'കച്ച് നഹി ദേഖാ തൊ കുച്ച് നഹി ദേഖാ'

By: സക്കീര്‍ മോടക്കലില്‍
Mathrubhumi - Sanchari Post Of The Week
Route>
Jamnagar - Morbi - Mandvi - Bhuj - Gandhidham - jamnagar (630 km)
2001ലെ ഭൂകമ്പം നാശം വിതച്ച ഭുജ് മേഖലയിലൂടെയുള്ള ഒരു യാത്രയാണിത്. കച്ച് ജില്ലയിലെ ഭുജ്, മണ്ഡവി എന്നിവയാണ് ലക്ഷ്യം. ഞാന്‍ ജീവിക്കുന്ന സൗരാഷ്ട്രയില്‍ നിന്നു കുറച്ചു വ്യത്യസ്തമായ ജീവിതശൈലിയാണ് കച്ചില്‍. കച്ചി എന്ന പ്രാദേശിക ഭാഷയും വളരെ കളര്‍ഫുള്‍ ആയ വസ്ത്രധാരണവും ഒക്കെ കച്ചിന്റെ പ്രത്യേകതകളാണ്.
രാത്രി 12 മണിക്കുള്ള ജിഎസ്ആര്‍ടിസി ബസ്സിലാണ് യാത്ര തുടങ്ങുന്നത്. സ്ലീപ്പര്‍ സൗകര്യമുള്ള ബസ്സാണെങ്കിലും കുറഞ്ഞ ടിക്കറ്റ് ചാര്‍ജ് മാത്രമേ ഉള്ളൂ. കൂട്ടിനു സ്ഥിരം സഹയാത്രികന്‍ ലക്ഷ്മണ്‍ സാറും ഉണ്ട്. ഏകദേശം 260 കിലോമീറ്റര്‍ ഉണ്ട് ജാംനഗറില്‍ നിന്നു ഭുജിലേക്കു. അതിനാല്‍ രാവിലെ 7 മണിയെങ്കിലും ആവും ഭുജിലെത്താന്‍. സ്ലീപ്പര്‍ ബസ്സില്‍ യാത്ര ചെയ്യല്‍ നല്ല രസമുള്ള പരിപാടിയാണ്. എസി ഒന്നും ഇല്ലാത്തതു കൊണ്ട് സൈഡിലെ ഗ്ലാസ് നീക്കിയിട്ടു കിടന്നു കാഴ്ചകള്‍ കണ്ടങ്ങനെ പോയി. നല്ല തണുത്ത കാറ്റും ബസ്സിന്റെ ചെറിയ ഊഞ്ഞാലാടുന്ന പോലുള്ള കുലുക്കവും കാരണം അറിയാതെ എപ്പോഴോ ഉറങ്ങിപ്പോയി. എങ്കിലും ട്രെയിനില്‍ ഉറങ്ങുന്ന അത്ര സ്മൂത്ത് അല്ല കാര്യങ്ങള്‍ ഇടയ്ക്കിടെ ഉറക്കം മുറിഞ്ഞു പോകും.
രാവിലെ 7. 30 ആയപ്പോള്‍ ബുജ്ജിലെത്തി. 'ബുജ്ജിലെത്തീ.. ബുജ്ജിലെത്തീ '.. എന്ന മൂളിപ്പാട്ടും പാടി മെല്ലെ പുറത്തിറങ്ങി. പ്രതീക്ഷിച്ച പോലെയല്ല ഭുജ്. ഞാന്‍ പ്രതീക്ഷിച്ചത് കുറച്ചു കൂടി വൃത്തിയുള്ള ഒരു പട്ടണമായിരുന്നു. ഇതാകെ പൊടി പിടിച്ചു വൃത്തിയില്ലാതെ... ചിലപ്പോള്‍ ജിഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ് ആയതു കൊണ്ടാവും. ഏതായാലും ഇനി ഹോട്ടലില്‍ മുറിയെടുക്കാനൊന്നും ഉദ്ദേശമില്ല. പ്രാഥമിക കൃത്യങ്ങളൊക്കെ ബസ്സ്റ്റാന്‍ഡിലെ ശൗചാലയത്തില്‍ തന്നെ തീര്‍ക്കാന്‍ തീരുമാനിച്ചു.
