സ്പിറ്റി താഴ്‌വര: ഒരു യാത്രികയുടെ ഡയറിക്കുറിപ്പുകള്‍

By: പൂജ ടി.എസ്. അഞ്ജലി
Mathrubhumi - Sanchari POST OF THE WEEK
_________________________________________________
ഉള്ളവളുടെ ഒരുപാടു നാളത്തെ ആഗ്രഹമാരുന്നു ഹിമാലയത്തില്‍ പോകണം എന്നത്. ആറു മാസം മുന്‍പ് സ്പിറ്റി വാലിയെ പറ്റി കേട്ടപ്പോള്‍, ഗൂഗിള്‍ ഫോട്ടോസ് കണ്ടപ്പോള്‍ അവിശ്വസനീയമായി തോന്നി. ഇന്ത്യയില്‍ ഇങ്ങനെയും സ്ഥലങ്ങളോ എന്നാലോചിച്ചു പോയി. പക്ഷെ അങ്ങോട്ടുള്ള ദൂരം, യാത്ര ചെലവ് എല്ലാം ഒരു തടസ്സമായി നിന്നു. മാസങ്ങള്‍ ഇന്‍സ്‌റാഗ്രാമിലെ ചിത്രങ്ങള്‍ നോക്കി ഇരുന്നു.സഹികെട്ടപ്പോള്‍ പോവാന്‍ തന്നെ തീരുമാനിച്ചു.
Spiti Holiday Adventure ഒരു ലോക്കല്‍ ടൂര്‍ ഗ്രൂപ്പ് വഴി 7 ദിവസത്തെ റോഡ് ട്രിപ്പ് ബുക്ക് ചെയ്തു. കാശ് രണ്ടു ഗെടുക്കളായി കൊടുത്താല്‍ മതി.അതുകൊണ്ട് കാശ് സ്വരുക്കൂട്ടേണ്ട അവസ്ഥ വന്നില്ല.6 ദിവസം ലീവ് എടുത്തു. ശനിയും ഞായറും ഓഫീസില്‍ അവധിയായതു കൊണ്ട് അത്രയുമേ എടുക്കേണ്ടി വന്നുള്ളൂ. എന്റെ ആദ്യത്തെ ഉത്തരേന്ത്യന്‍ യാത്രയാണ്.സുഹൃത്തുക്കള്‍ രണ്ടു പേര് കൂടെ വരാന്‍ തയ്യാറായി.ഒരാള്‍ ചെന്നൈയില്‍ നിന്ന് മറ്റൊരാള്‍ ബാംഗ്ലൂര്‍.ഞാന്‍ അഹമ്മദാബാദും.
അഹമ്മദ്ബാദ് ----->ഡല്‍ഹി ----->മനാലി ----->സ്പിറ്റി ----->മനാലി ----->ഡല്‍ഹി ----->അഹമ്മദാബാദ്
-------------------- Day 1 --------------------അഹമ്മദാബാദ് - ഡല്‍ഹി ആശ്രo എസ്‌പ്രെസ്സില്‍ ( ട്രെയിന്‍ നമ്പര്‍ 12915 ) 3AC യാത്ര - rs 1235 .
-------------------- Day 2 --------------------
ഡല്‍ഹി കാന്റോന്റ്‌മെന്റില്‍ രാവിലെ 10 മണിക്കെത്തി. മനാലിക്കുള്ള ബസ് വൈകുന്നേരമാര്ന്നതിനാല്‍ വിശ്രമിക്കാന്‍ ഡല്‍ഹി aerocity യില്‍ ഹോട്ടല്‍ ബുക്ക് ചെയ്തിരുന്നു.ഡല്‍ഹിയില്‍ ഒട്ടു മിക്ക സ്ഥലത്തേക്കും മെട്രോ ട്രെയിനുകള്‍ ലഭ്യമാണ്. തൊട്ടടുത്തല്ലെങ്കില്‍ ബസില്‍ മെട്രോ സ്റ്റേഷനിലേക്ക് പോകാവുന്നതാണ്.
കന്റോന്റ്‌മെന്റ് --->ധോലാകുവാ മെട്രോ സ്റ്റേഷന്‍ ബസില്‍ - rs20 ധോലാകുവാ ---->delhi aerocity മെട്രോ - rs20 താമസം ഹോട്ടല്‍ aerodromeല്‍ - rs417 .ഡല്‍ഹിയില്‍ എപ്പോഴും ചൂടാണ്. വിശ്രമിക്കാന്‍ ഒരിടം തേടിവെക്കുന്നതു നന്നായിരിക്കും. കുളിച്ചു വൃത്തിയായി ഭക്ഷണം കഴിക്കാന്‍ ഇറങ്ങി. മലയാളി എവിടെ ചെന്നാലും തപ്പി കണ്ടുപിടിക്കും മലയാളി ഹോട്ടല്‍. അങ്ങനെ അടുത്തുള്ള മലബാര്‍ ഹോട്ടലില്‍ നടന്നു കയറി.തലശ്ശേരി ബിരിയാണി - rs110ഊണ് കഴിഞ്ഞു നേരെ ഖുതുബ് മിനാര്‍.ഡല്‍ഹി aerocity --->ഖുതുബ് മിനാര്‍ ബസ് - rs10 ഖുതുബ് മിനാര്‍ എന്‍ട്രി - rs30 തിരിച്ചെത്തി ഹോട്ടലില്‍ വിശ്രമിച്ച ശേഷം മണാലിയിലേക്കുള്ള ബസിനായി കാശ്മീരി ഗേറ്റലേക്കു മെട്രോ കയറി. ഡല്‍ഹി aerocity --->കാശ്മീരി ഗേറ്റ് മെട്രോ - rs65 6 മണിക്കുള്ള HSRTC ഹിമസ്തുതയില്‍ സ്ഥാനം പിടിച്ചു. - rs1434 ബസില്‍ ഇരുന്നു കഴിക്കാന്‍ ബ്രെഡ് ഓംലറ്റ് - rs65 രാത്രി ധാബയില്‍ അത്താഴം - rs306 ( വെറും കത്തി)
-------------------- Day 3 --------------------
പതിവില്ലാതെ 6 മണിക്ക് കണ്ണ് തുറന്നു. ബസ് കുളുവില്‍ എത്തി. ആദ്യമായി ഹിമാചല്‍ കണ്ട സന്തോഷം പറഞ്ഞറിയിക്ക വയ്യ. 9 മണിയോടെ മനാലിയില്‍ കാലു കുത്തി. മഴക്കാലമാണ് , ചെറിയ ചാറ്റല്‍ മഴയും തണുപ്പും. എല്ലാം കൊണ്ടും നല്ല കാലാവസ്ഥ. ബസ് വന്നിറങ്ങുന്ന മനാലി മാള്‍ റോഡിലാണ്. അവിടുന്ന് 2.5 km മാറിയാണ് Bonfire hostel. അങ്ങോട്ടേക്ക് നടപ്പായി. ഹോസ്റ്റലില്‍ എത്തി ഡോര്‍മിറ്റോറിയില്‍ കയറി. കുളിച്ചു ഭക്ഷണം കഴിച്ചു ക്യാമറയും എടുത്തു പുറത്തേക്കിറങ്ങി. ജോഗിനി വെള്ളച്ചാട്ടം കാണാന്‍.
ജോഗിനിയിലേക്കുള്ള വഴി അതി സുന്ദരമാണ്. വശിഷ്ട് വരെ ഓട്ടോയില്‍.പിന്നെ വെള്ളച്ചാട്ടത്തിലേക്ക് 2 .5 കിമി നടത്തമാണ്. ഒരു കവല, അത് താണ്ടി ഒരു ചെറിയ ഗ്രാമം. നടത്തം തുടങ്ങിയപ്പോഴേ മഴ പെയ്തു തുടങ്ങി. ഇട്ടിരിക്കുന്ന പോഞ്ചോയുടെ ഉള്ളില്‍ കാമറ തിരുകിക്കേറ്റി ഒരൊറ്റ ഓട്ടം.ഗ്രാമം കഴിഞ്ഞു തോട്ടങ്ങളാണ്. ഒരു വശം ആപ്പിള്‍ മറു വശം പിയര്‍. നന്നേ വിശപ്പുണ്ടാരുന്നത് കൊണ്ട് പോകും വഴി ഓരോന്ന് പൊട്ടിച്ചു തിന്നു. തോട്ടങ്ങളും കഴിഞ്ഞാല്‍ പിന്നെ വനമാണ്.ആല്‍പൈന്‍ വനം. വനത്തിലെ നടപ്പാതകള്‍ സഞ്ചിരിച്ചു അവസാനം എത്തുകയായി ജോഗിനിയില്‍.ഗോര്‍ജ് എന്ന് തോന്നിക്കും വണ്ണം ഉള്ള ഒരു കൂറ്റന്‍ മലയില്‍ നിന്നാണ് ജോഗിനിയുടെ ജന്മം. അത് ഒഴുകി എത്തുന്നത് ബിയാസ് നദിയിലും.
