കോഴിക്കോടിന്റെ തുറമുഖ ചരിത്രം അറിയാന്‍ നാവിക ക്ലബ്ബും പോര്‍ട്ട് ബംഗ്ലാവും

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോഴിക്കോട് തുറമുഖത്തിന്റെ ചരിത്രം ഓര്‍മപ്പെടുത്തുകയാണ് കടപ്പുറത്തെ നാവിക കേന്ദ്രമായ മര്‍ച്ചന്റ് നേവി ക്ലബ്ബ്. കോഴിക്കോട് തുറമുഖത്തിന്റെ പ്രതാപകാലത്തെ കപ്പല്‍ജോലിക്കാരുടെ ഗസ്റ്റ് ഹൗസ് നിലനിന്നിരുന്നതിന്റെ തൊട്ടടുത്തുതന്നെയാണ് ഇപ്പോള്‍ നാവികരുടെ കേന്ദ്രവും നിര്‍മിച്ചിരിക്കുന്നത്.
കടല്‍യാത്രയ്ക്കിടെ ജീവന്‍ നഷ്ടപ്പെവരുടെ സ്മാരകവും ഇതിനോടുചേര്‍ന്ന് സ്ഥാപിച്ചിട്ടുണ്ട്. കടലില്‍ സ്ഥാപിച്ചിരുന്ന ബോയകളും കപ്പലില്‍നിന്നുള്ള സാധനങ്ങള്‍ കൊണ്ടുപോയിരുന്ന ട്രോളികളും സൂക്ഷിച്ചിരുന്ന ഷെഡ്ഡുകള്‍ ഇതിനു സമീപത്താണ്. ഇതുകൂടെ സംരക്ഷിച്ചു കോഴിക്കോട് തുറമുഖത്തിന്റെ ശേഷിപ്പുകള്‍ നിലനിര്‍ത്തുകയാണ് നാവികരുടെ ലക്ഷ്യം.
കോഴിക്കോട് തുറമുഖത്തിന്റെ ചരിത്രം വിവരിക്കുന്ന മ്യൂസിയവും സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. ഇതിന് സംസ്ഥാന സര്‍ക്കാരില്‍നിന്നുള്ള അനുമതിയാണ് പ്രധാന കടമ്പ. മര്‍ച്ചന്റ് നേവി ക്ലബ്ബിനെ കടല്‍ രക്ഷാസംവിധാനങ്ങളുടെ കണ്‍ട്രോള്‍ റൂമാക്കി മാറ്റാനും ഉദ്ദേശമുണ്ടെന്ന് ക്ലബ്ബ് പ്രസിഡന്റ് ക്യാപ്റ്റന്‍ കെ.കെ. ഹരിദാസ് പറഞ്ഞു. അതുവഴി ദുരന്ത രക്ഷാപ്രവര്‍ത്തനങ്ങളില്‍ നാവികരുടെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്താനാവും. മാരീടൈം ട്രെയിനിങ് ഡെവലപ്മെന്റ് സെന്റര്‍ കൂടി തുടങ്ങാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് തുറമുഖം തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യംകൂടി മര്‍ച്ചന്റ് നേവി ക്ലബിനുണ്ട്. 1964 മുതല്‍ ഇവിടെ സീമെന്‍ വെല്‍ഫെയര്‍ സെന്ററിന് ശ്രമം തുടങ്ങിയെങ്കിലും ഇപ്പോഴാണ് മര്‍ച്ചന്റ് നേവി ക്ലബ്ബ് എന്ന ലക്ഷ്യത്തിലേക്കെങ്കിലും എത്തുന്നത്. കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വിനികുമാറാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരിക്കുന്നത്.
ഒന്നരനൂറ്റാണ്ടിന്റെ പൈതൃകവുമായി പോര്‍ട്ട് ബംഗ്‌ളാവ്
മര്‍ച്ചന്റ് നേവി ക്ലബ്ബില്‍നിന്ന് അല്‍പം അകലെയുള്ള കോഴിക്കോട് തുറമുഖത്തിന്റെ ചരിത്രസ്മാരകമാണ് പോര്‍ട്ട് ഓഫീസറുടെ ബംഗ്ലാവ്. 1860-ലാണ് ബീച്ച് ആശുപത്രിയോടുചേര്‍ന്നുള്ള ബംഗ്ലാവു പണിതത്. ഇപ്പോഴും പൂമുഖത്ത് രണ്ട് പീരങ്കികളുമായി ബംഗ്ലാവ് തലയുയര്‍ത്തി നില്‍ക്കുന്നുണ്ടെങ്കിലും പോര്‍ട്ട് ഓഫീസര്‍മാരാരും താമസിക്കുന്നില്ല.