എല്ലാം കഴിഞ്ഞപ്പോളാണ് ലക്ഷ്മണിന്റെ ചോദ്യം 'അല്ല ഇനി എവിടെക്കാ പോകേണ്ടത് ?' സത്യത്തില്‍ എനിക്കും ഒരു ഐഡിയ ഇല്ല. എവിടൊക്കെ പോകണം എന്തൊക്കെ കാണണം എന്ന്. ഒരു തയ്യാറെടുപ്പും ഇല്ലാതെ തട്ടിക്കൂട്ട് യാത്ര പുറപ്പെട്ടതിന്റെ ഗുണമാണ്. എന്തായാലും ഗൂഗിള്‍ അമ്മാവന്‍ ഉള്ളിടത്തോളം കാലം ചന്തുവിനെ തോല്‍പ്പിക്കാനാവില്ല. അതില്‍ കണ്ട ചില സ്ഥലപ്പേരൊക്കെ ഒന്ന് സ്‌ക്രീന്‍ ഷോട്ട് എടുത്തു വെച്ചു. ഒന്നും വിചാരിക്കരുത്... ഓര്‍മയില്‍ നിക്കുന്നില്ല അതോണ്ടാ.
അടുത്തു തന്നെയുള്ള പെട്ടിക്കടക്കാരന്‍ ഓരോന്നിലേക്കുമുള്ള വഴി പറഞ്ഞു തന്നു. ആദ്യം പോകേണ്ടത് ഛത്തര്‍ഡി ആണ്. അതിന്റെ ഫോട്ടോ ഒക്കെ കണ്ടപ്പോള്‍ നഗരത്തില്‍ നിന്നു മാറി ഏതോ ദൂരെ ഒരു ഒഴിഞ്ഞ സ്ഥലത്തുള്ള ഒരു സ്ഥലം പോലുണ്ട്. അപ്പൊ ഇവിടെ നിന്നു കുറെ ദൂരെയാകാം എന്ന നിഗമനത്തില്‍ ഒരു ഓട്ടോയില്‍ കയറി. ഓട്ടോക്കാരന്‍ 30 രൂപ പറഞ്ഞപ്പോള്‍ സന്തോഷമായി. എന്ത് നല്ല മനുഷ്യന്‍ ഇത്രേം ദൂരം പോകാന്‍ വെറും 30 രൂപയോ ? ഓട്ടോയില്‍ കയറി ഒരു വളവു തീര്‍ന്നപ്പോള്‍ ടൗണ്‍ തീര്‍ന്നു. അതാ അവിടെ തന്നെ ഛത്തര്‍ഡി. വെറും അഞ്ചു മിനിറ്റ് നടക്കാനുള്ള ദൂരമേയുള്ളൂ. ഇതിനാണോ ഓട്ടോയും പിടിച്ചു വന്നത്. ഛത്തര്‍ഡി ഒരു സംഭവമാണ്. കാണേണ്ട കാഴ്ച തന്നെയാണ്. കല്ലില്‍ കൊത്തിയ കവിത എന്നൊക്കെ കേട്ടിട്ടില്ലേ, അതാണ് സാധനം. കുറച്ചു സാമ്പിള്‍ ഞാന്‍ ഫോട്ടോയില്‍ ഇടാം. ഇനി പുട്ടിനു തേങ്ങയിടുന്ന പോലെ ചരിത്രവും യാത്രാ വിവരണവും മാറി മാറി വരും ( സീരിയസ് ആയ ആള്‍ക്കാരെ ഉദ്ദേശിച്ചാണ് ).
ഛത്തര്‍ഡി
ഛത്തര്‍ഡി എന്ന് പറഞ്ഞാല്‍ കുട എന്നാണു അര്‍ത്ഥം. അതായത് രാജ വംശത്തിലെ പൂര്‍വികരുടെ മൃതശരീരങ്ങള്‍ അടക്കം ചെയ്തിടത്തു നിര്‍മിച്ച സ്മാരകങ്ങളാണിത്. കുട പോലുള്ള മേല്‍ക്കൂരകള്‍ ആണ് ഇങ്ങനെ പേര് വരാന്‍ കാരണം. 1770 ലാണ് ചുവന്ന മണല്‍ കല്ലുകള്‍ കൊണ്ട് ( red sand stone ) ഇവ നിര്‍മ്മിച്ചത്. ഇപ്പോള്‍ പുനര്‍ നിര്‍മാണം നടക്കുന്ന കെട്ടിടങ്ങളില്‍ മഞ്ഞ നിറത്തിലുള്ള കല്ലുകളും കാണാം.
