ദിവസവും ഒരേ ജോലി ചെയ്യാൻ കഴിയാത്തതു കൊണ്ടാണ് അഭിനേതാവായത് - കിഷോർ
ദിവസവും ഒരേ ജോലി ചെയ്യുന്നത് മടുപ്പിക്കുന്നതായതിനാലാണ് അഭിനേതാവായതെന്ന് നടൻ കിഷോർ. ഒരേ രീതിയിൽ നമുക്ക് ജീവിക്കാൻ കഴിയില്ലെന്നും വ്യത്യസ്തത ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കൻ എന്ന സിനിമയുടെ വിശേഷങ്ങളുമായി മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രുതി മേനോൻ, ഗാർഗി എന്നിവരോടൊപ്പം Talkies- ൽ സംസാരിക്കുകയായിരുന്നു കിഷോർ.
പുതുമയാർന്ന ഒരു പ്രപഞ്ചം തന്നെയാണ് സംവിധായകൻ സജീദും കഥാകൃത്ത് ഉണ്ണി ആറും ചിത്രത്തിനായി ഒരുക്കിയതെന്നും മലയാളസിനിമയിൽ വടക്കൻ പോലെയൊരു സിനിമ ഇതുവരെയുണ്ടായിട്ടില്ലെന്നും ശ്രുതി പറയുന്നു. ഒരു ഇരുട്ടുമുറിയിലേക്ക് കൈയിൽ ടോർച്ചും തന്ന് പോയി അഭിനയിച്ചോ എന്നാണ് പറഞ്ഞതെന്നും പിന്നെയാണ് ആ ടോർച്ചിൽ വരെ ക്യാമറയായിരുന്നു എന്ന് മനസ്സിലായതെന്നും ഗാർഗിയും പറഞ്ഞു.
മലയാളത്തിലെ ആദ്യത്തെ പാരാനോർമൽ ഇൻവെസ്റ്റിഗേഷൻ സിനിമയെന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രമാണ് 'വടക്കൻ'. മലയാളത്തിൽ ഇതുവരെ പരീക്ഷിക്കാത്ത തരത്തിലുള്ള സിനിമയാണ് വടക്കനെന്ന് താരങ്ങൾ പറയുന്നു. ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിക്കൊണ്ട് അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയും ഗ്രാഫിക്‌സും ശബ്‍ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായിട്ടാണ് 'വടക്കൻ' ഒരുക്കിയിരിക്കുന്നത്.
Content Highlights: Shruthy menon,kishore,gargi shares their experience about the movie Vadakkan