ചൈനയില്‍ ഇലക്ട്രിക് കാറുകള്‍ക്ക് വമ്പന്‍ വിലക്കിഴിവ്; വിപണി പ്രതിസന്ധിയിലോ ?
ഇലക്ട്രിക് കാര്‍ നിര്‍മ്മാണത്തിലെ അതികായനായി വളര്‍ന്ന ചൈന ഇന്ന് കടന്നുപോകുന്നത് വലിയൊരു പ്രതിസന്ധിഘട്ടത്തിലൂടെയാണ്. വില്‍ക്കാതെക്കിടക്കുന്ന കാറുകള്‍ ശ്മശാനത്തിലെന്ന പോലെ കെട്ടിക്കിടക്കുകയാണ്.ചൈനീസ് വാഹനവിപണിയില്‍ എന്താണ് സംഭവിക്കുന്നത്?
ഔഡി കാറുകള്‍ക്ക് 50 ശതമാനം വില, എഫ്.എ.ഡബ്ല്യൂ (FAW)വിന്റെ ഒരു സെവന്‍ സീറ്റര്‍ എസ്‌യുവിക്ക് 60% വരെ വിലക്കിഴിവ്. ചൈനയിലെ ചെങ്ഡു നഗരത്തിലെ ഷോപ്പിങ് മാളില്‍ നിന്നുള്ള ഓഫറുകളാണിത്. മാളിലെത്തുന്നവര്‍ക്ക് 5000 കാറുകളില്‍ നിന്നും ഇഷ്ടപ്പെട്ട വാഹനം വമ്പിച്ച വിലക്കുറവില്‍ സ്വന്തമാക്കാം. വാഹനനിര്‍മ്മാതാക്കളില്‍ നിന്നും ഡീലര്‍മാരില്‍ നിന്നും ബള്‍ക്കായി വാഹനങ്ങളെടുത്ത് വില്‍പ്പന നടത്തുന്ന കമ്പനിയാണ് ഈ ഓഫറുകള്‍ നല്‍കുന്നത്. ചൈനീസ് വാഹനവിപണിയിലെ ഈ പ്രതിസന്ധിക്ക് പിന്നിലെ കാരണങ്ങളെന്തൊക്കെയാണ് ? പരിശോധിക്കാം
സര്‍ക്കാര്‍ സബ്‌സിഡിയും അമിതോത്പാദനവും
വാഹന വിപണിയിലെ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം സര്‍ക്കാര്‍ നയങ്ങളും അമിത ഉത്പ്പാദനവുമാണ്. വര്‍ഷങ്ങളോളം ചൈനീസ് സര്‍ക്കാര്‍ നല്‍കിയ വന്‍ സബ്‌സിഡികളും പ്രോത്സാഹനങ്ങളുമാണ് ചൈനയുടെ ഇലക്ട്രിക് വാഹന വ്യവസായത്തെ ലോകത്തിലെ ഏറ്റവും വലിയ ശക്തിയാക്കി മാറ്റിയത്.
ഉപഭോക്താക്കളുടെ യഥാര്‍ത്ഥ ആവശ്യം പരിഗണിക്കാതെ ഉത്പ്പാദനത്തിന് മുന്‍ഗണന നല്‍കിയത് വിപണിയില്‍ കാറുകള്‍ കുമിഞ്ഞുകൂടുന്നതിന് കാരണമായി. ഓരോ പ്രാദേശിക സര്‍ക്കാരും തങ്ങളുടെ പ്രദേശത്ത് കാര്‍ ഫാക്ടറികളെ ആകര്‍ഷിക്കാന്‍ മത്സരിച്ചുകൊണ്ട് കുറഞ്ഞ വിലയില്‍ ഭൂമിയും നികുതി ഇളവുകളും വാഗ്ദാനം ചെയ്തു. ഇത് രാജ്യത്തുടനീളം വാഹന ഉത്പ്പാദനത്തിന്റെ അളവ് കൂട്ടി.