ഏതായാലും ഛത്തര്‍ഡിയില്‍ എത്തിയ ഞങ്ങള്‍ ആദ്യം ഭയങ്കര കണ്‍ഫ്യൂഷനില്‍ ആയിരുന്നു. സംഭവം മറ്റൊന്നുമല്ല. ഇതെന്താണ് സാധനം എന്ന് രണ്ടാള്‍ക്കും അറിയില്ല. നേരം പരപരാന്നു വെളുക്കാത്തതു കൊണ്ട് ചോദിക്കാനും ആരുമില്ല. ഞാന്‍ ലക്ഷ്മണിനോട് ചോദിച്ചു ഇതെന്താണ് സാധനം. പുള്ളി എന്നോട് 'സാറ് പറ. സാറ് ചരിത്രം പഠിപ്പിക്കുന്ന ആളല്ലേ ?. ലക്ഷണം കണ്ടിട്ട് മൂന്നു സാധ്യതകളാണ് ഉള്ളത് 1. ഒരു കൊട്ടാരത്തിന്റെ അവശിഷ്ടം ആവാം 2. ഒരു ശവകുടീരം 3. ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടം.
ഒരു ശവകുടീരം ഒക്കെ ഇത്ര ഗംഭീരം ആയി ഉണ്ടാക്കുമോ ? ഉണ്ടാക്കും താജ്മഹലും പിരമിഡുകളും ഒക്കെ ശവകുടീരങ്ങളല്ലേ... അല്ല എന്നെയും കുറ്റം പറയാന്‍ പറ്റില്ല. കാരണം ഞാന്‍ പഠിച്ച ചരിത്ര പുസ്തകങ്ങളിലൊന്നും ഇങ്ങനൊരു സാധനം ഇല്ല. ആകെ കണ്‍ഫ്യൂഷനിലാണ് ഏതായാലും ഛത്തര്‍ഡി കണ്ടു തുടങ്ങിയത്...
ഒരു കാലത്ത് പ്രൗഢിയോടെ തലയുയര്‍ത്തി നിന്നിരുന്ന ആ കെട്ടിടം ആകെ നിലം പരിശായിരിക്കുന്നു. ചിലയിടങ്ങളില്‍ പുനര്‍ നിര്‍മാണം നടക്കുന്നുണ്ട്. എന്ത് കൊണ്ട് ഇത് തകര്‍ന്നു പോയി എന്നും ആദ്യം മനസ്സിലായില്ല.. തിരിച്ചു വരാന്‍ നേരത്താണ് ഇത് 2001 ലെ ഭൂകമ്പത്തില്‍ തകര്‍ന്നു പോയതാണെന്ന് ഒരാള്‍ പറഞ്ഞു തന്നത്. അന്നത്തെ ഭൂകമ്പത്തിന്റെ കെടുതിയില്‍ നിന്നും ഭുജ് ഇപ്പോളും മോചിതയായില്ലേ എന്ന ചോദ്യം അപ്പോഴാണ് എന്റെ മനസ്സിലേക്ക് വന്നത്... പിന്നീട് കണ്ണുകള്‍ എല്ലാ കെട്ടിടങ്ങളെയും ഭൂകമ്പം എങ്ങനെ തകര്‍ത്തു എന്ന് നിരീക്ഷിക്കാന്‍ തുടങ്ങി. പല കെട്ടിടങ്ങളും പുതിയതാണ്... പല കെട്ടിടങ്ങളിലും ഇപ്പോഴും അപകടകരമായ രീതിയില്‍ വിള്ളലുകള്‍ കാണാനാവും. ഭൂകമ്പം ബാക്കിയുള്ള ചരിത്ര സ്മാരകങ്ങളെ എങ്ങനെ തകര്‍ത്തു എന്ന് വഴിയേ പറയാം.