കുറെ സമയം അവിടെ ചിലവഴിച്ചു.തിരികെ പോകും വഴി നദീതീരത്തെ ഒരു ഹോട്ടലില്‍ കയറി ഭക്ഷണം.തിരികെ ഹോസ്റ്റലില്‍ എത്തി പിറ്റേ ദിവസത്തേക്കുള്ള തയ്യാറെടുപ്പാണ്. നാളെ യാത്ര തിരിക്കുകയായി ഞാന്‍. സ്പിറ്റിയിലേക്കു.എന്റെ സ്വപ്ന സഞ്ചാരത്തിലേക്കു.ഉച്ച ഭക്ഷണം -rs183 ഓട്ടോ - rs150
-------------------- Day 4 --------------------
ട്രിപ്പ് പാക്കേജ് ഇന്ന് മുതലാണ്. മനാലി - മനാലി പാക്കേജ് - rs 14137
രാവിലെ 5 മണിക്ക് മനാലിയില്‍ നിന്ന് പുറപ്പെട്ടു. ഇന്നോവ ആണ് വണ്ടി .വണ്ടിയില്‍ 3 മലയാളികള്‍ 3 ഗുജറാത്തികള്‍ . ഞങ്ങള്‍ സംസാരിക്കുന്നതു അവര്‍ക്കോ അവര്‍ സംസാരിക്കുന്നതു എന്റെ കൂടയുള്ളവര്‍ക്കോ മനസിലാവില്ല. കുറച്ചു ദൂരം ചെന്ന് കഴിഞ്ഞപ്പോ എല്ലാവരും സംസാരിക്കാന്‍ തുടങ്ങി. ഇംഗ്ലീഷ് ഹിന്ദി ഭാഷകളിലായി പിന്നെയുള്ള സംഭാഷണങ്ങള്‍.
ആദ്യത്തെ സ്റ്റോപ്പ് റോഹ്തങ്ങിലാണ് ( rohtang ). ഉയരം 13050 അടി . 2 മണിക്കൂറെടുക്കും അവിടെ എത്താന്‍. രാവിലെ ആയതിനാല്‍ മൂടല്‍ മഞ്ഞാണ് ചുറ്റും. ഫോട്ടോ എടുത്തു വീണ്ടും യാത്ര തുടര്‍ന്നു. വെളിച്ചം വീഴുന്നതോടൊപ്പം മഞ്ഞുമലകളും നദിയും അരുവികളുമെല്ലാം മെല്ലെ മറ നീക്കി പുറത്തു വന്നു തുടങ്ങി. ആദ്യമായി മഞ്ഞുമല കാണുന്ന കുട്ടിയുടെ നിര്‍മ്മലതയോടെ എല്ലാ കാഴ്ചകളും കണ്ടും ക്യാമെറയില്‍ പകര്‍ത്തിയും മുന്നോട്ടു നീങ്ങി.
ഇടയ്ക്കു വെള്ളച്ചാട്ടം നടുറോട്ടിലും ഒഴുകുന്നുണ്ടാവും. കാറില്‍ നിന്നറങ്ങി നടന്നു വേണം അത് കടക്കാന്‍. ഇളകിയ മുഴുത്ത കല്ലുകള്‍ക്ക് മേലെ കുത്തി തിമിര്‍ത്തു വരുന്ന വെള്ളപ്പായ്ച്ചില്‍ കടക്കുമ്പോഴും ഞാന്‍ താഴേക്കു നോക്കുന്നുണ്ടാരുന്നു. സ്വര്‍ഗ്ഗ സുന്ദരമായ താഴ്വാരം കാണാന്‍. എല്ലാ വണ്ടികളും കടക്കും വരെ കാത്തിരിപ്പാണ്. ആ കാത്തിരിപ്പിനിടയില്‍ ചിലപ്പോ പുതിയമുഖങ്ങളെ പരിചയപ്പെടാന്‍ അവസരം കിട്ടാറുണ്ട്. Himalayan Health Exchange Program വഴി സ്പിറ്റിയില്‍ ക്യാമ്പ് ചെയ്യാന്‍ എത്തിയ രണ്ടു അമേരിക്കന്‍ ഡോക്ടര്‍മാരെ പരിചയപ്പെട്ടു. വണ്ടി എത്തും വരെ അവരുമായി സംസാരിച്ചിരുന്നു. അവസാനം ഒരു സെല്‍ഫി എടുത്തു പിരിഞ്ഞു. കാള്‍ ,എലിയറ്റ് ; അവരുടെ പേര് ഇപ്പോഴും ഓര്‍മയുണ്ട്.
ഇങ്ങനെ കൗതുകം നിറഞ്ഞ ഒരുപാടു സംഗതികള്‍. 14 മണിക്കൂര്‍ യാത്രക്കൊടുവില്‍ കാസ എങ്ങനെയോ എത്തിപ്പെട്ടു. സ്പിറ്റിയിലേക്കുള്ള വഴി കോഡുമായാണ് . 30km/hr കടക്കാനാവില്ല ഒരു വണ്ടിക്കും. ഇരുന്നു ഊപ്പാടം ഇളകി എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഹോട്ടല്‍ എത്തി. റൂമില്‍ കയറി, കുളിച്ചു, ഭക്ഷണം കഴിച്ചു,തലവേദനക്കുള്ള മരുന്ന് കഴിച്ചു, കിടന്നുറങ്ങി.
സ്പിറ്റി ഒരു തണുത്ത മരുഭുമിയാണ് . അത് കൊണ്ട് തന്നെ വര്‍ഷത്തില്‍ 7 മാസവും മഞ്ഞു വീഴ്ചയുണ്ടാവും. 5 മാസം മാത്രമാണ് അവിടെ വേനല്‍ കാലം. ഈ 5 മാസമേ പുറമേക്കാര്‍ക്ക് സ്പിറ്റിയില്‍ പ്രവേശനം ഉള്ളു. അല്ലാത്ത സമയങ്ങളില്‍ 10 അടി വരെ മഞ്ഞുണ്ടാവുമത്രെ വഴികളില്‍. അറിയാത്തവര്‍ക്കായുള്ള സൂചനയാണ്. മെയ് - സെപ്റ്റംബര്‍ , ഇതാണ് സൗകര്യപ്രദമായ സമയം. പിന്നെ പാക്കേജില്‍ ഊണ് ഉള്‍പ്പെടുത്തിയിട്ടില്ല.
-------------------- Day 5 --------------------
പോത്തിനേയോ പന്നിയെയോ പോലെ,ഏതെന്നറിയില്ല. എന്തായാലും നന്നായി ഉറങ്ങി എണീറ്റ ഞാന്‍ കേള്‍ക്കുന്നത് വെള്ളം ഒഴുകുന്ന ശബ്ദം. അന്ന് രാവിലെയാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. എന്റെ മുറിയില്‍ നിന്ന് ജനാലയിലൂടെ പുറത്തേക്കു നോക്കിയാല്‍ കാണുന്നത് സോളാര്‍ പാനല്‍ സോളാര്‍ ഹീറ്റര്‍ ഒക്കെ മച്ചിന്റെ മുകളില്‍ വെച്ച ഒരു കുഞ്ഞി വീട്, അതിന്റെ അരികിലൂടെ ഒഴുകുന്ന അരുവി. ബാക്ക്ഗ്രൗണ്ടില്‍ വീണ്ടും മഞ്ഞുമല. പിന്നെ നിറയെ കുരുവി ചിലക്കുന്ന ശബ്ദവും. സ്പിറ്റി എത്രത്തോളം ശുദ്ധമാണെന്നു ഇതില്‍ നിന്ന് മനസിലാക്കിക്കൂടെ? പിന്നെ ഒന്നും ആലോചിച്ചില്ല . കൈയിലുള്ള കുഞ്ഞി ട്രൈപോഡില്‍ ഫോണ്‍ സെറ്റ് ചെയ്തു വെച്ച്; ടൈംലാപ്‌സ് എടുക്കാന്‍. മണി 6.30 ആയതേ ഉണ്ടാരുന്നുള്ളു.എന്നാലും വെട്ടം വീണ സമയം. വീണ്ടും കട്ടിലില്‍ ചാടി പുതച്ചു മൂടി കിടന്നു, മഞ്ഞുമലയും നോക്കി.
