ബംഗാളിലെ പുകയുന്ന ഗ്രാമങ്ങളും പുകയാത്ത അടുപ്പുകളും

By: പ്രസാദ് അമോര്‍
| Mathrubhumi - Sanchari POST OF THE WEEK |
കയ്യില്‍ കാശില്ലാതെ, ബാക്ക് പാക്കുമായി ഇന്ത്യന്‍ ഗ്രാമങ്ങളും ജനപദങ്ങളും താണ്ടിയ വിപുലമായ ആ യാത്ര. വൈവിദ്ധ്യമായ അനുഭവങ്ങള്‍ക്കുള്ള അവസരങ്ങളായിരുന്നു, പെരുമ്പാവൂര്‍ക്കാരനായ അബ്ദുള്‍നാസര്‍ എന്ന ആ ചെറുപ്പക്കാരന്. ഏകനായ ഈ സഞ്ചാരിയുടെ ആശ്രയമില്ലായ്മയും നിസ്സഹായാവസ്ഥയും അപരിചിതദേശങ്ങളിലുള്ള ആളുകള്‍ക്ക് സ്വീകാര്യനാക്കി. ദര്‍ഗ്ഗകളിലും ആശ്രമങ്ങളിലും തെരുവോരങ്ങളിലും കഴിഞ്ഞുകൊണ്ടുള്ള ഒരു സഞ്ചാരം. സൂഫിവര്യന്മാരും ബുദ്ധമതപുരോഹിതന്മാരും ഹിന്ദു സന്യാസിമാരുമായുള്ള സംസര്‍ഗ്ഗങ്ങള്‍. അത് ഇന്ത്യന്‍ ഭക്തിയുടെ വൈവിധ്യങ്ങളിലേക്കുള്ള വാതായനകളായിരുന്നു. തന്റെ യാത്രയുടെ ഒരു അവസരത്തില്‍ 24 നോര്‍ത്ത് പര്‍ഗാനാസ് പ്രദേശത്തെ ബംഗാളി ഗ്രാമങ്ങളിലെത്തിയപ്പോള്‍ അവിടെ നാസര്‍ കണ്ടത് ജീവിതത്തില്‍ കണ്ട ഏറ്റവും ഹൃദയഭേദകമായ കാഴ്ചകളായിരുന്നു.
മാരകമായ പട്ടിണിയും ദുരിതവും വാഴുന്ന ജീവിതങ്ങള്‍, സമ്പന്നരെ സംസ്‌കരിച്ച ശ്മശാനത്തിലെ അവശിഷ്ടങ്ങളില്‍ വിലപിടിപ്പുള്ള എന്തെങ്കിലും ഉണ്ടോ എന്ന് തിരയുന്ന കുട്ടികള്‍, ചെളിപരപ്പിലെ കുടിലുകളില്‍ മൃഗങ്ങളോടൊപ്പം ജീവിക്കുന്നവര്‍, അങ്ങാടികളിലെ എച്ചിലുകളില്‍ ചിക്കിപ്പെറുക്കുന്നവര്‍ ആ മനുഷ്യര്‍ക്ക് നാസര്‍ ഒരു ബന്ധുവായി. കോഴിക്കോട്ടുള്ള ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷന്റെ സഹായത്തോടെ 100 പരം വീടുകളും ഒരു ആതുരാലയവും നിര്‍മ്മിച്ച് ആ ഗ്രാമത്തിലെ മനുഷ്യജീവിതത്തില്‍ ഗുണകരമായ ചലനം സൃഷ്ടിച്ച നാസര്‍ അവിടെ 'ബന്ധു' എന്ന പേരില്‍ ഒരു ചായക്കട സ്ഥാപിച്ചിരിക്കുകയാണ് ഇപ്പോള്‍.
ബംഗാളി ഗ്രാമീണ ജീവിതത്തില്‍ ചായക്കടകള്‍ ചെലുത്തുന്ന സ്വാധീനം ഉപയോഗിച്ചുകൊണ്ട് അറിവ് പങ്കുവെയ്ക്കുന്ന ആ ചായ വിനിമയ സ്ഥലത്ത് ഇരുപത്തിയെട്ട് വയസുള്ള നാസര്‍ തന്റെ നൈസര്‍ഗിക സദ്ഭാവങ്ങളുമായി പ്രതീക്ഷയോടെ മുന്നോട്ട് നോക്കുന്നു .ആരോടും പരിഭവവും പരാതിയുമില്ല. യഥാര്‍ത്ഥ തിരിച്ചറിവ്, അനുതാപത്തിലേയ്ക്കും സ്‌നേഹത്തിലേക്കും നയിക്കുന്നു എന്ന ചിന്തയാണ് നാസറിനെ തരളമാക്കുന്നത് .വര്‍ത്തമാന ജീവിത മാത്രകളുമായി പ്രത്യക്ഷബന്ധം പുലര്‍ത്തികൊണ്ടുള്ള നാസറിന്റെ ജീവിതത്തില്‍ ആരവങ്ങളും വ്യഗ്രതകളുമില്ല .നിശ്ശബ്ദതയിലൂടെയുള്ള ചര്യകള്‍ മാത്രം.