ഛത്തര്‍ഡിയില്‍ ഫോട്ടോ എടുക്കാന്‍ അനുമതി ഇല്ല. അല്ലെങ്കില്‍ പെര്‍മിഷന്‍ വാങ്ങണം. പക്ഷേ ഇതെന്റെ അവകാശമാണ്. നിയമം ഞാന്‍ അനുസരിക്കാന്‍ തയ്യാറല്ലായിരുന്നു. ഇഷ്ടം പോലെ ഫോട്ടോ എടുത്തു. ( അന്യായമായി പെര്‍മിഷന്‍ നിഷേധിച്ചതാണ്. പെര്‍മിഷന്‍ വാങ്ങാന്‍ ഞാന്‍ ഓഫീസില്‍ പോയി. പണം അടക്കാനും ഞാന്‍ തയ്യാറായിരുന്നു. പക്ഷേ അവിടെ ഓഫീസര്‍ ഇല്ല )
അവിടെ നിന്നിറങ്ങി ഛത്തര്‍ഡിയോടു ചേര്‍ന്ന് തന്നെയുള്ള ഒരു പാര്‍ക്കില്‍ കുറച്ചു കിടന്നുറങ്ങി. കുറച്ചു സ്‌കൂള്‍ കുട്ടികള്‍ അവിടെ ക്ലാസ്സ് കട്ട് ചെയ്തു വന്നിരിക്കുന്നുണ്ട്. വെറുതെ അവന്മാരെ കുറച്ചു ഉപദേശിച്ചു. ആയ കാലത്ത് നമ്മളും ഇത് പോലെ കുറെ കട്ട് ചെയ്തു കറങ്ങി നടന്നത് കൊണ്ട് ഉപദേശിക്കാന്‍ എളുപ്പമാണ്...
രാവിലെ കനത്തില്‍ ഒന്നും കഴിക്കാന്‍ ഉദ്ദേശമില്ലാത്തതിനാല്‍ ഒരു ചായയും കുറച്ചു ഉരുളക്കിഴങ്ങ് പൊരിച്ചതും തിന്ന് അടുത്ത ലക്ഷ്യമായ കച്ച് മ്യൂസിയത്തിലക്കു പോയി. രണ്ടാം ശനിയായതിനാല്‍ അത് പൂട്ടിയിരിക്കുകയാണ്. അതിനാല്‍ ഇനി നേരെ പ്രാഗ് മഹലിലേക്കു വിടാം. ടൗണില്‍ തന്നെയാണിതും. ഒരു ഗല്ലിയിലൂടെ 5 മിനിറ്റ് നടന്നാല്‍ മതി.
പ്രാഗ് മഹല്‍
പ്രാഗ് മഹല്‍ എന്ന പേര് കേട്ടിട്ട് ഏതോ പ്രാചീന കൊട്ടാരം ആണെന്നൊന്നും കരുതണ്ട. സംഭവം കിടു ആണ്. നല്ല ഒന്നാന്തരം യൂറോപ്യന്‍ രീതിയില്‍ ( Italian Gothic style ) പണി കഴിപ്പിച്ച കൊട്ടാരം ആണ്. കൊട്ടാരം കണ്ടാല്‍ വല്ല ഇറ്റലിയിലൊക്കെ ഉള്ള ബില്‍ഡിങ് ആണെന്നെ തോന്നൂ. റാവു പ്രാഗ്മാജി ll എന്ന കച്ചിലെ രാജാവ് പണി കഴിപ്പിച്ചത് കൊണ്ടാണ് ഈ പേര് വന്നത്. കേണല്‍ ഹെന്റരി സെയിന്റ് വില്‍ക്കിന്‍സ് എന്ന വാസ്തു ശില്പി ആണ് ഇത് രൂപകല്പ്ന ചെയ്തത്. 1865 ല്‍ പണി തുടങ്ങിയെങ്കിലും 1879 ലാണ് പണി പൂര്‍ത്തിയായത്. ഇറ്റലിയില്‍ നിന്നു വരെ നല്ല പണി അറിയുന്ന തച്ചന്മാരെ കൊണ്ട് വന്നു പണികഴിപ്പിച്ച പ്രാഗ് മഹല്‍ നിര്‍മിക്കാന്‍ ഏകദേശം 3.1 മില്യണ്‍ രൂപ ചിലവായിട്ടുണ്ട്.
40 രൂപ തലയെണ്ണി ടിക്കറ്റും 50 രൂപ ക്യാമറക്കും കൊടുത്തു ഉള്ളില്‍ കയറി. ലഗാന്‍ അടക്കം നിരവധി സിനിമകളുടെ ലൊക്കേഷന്‍ ആണ് പ്രാഗ് മഹല്‍. ഉള്ളില്‍ ആദ്യം ദര്‍ബാര്‍ ഹാളിലേക്കാണ് പോകേണ്ടത്. മച്ചും ( roof ) ചുമരുകളും ഒക്കെ യൂറോപ്യന്‍ രീതിയിലാണ്. റോമാക്കാരുടെ പോലുള്ള പ്രതിമകള്‍ ഒക്കെ കാണാം. വിശാലമായ ദര്‍ബാര്‍ ഹാള്‍ കച്ച് രാജവംശത്തിന്റെ പ്രതാപവും പ്രൗഢിയും വിളിച്ചോതുന്നു.
