പുരാണത്തിലെ സീതയും സിനിമയിലെ ജാനകിയും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട് - പ്രവീൺ നാരായണൻ

'ഇരയായ പെൺകുട്ടിക്ക് ജാനകിയെന്ന് പേര് നൽകി. ജാനകിയെ സീതാ ദേവിയുടെ പേരായി ബന്ധപ്പടുത്തിയാണ് ഈ വിവാദങ്ങളെല്ലാം തുടങ്ങിയത്. ആ പേരായിരുന്നു പ്രശ്നം. തൃശൂർ പൂങ്കുന്നത്ത് വിദ്യാധരൻ പിള്ളയുടെ മകളായി ജനിച്ച ജാനകിയും ജനകന്റെ മകള‍ായ ജാനകിയും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ടെന്ന് സെൻസർ ബോർഡിനെ പറഞ്ഞ് മനസിലാക്കാനാണ് ഇത്രയും കാലതാമസം വന്നത്'. ഒരു പേര് വരുത്തി വച്ച വിവാദങ്ങളോട് പ്രതികരിക്കുകയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരളയുടെ സംവിധായകൻ പ്രവീൺ നാരായണൻ.

'അവർ നിർദേശിച്ച പ്രകാരം ജാനകിയെന്ന പേര് പരാമർശിക്കുന്ന കോടതി രംഗങ്ങളിലെ മ്യൂട്ട് ഒഴിവാക്കി കിട്ടാൻ കേസുമായി വീണ്ടും മുന്നോട്ട് പോയാൽ സിനിമയുടെ റിലീസ് അനിശ്ചിതമായി നീളും. അതൊഴിവാക്കാനാണ് ആ നിർദേശം ഞങ്ങൾ സ്വീകരിച്ചത്. വലിയ നഷ്ടമാണ് അല്ലെങ്കിൽ സംഭവിക്കുക', പ്രവീൺ പറയുന്നു. ഈ വിവാദങ്ങൾ പ്രമോഷൻ തന്ത്രമാണെന്ന വാർത്തകളോടും സംവിധായകൻ പ്രതികരിച്ചു.

'അങ്ങനൊരു തന്ത്രം എളുപ്പമുള്ള കാര്യമാണോ ? കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ നായകനാക്കി ഒരു സിനിമ ചെയ്തിട്ട്, കേന്ദ്ര മന്ത്രിസഭയുടെ കീഴിലുള്ള സെൻസർ ബോർഡിനെക്കൊണ്ട് ഈ സിനിമയ്ക്ക് സെൻസറിങ്ങ് നിഷേധിക്കുക.. എന്തെല്ലാം പുകില് ഇവിടെ ഉണ്ടാകും. രാഷ്ട്രീയ പ്രസ്ഥാനം തന്നെ ബാധിക്കപ്പെടില്ലേ.എനിക്ക് മാത്രമല്ല ഈ പ്രശ്നം കാരണം പെട്ടിയിലിരിക്കുന്ന വേറെയും സിനിമകളുണ്ട്. എനിക്ക് അറിയാൻ സാധിച്ചത് എമ്പുരാന് ശേഷം പേരിന്റെ പ്രശ്നം കാരണം റിലീസ് തടസപ്പെട്ട അഞ്ചാമത്തെയോ ആറാമത്തെയോ സിനിമയാണ് ജെഎസ്കെ.സുരേഷേട്ടൻ ഈ വിവാദങ്ങളോട് പ്രതികരിക്കാഞ്ഞതും വാർത്തയായി. അദ്ദേഹം പ്രതികരിച്ചിരുന്നെങ്കിൽ എന്തായേനെ? ഈ സിനിമയൊന്നും ഒരു വിഷയമാകില്ലായിരുന്നു, സുരേഷ് ഗോപി എന്ത് പറഞ്ഞു എന്നതിലെ ഓരോ അക്ഷരങ്ങളും വലിച്ചു കീറി അത് മാത്രം ചർച്ചയായി മാറിയേനെ. പ്രൊഡക്ഷന്റെ ഭാഗത്തു നിന്നും സുരേഷേട്ടന്റെ ഭാഗത്തു നിന്നും ഒന്നിച്ചെടുത്ത യുക്തിപൂർവമായ തീരുമാനമാണ് ഇതിൽ പ്രതികരിക്കേണ്ട എന്നത്', പ്രവീൺ പറയുന്നു. 

Content Highlights: Interview with JSK movie Director Pravin Nrayanan