കട്ടിലിന്റെ അരികെ ഉള്ള കുഞ്ഞി ഡെസ്‌കില്‍ കീ ചെയിന്‍ പോലെ എന്തോ ഒന്ന് കണ്ണില്‍ പെട്ടു . അതില്‍ Le Karze എന്നെഴുതിയിട്ടുണ്ട്. അപ്പോഴാണ് താമസിക്കുന്ന ഹോട്ടലിന്റെ പേര് എന്താണെന്നു തന്നെ ഞാന്‍ അറിയുന്നത്. മുറി വിവരിക്കാനാണേല്‍ ഒന്നാംതരം . അപാര്‍ട്‌മെന്റ് പോലെ ഒന്ന്. ഒരു മുറിയില്‍ ഞാന്‍, അടുത്തതില്‍ വേറെ രണ്ടു പേര്‍ . വൃത്തിയുള്ള വാഷ്‌റൂം , ഏതു നേരവും ചൂട് വെള്ളം , നല്ല വലുപ്പത്തില്‍ ജനാലകളുള്ള സിറ്റ് ഔട്ട് , അതില്‍ നിന്ന് വാതില്‍ തുറക്കുന്നത് വരാന്തയിലേക്കും. ട്രിപ്ള്‍സ് ഷെറിങ് റൂം പ്രതീക്ഷിച്ചു ചെന്ന എനിക്ക് കിട്ടിയത് തനിയെ ഒരു കിംഗ് സൈസ് ബെഡ്.
കുളിച്ചൊരുങ്ങി. പ്രഭാത ഭക്ഷണം ഹോട്ടലില്‍ നിന്ന് തന്നെ. കഴിച്ചു താഴേക്കിറങ്ങി. കാര്‍ നിറയുന്നതനുസരിച്ചു അവ ഓരോന്നും പുറപ്പെടുകയായി.
ലാങ്സാ ->കോമിക് ->ഹിക്കിം ->കാസ (ഊണ്) ->കീ ->കിബ്ബര്‍ . ഇതാണ് ആദ്യ ദിവസത്തെ റൂട്ട് പ്ലാന്‍.
സ്പിറ്റി ദര്‍ശനം തുടങ്ങുന്നത് ലാങ്സാ ഗ്രാമത്തില്‍ നിന്ന്. രണ്ടു മണിക്കൂര്‍ ഉണ്ട്. ഞാന്‍ മുന്നില്‍ ഡ്രൈവറിന്റെ അടുത്തുള്ള സീറ്റില്‍ സ്ഥാനം പിടിച്ചു. ഫോട്ടോക്കും വീഡിയോ എടുക്കാനും പറ്റിയ സീറ്റ്. നമ്മുടെ ഡ്രൈവര്‍ ഗൗരവ് ഭായ്. മണാലിക്കാരനാണ്. ഡ്രൈവിങ്ങില്‍ ബഹു കേമന്‍. ഞാന്‍ എന്ത് ചോദിച്ചാലും മിണ്ടാട്ടമില്ല .സ്ത്രീവിരുദ്ധനാണ് എന്ന് കരുതി ആദ്യം. പിന്നെ എനിക്ക് മനസിലായി പൊട്ട ചോദ്യാത്തതിനൊന്നും ഗൗരവ് ഭായ് മറുപടി പറയാറില്ല മൗനം പാലിക്കാറെ ഉള്ളു എന്ന്.
ലാങ്സായിലേക്കുള്ള വഴി വത്യസ്തമായിരുന്നില്ല. വളഞ്ഞു പുളഞ്ഞ പര്‍വത പാതകള്‍. കാസയിലെ കാഴ്ചകള്‍ പതിയെ മങ്ങി തുടങ്ങി. സ്പിറ്റി നദിതീര കാഴ്ചകളാണ് പിന്നെ. നദിയുടെ അങ്ങേ കരയില്‍ ഇടയ്ക്കിടയ്ക്ക് കുഞ്ഞു കുഞ്ഞു ഗ്രാമങ്ങള്‍ കാണാം. ഫോട്ടോയും വിഡിയോയും എടുത്തു ഞാന്‍ അവശയായി. പൊരിഞ്ഞ വെയിലും പൊടിയും. രണ്ടു മണിക്കൂര്‍ കഴിഞ്ഞു പതിയെ ഇടതുവശത്തു പെട്ടന്നൊരു പച്ചപ്പ്. ഇടയ്ക്കിടയ്ക്ക് വെള്ള വീടുകള്‍. ലാങ്സാ സുന്ദരിയാണ് എന്ന് എന്റെ മനസ്സ് ഉരിയാടി.
ലാങ്സാ കൂറ്റന്‍ മഞ്ഞ ബുദ്ധന്റെ പ്രതിമക്കും ഫോസില്‍ ഗ്രാമം എന്ന നിലക്കും പ്രസിദ്ധമാണ്. കുറച്ചു നേരം മലമുകളില്‍ സമയം ചിലവഴിച്ച ശേഷം കോമിക്കിലേക്കു തിരിച്ചു. താമസിയാതെ കോമിക് ഗോമ്പയില്‍ എത്തി. ബുദ്ദിസ്റ്റുകളുടെ മൊണാസ്റ്ററിയെ ഗോമ്പ എന്നാണ് പറയാറ്. ചെന്നിറങ്ങിയതും കാണുന്ന കാഴ്ച അപാരം. കുട്ടി സന്യാസികളും വല്യ സന്യാസികളും കൂടി വോളി ബോള്‍ കളിക്കുന്നു. ഇത് കണ്ട് നമ്മുടെ കൂടെ ഉള്ളവര്‍ അവിടെ ഉള്ള പന്തെടുത്തു ഫുട്‌ബോള്‍ കളി തുടങ്ങി. വേറെ ചിലര്‍ കുട്ടികളുമായി വടം വലിയില്‍ ഏര്‍പ്പെട്ടു. ഞാന്‍ ഇതിലൊന്നും കൂടാതെ എന്റെ ഫോണ്‍ ട്രൈപോഡുമായി ആരും കാണാത്ത ഒരു മൂലയ്ക്ക് ടൈംലാപ്സിനായി വെച്ചു ക്യാമറയും എടുത്തു അമ്പലത്തിലേക്ക് നടന്നു. അവിടുത്തെ പെയിന്റ് പണി നടുക്കുന്നുണ്ടാരുന്നു, ചെയ്യുന്നത് പെണ്ണുങ്ങളും. കോരി തരിച്ചുപോയി.
പ്രധാന അമ്പലത്തിനുള്ളില്‍ കയറി. അവിടെ ഒരു സന്യാസി മാത്രം നില്‍ക്കുന്നു. ബാക്കിയുള്ളവര്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നു. അദ്ദേഹവുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ട എനിക്ക് അവിടുത്തെ ചടങ്ങുകളും പൂജകളും എല്ലാത്തിനെപ്പറ്റിയും അറിയാന്‍ സാധിച്ചു. ബുദ്ധിസം പ്രകൃതിക്കു വളരെ അധികം പ്രാധാന്യം നല്‍കുന്ന ഒരു മതമാണ്. അവരുടെ കൊടിയിലെ 5 നിറങ്ങള്‍ പ്രകൃതിയിലെ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു. നീല- വാനം /ആകാശം. വെള്ള - വായു/കാറ്റ് .ചുവപ്പു - അഗ്‌നി, പച്ച - ജലം, മഞ്ഞ - ഭൂമി എന്നിവയെ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിനോട് നന്ദി പറഞ്ഞു ഞാന്‍ അമ്പലത്തിനു വെളിയിലെത്തി. കുട്ടികളെല്ലാം കളി കഴിഞ്ഞു വെള്ളം കുടിക്കുകയാണ്. അപ്പോഴാണ് ഞാന്‍ ഓര്‍ത്തത്. സ്പിറ്റിയില്‍ വരുന്നതിനു മുന്‍പേ സ്ഥലത്തെ പറ്റിയുള്ള വീഡിയോകളില്‍ സന്യാസി കുട്ടികള്‍ യാത്രക്കാരോട് ചോക്ലേറ്റ് ചോദിച്ചു കണ്ടിട്ടുണ്ട്. അത് കണ്ട ഞാന്‍ പോരുന്ന വഴിയില്‍ നിന്ന് പത്തു നൂറു ചോകൊലെറ്റ്‌സ് വാങ്ങി ബാഗില്‍ ഇട്ടിരുന്നു. ബാഗ് തുറന്നു ചോക്ലേറ്റ് എടുത്തതും എല്ലാ കുട്ടികളും ഓടി എത്തി. ഞാന്‍ അവ ഓരോന്നും എടുത്തു കൊടുത്തതല്ലാതെ ആരും കയ്യിട്ടുവാരാന് നിന്നില്ല. ചോക്ലേറ്റ് കിട്ടിയാലുടന്‍ എല്ലാവരുടെ വക ഓരോ 'താങ്ക്യൂ'. ഇവരെയൊക്കെ കണ്ടു പഠിക്കണം എന്നെനിക്കപ്പോ തോന്നി.
