പറയിപെറ്റ പന്തിരുകുലം

By: എഴുത്ത്: സി. അഷ്‌റഫ് / ചിത്രങ്ങള്‍: മധുരാജ്
ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.
പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമിയും പേറ്റു പിറവിയോടെ അലഞ്ഞുനടക്കാന്‍ വിധിക്കപ്പെട്ട അതീന്ദ്രിയ ജ്ഞാനികളായിരുന്നു. ബ്രാഹ്മണനായ വരരുചിയും പറയിയായ പഞ്ചമിയും. മണ്ണപ്പം ചുട്ടുകളിക്കുന്ന കുട്ടികളെപോലെ ജന്മ വൈവിധ്യമാര്‍ന്ന മക്കളെ പെറ്റുകൂട്ടി വിവിധ ദേശങ്ങളെ സമ്പന്നമാക്കാനുള്ള സവിശേഷ ദൈവിക നിയോഗം വഹിച്ചവരായിരുന്നു. ദൈവം മനുഷ്യര്‍ക്കുള്ള കല്‍പനകളും സന്ദേശങ്ങളും വേദങ്ങളിലൂടെയും സ്വപ്‌നങ്ങളിലൂടെയും വെളിപ്പെടുത്താറുണ്ട്. എന്നാല്‍ അതിശയകരമായ ജന്മവൈവിധ്യങ്ങള്‍ ത്രസിച്ചുനില്‍ക്കുന്ന പേറ്റുപിറവികളിലൂടെ കേരളദേശത്തിന്റെ അടിസ്ഥാന ദൈവികനില പ്രഖ്യാപനം ചെയ്ത പ്രവാചകകലയാണ് പറയിപെറ്റ പന്തിരുകുലത്തിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. പഞ്ചമിയുടെ പേറ്റുവയറിന്റെ ഗര്‍ഭകമാനം കടന്നുവന്നവരാണ് കേരളദേശത്തിന്റെ ജാതി മത ഗോത്ര കുല വ്യവസ്ഥയുടെ സാമൂഹികഘടന വിഭാവനം ചെയ്തത്. കേരളദേശത്തിന്റെ സകല ജാതി മത ഗോത്രങ്ങളിലും ചെന്നു പിറവിയെടുത്ത പന്തിരുകുലം നിലവിലുള്ള സവര്‍ണ ജീര്‍ണ നീചഗോത്ര പ്രതാപങ്ങളെ കടപുഴക്കി എറിയാന്‍ പ്രാപ്തിയുള്ള അതികായന്‍മാരായിരുന്നു.
അന്നോളം അതീന്ദ്രിയജ്ഞാനികളായ ഉപാസകര്‍ മന്ത്രം, തന്ത്രം, മായിക കലകള്‍ എന്നിവയിലാണ് പുലര്‍ന്നത്. എന്നാല്‍ വരരുചിയുടേയും പഞ്ചമിയുടേയും അതീന്ദ്രിയ കല വേഴ്ചയും ഗര്‍ഭവും പേറുമായിരുന്നു. മന്ത്രോച്ചാരണത്തിനു പകരം മാദകഭാഷണങ്ങള്‍, ഹോമാഗ്നിക്കു പകരം കാമാഗ്നി. തീര്‍ഥത്തിനും പൂക്കള്‍ക്കും പകരം ശുക്ലവും അണ്ഡവും. ഗുരുതിക്കു പകരം പേറ്റു ചോര. മണികിലുക്കത്തിനു പകരം ഉണ്ണിക്കരച്ചില്‍. പ്രവാചകന്‍മാര്‍ പ്രപഞ്ചലവണങ്ങളിലൂടെ നടന്നപ്പോള്‍ വരരുചിയും പഞ്ചമിയും പേറ്റുജലത്തിലൂടെ നടന്നു. സദാ ത്രസിച്ചു നില്‍ക്കുന്ന ബീജകാമനകളും സദാ വിടര്‍ന്നുനില്‍ക്കുന്ന ഗര്‍ഭപാത്രവുംകൊണ്ട് അവര്‍ വിസ്മയകരമായ ഒരു മനുഷ്യകുലത്തെ സൃഷ്ടിച്ചു.