ഒരു ചെറിയ ചില്ലലമാരയില്‍ പൂട്ടി വെച്ച ഒരു സാധനത്തില്‍ എന്റെ കണ്ണുകള്‍ ഉടക്കി. പുറത്തു എഴുതി വെച്ചിരിക്കുന്നത് ഒരു രാജാവിന്റെ ക്രിക്കറ്റ് ബാറ്റ് എന്നാണു. പക്ഷേ ആ ബാറ്റ് കൂടാതെ അതിനുള്ളില്‍ വേറൊരു സാധനവും ഉണ്ട്. അതൊരു ദിനോസറിന്റെ ഫോസില്‍ പോലുണ്ട് ( jaw ). ഞാന്‍ ഇത് ദിനോസറിന്റെ ഫോസില്‍ ആണെന്ന് പറഞ്ഞിട്ട് ലക്ഷ്മണ്‍ അംഗീകരിക്കുന്നില്ല... അങ്ങനെ വിട്ടാല്‍ പറ്റുമോ.. എന്നാല്‍ തെളിയിച്ചിട്ടു തന്നെ കാര്യം അവസാനം ഗൈഡിനെ വിളിച്ചു കൊണ്ട് വന്നു ഫോസില്‍ തന്നെ എന്ന് ഉറപ്പിച്ചു. കോടിക്കണക്കിനു വര്‍ഷം പഴക്കമുള്ള ഒരു ഫോസില്‍ ആണ് വെറുതെ സിമ്പിളായി ഒരു അലമാരയില്‍ വെച്ചിരിക്കുന്നത്. മരത്തിന്റെ ഫോസിലുകള്‍, സ്റ്റഫ് ചെയ്ത കടുവയും പുലിയും ഒക്കെ അവിടെയുണ്ട്.
ഡര്‍ബാര്‍ ഹാളില്‍ നിന്നു പുറത്തിറങ്ങി കൊട്ടാരത്തിന്റെ ബാക്കി ഭാഗങ്ങള്‍ കാണാന്‍ നടന്നു. രാജവംശം ഉപയോഗിച്ചിരുന്ന പത്രങ്ങളും ആഭരണങ്ങളും പ്രതിമകളും കസേരയും കട്ടിലും അടക്കം നിരവധി കര കൗശല വസ്തുക്കളും അവിടെ സൂക്ഷിച്ചിട്ടുണ്ട്. ആട് വലിക്കുന്ന ഒരു വണ്ടി ( എന്ത് പേര് വിളിക്കും എന്ന് അറിയില്ല goat cart എന്നോ ) അവിടെയുണ്ട്. അത് വലിക്കുന്ന രണ്ടു മുട്ടനാടിന്റെ പ്രതിമകളും. വണ്ടി ഒറിജിനല്‍ ആണ്. ആട് ചത്ത് പോയത് കൊണ്ട് പ്രതിമ വെച്ചു അഡ്ജസ്റ്റ് ചെയ്തതാണ്.
ബിങ് ബാംഗ് ക്ലോക്ക് ടവര്‍
പ്രാഗ് മഹലിലെ മറ്റൊരാകര്‍ഷണം ആണ് ബിങ് ബാംഗ് ടവര്‍ 1865 ല്‍ കൊട്ടാരത്തൊടു ചേര്‍ന്നു പണി കഴിപ്പിച്ച ഈ ക്ലോക്ക് ടവറിന്റെ ഉയരം 150 അടിയാണ്. ഇന്ത്യയില്‍ ആകെ ഇത്തരം 2 ടവര്‍ മാത്രമേ ഉള്ളൂ ഒന്ന് ബോംബെയിലാണ് ഉള്ളത്. അതിനു മുകളില്‍ വരെ കയറുവാനുള്ള ഗോവണി ഉണ്ട്. മുകളിലെത്തിയാല്‍ ബുജ്ജ് പട്ടണത്തിന്റെ ഒരു ഏരിയല്‍ വ്യൂ കിട്ടും.