കോമിക് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗ്രാമമാണ്. കോമിക് ഗോമ്ബ ഏകദേശം 14830 അടി മുകളില്‍ സ്ഥിതി ചെയ്യുന്നു. അത് അവിടെ ഒരു ബോര്‍ഡില്‍ കണ്ടു.അതിന്റെ ഒരു ഫോട്ടോയും പകര്‍ത്തി താഴെ വെച്ചിരുന്ന ഫോണും എടുത്തു കാറില്‍ കയറി. ഇനി യാത്ര ഹിക്കിംലെ പോസ്റ്റ് ഓഫീസിലേക്ക്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസ് ഹിക്കിമിലാണ്. 14567 അടിയാണ് ഉയരം.അവിടെ എത്തി എല്ലാവരും പോസ്റ്റ് കാര്‍ഡുകള്‍ വാങ്ങുന്നുണ്ടാരുന്നു. അവിടെ അകത്തേക്കൊന്ന് ഒളിഞ്ഞു നോക്കി, പിന്നെ പുറത്തേക്കൊരൊറ്റ ഓട്ടം. അവിടെയും ഉണ്ടാരുന്നു മൂന്നു പീക്കിരികള്‍. അവരുടെ കൂടെ കളിച്ചു പിന്നെ താഴേക്കിറങ്ങി. ചുറ്റും ബാര്‍ലി പാടങ്ങള്‍ കൊണ്ടുള്ള പച്ചപ്പാണ്. അങ്ങ് ദൂരെ ഏതു വശത്തേക്ക് തിരിഞ്ഞാലും കാണാം ഹിമാലയ നിരകള്‍. അവിടുത്തെ കാറ്റും മണ്ണിന്റെ സുഗന്ധവും എല്ലാം ആസ്വദിച്ചു കാസയിലേക്കു പോവുകയായി. ഉച്ച ഭക്ഷണം അവിടെ നിന്നാണ്. കാസയിലെത്തി ഉണ് (rs100) കഴിച്ചു പിന്നെ തിരിച്ചത് കീ ഗോമ്പയിലേക്കു.
സ്പിറ്റിയിലെ മലമുകളിലുള്ള വളരെ മനോഹരമായ മോണാസ്റ്ററി ആണ് കീ ഗോമ്പ. സ്പിറ്റി ഗൂഗിള്‍ ചെയ്താല്‍ തീര്‍ച്ചയായും അതില്‍ കീയുടെ ചിത്രം കാണാം. കാസയില്‍ നിന്ന് പുറപ്പെടുമ്പോള്‍ മനസ്സ് നിറയെ സന്തോഷവും ആകാംക്ഷയും. ഒരു മണിക്കൂര്‍ യാത്രക്കൊടുവില്‍ ഒരു മലയുടെ താഴേ വണ്ടി നിര്‍ത്തി ഡ്രൈവര്‍ ഇവിടെ നിന്ന് ഫോട്ടോ എടുത്തോളാന്‍ നിര്‍ദേശം നല്‍കി. പുറത്തിറങ്ങി നോക്കിയതും ദാ മലമുകളില്‍ തലയുയര്‍ത്തി നില്‍ക്കുകയായി കീ. കീ ഗോമ്പയുടെ ചിത്രങ്ങളും അതിനോട് തോന്നിയ എന്തെന്നില്ലാത്ത പ്രണയവുമാണ് എന്നെ സ്പിറ്റിയില്‍ എത്തിച്ചത്. നീലാകാശത്തിന്റെ അകമ്പടിയോടെ ചുവന്ന ഭൂമിയില്‍ നില്‍ക്കുന്ന കീ.അതെന്റെ ക്യാമറയില്‍ പതിഞ്ഞ നിമിഷം ജീവിതത്തില്‍ മറക്കാനാവാത്ത ഒന്നാണ്. ആയിരം വര്‍ഷങ്ങള്‍ക്കു മേലെ പഴക്കമുണ്ട് കീക്ക്. 13668 അടി ഉയരത്തിലാണ് കീ നിലകൊള്ളുന്നത്. കീയില്‍ അന്ന് അവധി ദിവസം . സന്യാസികളും എവിടെയോ യാത്രയിലായിരുന്നു. അതിനാല്‍ ഒന്ന് സന്ദര്‍ശിച്ചു മടങ്ങി.
കീ യില്‍ നിന്ന് നേരെ കിബ്ബറിലേക്കു. കിബ്ബറും ലോകത്തിലെ ഉയരം കൂടിയ ഗ്രാമങ്ങളില്‍ ഒന്നാണ്. 14200 അടി ആണ് ഉയരം. കിബ്ബറില്‍ നിന്ന് നോക്കിയാല്‍ പടിഞ്ഞാറു ഭാഗത്തു ചിച്ചം കാണാം. സ്പിറ്റിയിലെ മറ്റൊരു മനോഹരമായ ഗ്രാമം. വര്‍ണിക്കാനാവാത്ത സൗന്ദര്യമാണ് ചിച്ചം. കൂറ്റന്‍ മലകളും, അതിന്റെ താഴ്വാരത്തില്‍ ചിച്ചവും . അസ്തമയ സൂര്യന്റെ കിരണങ്ങളില്‍ തിളങ്ങുന്ന തട്ടു തട്ടായി ഉള്ള പാടശേഖരങ്ങള്‍ . പതിവുപോലെ വെളുത്ത വീടുകള്‍. ചിച്ചം അങ്ങു ദൂരെയായിരുന്നെങ്കിലും ആ വശ്യ സൗന്ദര്യത്തില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നിയില്ല. പതിവുപോലെ മൊബൈല്‍ ടൈംലാപ്‌സിനായി സെറ്റ് ചെയ്തു വെച്ച് ഗൈഡുകളുമായി സംസാരത്തില്‍ ഏര്‍പ്പെട്ടു. സ്പിറ്റിയിലെ ട്രെക്കിങ്ങുകളെ പറ്റിയും വളര്‍ന്നു വരുന്ന ടൂറിസത്തെപ്പറ്റിയുമാരുന്നു ചര്‍ച്ച. നന്നേ തലവേദനയുണ്ടായിരുന്നു. അടുത്തുള്ള ചായക്കടയില്‍ കയറി ഒരു ലെമണ്‍ ടി കുടിച്ചു. ഓരോ സിപ്പിലും ഞാന്‍ പ്രാര്‍ത്ഥിച്ചതിങ്ങനെ, ' ദൈവമേ, സ്പിറ്റി ആരും അധികം അറിയാതെ ഇരിക്കട്ടെ. പുരോഗതിയുടെ ചങ്ങലകള്‍ ഈ സ്വര്‍ഗത്തെ വരിയാതെ ഇരിക്കട്ടെ'. അങ്ങനെ ഒരു സ്വാര്‍ത്ഥ ചിന്ത മനസ്സില്‍ ഇട്ടുകൊണ്ട് കാസയിലേക്കു തിരിച്ചു.