ജര്‍മ്മനിയിലെ കീല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വേള്‍ഡ് എക്കോണമി നടത്തിയ ഒരു പഠനം അനുസരിച്ച്, 2022 വരെ ചൈനീസ് സര്‍ക്കാര്‍ പ്രാദേശിക ന്യൂ എനര്‍ജി വാഹന നിര്‍മ്മാതാക്കള്‍ക്ക് ഏകദേശം 5.6 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള സഹായം നല്‍കിയിരുന്നു. എന്നാല്‍ വെറും 30% ഡീലര്‍മാര്‍ക്ക് മാത്രമാണ് ഇന്ന് ലാഭമുണ്ടാക്കാന്‍ കഴിയുന്നത്. വില്‍ക്കാത്ത കാറുകള്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതി അവിടെ നിലവിലുണ്ട്. ഇങ്ങനെ ഔദ്യോഗികമായി 'വില്‍ക്കപ്പെട്ടതായി' രേഖപ്പെടുത്തുന്ന കാറുകള്‍ പിന്നീട് ''സീറോ മൈലേജ് യൂസ്ഡ് കാറുകള്‍, എന്ന പേരില്‍ വീണ്ടും വില്‍ക്കപ്പെടുന്നു. വിറ്റഴിക്കാന്‍ കഴിയാത്ത പുതിയ കാറുകള്‍ ഒടുവില്‍ കാര്‍ യാര്‍ഡുകളില്‍ ഉപേക്ഷിക്കപ്പെടുന്നു
ബി.വൈ.ഡിക്ക് അന്‍ഹുയി പ്രവിശ്യയില്‍ മറ്റ് കമ്പനികള്‍ക്ക് നല്‍കിയതിനേക്കാള്‍ 40% കുറഞ്ഞ വിലയിലാണ് ഭൂമി നല്‍കിയത്. ഇത്തരം നയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.വിപണിയില്‍ കാറുകള്‍ കുമിഞ്ഞുകൂടിയതോടെ, അവ എങ്ങനെയും വിറ്റഴിക്കാന്‍ ഡീലര്‍മാര്‍ കടുത്ത വിലക്കിഴിവുകള്‍ നല്‍കാന്‍ തുടങ്ങി. ചൈനയില്‍ നിര്‍മ്മിക്കുന്ന ഔഡി കാറിന്റേയും എഫ്.എ.ഡ്യൂ കാറിന്റെയും വിലക്കുറവില്‍ നിന്നും ഈ മത്സരത്തിന്റെ തീവ്രത വ്യക്തമാകും.
2022-ല്‍ ചൈനീസ് സര്‍ക്കാരില്‍ നിന്ന് 426 മില്യണ്‍ ഡോളര്‍ സബ്‌സിഡി ടെസ്‌ലയുടെ ഷാങ്ഹായ് നിര്‍മ്മിത കാറുകള്‍ക്ക് ലഭിച്ചു. എന്നാല്‍ 2024-ന്റെ ആദ്യം ടെസ്‌ലയുടെ വില്‍പ്പന 20% ഇടിഞ്ഞു, ഓഹരി വിലയിലും 25% കുറവുണ്ടായി. ചൈനീസ് കമ്പനികള്‍ ലോകത്തിലെ ഏറ്റവും മത്സരബുദ്ധിയുള്ളവരാണെന്ന് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് ഇപ്പോള്‍ സമ്മതിക്കുന്നു. 2011-ല്‍ ബിവൈഡിയെ പരിഹസിച്ച മസ്‌ക്, ചൈനീസ് വാഹനങ്ങള്‍ ലോകം കീഴടക്കുമെന്ന് ഇപ്പോള്‍ പറയുന്നു.
നേരിട്ടുള്ള സബ്‌സിഡികളുടെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഒന്നാണ് ബിവൈഡി 2018 മുതല്‍ 2022 വരെ അവര്‍ക്ക് 3.7 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള സഹായം ലഭിച്ചു, അതില്‍ 2.2 ബില്യണ്‍ ഡോളറും 2022-ലായിരുന്നു. എന്നാല്‍, വിപണിയിലെ കടുത്ത മത്സരത്തെ തുടര്‍ന്ന് ബിവൈഡിയുടെ ലാഭം 2025-ല്‍ മൂന്നിലൊന്ന് കുറഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജൂലൈ മാസത്തില്‍ ബിവൈഡിയുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.5% മാത്രമാണ് കൂടിയത്.
ബി.വൈ.ഡിയുടെ പ്രധാന വളര്‍ച്ചാ ഘടകമായിരുന്ന പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങളുടെ വില്‍പ്പന തുടര്‍ച്ചയായി കുറയുന്നുണ്ട്. എക്സ്റ്റന്‍ഡഡ് റേഞ്ച് ഇവികളോടുള്ള താല്‍പ്പര്യം വര്‍ധിച്ചതാണ് ഇതിന് ഒരു കാരണം. ലീ ഓട്ടോ യുടെ 95% വില്‍പ്പനയും പ്ലഗ്-ഇന്‍ ഹൈബ്രിഡുകളായിരുന്നു, അവരുടെ വില്‍പ്പനയിലും വലിയ ഇടിവുണ്ടായി.
കമ്പനികളുടെ അതിജീവനപോരാട്ടം
ചൈനീസ് ഇവി വിപണിയിലെ 'യൂണികോണുകള്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയോ ,എക്സ്പെങ്, ലീ ഓട്ടോ പോലുള്ള കമ്പനികള്‍ അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. 2028 ആകുമ്പോഴേക്കും ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്വതന്ത്രമായി നിലനില്‍ക്കാന്‍ സാധ്യതയില്ലെന്നും നിരീക്ഷണമുണ്ട്. വാര്‍ഷികമായി 2 ദശലക്ഷത്തില്‍ താഴെ വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന ഏതൊരു ഇവി നിര്‍മ്മാതാവിനും ഗവേഷണ വികസന ചെലവുകള്‍ വഹിക്കാന്‍ കഴിയാതെവരും.