കൊട്ടാരത്തിന്റെ പിന്ഭാഗത്തു ഇപ്പോഴും പണി നടന്നു കൊണ്ടിരിക്കുകയാണ്. ഭൂകമ്പം തകര്‍ത്ത കൊട്ടാരത്തിന്റെ പുനര്‍നിര്‍മാണം 16 വര്‍ഷങ്ങളായിട്ടും പൂര്‍ത്തിയായിട്ടില്ല. അതിന്റെ ഒരു കാരണം ഇതിപ്പോഴും സര്‍ക്കാര്‍ സ്വത്തല്ല. രാജകുടുംബത്തിന്റെ പേരില്‍ തന്നെയാണ്. അതിനാല്‍ പുനര്‌നിര്മാണവും അവരുടെ ചുമലിലാണ്.
ഇനി കാണാനുള്ളത് ഐന മഹല്‍ ആണ്. ഐന മഹലിനെ പ്രധാന ഭാഗങ്ങളൊക്കെ തകര്‍ന്നു തരിപ്പണമായിട്ടുണ്ട്. അധികം കേട് കൂടാതെ നിന്ന ഒരു ഭാഗം ഇപ്പോള്‍ മ്യുസിയം ആക്കി മാറ്റിയിരിക്കുകയാണ്.
ഐന മഹല്‍
1761 ല്‍ റാവു ലഖ്പത്ജി ആണ് ഐന മഹല്‍ പണികഴിപ്പിച്ചത്. രാംസിംഗ് മാലം എന്ന പ്രഗത്ഭനായ വാസ്തു ശില്പിയുടെ കരവിരുതാണിത്. ഇന്ത്യന്‍ യൂറോപ്പ്യന്‍ വാസ്തുശില്പ രീതികള്‍ കൂട്ടികലര്‍ത്തി പുള്ളി ഒരു പിടി പിടിച്ചതാണ്. ഉള്ളില്‍ കയറാന്‍ 30 രൂപ വീണ്ടും ടിക്കറ്റ് എടുക്കണം. ക്യാമറക്കു 50 രൂപയും. ക്യാമറക്കു ടിക്കറ്റ് എടുക്കാതെ കയറിയത് അബദ്ധമായി പോയി. പ്രാഗ് മഹലില്‍ അല്ല ഇവിടെയായിരുന്നു ക്യാമറക്കു ടിക്കറ്റ് എടുക്കേണ്ടിയിരുന്നത്. വെനീഷ്യന്‍ ഗ്ലാസുകളും കച്ച് രാജവംശത്തിന്റെ നാണയങ്ങളും രാജകുടുംബത്തിന്റെ സ്വകാര്യ മുറികളും പ്രശസ്തമായ യൂറോപ്യന്‍ ഇന്ത്യന്‍ ചിത്രകാരന്മാരുടെ പെയിന്റിങ്ങുകളും മുഗള്‍ രാജാക്കന്മാരുടെ ഫിര്‍മാനുകളും ( royal order ) മുതല്‍ കച്ച് രാജ്യം ഇന്ത്യയില്‍ ലയിച്ചതിന്റെ കരാര്‍ വരെ ഉള്ളിലുണ്ട്. ഇത്രയും ചെറിയ സ്ഥലത്തു ഇത്രയും കൂടുതല്‍ അമൂല്യ വസ്തുക്കള്‍ കാണുന്നത് ആദ്യമാണ്. ചുമരില്‍ മൊത്തം മനോഹരമായ ഗ്ലാസ് ആയതിനാല്‍ ഏതിലൂടെ പോയി ഏതിലൂടെ വന്നു എന്നൊക്കെ കണ്‍ഫ്യൂഷന്‍ ആയി. പ്രാഗ് മഹലും ഐന മഹലും ഒക്കെ ഉള്‍പ്പെടുന്ന ഈ ഭാഗം ദര്‍ബാര്‍ഗട്ട് എന്നാണറിയപ്പെടുക.
ഐന മഹലും കണ്ടു തീര്‍ന്നപ്പോഴേക്കു ഉച്ചയായി. തിരിച്ചു ടൗണിലേക്ക് നടന്നു വഴിയില്‍ ഡ്രമ്മുകളും മറ്റു വാദ്യോപകരണങ്ങളും ഉണ്ടാക്കുന്ന നിരവധി കടകള്‍ ഉണ്ട്. നിര്‍മാണവും വില്‍പ്പനയും ഒരു കുടക്കീഴില്‍ ( കടയില്‍ വെച്ചു തന്നെ ) തന്നെയാണ്. ചിലര്‍ ക്യാമറ കണ്ടു ഫോട്ടോക്ക് പോസ് ചെയ്തു. ഇനിയാണ് അടുത്ത പ്രശ്‌നം രണ്ടു ദിവസത്തെ യാത്രക്ക് പുറപ്പെട്ടിട്ട് ഒന്നാമത്തെ ദിവസം ഉച്ചയായപ്പോളേക്കും ഭുജ് തീര്‍ന്നു. ഇനി എവിടെ പോകും ? കൂലങ്കഷമായ ചര്‍ച്ചക്കൊടുവില്‍ മാണ്ഡവിയിലേക്ക് പോകാന്‍ തീരുമാനിച്ചു. പോകാന്‍ സ്ഥലമില്ലാത്തതല്ല പ്രശ്‌നം. കച്ചിന്റെ ഓരോ ഏരിയ വെച്ചു കവര്‍ ചെയ്യണം. അവിടേം ഇവിടേം പോയി കുറെ കണ്ടു വന്നത് കൊണ്ട് കാര്യമില്ല.