ചെന്നുടനെ കുളിച്ചു വൃത്തിയായി ഭക്ഷണം കഴിച്ചു. ഹോട്ടലില്‍ എപ്പോഴും നല്ല ഭക്ഷണമാണ്. പ്രാതല്‍ കഴിഞ്ഞു റൂമിലേക്കോടി ക്യാമറയും എടുത്തു ടെറസ്സിലെത്തി. വാതില്‍ തള്ളിതുറന്ന എന്നെ കാത്തിരുന്നത് ആകാശം നിറയെ നക്ഷത്രങ്ങള്‍, അതിനിടയില്‍ മില്‍ക്കിവേ. കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അപ്പോളെനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ അറിയില്ല. അമിത സന്തോഷം വന്നാല്‍ ഞാന്‍ എപ്പോഴും തുള്ളിച്ചാടാറാണ് പതിവ്. അവിടെയുണ്ടായിരുന്നതില്‍ മിക്കനേരവും അതു തന്നെയായിരുന്നു ചെയ്തതും. എന്റെ ക്യാമെറയില്‍ കിട്ടാവുന്ന നല്ല ഒരു ഫോട്ടോ എടുത്തു പിന്നെ ടെറസ്സില്‍ തന്നെ ഇരുപ്പായി. തണുത്ത കാറ്റ്. വാല്‍നക്ഷത്രങ്ങളുടെ പൂരമായതു കൊണ്ട് ഞാന്‍ തണുപ്പൊന്നും ശ്രദ്ധിച്ചില്ല. സ്വപ്നങ്ങള്‍ ഓരോന്നോരോന്നായി കിഴടക്കിയ സന്തോഷത്തില്‍ പ്രകൃതിക്കു ഒരായിരം നന്ദി പറഞ്ഞു ഞാന്‍ റൂമിലേക്ക് നടന്നു. അന്ന് വരെ ഉള്ളതില്‍ ഏറ്റവും സുഖപ്രദമായ നിദ്ര.
-------------------- Day 6 --------------------
പതിവുപോലെ അരുവിയുടെ ശബ്ദവും കുരുവിയുടെ ചിലയുമൊക്കെ കേട്ട് എഴുന്നേറ്റു. അടുത്ത മുറിയില്‍ കൂടെയുള്ള ആളുകളുടെ സഭകൂടിച്ച നടക്കുന്നുണ്ടായിരുന്നു. അതിലേക്കു നമ്മളെയും ക്ഷണിച്ചു. രാവിലെ ഒരു കപ്പ് ചായയും കുടിച്ചു ഓരോരുത്തരുടെ ജീവിത കഥയും കേട്ടങ്ങനെ ഇരുന്നു. ചായ തീര്‍ന്നു , സഭ പിരിഞ്ഞു. ഇനി ഇന്നത്തെ യാത്ര പുറപ്പെടാനുള്ള തയ്യാറെടുപ്പായി. റൂമില്‍ പോയി ഒരുങ്ങി അത്യാവശ്യം വേണ്ട സാധനങ്ങളെല്ലാം എടുത്തിറങ്ങി. തൊട്ടടുത്ത മുറിയിലാണ് കായ് താമസിക്കുന്നതു. ഞെട്ടണ്ട, കായും പൂവുമൊന്നു അല്ല. ഗ്രൂപ്പില്‍ ഉള്ള ഒരേ ഒരു വിദേശ സഞ്ചാരി , Kai Xuan Tay . സിങ്കപ്പൂര്‍ കാരിയാണ് . തലേ ദിവസം പരിചയപ്പെട്ടിരുന്നു. ദയ , ദാക്ഷിണ്യം , കരുണ, സ്‌നേഹം എല്ലാം നിറഞ്ഞ തങ്കപ്പെട്ട മനുഷ്യത്തി . പുള്ളിക്കാരിയെ മുറിയില്‍ പോയി കണ്ട ശേഷം അടുത്ത മുറിയിലേക്ക്. ഒരു മുറിയില്‍ സ്പിറ്റിയെ പറ്റി ഒരു പുസ്തകം വെച്ചിരിക്കുന്നത് കണ്ടു. Disciples of Crazy Saint , The Buchen of Spiti by Patric Southerland. വായനാ ശീലമുള്ള ഒരാള്‍ ഹോട്ടലിലെ ലൈബ്രറിയില്‍ നിന്നും എടുത്തതാണ്. ആകാംക്ഷ തോന്നി പേജുകള്‍ മറിച്ചു തുടങ്ങി.
പിന്‍ വാലിയിലെ പ്രസിദ്ധമായ ആദിവാസി ഗോത്ര വര്‍ഗക്കാരാണ് ബുച്ചന്‍ . മന്ത്രവാദത്തില്‍ വിദക്തര്‍. ആ പുസ്തകത്തില്‍ ഒരു സ്റ്റോണ്‍ സെറിമണിയെ പറ്റി വായിക്കുകയുണ്ടായി. പ്രധാന ബുച്ചന്‍ ആള്‍ക്കാരുടെ വയറില്‍ കല്ല് വെച്ച് പൊട്ടിക്കുന്ന ചടങ്ങാണത്. സ്പിറ്റിയിലെ ഗ്രാമങ്ങളെ കൊടും പ്രകൃതി ക്ഷോപത്തില്‍ നിന്നും രക്ഷിക്കാനുള്ള ചടങ്ങുകളാണത്രെ അവയെല്ലാം. ബുച്ചന്‍ സ്പിറ്റിയിലെ വളരെ അധികം ബഹുമാനിക്കപ്പെടുന്ന ഗോത്ര വിഭാഗമാണ്.ബുച്ചന്‍ കല്ലുടക്കല്‍ ചടങ്ങു മഞ്ഞ് കാലങ്ങളില്‍ മാത്രമേ നടത്താറുള്ളു. പുസ്തകം വായിച്ചു കഴിഞ്ഞപ്പോ ഒരു യോദ്ധ കണ്ട ഫീലിംഗ്. കൂടെയുള്ളവരുടെ വിളി വന്നു തുടങ്ങി. യാത്ര പുറപ്പെടുന്നതിനു മുന്‍പ് എല്ലാവരുടെയും വക ഗ്രൂപ്പ് ഫോട്ടോ ഹെലിപാഡില്‍.
ഇന്നത്തെ റൂട്ട് പ്ലാന്‍ ഇങ്ങനെ . പിന്‍വാലി ->കുന്‍ഗ്രി ->മുദ്
പിന്‍ വാലി പ്രസിദ്ധമായ ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക് ആണ്. കുന്‍ഗ്രി ഗോമ്പയിലേക്കുള്ള യാത്ര മുഴുവനും പിന് വാലിയിലൂടെയാണ്. ഇന്നലെ വരെ സ്പിറ്റി നദി ആയിരുന്നു കൂട്ടിനെങ്കില്‍ ഇന്ന് പിന്‍ നദിയാണ് കൂട്ട്. പിന്‍ വലിയിലൂടെയുള്ള യാത്ര അവര്‍ണ്ണനീയം. മാറിമറിയുന്ന നിറങ്ങള്‍, കൂറ്റന്‍ ഹിമാലയ പര്‍വത നിരകള്‍, മഞ്ഞുരുകി പിന്‍ നദിയിലേക്കൊഴുകുന്ന അരുവികള്‍. ഇതിനിടയില്‍ കുഞ്ഞു ഗ്രാമങ്ങളെല്ലാം കടന്നു കുന്‍ഗ്രി ഗോമ്പയിലെത്തി. സ്പിറ്റിയിലെ രണ്ടാമത്തെ പഴക്കം ചെന്ന മൊണാസ്റ്ററി ആണ് കുന്‍ഗ്രി. പുറമെ കണ്ടാല്‍ ഒരു പുതുമ തോന്നിക്കുന്ന കെട്ടിടം. ഈ ഇടയ്ക്കു മോണാസ്റ്ററിക്കു കിട്ടിയ സംഭാവനയില്‍ നിന്നും പുതുക്കി പണിഞ്ഞ കെട്ടിടമാണ് ഇപ്പോള്‍ ഉള്ളത്. പ്രധാന അമ്പലത്തിനു ചുറ്റുമുള്ള മതില്‍ കെട്ടിടങ്ങള്‍ കുട്ടി സന്യാസികള്‍ക്ക് താങ്ങാനുള്ള ഹോസ്റ്റലുകളാണ്.