സിയാല്‍ഡ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മൂന്ന് മണിക്കൂര്‍ യാത്രയ്ക്ക് ശേഷം നാസറിന്റെ ഗ്രാമമായ 24 നോര്‍ത്ത് പര്‍ഗാനാസ് ജില്ലയിലെ ചക്കളയിലെത്തി .ഇപ്പോഴും അന്‍പത് വര്‍ഷം പിന്നിലാണ് ഈ പ്രദേശം. സൈക്കിള്‍ റിക്ഷകളും ചളി തളം കെട്ടിനില്‍ക്കുന്ന വെള്ളവും അലഞ്ഞുനടക്കുന്ന പശുക്കളും അഴുക്കുകുമ്പാരവുമെല്ലാം ചേരുന്ന ഗ്രാമവീഥികള്‍. അപരിണിതമായ കച്ചവടസ്ഥാപനങ്ങളില്‍ അര്‍ദ്ധനഗ്‌നരായ മനുഷ്യര്‍ വാണിഭം ചെയ്യുന്നുണ്ട്. വിയര്‍പ്പും പൊടിയും പുരുണ്ട വേഷങ്ങളില്‍ നില്‍ക്കുന്ന ഉറക്കെ ശബ്ദമുണ്ടാക്കി വേവലാതിപെട്ട് തെരുവില്‍ പണിയെടുക്കുന്ന ചിലരെ കാണാം. വിരൂപമായ നിര്‍മിതികളും ധൂളി പ്രസരവും ശബ്ദബാഹുല്യവും ചേരുന്ന ആ അന്തരീക്ഷം നിരുന്മേഷകരമായിരുന്നു. ശുഭവസ്ത്രധാരികളെയൊന്നും അവിടെ കണ്ടില്ല.
അടുത്ത ദിവസം നാസറിന്റെ കൂടെ ചക്കള ഗ്രാമത്തിലെ തൊട്ടടുത്ത പ്രദേശമായ ബോഷിര്‍ച്ചിയുടെ അകത്തളങ്ങളിലേയ്ക്ക് പ്രവേശിച്ചപ്പോള്‍ കണ്ട കാഴ്ചകള്‍ കഠിനമായിരുന്നു. പ്രകൃതിയുടെ നിരാലംബത, ഒട്ടും ഫലഫുഷ്ടിയില്ലാത്ത ഗ്രാമങ്ങള്‍, കാഴ്ചയ്ക്ക് ഹൃദ്യമല്ലാത്ത നിര്‍മ്മിതികള്‍, ഓരോ കുടിലിന് ചുറ്റും മുളപ്പാത്തിക്കൊണ്ടു അതിര്‍ത്തികള്‍ വകഞ്ഞു കെട്ടിയിരിക്കുന്നു. പുറം ലോകവുമായി ബന്ധമില്ലാത്ത ജനപദങ്ങളാണിത്. ഗ്രാമത്തിന്റെ മുഖം ജീര്‍ണമാണ്. ചെളി കെട്ടിനില്‍കുന്ന ഇടുങ്ങിയതും ഇരുണ്ടതുമായ വഴികള്‍. വേലയൊന്നുമില്ലാതിരിക്കുന്ന ഗ്രാമീണര്‍ തെരുവിലെ ചായക്കടകളില്‍ കൂട്ടം കുടിയിരിക്കുന്നുണ്ട്, ദാരിദ്ര്യം ഒരു സ്ഥിരം യാഥാര്‍ഥ്യം, പട്ടിണിമരണങ്ങള്‍ സാധാരണം, വരണ്ട ആ പ്രകൃതിയിലെ ഒട്ടിയ വയറുള്ള മനുഷ്യര്‍ മണ്ണുകൊണ്ടുണ്ടാക്കിയ കൊച്ചുകുടിലുകളില്‍ താമസിക്കുന്നു. പ്രത്യക്ഷമായ ഹിംസകൊണ്ട് പരസ്പരം സംഘം തിരിഞ്ഞു പോരാടുന്ന ഒരു പ്രാകൃത സാമൂഹ്യാന്തരീക്ഷം ഉണ്ടിവിടെ. വിദ്വേഷത്തിന്റെ തീക്ഷ്ണമായ മൗനം പൊതിഞ്ഞിരിക്കുന്ന ആ ഗ്രാമീണ അന്തരീക്ഷത്തില്‍ മണ്ണുകൊണ്ട് ഉയര്‍ത്തിയ ചുമരുകള്‍ മറയാക്കി ഇടുങ്ങിയ വാതിലുകള്‍ അടച്ച കുടിലുകളില്‍ നഷ്ടബോധത്തിലൂടെ ആത്മഗതങ്ങളില്‍ മുഴുകിയിരിക്കുന്നവരെ കാണാം. വരുമാനമൊന്നുമില്ലാത്ത അവര്‍ തങ്ങള്‍ക്കു ചുറ്റുമുള്ള കുളങ്ങളില്‍ നിന്ന് മീന്‍പിടിച്ചു പുഴുങ്ങി തിന്ന് വിശപ്പടക്കുന്നു.