മാണ്ഡവിയിലേക്കു ബുജില്‍ നിന്നു 60 കിമി ഉണ്ട്. കടല്‍ത്തീരം ആണ് മാണ്ഡവി. ജിഎസ്ആര്‍ടിസി ബസ്സില്‍ തന്നെയാണ് അവിടേക്ക് പോയത്. തലേന്നത്തെ ഉറക്കം ശരിയാകാത്തതിനാല്‍ ഒന്ന് മയങ്ങിപ്പോയി. ഉണര്‍ന്നപ്പോഴേക്കു മാണ്ഡവി എത്തി. നന്നായി വിശക്കാന്‍ തുടങ്ങിയിരിക്കുന്നു. കടല്‍ത്തീരം ആയതു കൊണ്ട് തന്നെ മീന്‍ കിട്ടാന്‍ സാധ്യത ഉണ്ട്. കുറച്ചു കാലമായി വെജിറ്റേറിയന്‍ കഴിക്കുന്നത് കൊണ്ട് ഒരു ആഗ്രഹം... നല്ല മീന്‍ കൂട്ടി ചോറ് തിന്നാന്‍. അടുത്തു തന്നെ നല്ല നോണ്‍ വെജ് ഹോട്ടലുകള്‍ ഉണ്ട്. എന്തൊക്കെ തിന്നണം എന്ന് കണ്‍ഫ്യൂഷന്‍ ആയതു കൊണ്ട് മീന്‍ ബിരിയാണിയും മട്ടന്‍ കറിയും മീന്‍ പൊരിച്ചതും ഒക്കെ ഓര്‍ഡര്‍ ചെയ്തു. മീന്‍ ബിരിയാണി ഞങ്ങളെ പറ്റിച്ചതാ. ബിരിയാണി ചോറില്‍ മീന്‍ പൊരിച്ചതും കുറച്ചു മീന്‍ കറിയും ഒഴിച്ച്. ഏതായാലും 500 രൂപ ബില്ലായി.
മാണ്ഡവിയില്‍ പ്രധാനമായും കാണാനുള്ളത് വിജയ് വിലാസ് കൊട്ടാരവും മാണ്ഡവി ബീച്ചും ആണ്. മാലിദ്വീപില്‍ 6 കൊല്ലം ജീവിച്ചത് കൊണ്ട് അതിനേക്കാള്‍ മനോഹരമായ കടലൊന്നും എവിടെയും ഇല്ല എന്ന് എനിക്കറിയാം. തല്ക്കാലം ബീച്ചില്‍ പോകണ്ട എന്ന് തീരുമാനിച്ചു.
വിജയ് വിലാസ് പാലസ്
വിജയ് വിലാസ് പാലസിലേക്കു ടൗണില്‍ നിന്നു 8 കിമി ദൂരമുണ്ട്. ഓട്ടോറിക്ഷയൊ പ്രൈവറ്റ് വാഹനങ്ങളോ വേണം അവിടെയെത്താന്‍. ഒരു ഓട്ടോക്കാരനുമായി 200 രൂപക്ക് കച്ചവടം ഉറപ്പിച്ചു. ഒരു മണിക്കൂര്‍ വെയ്റ്റിംഗ് അടക്കം തിരിച്ചു കൊണ്ട് വിടും.