കുന്‍ഗ്രിയില്‍ നിന്നും മുദിലേക്കു പുറപ്പെടുകയായി. പിന് വാലിയുടെ അറ്റം ഏതെന്നു ചോദിച്ചാല്‍ മുദ് എന്ന് വേണമെങ്കില്‍ പറയാം. പിന് വാലിയിലെ മോട്ടോര്‍ പാത ഇവിടെ അവസാനിക്കുകയായി. പിന് വാലിയിലെ രണ്ടു പ്രധാന ട്രെക്കുകളായ പിന് പാര്‍വതി , പിന് ഭാബ രണ്ടും തുടങ്ങുന്നത് മുദില്‍ നിന്നാണ്. മുദില്‍ വണ്ടി വന്നിറങ്ങേണ്ട താമസം ഞാന്‍ മൊബൈല്‍ ടൈംലാപ്‌സിനായി സെറ്റ് ചെയ്തു വെച്ചു. താഴേക്കിറങ്ങിയാല്‍ പട്ടാണിയുടെ തോട്ടമാണ്. കൂടാതെ ബാര്‍ളിയും. ഒന്നും നോക്കിയില്ല താഴെക്കൊരൊറ്റ ഓട്ടം. പോയി ആദ്യം തന്നെ ആരും കാണാതെ കുറച്ചു പട്ടാണി പൊട്ടിച്ചു തിന്നു. ചെടിയില്‍ നിന്ന് പറിക്കുന്ന പാട്ടാണിക്ക് ഒരു പ്രത്യേക മധുരമാണ്. ബാര്‍ളി പാടങ്ങളില്‍ കുരുവിയുടെ ബഹളമാണ്. കണ്ടാല്‍ ഓരോന്നും ബാര്‍ളീമണികള്‍ക്കു വേണ്ടി അടി വെക്കുന്ന പോലെ ഉണ്ട്. കുറെ നേരം തോട്ടത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിച്ചു മുകളിലേക്ക് കയറി. അടുത്തുള്ള ഹോട്ടലില്‍ പോയി ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. സമയം എടുത്തെങ്കിലും വരുന്ന ഭക്ഷണത്തിനെല്ലാം അടിപ്പന്‍ സ്വാദാണ്. അതുണ്ടാക്കുന്നതാണേല്‍ മെലിഞ്ഞു ശോഷിച്ചു 'ഞാനിപ്പം വീഴുമെ' എന്ന മട്ടിലുള്ള ഒരു മനുഷ്യനും. ആ ഹോട്ടലിലെ കുക്കും ബേറെരും കാഷ്യറും എല്ലാം അദ്ദേഹം തന്നെ. സ്വാദേറിയ ഭക്ഷണവും കഴിച്ചു 100 രൂപ ടിപ്പും കൊടുത്തു മടക്ക യാത്ര തുടങ്ങി. ( ഉണ് - rs100)
കാസയിലെ അവസാന ദിവസമാണ്. റൂമിലെത്തി സാധനങ്ങള്‍ ഇട്ടെന്നറിഞ്ഞു പൈസയുമെടുത്തു മാര്‍ക്കറ്റിലേക്കിറങ്ങി. കുറെ നേരം തെണ്ടി തിരിഞ്ഞു അവസാനം spiti holiday adventure വക ഒരു ചുവപ്പു ടീഷര്‍ട്ടും, നാല് ബുദ്ധിസ്റ്റ് കൊടിയും വാങ്ങി ഹോട്ടലില്‍ തിരിച്ചെത്തി ഭക്ഷണം കഴിച്ചു. റൂമില്‍ കയറി നിരത്തിയിട്ടിരുന്ന സാധനങ്ങളെല്ലാം വാരിക്കൂട്ടി രക്‌സാക് പാക്ക് ചെയ്തു. എന്നിട്ടു നേരെ ടെറസിലേക്കു. ഇന്നലെ ചെയ്തത് തന്നെ വീണ്ടും റിപീറ്. തുള്ളിച്ചാട്ടം, മില്‍ക്കിവേ ,ഫോട്ടോ, വാല്‍നക്ഷത്രം, ഉറക്കം.
-------------------- Day 7 --------------------
കാസയിലെ അവസാന ദിവസവും അങ്ങനെ കഴിഞ്ഞു. പെട്ടിയും കിടക്കയും എടുത്തു spiti holiday adventureലെ എല്ലാ പ്രവര്‍ത്തകരോടും യാത്ര പറഞ്ഞു തിരിക്കുകയായി. ഇന്നിനി പോകുന്ന വഴി ഇങ്ങനെ. ടാബോ ->ധങ്കര്‍ ->ലഹ്ലുങ്
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വല്യ മൊണാസ്റ്ററി ആണ് ടാബോ. 996 AD യില്‍ പണിക്കഴപ്പിച്ചതാണ് ടാബോ. പ്രധാന അമ്പലത്തിനുള്ളില്‍ ബുദ്ധിസത്തിന്റെ മുഴുവന്‍ ചരിത്രവും ഉറങ്ങിക്കിടക്കുന്നു. ബുദ്ധിസത്തില്‍ ഓരൊരു യുഗങ്ങളുണ്ട്. ഓരോ യുഗത്തിലും 1000 ബുദ്ധന്മാര്‍ ജനിക്കുമത്രേ. രണ്ടാമത്തെ യുഗമായ ഭദ്രകാല്പായിലെ നാലാമത്തെ ബുദ്ധനാണ് നമ്മുടെ ഗൗതമ ബുദ്ധ അഥവാ ശാക്യമുനി. ഇനി വരാന്‍ പോകുന്നത് മൈത്രേയ എന്ന അഞ്ചാമത്തെ ബുദ്ധന്‍. അമ്പലത്തിനുള്ളില്‍ വര്ണനിര്ഭരമായ ഛായാചിത്രങ്ങള്‍ , ചുമരെഴുത്തുകള്‍ , ബുദ്ധ പ്രതിമകള്‍. പുറത്തു മറ്റു മൊണാസ്റ്ററികളില്‍ നിന്ന് വത്യസ്തമായി കളിമണ്ണില്‍ തീര്‍ത്ത സ്തുപകള്‍ കാണാം.
അവിടെനിന്നും തിരിക്കുന്നത് ധങ്കറിലേക്ക്. ധങ്കറില്‍ ഭക്ഷണം കഴിച്ചു ( ഉണ് - rs 160 ) കുറച്ചു നേരം വിശ്രമിച്ച ശേഷം നേരെ ധങ്കര്‍ ലേക്കിലേക്കു ട്രെക്കിങ്ങ് ആയി. 13570 അടിയിലാണ് ധങ്കര്‍ ലേക്. നട്ടുച്ചക്കാണ് ട്രെക്ക്. പൊരിഞ്ഞ വെയിലും പൊടി പറത്തി കാറ്റും. ഒരു ചെറിയ ബാഗില്‍ വെള്ളവും ട്രെക്കിങ്ങ് പോളും എടുത്തു നടത്തം തുടങ്ങി. രണ്ടു മണിക്കൂര്‍ ആണ് ട്രെക്ക് ദൈര്‍ഖ്യം. കയറി അര മണിക്കൂറില്‍ ചെവി വേദന തുടങ്ങി. സ്‌കാര്‍ഫ് കെട്ടി ഒന്നും നോക്കാതെ മുന്നോട്ടു. ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു പാറക്കല്ലില്‍ ഇരുപ്പായി. താഴെ നിന്ന് ട്രെക്കിങ്ങ് തുടങ്ങന്നതിനു മുന്‍പ് ഒരു വെള്ളക്കാരി ഓക്ക്‌സിജന്‍ കുഴലൊക്കെ ബാഗിലിട്ട് നടന്നു കയറുന്നതു കണ്ടിരുന്നു.
പാറപുറത്തിരുന്നു നോക്കുമ്പോ അവര്‍ പയറു പോലെ നടന്നിറങ്ങുന്നു. എന്നെ നോക്കി ചിരിച്ചിട്ട് ഇനി അര മണിക്കൂറും കൂടെ ഉള്ളു എന്ന് പറഞ്ഞിട്ട് പോയി. 'അരമണിക്കൂര്‍' എന്ന് കേട്ടതും എന്റെ ചങ്കു തകര്‍ന്നു. എങ്ങനെയോ കൂറ്റന്‍ കയറ്റവും പാറക്കല്ലും ഒക്കെ കടന്നു ഒരു പരന്ന നിലത്തിലെത്തി. ശ്വാസം നേരെ വിട്ടു മുന്നോട്ടു നടന്നു. ഇനി ഏതാനും മിനുട്ട് മാത്രം, ലേക്ക് എത്തുകയായി. നടക്കുന്ന വഴിയില്‍ കാട്ടു കുതിരകള്‍ മേയുന്നതു കാണാം. വെള്ള,കറുപ്പ്, ചാരം എന്നിങ്ങനെ പല നിറത്തിലുള്ള കുതിരകള്‍. പണ്ട് zindagi na milegi dobara കണ്ടപ്പോ ഉണ്ടായ ആഗ്രഹമാരുന്നു ഇത്. :D ദൈവം സാഹിയിച്ചു അതും നടന്നു. അങ്ങനെ കുതിരകളും താണ്ടി ധങ്കര്‍ ലേകിലെത്തി . പച്ച നിറത്തിലാണ് ധങ്കര്‍ തടാകം . അവിടെ ഓരോരത്തു തണല്‍ നോക്കി ജച്‌കെറ്റ് പുതച്ചു കുറച്ചു നേരം ഉറങ്ങി. പിന്നെ താഴേക്കിറങ്ങി വണ്ടിയില്‍ കയറി ലഹ്ലുങ്ങിലേക്കു യാത്രയായി.