നിയോ ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യയില്‍ വന്‍ മുതല്‍മുടക്ക് നടത്തിയിരുന്നു. ഇത്തരം അടിസ്ഥാന സൗകര്യങ്ങളുടെ വികസനം വളരെ ചെലവേറിയതാണ്.നിയോയുടെ സി.ഇ.ഒ. വില്യം ലീ ഒരു ' ഫ്‌ളാഷി ബ്രാന്‍ഡ് സൃഷ്ടിക്കുന്നതിന് മുന്‍ഗണന നല്‍കിയെന്നും, സാങ്കേതിക മികവിന് പകരം വിപണനത്തിന് കൂടുതല്‍ വിഭവങ്ങള്‍ ഉപയോഗിച്ചെന്നും വിമര്‍ശനങ്ങളുണ്ടായി.
ജര്‍മ്മന്‍ ആഢംബര ബ്രാന്‍ഡുകളായ ഔഡി, പോര്‍ഷെ, മെഴ്‌സിഡസ്-ബെന്‍സ്, ബി.എം.ഡബ്യൂ എന്നിവയുടെ ചൈനയിലെ വില്‍പ്പനയില്‍ അടുത്തകാലത്ത് വലിയ ഇടിവുണ്ടായിരിക്കുകയാണ്. പഴയ കണക്കുകള്‍ പരിശോധിച്ചാല്‍ ചൈനയില്‍ നിന്നാണ് ഈ കമ്പനികള്‍ക്ക് ഏറ്റവും കൂടുതല്‍ ലാഭം ലഭിച്ചിരുന്നത്. പോര്‍ഷെയുടെ വില്‍പ്പന 28% കുറഞ്ഞപ്പോള്‍, മെഴ്‌സിഡസ്-ബെന്‍സിന്റെയും ബി.എം.ഡബ്യൂവിന്റെയും വില്‍പ്പനയും യഥാക്രമം 20 ശതമാനവും 14% കുറവുണ്ടായി. ഫോക്‌സ് വാഗണ്‍, ഹോണ്ട, ജനറല്‍ മോട്ടോഴ്‌സ് പോലുള്ള പ്രമുഖ കമ്പനികള്‍ക്കും വലിയ വെല്ലുവിളികളുണ്ടായി.
ഷവോമി,ലീപ് മോട്ടോര്‍ പോലുള്ള പുതിയ എതിരാളികളുടെ വരവ് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഈ സാഹചര്യത്തിലും ഷവോമി SU7 പോലുള്ള മോഡലുകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ട്.
ചൈനയുടെ വാണിജ്യ മന്ത്രി വാങ് വെന്റാവോ, തങ്ങളുടെ മത്സരശേഷി സാങ്കേതിക കണ്ടുപിടിത്തങ്ങളെയും ഉത്പ്പാദന കാര്യക്ഷമതയെയും അടിസ്ഥാനമാക്കിയുള്ളതാണെന്നും, സബ്‌സിഡികളെ ആശ്രയിച്ചല്ലെന്നും വാദിക്കുന്നു.
അമേരിക്കയിലെ വാഹനവിപണിയില്‍ 2000-ത്തിന്റെ തുടക്കത്തില്‍ സമാനമായ അമിതോത്പാദന പ്രതിസന്ധി നേരിട്ടിരുന്നു. എന്നാല്‍, ചൈനയിലെ പ്രതിസന്ധി അതിനേക്കാള്‍ രൂക്ഷവും വ്യാപകവുമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
നിലവിലുള്ള 129 ഇവി, ഹൈബ്രിഡ് ബ്രാന്‍ഡുകളില്‍ 2030-ഓടെ 15 കമ്പനികള്‍ക്ക് മാത്രമേ നിലനില്‍ക്കാന്‍ സാധ്യതയുള്ളൂവെന്നും പ്രവചനമുണ്ട്. ചുരുക്കത്തില്‍, ചൈനീസ് സര്‍ക്കാരിന്റെ ഉത്പാദന കേന്ദ്രീകൃത നയങ്ങളാണ് ഈ പ്രതിസന്ധിക്ക് വഴിതെളിയിച്ചത്. ഇപ്പോള്‍ ആവശ്യകത വര്‍ദ്ധിപ്പിക്കാനും ഉത്പാദനം കുറയ്ക്കാനും ശ്രമിച്ചുകൊണ്ട് വിപണിയെ സ്ഥിരപ്പെടുത്താനുള്ള ശ്രമത്തിലാണ് ചൈനീസ് സര്‍ക്കാര്‍. ഈ സാഹചര്യം എങ്ങനെ പരിണമിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
Content Highlights: China EV market faces major crisis, unsold cars, Subsidies and overproduction, Heavy discounts , Audi and FAW cars, Tesla sales drop in China, BYD profits decline, NIO ,Xpeng ,Li Auto struggling, German luxury car sales plummet, Xiaomi su7