പോര്‍ട്ട് ബംഗ്ലാവ്
ബ്രിട്ടീഷുകാരാണ് ഇതു പണിതത്. ഈ ബംഗ്ലാവില്‍നിന്ന് നോക്കിയാല്‍ കോഴിക്കോട് തുറമുഖത്ത് നടക്കുന്ന കാര്യങ്ങള്‍ മുഴുവന്‍ കാണാമായിരുന്നു. മുകള്‍ഭാഗത്തെ ബാല്‍ക്കണിയോടു ചേര്‍ന്ന് കണ്ണാടി പതിച്ച സ്വീകരണ മുറിയുണ്ട്. ഇവിടെ ഡാന്‍സ് ഹാള്‍ ഉണ്ടായിരുന്നുവെന്ന് പതിന്നാല് വര്‍ഷത്തോളം ബംഗ്‌ളാവില്‍ താമസിച്ച കോഴിക്കോട്ടെ മുന്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ രാജന്‍ പറഞ്ഞു.
നിലമ്പൂരില്‍നിന്നുള്ള തേക്കും ഈട്ടിയും ഉപയോഗിച്ചാണ് ഫര്‍ണിച്ചറുകള്‍ ഒരുക്കിയിരിക്കുന്നത്. മുറ്റത്ത് കാണുന്ന പീരങ്കികള്‍ തലശ്ശേരിയില്‍നിന്ന് കൊണ്ടുവന്ന് സ്ഥാപിച്ചതാണ്. 2003-ല്‍ തുറമുഖവകുപ്പിന്റെ അതിഥി മന്ദിരമാക്കിയെങ്കിലും ആരും ഉപയോഗിക്കാറില്ല. പാചകക്കാരുടെ കെട്ടിടങ്ങള്‍ നശിച്ചുപോയി. ഇനി നശിക്കാന്‍ ബംഗ്ലാവ് മാത്രമാണുള്ളത്.
സത്യന്‍ അഭിനയിച്ച കടല്‍പ്പാലം, ഹോറര്‍ സിനിമ ലിസ, ചിന്ത രവിയുടെ ഒരേതൂവല്‍ പക്ഷികള്‍ എന്നീ സിനിമകളും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. 1990-കളിലാണ് പോര്‍ട്ട് ഓഫീസര്‍മാര്‍ ഈ ബംഗ്ലാവ് ഉപയോഗിച്ചതെന്ന് ക്യാപ്റ്റന്‍ രാജന്‍ പറയുന്നു. തുറമുഖവകുപ്പിന്റെ കൈയില്‍ത്തന്നെയാണ് ഇപ്പോഴുമിത്.
1960-കളോടെ കോഴിക്കോട് തുറമുഖത്തിന്റെ പ്രതാപം കുറഞ്ഞുതുടങ്ങിയെങ്കിലും 1990 വരെ ഇവിടെ ചരക്കുമായി കപ്പലുകള്‍ വന്നിരുന്നു. ലക്ഷദ്വീപിലേക്ക് യാത്രാക്കപ്പലുകളും ഉണ്ടായിരുന്നു. അഞ്ചുമൈല്‍ ദൂരെ കപ്പല്‍ നിര്‍ത്തി തോണികളിലാണ് അവസാനകാലത്ത് ചരക്കു കൊണ്ടുവന്നിരുന്നത്.
ബര്‍മയില്‍നിന്ന് അരികൊണ്ടുവന്നിരുന്നു. അന്ന് റെയില്‍ സ്ഥാപിച്ചാണ് സാധനങ്ങള്‍ നീക്കിയിരുന്നത്. റെയിലൊക്കെ പിന്നീട് മണ്ണിട്ടുമൂടിപ്പോയി. കോഴിക്കോട് തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്ക് കപ്പല്‍ സര്‍വീസുണ്ടായിരുന്നു. പോര്‍ട്ട് ബംഗ്ലാവിനോളം പഴക്കമില്ലെങ്കിലും കോഴിക്കോട്ടുള്ള കടല്‍പ്പാലവും ലൈറ്റ് ഹൗസുമെല്ലാം നൂറുവര്‍ഷം പിന്നിട്ടവയാണ്. 1903-ലാണ് ഇപ്പോഴത്തെ ലൈറ്റ് ഹൗസ് പണിതത്. പഴയ ലൈറ്റ് ഹൗസ് വലിയങ്ങാടിയോടു ചേര്‍ന്നായിരുന്നു. പൊളിഞ്ഞുവീണ തൂണുകള്‍മാത്രമായ വടക്കെ കടല്‍പ്പാലം 1911-ലും തെക്കെ കടല്‍പ്പാലം 1917-ലുമാണ് നിര്‍മിച്ചത്.


VIEW ON mathrubhumi.com