ലാലുങ്ങില്‍ ഹോംസ്റ്റേയ് ഏര്‍പ്പാടാക്കിയിട്ടുണ്ട്. സോനം ഹോംസ്റ്റേയ് , അതാണ് താമസിക്കുന്ന ഇടതിന്റെ പേര്. മൂന്നംഗ കുടുംബമാണ് ഹോംസ്റ്റേയ് നടത്തുന്നത്. ഒരച്ഛന്‍ 'അമ്മ അവരുടെ മകള്‍ സോനം. 'അമ്മയുടെ പേര് ഡോള്‍മ. ആ പേര് കേട്ടാല്‍ ഏതു മലയാളി ആണ് യോദ്ധ ഓര്‍ക്കാത്തത്. എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്ക വയ്യ. ഞാന്‍ അവരെ മുഴുവന്‍ നേരവും ഡോള്‍മമ്മായി എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. :D എനിക്കും സുഹൃത്തുക്കള്‍ക്കും ടെറസ്സിലെ ട്രിപ്പിള്‍ ഷെറിങ് മുറിയാണ് കിട്ടിയത്. മൂന്ന് വലിയ കിടക്ക താഴെ. പുതക്കാന്‍ കമ്പിളി. വാതില്‍ തുറക്കുന്നത് വിശാലമായ ടെറസ്സിലേക്കു, ജനാലകള്‍ തുറക്കുന്നത് ആകാശത്തേക്കും.ടെറസ്സിന്റെ മുകളില്‍ പുല്ലുമേഞ്ഞ മാച്ചു, അതിലേക്കു കയറാന്‍ മുളകൊണ്ടൊരു കോണിപ്പടി. എന്റെ സാറേ , ഞാന്‍ കോരിത്തരിച്ചു പോയി. അന്ന് രാത്രി നല്ല ഭക്ഷണം കഴിച്ചു ജനാലയിലൂടെ മാനവും നോക്കി കിടന്നുറങ്ങി.
-------------------- Day 8 --------------------
ഇന്ന് സ്പിറ്റിയിലെ അവസാന ദിവസമാണ്. ചന്ദ്രതലില്‍ പോകുന്ന ദിവസം. ലാലുങ്ങില്‍ നിന്ന് പ്രാതല്‍ കഴിച്ചു രാവിലെ തന്നെ ഇറങ്ങി.
ലോസാര്‍ ->കുന്‍സും ലാ ->ചന്ദ്രതല്‍.
ഇങ്ങനെയാണ് യാത്ര. ഉച്ചയോടെ ലോസറില്‍ എത്തി. ഒരു നല്ല മഴ പെയ്താല്‍ ഇങ്ങോട്ടേക്കുള്ള എല്ലാ റോഡുകളും മഴ വെള്ളത്തില്‍ മുങ്ങി പോകാറാണ് പതിവ്. സ്പിറ്റി നദിയിലേക്കു ഒഴുകിയെത്തുന്ന കൂറ്റന്‍ അരുവികള്‍ ഇവിടെയും റോഡിനെ കടത്തി വെട്ടി പോകുന്നുണ്ടായിരുന്നു. ലോസാറിലെത്തി അവിടെ ഒരു ഹോട്ടലില്‍ കയറി ഭക്ഷണവും കഴിച്ചു ചന്ദ്രതലിലേക്കുള്ള യാത്ര തുടര്‍ന്നു. ആ വഴിക്കാണ് കുന്‍സ്ഉം ലയിലെ സ്തൂപങ്ങള്‍. അത് വഴി ഏതു വാഹനങ്ങള്‍ പോയാലും സ്തുപങ്ങളെ ഒരു തവണ വലം വെച്ചേ പോകാറുള്ളൂ. അപകടങ്ങള്‍ കൂടാതെയുള്ള യാത്രക്ക് അനിവാര്യം എന്ന് വിശ്വാസം. അങ്ങനെ നീണ്ട മുഴുനീള യാത്രക്ക് ശേഷം ചന്ദ്രതലില്‍ വൈകുന്നേരം 5 .30 യോടെ എത്തിപ്പെട്ടു. വൈകുന്നേരം 6 മണിക്ക് ശേഷം അവിടേക്കു ചെക്ക്‌പോസ്റ്റിനപ്പുറത്തേക്കു പ്രവേശനമില്ല. കഷ്ട്ടിച്ചു അരമണിക്കൂര്‍. ഒട്ടും താമസിപ്പിക്കാതെ ഞാന്‍ ചന്ദ്രതലിലേക്കു വണ്ടിയില്‍ നിന്നറങ്ങി ഓട്ടമായി. അരമണിക്കൂറില്‍ ഞാന്‍ ആ നീല സുന്ദരിയെ ദൂരെ നിന്ന് കണ്ടു. ലഡാക്കില്‍ പോയിട്ടില്ലാത്തതു കൊണ്ട് എന്റെ പങ് ഗോങ് ആണ് ആ മുന്നില്‍ കിടക്കുന്നതു.
അവിടെ ബോര്‍ഡില്‍ swimming prohibited എന്ന് കണ്ടു. അത് കൊണ്ട് എന്റെ ചുരുള്‍ മുടി അഴിച്ചു വെള്ളത്തില്‍ മുക്കിയെടുത്തു തൃപ്തി അണയേണ്ടി വന്നു. വെള്ളത്തിന് മുടിഞ്ഞ തണുപ്പാണ്. അലിഞ്ഞില്ലാണ്ടായ ചോക്ലേറ്റ് രണ്ടു മിനുറ്റില്‍ ഐസ് കട്ടയായി കിട്ടി വെള്ളത്തില്‍ ഇട്ടപ്പോള്‍. അങ്ങനെ ചന്ദ്രതലില്‍ ഉള്ള നേരം കാറ്റും കൊണ്ട് കുറച്ചു ടൈംലാപ്‌സ്ഉം എടുത്തു ചോക്ലേറ്റും തിന്നു മടങ്ങി. ഇന്ന് താമസം ക്യാമ്പ് സൈറ്റിലാണ് . ഭക്ഷണവും അവിടെ തന്നെ.moon lake camps . രാത്രി തണുപ്പ് ഏകദേശം -4 വരെ പോയിരുന്നു. പുറത്തിരുന്നു കുറച്ചു ഫോട്ടോസ് എടുത്തു ടെന്റില്‍ കയറി. ഉണ്ടായിരുന്ന എല്ലാ തുണികളും സോക്‌സും ക്യാപ്പും ഗ്ലൗസും ഒക്കെ വലിച്ചുകേറ്റി സുഖമായി ഉറങ്ങി.
-------------------- Day 9 --------------------
അങ്ങനെ സ്പിറ്റിയിലെ അവസാനത്തെ ദിനവും വന്നെത്തി. രാവിലെ 7. 30 ആയപ്പോള്‍ അടുത്ത ടെന്റിലേ ആരോ വന്നു വിളിക്കുമ്പോളാണ് എഴുന്നേറ്റത്. രക്‌സാക് വണ്ടിയില്‍ ഏല്‍പ്പിച്ചു പുറപ്പെടാന്‍ സമയമായത്രേ. തുണി മാറാനൊന്നും നിന്നില്ല. ഇട്ടിരുന്നതില്‍ കുറെ കമ്പിളി ഊരി ബാഗിലാക്കി പല്ലുതെച്ചു വെളിയിലിറങ്ങി. താമസിയാതെ വണ്ടി തിരിച്ചു. ഇനിയും വരാന്‍ സാധിക്കണേ എന്ന ശുഭപ്രതീക്ഷയില്‍വിടവാങ്ങി യാത്ര പുറപ്പെട്ടു.