പ്രപഞ്ചമൂലകങ്ങള്‍, ദൈവികലവണങ്ങള്‍, ഭൗമധാതുക്കള്‍, മന്ത്രങ്ങള്‍, വേദവചനങ്ങള്‍-മഹാകര്‍മങ്ങള്‍, പ്രവാചക മായിക ചമയങ്ങള്‍ എന്നിവ അനാദിയായ ദൈവിക പ്രപഞ്ചത്തെ സാധൂകരിച്ചു. മഹാസൈന്യങ്ങള്‍, വീരോചിതപതാകകള്‍, കാലത്തെ പ്രകമ്പനം കൊള്ളിച്ച പടയോട്ടങ്ങള്‍, ലോകത്തെ ഭ്രമിപ്പിക്കുന്ന പെരുമ്പറകള്‍ എന്നിവയില്‍ നിന്നു മഹാസാമ്രാജ്യങ്ങളുണ്ടായി. എന്നാല്‍ കാലത്തിനു മുന്നില്‍ സാമ്രാജ്യങ്ങളെ നിഷ്പ്രഭമാക്കുന്ന മഹാദര്‍ശനങ്ങള്‍ നിസ്സാരമായ പരികല്‍പനയോടെ പറയിപെറ്റ പന്തിരുകുലം മലയാള ദേശത്ത് ആലേഖനം ചെയ്തു.
പെറ്റിട്ട ഒരു കുഞ്ഞിനുപോലും പറയി മുല കൊടുത്തില്ല. വായ കീറിയ ദൈവം ഇര കല്പിച്ചിട്ടുണ്ട് എന്ന ഭര്‍ത്താവിന്റെ പ്രമാണം ശിരസ്സാ വഹിച്ച് പേറ്റുനിലത്തുവെച്ചുതന്നെ അവള്‍ ഓരോ പൈതലിനോടും മനം പൊട്ടുന്ന മാതൃദുഃഖത്തോടെ വിടവാങ്ങി. പച്ചിലകൊണ്ട് പേറ്റു ചോര തുടച്ചിട്ട് പൂക്കള്‍കൊണ്ട് പൈതലിനെ സ്‌നാനം ചെയ്ത് അന്തമില്ലാത്ത അലച്ചിലില്‍ പറയി ഭര്‍ത്താവിനെ അനുഗമിച്ചു. പറയിയുടെ നിറഞ്ഞു തുളുമ്പിയ മുലകളില്‍ നിന്നും ഇറ്റി വീണ മുലപ്പാലും പേറ്റു പൈതലിനെ കൈവെടിയേണ്ടിവന്ന ദുര്‍വിധിയില്‍ നിന്നും അണപൊട്ടി ഒഴുകിയ കണ്ണീരും ചേര്‍ന്ന മിശ്രിതപെണ്‍ ലവണത്തില്‍ നിന്നാണ് വള്ളുവനാടിന്റെ വാഴ്ത്തപ്പെട്ട ദേശലാവണ്യമുണ്ടായത്. പില്‍ക്കാലത്ത് വിധവകള്‍ക്ക് പുനര്‍വിവാഹ സൗഭാഗ്യം സമ്മാനിച്ച സാമൂഹിക നവോത്ഥാന പ്രസ്ഥാനം പിറവികൊണ്ടതും അതേ വള്ളുവനാടന്‍ മണ്ണില്‍തന്നെയായിരുന്നു. പറയിയുടെ കണ്ണീരില്‍ നിന്ന് മുളപൊട്ടിയ സങ്കട നിവാരണ ഔഷധ കവചം അങ്ങനെ പില്‍ക്കാലത്ത് വള്ളുവനാടന്‍ പെണ്‍മണികള്‍ക്ക് മോചന കാലം പ്രദാനം ചെയ്തു. പന്തിരുകുലത്തിലെ പതിനൊന്നു പിറവികളും സംഭവിച്ചത് വള്ളുവനാട്ടിലാണ്. പെരുന്തച്ചന്റെ പിറവി മാത്രമാണ് ഉളിയനൂര്‍ ആലുവയില്‍ നടന്നത്. വരരുചിയും പഞ്ചമിയും ദേശദേശാന്തരങ്ങള്‍ താണ്ടിയാണ് വള്ളുവനാട്ടിലെത്തിയത്. അലഞ്ഞു നടന്ന ദേശങ്ങളില്‍ വെച്ച് പേറ്റുപിറവിക്ക് സുകൃതമായ ദേശം എന്ന നിലയില്‍ ദമ്പതികള്‍ക്ക് വള്ളുവനാട് ബോധിച്ചതുകൊണ്ടായിരിക്കാം പതിനൊന്നു പിറവികളും ഇവിടെ സാക്ഷാത്കരിച്ചത്. ചിലപ്പോള്‍ വള്ളുവനാടന്‍ പാറകളുടെ കന്മദകാമലഹരിയില്‍ മതിമറന്ന് രസിച്ചതുകൊണ്ടുമായിരിക്കാം. ഇത്തരം ഭൗതിക സാഹചര്യങ്ങളെ നിഷ്പ്രഭമാക്കുന്ന വിധിയുടെ വിസ്മയകലയില്‍ സംഭവിച്ചതുമാകാം എന്നതായിരിക്കും ആത്യന്തികമായ ശരി.
ബ്രാഹ്മണനായ വരരുചി പറയിയായ പഞ്ചമിയോടൊപ്പം അലഞ്ഞു നടക്കാനിടയായ വിധിയുടെ പൊരുള്‍ മലയാളിക്ക് കഥയില്‍ കാണാപ്പാഠമാണ്. മുമ്പ് അന്തിക്ക് വീടുകളില്‍ അരങ്ങേറുന്ന കഥപറച്ചിലുകളില്‍ ആ കഥകള്‍ പല രൂപഭാവങ്ങളില്‍ പറഞ്ഞു രസിച്ചിരുന്നു. മലയാളിയുടെ ആദിമാതാവ് തന്നെ ഒരു പറയിയാണെന്ന വിശ്വാസം കാലങ്ങളായി കൊണ്ടാടിപ്പോരുന്നതാണ്. ജ്യോതിശ്ശാസ്ത്രജ്ഞനും ജ്ഞാനിയും പണ്ഡിതനുമായ വരരുചി വിക്രമാദിത്യ മഹാരാജാവിന്റെ സദസ്യരില്‍ ഒരാളായിരുന്നു. കൊട്ടാരസദസ്സില്‍ നിന്നുയരുന്ന വേദശാസ്ത്രപരമായ സകല സംശയങ്ങളുടേയും അന്തിമവാക്കായി വരരുചിയെ പരിഗണിക്കപ്പെട്ടു. ഒരു ദിവസം രാജാവ് വരരുചിയോട് ഒരു ചോദ്യം ചോദിച്ചു: ''രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാക്യം ഏതാണ്?'' വരരുചിക്ക് ഉത്തരം മുട്ടിപ്പോയി. എവിടെയെങ്കിലും പോയി 41 ദിവസത്തിനകം ഉത്തരം കണ്ടുപിടിച്ചു വരണമെന്നും ഉത്തരം കിട്ടിയില്ലെങ്കില്‍ ഇനി കൊട്ടാരത്തിലേക്ക് വരേണ്ടതില്ലെന്നും വിക്രമാദിത്യന്‍ കല്പിച്ചു. വരരുചി പലപല ദേശങ്ങള്‍ സഞ്ചരിച്ച് പലരോടും രാമായണത്തിലെ പ്രധാന വാക്യം അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഗതികിട്ടാതെ അലഞ്ഞ് നടന്ന് തളര്‍ന്ന വരരുചി വനാന്തരത്തില്‍ ഒരു മരച്ചുവട്ടില്‍ എത്തപ്പെട്ടു. ഇനി വനദേവതമാര്‍ തന്നെ രക്ഷിക്കട്ടെ എന്ന് പറഞ്ഞ് വരരുചി മരച്ചുവട്ടില്‍ കിടന്ന് ഉറക്കമായി.