കച്ച് രാജവംശത്തിലെ മഹാറാവു ശ്രീ കാങ്കേര്‍ജി lll ആണ് കൊട്ടാരം പണികഴിപ്പിച്ചത്. ചുറ്റും പൂന്തോട്ടങ്ങളും ജലധാരകളും ഒക്കെയുള്ള കൊട്ടാരമാണ്. യുവരാജാവായ വിജയരാജിന് വേണ്ടി പണികഴിപ്പിച്ചത് കൊണ്ടാണ് വിജയ് വിലാസ് പാലസ് എന്ന് പേര് വന്നത്. പലതരം വസ്തുശില്പ രീതികളുടെ ഒരു സമ്മിശ്രമാണ് കൊട്ടാരം. രാജസ്ഥാനി ബംഗാളി ശൈലിയും മുഗള വാസ്തു ശില്പ രീതികളും ഒക്കെ കൂടി സന്നിവേശിപ്പിച്ച രീതി. വെള്ള മാര്‍ബിളില്‍ പിയത്ര ദുര ( pietra dura ) രീതിയിലുള്ള കൊത്തു പണികള്‍ കൊട്ടാരത്തിനുള്ളിലെ ചുമരുകളില്‍ കാണാം (താജ്മഹലില്‍ pietra dura കൊത്തു പണികള്‍ ഉണ്ട് ). മണല്‍ കല്ലാണ് ( sand stone ) ആണ് പ്രധാനമായും കൊട്ടാരം നിര്മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 1920 ല്‍ പണിഞ്ഞ് തുടങ്ങിയ കൊട്ടാരം 1929 ലാണ് പൂര്‍ത്തിയായത്.
കൊട്ടാരത്തിലേക്കു ടിക്കറ്റ് എടുത്തു കയറി. കൊട്ടാരം ഇപ്പോള്‍ പൂര്ണമായും സന്ദര്‍ശകര്‍ക്കായി തുറന്നിട്ടിരിക്കുകയാണ് താഴെയുള്ള ഡൈനിങ്ങ് ഹാളും കാഴ്ചകളും കണ്ടു മട്ടുപ്പാവില്‍ എത്തി. ദൂരെ മാണ്ഡവി പട്ടണവും കടല്‍ത്തീരവും ഒക്കെ കാണാം. ഒരു തരം റൊമാന്റിക് ആംപിയന്‍സ് ആണ്. അത് കൊണ്ട് തന്നെ ധാരാളം ഹിന്ദി സിനിമകളുടെ പാട്ടുകള്‍ ഇവിടെ വെച്ചു ചിത്രീകരിച്ചിട്ടുണ്ട്. ഒരു രാജാവായി ജനിച്ചിരുന്നെങ്കില്‍ എന്ന് വെറുതെ മോഹിക്കുവാന്‍ ഒരു മോഹം തോന്നി...
ഓട്ടോക്കാരന്‍ കാത്തിരിക്കുന്നതിനാല്‍ അധികം സമയം കളയാതെ തിരിച്ചു പോന്നു.. അടുത്ത ലക്ഷ്യം ഗാന്ധിധാം ആണ്. അവിടെ വേറെ രണ്ടു സുഹൃത്തുക്കള്‍ രാത്രിയോടെ എത്തും. ഗാന്ധിധാമിലേക്കു ഉടനെ ബസ്സൊന്നും കിട്ടാത്തത് കൊണ്ട് ഭുജ് വഴി ഗാന്ധിധാമിലേക്കു വന്നു.
രാത്രിയോടെ വേറെ രണ്ടു സുഹൃത്തുക്കളും എത്തി. വെടി പറഞ്ഞും അടുത്തുള്ള സൗത്ത് ഇന്ത്യന്‍ നോണ്‍ വെജ് ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം കഴിച്ചും ഉറങ്ങാന്‍ ഏറെ വൈകി. അലച്ചിലിന്റെ ക്ഷീണം മൂലം എസിയുടെ കുളിരില്‍ നന്നായി ഉറങ്ങി.. പിറ്റേന്നു 10 മണി ആയി എഴുന്നേല്‍ക്കാന്‍. 1.30 നുള്ള ജാംനഗര്‍ ബസ്സില്‍ തിരിച്ചു പോന്നു.
ഈ യാത്രയില്‍ ഭുജും തെക്കേ കച്ച് പ്രദേശവും കണ്ടു തീര്‍ത്തു. ഇനി കിഴക്കന്‍, വടക്കന്‍ കച്ച് കാണാന്‍ ഒരു വരവ് കൂടി വരേണ്ടി വരും...
Travel Tips
*Bharathiya sanskrithi museum - Sunday closed*Aina mahal- Thursday closed *kutch museum- Wednesday closed*Sharad baug palace - Friday closed


VIEW ON mathrubhumi.com