പ്രഭാതഭക്ഷണം വഴിയിലെ ഹോട്ടലില്‍ നിന്നായിരുന്നു. ( rs 90 ) വൈകുന്നേരം 4 മണിയോടെ മനാലി വന്നിറങ്ങി. സാധനങ്ങളെല്ലാം ഇറക്കി ഗൗരവ് ഭായിയുടെ കൂടെ ഓരോ ഫോട്ടോയും എടുത്തു പിരിഞ്ഞു. അവിടെ താമസം Hotel Mountain Trail ല്‍. അവസാന ദിവസത്തെ മനാലിയിലെ താമസം പാക്കേജില്‍ ഉള്‍പ്പെട്ടതാണ്. ഹോട്ടലില്‍ നിന്ന് മണാലിയുടെ എല്ലാ പ്രധാന സ്ഥലങ്ങളും നടക്കാനുള്ള ദൂരത്തിലാണ്. കുളിച്ചു വൃത്തിയായി പുറത്തേക്കിറങ്ങി. ചെറിയ ചാറ്റല്‍ മഴ പെയ്യുന്നുണ്ടായിരുന്നു. വിശന്നു കുടല് കരിയുമ്പോ എന്ത് ചാറ്റല്‍ മഴ. മോള്‍ റോഡിലുള്ള കോര്‍ണര്‍ ഹൌസില്‍ ലഞ്ച്+ഡിന്നര്‍ കഴിച്ചു. അപാരസ്വാതാണ് എല്ലാത്തിനും. കൂടെ ഉള്ള ഒരാളുടെ പിറന്നാള്‍ പാര്‍ടിയായതു കൊണ്ട് കാശ് കൊടുക്കേണ്ടി വന്നില്ല.ഇല്ലേല്‍ ഒരു അപാര ബില്ല് വന്നേനെ. തിന്നതിനു കൈയും കണക്കും ഇല്ല. നാട്ടിലേക്ക് പോകുമ്പോള്‍ മനാലി സ്‌പെഷ്യല്‍ ആയി കൊണ്ടുപോകാന്‍ ഒരു ബുദ്ധനെയും താരാദേവിയെയും വാങ്ങി ഹോട്ടലില്‍ എത്തി. തളര്‍ന്നവശയായി പോത്തിനെപോലെ സോഫയില്‍ കിടന്നുറങ്ങി നേരം വെളുപ്പിച്ചു.
-------------------- Day 9 --------------------
ഈ ദിവസം എല്ലാവരും അവരവരുടെ സ്ഥലത്തേക്ക് യാത്ര തിരിക്കുകയാണ്. ചണ്ഡീഗഡ്, ബാംഗ്ലൂര്‍, പുണെ, ഡല്‍ഹി, സിങ്കപ്പൂര്‍, മുംബൈ അങ്ങനെ പല പല ഭാഗത്തേക്ക്. പിരിയുന്നതിനു മുന്‍പ് എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിച്ചു ഹിംഡിംബ ക്ഷേത്ര ദര്‍ശനത്തിനായി പോകാന്‍ തീരുമാനിച്ചു. ഭക്ഷണം ഹോട്ടലില്‍ നിന്നായിരുന്നു , നല്ല ചപ്പാത്തിയും മുട്ടക്കറിയും ചായയും - rs170 .
Yeh Jawani Hai Deewani സിനിമയില്‍ കണ്ട അമ്പലം തന്നെ. ഹോട്ടലില്‍ നിന്ന് കഷ്ടിച്ച് 5 മിനിട്ട് നടപ്പെ ഉള്ളു. അതിനാല്‍ പോയി ദര്‍ശിച്ചു മടങ്ങി എത്തി. കുറച്ചു പേര് അപ്പോഴേക്കും പോകുന്ന തിരക്കിലായിരുന്നു. അവരെ യാത്രയാക്കി ഞാന്‍ ഓള്‍ഡ് മണാലിയിലേക്കു നടന്നു. ഗോകര്‍ണാ എടുത്തു മലമുകളില്‍ വെച്ച പോലെയുണ്ട് ഓള്‍ഡ് മനാലി. വെറും ഹിപ്പി സ്ഥലമാണ്. കുറെ തെണ്ടി തിരിഞ്ഞു ഭക്ഷണം കഴിച്ചു.
Lazy Dog ല്‍ സൂപ്പ് - rs109 People Art Cafe യില്‍ മട്ടണ്‍ ഫ്രൈഡ് റൈസ് - rs 90 Chai bubblesinnu ഓരോ ചായ - rs 50 ഹോട്ടലില്‍ എത്തി. ബാഗ് എടുത്തു ബസ് സ്റ്റാന്‍ഡില്‍ ചെന്ന് ഡെല്ഹിക്കുള്ള ഹിമസ്തുതയില്‍ കയറി (rs 1434 ). രാത്രി കഴിക്കാന്‍ വെജ് ഫ്രൈഡ് റൈസ് വാങ്ങിയിരുന്നു - rs 90-------------------- Day 10 --------------------
കാശ്മീര്‍ ഗേറ്റില്‍ പറഞ്ഞതിലും ഒരു മണിക്കൂര്‍ മുന്നേ ബസ് എത്തി. അവിടെ നിന്ന് ധോലാകുവാ വരെ മെട്രോ - rs 30 . ഇടയ്ക്കു ന്യൂ ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ പല്ലുതേച്ചു ഫ്രഷ് ആയി. ധോലാകുവായിലെത്തി ക്യാബ് വിളിച്ചു കാന്റോന്റ്‌മെന്റില്‍ - rs 105 . അന്ന് മുഴുവന്‍ സാണ്ട്വിച്ച് തിന്നു ജീവിച്ചു. 3 സാന്‍വിച്ച് - rs150. ചണ്ഡീഗഡ്-ബാന്ദ്ര സൂപ്പര്‍്ഫാസ്റ്റ് എക്‌സ്പ്രസ്സ് 3 എസി - rs 1185 . ആകെ ചെലവ് : rs 21795
അങ്ങനെ ഒമ്പതു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ദുചൂഡന്‍ മടങ്ങി പോവുകയാണ്. സാധാരണ ജീവിതത്തിലേക്ക്.
Packing Tips
1. Jeans പരമാവധി ഒഴിവാക്കുക. light weight quick dry track pants / jeggings ( for girls ) ആയിരിക്കും സൗകര്യപ്രദം .2. ലയര്‍ ആയി ധരിക്കാന്‍ പറ്റുന്ന വസ്ത്രങ്ങള്‍ എടുക്കുക. ഉദാഹരണത്തിന് തേര്‍മല്‍സ് , ജാക്കറ്റ് എന്നിവ. സ്ഥലത്തെ സ്ഥിതി അനുസരിച്ചു ഇടുകയോ അഴിച്ചു മാറ്റുകയോ ചെയ്യുന്നതായിരിക്കും എളുപ്പം.
Green Practices
1. കൂടെ 2 ബോട്ടില്‍ കരുതുക എപ്പോഴും. സ്പിറ്റിയില്‍ എല്ലാ ഇടത്തും ശുദ്ധമായ നദിയിലെ വെള്ളം ലഭ്യമാണ്. മിനറല്‍ വാട്ടര്‍ ബോട്ടിലുകള്‍ മേടിച്ചു കുപ്പി വലിച്ചെറിയുന്ന പ്രവണത ഒഴിവാക്കുക.2 . പാക്കറ്റ് ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. കൂടെ ഒരു ചോറ്റുപാത്രവും കപ്പും കരുതുന്നത് അനാവശ്യമായ പ്ലാസ്റ്റിക് പേപ്പര്‍ മാലിന്യകള്‍ ഉണ്ടാവുന്നത് തടയും. 3 . വസ്ത്രങ്ങള്‍ വീണ്ടും ഉപയോകിത്തക്ക രീതിയില്‍ പാക്ക് ചെയ്യുക. കഴുകി ഉണക്കിനുള്ള സൗകര്യം ഉണ്ടെങ്കില്‍ വളരെ കുറച്ചു വസ്ത്രങ്ങള്‍ എടുത്താല്‍ മതിയാവും.
Tips for Women
ഹിമാലയില്‍ യാത്ര ചെയ്യുമ്പോള്‍ ആര്‍ത്തവ കാലം നേരത്തെ ഉണ്ടാവാം. തിയതി അല്ലെങ്കില്‍ പോലും അതിനു വേണ്ട സാധനങ്ങള്‍ എപ്പോഴും കരുതി കൊള്ളുക. ഈ ഒരു കാരണത്താല്‍ ഒന്നും വേണ്ട എന്ന് വെക്കേണ്ട ആവശ്യം ഇല്ല. ഉയരം കൂടുതലുള്ള സ്ഥലങ്ങളിലും തണുപ്പുള്ള സ്ഥലങ്ങളിലും വേദന അസ്സഹനീയമായിരിക്കും. ഒരു പെയിന്‍ കില്ലര്‍ കരുതുന്നതും നന്നായിരിക്കും. പ്രകൃതിയോടിണങ്ങി യാത്ര ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ എന്ന് മനസ്സ് നിറഞ്ഞാശംസിക്കുന്നു.


VIEW ON mathrubhumi.com