സത്യത്തില്‍ ആ മരത്തിനു മുകളില്‍ വനദേവതമാര്‍ പാര്‍പ്പുണ്ടായിരുന്നു. പാതിര കഴിഞ്ഞപ്പോള്‍ കുറേ വനദേവതകള്‍ മരത്തിനു മുകളിലേക്ക് പറന്നു വന്നു. വിരുന്നുകാരികളായ വനദേവതമാര്‍ മരത്തിലെ സ്ഥിരവാസികളായ വനദേവതമാരോട് പറഞ്ഞു: ''ഒരിടത്ത് ഒരു പേറ് നടന്നിരിക്കുന്നു. ഞങ്ങള്‍ പേറ്റുനീര് കുടിക്കാന്‍ പോവുകയാണ്. നിങ്ങള്‍ വരുന്നില്ലെ?'' മരമുകളിലെ താമസക്കാരായ വനദേവതമാര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് വരാന്‍ നിവൃത്തിയില്ല. മരച്ചുവട്ടില്‍ വിശിഷ്ടനായ ഒരു ബ്രാഹ്മണന്‍ കിടക്കുന്നു. അദ്ദേഹത്തെ എങ്ങനെ ഉപേക്ഷിച്ചു പോകും. വിരുന്നുകാരികളായ വനദേവതമാര്‍ അത് കേട്ട് വിടചോദിച്ച് പറന്നു പോയി. പേറ്റുനീര് കുടിക്കാന്‍ പോയ വനദേവതകള്‍ മടക്കത്തില്‍ മരമുകളില്‍ വന്നിറങ്ങി. അപ്പോള്‍ സ്ഥിരവാസികളായ വനദേവതകള്‍ ചോദിച്ചു. ''എവിടെയായിരുന്നു പേറ്?'' ''ഒരു പറയക്കുടിലിലായിരുന്നു -പെണ്‍ പിറവിയാണ്.'' ''അപ്പോള്‍ ആരായിരിക്കും അവളെ വിവാഹം ചെയ്യുക?'' വനദേവതകള്‍ രസികഭാവത്തില്‍ മരച്ചോട്ടിലേക്ക് നോക്കി പറഞ്ഞു. സംശയമെന്താ അത് 'മാം വിഡി' എന്ന ശ്ലേകമാണ് രാമായണത്തിലെ ശ്രേഷ്ഠമായ വരികള്‍ എന്നറിഞ്ഞുകൂടാത്ത ഈ കിടക്കുന്ന വരരുചിതന്നെ.
ഉറക്കത്തില്‍ വനദേവതകളുടെ വചനം വരരുചി കേട്ടു. ഇത്ര നാള്‍ തേടി നടന്ന ചോദ്യത്തിനുള്ള ഉത്തരം കിട്ടി യതിലുള്ള സന്തോഷവും എന്നാല്‍ പറയിപ്പെണ്ണിനെ വിവാഹം ചെയ്യേണ്ടിവരുന്നതിലുള്ള ദുഃഖവും ഒരേ സമയം വരരുചിയിലൂടെ കടന്നുപോയി. പിറ്റേന്നു രാവിലെ രാജസദസ്സില്‍ ചെന്ന വരരുചി രാമായണത്തിലെ പ്രധാനവാക്യം അവതരിപ്പിച്ച് വ്യാഖ്യാനിച്ചു. അവതാരങ്ങളില്‍ അടയിരിക്കുന്ന ദൈവികാസ്തിത്വം പ്രഖ്യാപനം ചെയ്യുന്ന വാക്യമായിരുന്നു അത്. സന്തുഷ്ടനായ രാജാവ് വരരുചിക്ക് അളവറ്റ സമ്മാനങ്ങളും സൗഭാഗ്യങ്ങളും നല്‍കി. ഭാവിയില്‍ തന്നെ വിവാഹം ചെയ്യാന്‍ വിധിക്കപ്പെട്ട പറയിപ്പെണ്ണിനെ വകവരുത്താനുള്ള ഒരു ഉപായവും വരരുചി രാജസദസ്സില്‍ അവതരിപ്പിച്ചു. ഇന്ന ദേശത്ത് പറയക്കുടിലില്‍ ഒരു പേറ് നടന്നിരിക്കുന്നുവെന്നും അവള്‍ വളര്‍ന്നാല്‍ രാജ്യം നശിക്കുമെന്നും ആയതിനാല്‍ അവളെ വകവരുത്തണമെന്നും വരരുചി സദസ്സില്‍ ഉണര്‍ത്തിച്ചു. രാജാവ് വിഷമത്തിലായി. ശിശുഹത്യ പാപകരമാണ്- പെണ്‍ഹത്യ കഠിനപാപവും. ആയതിനാല്‍ വാഴപ്പോളകൊണ്ട് ഒരു ചെറിയ ചങ്ങാടമുണ്ടാക്കി പെണ്‍കുട്ടിയുടെ ശിരസ്സില്‍ ഒരു തീപ്പന്തം കൊളുത്തി കുത്തിവെച്ച് ചങ്ങാടത്തിലാക്കി നദിയിലൊഴുക്കാന്‍ രാജാവ് കല്പിച്ചു. രാജഭടന്‍ന്മാര്‍ കല്പന കര്‍ശനമായി നടപ്പിലാക്കുകയും ചെയ്തു. നദികള്‍ അക്കാലത്ത് പ്രകൃതിയുടെ അമ്മത്തൊട്ടിലുകളായിരുന്നു. കൊല്ലാനിഷ്ടമില്ലാത്ത കുട്ടികളെ മനുഷ്യര്‍ പുഴയിലൊഴുക്കി വിധിയുടെ വഴിക്കയച്ചു. കുന്തി കര്‍ണനെ ഒഴുക്കിയതും നദിയിലാണ്. കര്‍ണന് നദിയുടെ കൂരിരുട്ടിലും വഴികാട്ടാന്‍ പിതാവായ സൂര്യനില്‍നിന്നു ദാനം കിട്ടിയ കവചകുണ്ഡലമുണ്ടായിരുന്നു. അതേ മാതൃകയിലായിരിക്കണം പറയിക്കുട്ടിയുടെ ശിരസ്സില്‍ പന്തം കൊളുത്തി പുഴയിലൊഴുക്കാന്‍ രാജാവ് കല്പിച്ചതും.
പറയിപ്പെണ്ണിനെ പുഴയിലൊഴുക്കിയതിനാല്‍ അവളുമായുള്ള വിവാഹദുരിതത്തില്‍നിന്നും രക്ഷപ്പെട്ടു എന്ന ആശ്വാസത്തില്‍ വരരുചി ജീവിച്ചു. കാലം ചെന്നപ്പോള്‍ വഴിയാത്രക്കിടെ വരരുചി ഒരു ബ്രാഹ്മണഗൃഹത്തില്‍ ഭക്ഷണം കഴിക്കാനായി കയറിച്ചെന്നു. ബ്രാഹ്മണന്‍ സന്തോഷത്തോടെ വരരുചിയോട് പറഞ്ഞു: ''ഊണ് കാലമായിരിക്കുന്നു. പോയി കുളിച്ചുവരൂ''. അപ്പോള്‍ വരരുചി പറഞ്ഞു. ഊണ് കഴിക്കണമെങ്കില്‍ എനിക്ക് ചില നിബന്ധനകളുണ്ട്.
കുളി കഴിഞ്ഞ ഉടന്‍ വീരാളിപ്പട്ട് പുതയ്ക്കണം. ഊണിന് മുമ്പ് 100 പേര്‍ക്ക് ഭക്ഷണം നല്‍കണം. ഊണിന് 108 കൂട്ടാന്‍ വേണം. ഊണു കഴിഞ്ഞാല്‍ എനിക്ക് മൂന്നു പേരെ തിന്നണം. ഊണിനുശേഷം 4 പേര്‍ എന്നെ ചുമക്കണം.