വാഹന ഗതാഗതമുള്ള നിരത്തുകള്‍ ശുഷ്‌കമാണ് .സ്‌കൂളുകള്‍ ആതുരാലയങ്ങള്‍ ഇല്ല .ഹിന്ദു മുസ്ലീം വിനിമയങ്ങള്‍ പരിമിതമാണിവിടെ .ഇവിടത്തെ സമ്പന്നരായി പരിഗണിക്കപ്പെടുന്നവര്‍ അര്‍ദ്ധപട്ടിണിക്കാരാണ് .ചില്ലറ മോഷണങ്ങള്‍ ഇവിടെ പതിവാണത്രേ .കഴിഞ്ഞ ആഴ്ച അലംഗീര്‍ മുണ്ടല്‍ എന്ന ചെറുപ്പക്കാരന്‍ തൊട്ടടുത്ത പറമ്പില്‍ നിന്ന് ആറോളം പപ്പായ മോഷ്ടിച്ച് അങ്ങാടിയില്‍ വില്‍ക്കാന്‍ ചെന്ന അയാളെ ഉടമസ്ഥന്‍ പിടിച്ചുകൊണ്ടുപോയി നന്നായി അടിച്ചു് അവശനാക്കി .അലിഗറിന്റെ വീട്ടിലുള്ള ഏഴ് അംഗങ്ങള്‍ വല്ലതും കഴിച്ചിട്ട് നാല് ദിവസത്തോളമായി .പപ്പായ വിറ്റുകിട്ടുന്ന പണം കൊണ്ട് ഉരുളക്കിഴങ്ങ് വാങ്ങിക്കുകയായിരുന്നുവത്രെ അയാളുടെ ലക്ഷ്യം. കള്ളനായി മുദ്രകുത്തിയ അലംഗീര്‍ ഗ്രാമത്തിലുള്ളവര്‍ക്കെല്ലാം സ്വീകാര്യനാണ് ഇപ്പോള്‍. പുറമ്പോക്കില്‍ താമസിക്കുന്ന അയാള്‍ ഒരു ക്ഷയ രോഗബാധിതനാണ്.
ഒരു വൈകുന്നേരത്ത് ഞങ്ങള്‍ ഹെഡുവ പട്ടണത്തിലെ ഒരു ദര്‍ഗയിലെത്തി. കടും പച്ചയിലുള്ള കടലാസുകൊണ്ട് അലങ്കരിച്ച ദര്‍ഗയുടെ കവാടത്തിനരികെ തന്നെ ദീനം പിടിച്ചിരിക്കുന്ന കുറേപേര്‍ ഭിക്ഷയാചിച്ചിരിക്കുന്നത് കണ്ടു. നഗ്‌നരായ കുട്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്. തലയില്‍ ഷാളുകൊണ്ടു മറച്ച സ്ത്രീകളും മുഷിഞ്ഞ വേക്ഷം ധരിച്ച പുരുഷന്മാരും ചുറ്റിപറ്റി നില്‍ക്കുന്നത് കണ്ടു .വിവിധ വര്‍ണ്ണങ്ങളില്‍ മധുരവെള്ളം നിരത്തിവെച്ചിരിക്കുന്ന പീടികകള്‍ മധുരപലഹാരവും മലരും കമനീയമായി അടുക്കിവെച്ചിരിക്കുന്നു അവിടെ വൃദ്ധന്മാര്‍ ചമ്രം പിടിഞ്ഞിരിക്കുന്നുണ്ട്. സൂഫി സംഗീതത്തിന്റെ ഹൃദയാലാളനയിലായിരുന്നു ആ ദര്‍ഗ. സൗജന്യമായി കിട്ടുന്ന ഭക്ഷണമായിരിക്കാം അകലങ്ങളില്‍നിന്നു പോലും ഗ്രാമീണര്‍ അവിടെ സന്നിഹിതരായിരിക്കുന്നത് .ദര്‍ഗയിലെ സൂഫി സംഗീതത്തിന്റെ രാവില്‍ ലയിക്കാനായി പല പ്രായത്തിലും വേഷത്തിലുമുള്ള ഗ്രാമീണരുടെ വലിയൊരു സംഗമമായിരുന്നു. നാഗരിക രുചിഭേദങ്ങള്‍ക്ക് ഭിന്നമായ ആ ഒത്തുചേരലില്‍ കഞ്ചാവിന്റെ രുചികളില്‍ വിലയിച്ചു് ആ രാവിനെ അനുഭൂതിദായകമാക്കുന്ന മനുഷ്യര്‍ തങ്ങളുടെ നിരാലംബതകളെ വിസ്മരിക്കുന്ന വേളയാണിത്. ഒരു സൂഫി ഗായകന്‍ പങ്കുവെച്ച കഞ്ചാവ് ലഡു കഴിച്ചുകൊണ്ട് ഞങ്ങള്‍ അവര്‍ക്കൊപ്പം ചേര്‍ന്നു .കഞ്ചാവിന്റെ മാസ്മരികത അനുഭവിച്ച ഒരു രാത്രി.
