'നെഗറ്റീവ് കഥാപാത്രങ്ങൾ മാത്രമേ മുന്നോട്ട് പോകാൻ സഹായിക്കൂ, അല്ലെങ്കിൽ ചായ കൊടുത്ത് മരിക്കും'

"കണ്ട ആണുങ്ങളെ പിഴപ്പിക്കാനല്ല ഞാൻ നിന്നെ വളർത്തിയത്...നീലത്താമര അഭിനയിച്ച് തിരിച്ച് വന്നപ്പോൾ അമ്മ എന്നോട് പറഞ്ഞ ഡയലോഗ് ആണ്. അത്രയ്ക്ക് എതിർപ്പായിരുന്നു അമ്മയ്ക്ക് ഞാൻ സിനിമയിൽ അഭിനയിക്കുന്നതിൽ".. പറയുന്നത് മാലാ പാർവതിയാണ്." ഇന്ന് അമ്മ ഉണ്ടായിരുന്നെങ്കിൽ ഈ നെഗറ്റീവ് വേഷങ്ങൾ ചെയ്യുന്ന എന്നെ വീട്ടിലേ കയറ്റില്ലായിരുന്നു. പക്ഷേ ഈ നെഗറ്റീവ് വേഷങ്ങൾ മാത്രമാണ് നമ്മളെ മുന്നോട്ട് പോകാൻ സഹായിക്കുന്നത് അല്ലെങ്കിൽ ചായ കൊടുത്ത് നമ്മൾ മരിക്കും"... മാലാ പാർവതി പറയുന്നു. ഏറ്റവും പുതിയ ചിത്രമായ അൻപോട് കണ്മണിയുടെ വിശേഷങ്ങൾ നായകൻ അർജുൻ അശോകനും നായിക അനഘയ്ക്കുമൊപ്പം പങ്കുവയ്ക്കവേയാണ് താരം വീട്ടിൽ നിന്ന് നേരിടേണ്ടി വന്ന എതിർപ്പുകളെക്കുറിച്ച് സംസാരിച്ചത്.

"ഫാമിലി ഡ്രാമയാണ് അൻപോട് കണ്മണി. വളരെ പ്രതീക്ഷയോടെയാണ് വിവാഹം കഴിഞ്ഞ് ഒരു പെൺകുട്ടി മറ്റൊരു വീട്ടിൽ പോകുന്നത്, അവിടെ അവൾ സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന സമ്മർദ്ദം, ഭർത്താവിനും അമ്മായിഅമ്മയ്ക്കും സമൂഹത്തിനും ഇടയിൽ പെട്ടു പോകുന്ന ഒരുവളുടെ അവസ്ഥ ഇതൊക്കെയാണ് കഥ പറയുന്നത്". അർജുൻ അശോകൻ പറയുന്നു. "വിവാഹം കഴിഞ്ഞാലുടനെ നേരിടുന്ന ചോദ്യമാണ് വിശേഷമൊന്നുമായില്ലേ എന്നത്. ആദ്യമൊക്കെ ചിരിച്ചു തള്ളുമെങ്കിലും തുടർച്ചയായി ഈ ചോദ്യങ്ങൾ കേൾക്കുമ്പോൾ എന്തോ പ്രശ്നമില്ലേ എന്ന് നമുക്ക് തന്നെ തോന്നും അത് പിന്നീട് കുടുംബത്തിനകത്ത് തന്നെ പ്രശ്നമായി മാറും. അതാണ് അൻപോട് കണ്മണി പറയുന്നത്. ഭ്രമയുഗം കഴിഞ്ഞതോടെ ആളുകൾക്ക് എന്നെ കാണുമ്പോൾ അൽപം ബഹുമാനമൊക്കെ തോന്നിത്തുടങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു.അത് കാണുമ്പോൾ ഒരുസുഖം തോന്നുന്നുണ്ട്". അർജുൻ വ്യക്തമാക്കുന്നു.

Inshort | Mala Parvathy, Arjun Ashokan, and Anagha star in the new family drama Anbod Kanmani, a story about the societal pressures faced by a newly married woman.

Content Highlights: Mala Parvathy, Arjun Ashokan, and Anagha about their new movie anbod kanmnai