ബ്രാഹ്മണന്‍ അന്ധാളിച്ചുനില്‍ക്കെ അകത്തുനിന്നും കന്യകയായ മകള്‍ വിളിച്ചുപറഞ്ഞു; ''സമ്മതിച്ചോളൂ അച്ഛാ എല്ലാം ഇവിടെ തയ്യാറാണ്.'' ബ്രാഹ്മണന്‍ മകളോട് വിസ്മയത്തോടെ ചോദിച്ചു. ഇതെല്ലാം എങ്ങനെ സാധിക്കും?
മകള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: അച്ഛന് അദ്ദേഹം പറഞ്ഞതിന്റെ സാരം മനസ്സിലാകാഞ്ഞിട്ടാണ്. ഇതാ കേട്ടോളൂ.
വീരാളിപ്പട്ട് എന്നാല്‍ ഒരു ചീന്ത് കോണകം. നൂറ് പേര്‍ എന്നു പറഞ്ഞാല്‍ വൈശ്യദേവം (വൈശ്യം) കഴിക്കണമെന്നാണ്. (വൈശ്യം കഴിച്ചാല്‍ നൂറ് ദേവന്മാര്‍ പ്രീതിപ്പെടും. (വൈശ്യം-ഭക്ഷണമല്ല. പൂജയാണ്). നൂറ്റിയെട്ടുകറി - ഇഞ്ചിക്കറി - 108 കറിക്കു സമം. മൂന്നു പേരെ തിന്നണം എന്നാല്‍ അടയ്ക്ക, വെറ്റില, പുകയില. നാലു പേര്‍ ചുമക്കണമെന്നാല്‍ നാല് കാലുള്ള കട്ടിലില്‍ കിടക്കണം.
കന്യകയുടെ ബുദ്ധിസാമര്‍ഥ്യത്തില്‍ മതിപ്പു തോന്നിയ വരരുചി പിതാവിന്റെ സമ്മതത്തോടെ അവളെ വിവാഹം കഴിച്ചു. വിവാഹാനന്തരം പ്രണയസല്ലാപത്തിനിടെ വരരുചി പ്രേയസിയുടെ തലമുടി കോതിക്കെട്ടവെ ശിരസ്സില്‍ ഒരു പാട് കണ്ടു. ചോദിച്ചപ്പോള്‍ അത് പന്തം തറച്ച പാടാണെന്നും പന്തം കുത്തി ഒഴുകി വന്ന തന്നെ പുഴയില്‍നിന്നു കിട്ടിയ താണെന്നും അവള്‍ പറഞ്ഞു. അപ്പോഴാണ് വനദേവതമാര്‍ പറഞ്ഞ വിധിയുടെ ബലം വരരുചിക്ക് ബോധ്യപ്പെട്ടത്. വരരുചി നടന്ന സംഭവങ്ങള്‍ ഭാര്യയോട് ബോധിപ്പിച്ച ശേഷം ഒരു പ്രായശ്ചിത്തംപോലെ ഇരുവരും ദേശാടനത്തിനിറങ്ങി. ആ ദേശാന്തരയാത്രയിലാണ് പറയി പന്ത്രണ്ട് പെറ്റത്. പറയിക്ക് പേറ്റുവേദന വരുമ്പോള്‍ കാട്ടിനുള്ളില്‍ ചെന്നു കാര്യം സാധിച്ചു വരണമെന്ന് കല്പിച്ച് വരരുചി അവളെ പറഞ്ഞയക്കും. പേറ് കഴിയുമ്പോള്‍ വരരുചി വിളിച്ചു ചോദിക്കും. കുട്ടിക്ക് വായുണ്ടോ. ഉണ്ട്. ഉടനെ വരരുചി പറയും വായ കീറിയ ദൈവം കുഞ്ഞിന് ഇരയും കല്പിച്ചിട്ടുണ്ട്. കുഞ്ഞിനെ എടുക്കണമെന്നില്ല. അങ്ങനെ പതിനൊന്നു പേറില്‍ ഉപേക്ഷിച്ച കുഞ്ഞുങ്ങളെ ഓരോരുത്തര്‍ എടുത്തുവളര്‍ത്തി. പന്ത്രണ്ടാമത്തെ പേറില്‍ പറയിക്ക് സങ്കടം സഹിച്ചില്ല. കുഞ്ഞിനു വായ കീറിയിട്ടുണ്ടോ എന്ന് ഭര്‍ത്താവ് ചോദിച്ചപ്പോള്‍ അവള്‍ ഇല്ലെന്നു കളവു പറഞ്ഞു. എങ്കില്‍ കുട്ടിയെ എടുത്തുകൊള്ളാന്‍ വരരുചി സമ്മതിച്ചു. അപ്പോഴാണ് കുഞ്ഞിനു സത്യത്തില്‍ വായയില്ലെന്ന് പറയി തിരിച്ചറിഞ്ഞത്. വരരുചി കുട്ടിയെ ഒരു കുന്നിന്റെ മുകളില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ചു. അതാണ് വായില്ലാകുന്നിലപ്പന്‍. വഴിയിലുപേക്ഷിക്കപ്പെട്ട 11 മക്കളും 11 ജാതി സമൂഹങ്ങളിലാണ് വളര്‍ന്നത്.