ചക്കളയില്‍നിന്ന് നിന്ന് രണ്ടു മണിക്കൂര്‍ ബൈക്കോടിച്ചു ഞങ്ങള്‍ ബേഡാചാപ, ഹെഡുവ എന്നി പ്രദേശങ്ങളിലൂടെ അനേകം കൊച്ചു ഗ്രാമങ്ങള്‍ താണ്ടിക്കൊണ്ട് മലഞ്ചോ എന്ന മുക്കുവ ഗ്രാമത്തിലെത്തി. സുന്ദര്‍ബന്‍ പ്രദേശത്തിന്റെ ഭാഗമാണിത്. പ്രാകൃതമായ ഭീതിയും വിസ്മയവും ജനിപ്പിക്കുന്ന വിജനതയിലൂടെയുള്ള പാതക്കിരുവശവും വിശാലമായ പാടങ്ങളും ജലാശയങ്ങളും കണ്ടു.
പകല്‍ ചൂടില്‍ ആ പാടശേഖരത്തില്‍ കാവല്‍ നില്‍ക്കുന്ന നഷ്ടചിത്തരായ മുക്കുവന്മാരെക്കാണാം .ഞങ്ങളുടെ ആതിഥേയനായ ഡോക്ടര്‍ ഫാറൂഖ്, ഇവിടത്തെ ഏക ഡോക്ടര്‍, രണ്ട് ലക്ഷം രൂപ മാസം വേതനം കിട്ടുന്ന കൊല്‍ക്കത്തയിലെ ജോലി വേണ്ടെന്നുവെച്ചു താന്‍ ജനിച്ച ഗ്രാമത്തിലെ നിരാലംബരായ മനുഷ്യര്‍ക്കു ആശ്രയമായിരിക്കുകയാണ് .ഒരു സ്‌കൂളും ആതുരാലയവും സ്ഥാപിച്ചു് ദാരിദ്ര്യം അനുഭവിച്ചു ജീവിക്കുന്ന ഡോക്ടര്‍ പരിസരവാസികള്‍ക്ക് അത്ഭുതമാണ്. മുസ്ലീമുകളും പിന്നോക്ക വിഭാഗക്കാരും അധിവസിക്കുന്ന പ്രദേശം, വേദനിപ്പിക്കുകയും ഉത്കണ്ഠപ്പെടുത്തുകയും ചെയ്യുന്ന ജീവിതക്കാഴ്ചകള്‍ .
മലഞ്ചയുടെ ഗ്രാമവീഥികളിലൂടെ നടന്നു പോയപ്പോള്‍ അവിടത്തെ കുളത്തില്‍ ചൂണ്ടയിട്ട് നില്‍ക്കുന്ന ഒരാളെ കണ്ടു. മണിക്കൂറുകളേറെയായി അയാള്‍ അവിടെ നില്ക്കാന്‍ തുടങ്ങിയിട്ട് .കുറച്ചു മത്സ്യം കിട്ടിയാല്‍ അങ്ങാടിയില്‍ കൊണ്ടുപോയി വിറ്റിട്ട് ദീനം പിടിച്ചു കിടക്കുന്ന മകളെ മന്ത്രവാദിയുടെ അരികിലേയ്ക്ക് കൊണ്ടുപോയി ബാധ അകറ്റണം എന്നതാണ് തന്റെ നിനവെന്ന് അയാള്‍ പറഞ്ഞു...


VIEW ON mathrubhumi.com