്ത വെളിച്ചെണ്ണയാണ് വ്യാജനില്‍ മുമ്പന്‍. ശ്രീലങ്കയില്‍നിന്നും മറ്റും ഇറക്കുമതിചെയ്യുന്ന തേങ്ങാപ്പിണ്ണാക്ക് ലായകം ഉപയോഗിച്ച് വീണ്ടും ആട്ടിയെടുക്കുന്ന എണ്ണ ചേര്‍ത്തുവരുന്ന വെളിച്ചെണ്ണയുമുണ്ട്. മോശം കൊപ്രയില്‍ ആട്ടിയെടുക്കുന്ന ഗുണമേന്മയില്ലാത്ത വെളിച്ചെണ്ണ നല്ല വെളിച്ചെണ്ണയില്‍ കലര്‍ത്തി വില്‍ക്കുന്നതാണ് മറ്റൊരു തരം. പെട്രോളിയം ഉപോത്പന്നമായ പാരഫിന്‍ ഓയിലാണ് വോറൊരു മായം. ഇതാണ് ആരോഗ്യത്തിന് വലിയഭീഷണി.
ഭക്ഷ്യസുരക്ഷാവകുപ്പ് സാംപിൾ പരിശോധനയിലൂടെ കേരഫെഡിന്റെ കേര വെളിച്ചെണ്ണയോടു സാമ്യമുള്ള പേരിൽ 62 ബ്രാൻഡുകളാണ് കണ്ടെത്തി നിരോധിച്ചത്. വെളിച്ചെണ്ണയിൽ 92 ശതമാനവും സാച്ചുറേറ്റഡ് ഫാറ്റി ആസിഡാണ്. മായം ചേർത്താൽ ഈ ഘടനയിൽ മാറ്റമുണ്ടാകുമെന്നതിനാൽ ലാബ് പരിശോധനയിലൂടെ വേഗം കണ്ടെത്താം. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റീജണൽ അനലറ്റിക്കൽ ലാബുകളിൽ ഇതു പരിശോധിക്കാൻ സൗകര്യമുണ്ട്. ഇതിനെല്ലാം പുറമെ തമിഴ്‌നാട്ടിലെ തിരുപ്പൂരിനു സമീപത്തെ കാങ്കയത്തുനിന്നുള്ള വെളിച്ചെണ്ണയും കൊപ്രയും കേരളത്തിലേക്ക് ഒഴുകുന്നുണ്ട്.
ഓണക്കാലത്ത് പാമോയിൽ വിതരണത്തിന് സപ്ലെെകോ
ഓണക്കാലത്ത് വെളിച്ചെണ്ണ വില ലിറ്ററിന് 600 രൂപയെങ്കിലും എത്തുമെന്നാണ് മൊത്തവ്യാപാരികളുടെ അനുമാനം. ഇതോടെ പാമോയില്‍ വിതരണത്തിന് ആലോചിക്കുകയാണ് സപ്ലൈകോ. 1.5 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണമാത്രമാണ് ഇനി സപ്ലൈകോ ശേഖരത്തിലുള്ളത്. ഇത് വരുന്ന മൂന്നുമാസത്തേക്ക് തികയില്ല. 15 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണയാണ് സപ്ലൈകോയുടെ ഒരുമാസത്തെ വില്പന. ഇത്രയും ശേഖരം വാങ്ങാന്‍ ചുരുങ്ങിയത് 60 കോടി രൂപയെങ്കിലും വേണം. കൊപ്രക്ഷാമം ഉള്ളതിനാല്‍ വേണ്ടത്ര എണ്ണയുണ്ടാക്കാനും താമസംവരും. വെളിച്ചെണ്ണവിതരണം കാര്യക്ഷമമായി നടത്താനുള്ള പരിമിതി ഏജന്‍സികള്‍ സപ്ലൈകോയെ അറിയിച്ചിട്ടുണ്ട്. എങ്കിലും വില കുറച്ച് വെളിച്ചെണ്ണ ലഭ്യമാക്കാന്‍കഴിയുമോ എന്നും സർക്കാർ ആലോചിക്കുന്നുണ്ട്.
1980-കളുടെ തുടക്കത്തില്‍ സംസ്ഥാനത്ത് വെളിച്ചെണ്ണയ്ക്ക് വില കൂടിയപ്പോള്‍ സര്‍ക്കാര്‍ റേഷന്‍കടകളും മാവേലി സ്റ്റോര്‍ വഴിയും പാമോയില്‍ വിതരണംചെയ്തിരുന്നു. 10 രൂപയ്ക്കാണ് ഒരുലിറ്റര്‍ വിറ്റിരുന്നത്. 1991-ലെ മന്ത്രിസഭയുടെ പാമോയില്‍ ഇറക്കുമതി, രാഷ്ട്രീയ വിവാദവുമായിരുന്നു.
വിലയിൽ തകർന്നടിഞ്ഞ്...
വെളിച്ചെണ്ണ വില പരിധി വിട്ടതോടെ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും ഉപയോഗം കുറച്ച് ഭക്ഷണത്തിന്റെ രുചിയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ് വീടുകളും ഭക്ഷണവിതരണ സ്ഥാപനങ്ങളും ഹോട്ടലുകളും. പല വിഭവങ്ങളും ഇതിനോടകം മെനുവില്‍ നിന്ന് പുറത്തായി. സാധാരണക്കാരുടെ കുടുംബ ബജറ്റും താളംതെറ്റുകയാണ്. പലരും വെളിച്ചെണ്ണയ്ക്ക് പകരം പാമോലിൻ ഉൾപ്പെടെയുള്ള സസ്യയെണ്ണകളെ പാചകാവശ്യത്തിന് കൂടുതലായി ആശ്രയിച്ചുതുടങ്ങി. ചിലർ പപ്പടം അടക്കം വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളെല്ലാം വേണ്ടെന്ന് വെച്ചു. ഉപയോഗിക്കുന്ന വെളിച്ചെണ്ണയുടെ അളവിലും പിശുക് കാണിച്ചുതുടങ്ങി.
കൊപ്രക്ഷാമവും വിലവർധനയും കാരണം നൂറുകണക്കിന് ചെറുകിട സ്വകാര്യ മില്ലുകൾ അടച്ചതായും റിപ്പോർട്ടുകളുണ്ട്. വെളിച്ചെണ്ണ വിൽപ്പന മൂന്നിലൊന്നായി കുറഞ്ഞതായാണ് മില്ലുടമകളും കച്ചവടക്കാരും പറയുന്നത്. ഇനി എന്ന് വെളിച്ചെണ്ണ വില കുറയുമെന്ന കൃത്യമായ ഉത്തരമില്ല, എങ്കിലും ജനുവരിയിൽ അടുത്ത കൊപ്ര സീസൺ തമിഴ്നാട്ടിൽ തുടങ്ങും വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് നിഗമനം.
Content Highlights: Soaring Coconut Oil Prices in Kerala: Causes, Consequences, and Potential Solutions