പന്തിരുകുലം
1. അഗ്നിഹോത്രി - യാഗേശ്വരം, മേഴത്തൂര്‍, തൃത്താല2. പെരുന്തച്ചന്‍ - ഉളിയനൂര്‍, ആലുവ3. നാറാണത്തുഭ്രാന്തന്‍ - രായിരനല്ലൂര്‍, കൊപ്പം4. പാക്കനാര്‍, ഇരാറ്റിങ്ങല്‍, തൃത്താല5. അകവൂര്‍ ചാത്തന്‍, തിരുവില്വാമല6. വടുതല നായര്‍. മേഴത്തൂര്‍.7. ഉപ്പുകുറ്റന്‍, കുമ്പിടി - കൂറ്റനാട്8. കാരപ്പക്കലമ്മ - കവളപ്പാറ9. പാണനാര് - വാടാനാംകുറിശ്ശി10. രജകന്‍- ശുകപുരം, കടവല്ലൂര്‍11. വള്ളോന്‍ - പട്ടിത്തറ12. വായില്ലാക്കുന്നിലപ്പന്‍ - കടമ്പഴിപ്പുറം
ബ്രാഹ്മണനായ വരരുചിയും പറയിയായ പഞ്ചമിയും ഏതു ദേശത്തുനിന്നാണ് യാത്ര പുറപ്പെട്ടത്? ഏത് കാലത്തിലൂടെയാണവര്‍ സഞ്ചരിച്ചത്? ഇത്രയെല്ലാം കേട്ട നിലയ്ക്ക് അങ്ങനെയൊരു ചോദ്യം ഉയരുന്നത് സ്വാഭാവികമാണ്. എന്നാല്‍ മഹാകഥകളിലെ യുക്തി അന്വേഷിക്കരുത് എന്നതുപോലെ മഹാപരിവേഷത്തില്‍ പുലര്‍ന്ന അതീന്ദ്രിയ ജ്ഞാനികളുടെ കാലവും ദേശവും അന്വേഷിക്കാതിരിക്കുന്നതായിരിക്കും ഉചിതം. എന്തായാലും ആയിരത്തില്‍പരം വര്‍ഷങ്ങളായി ജനസമൂഹങ്ങള്‍ പന്തിരുകുലകഥ കൊണ്ടാടി നടന്നു എന്നതില്‍ നിന്നും അതിന്റെ പ്രാപഞ്ചികമായ അസ്തിത്വം നിസ്തര്‍ക്കമാണ് എന്നതില്‍ സംശയമില്ല. നമുക്ക് തീര്‍ത്തും അപ്രാപ്യമായ ആയിരത്തില്‍പരം വര്‍ഷങ്ങളുടെ അകല്‍ച്ചയുള്ള ഒരു കാലത്തെ ഇന്നത്തെ ഭൗതികസാഹചര്യങ്ങളുടെ സാധ്യതകളുമായി നിരീക്ഷണം നടത്തുന്നത് ഒട്ടുംതന്നെ യുക്തിക്ക് നിരക്കുന്നതല്ല. ഇന്നത്തെ ലോകസാഹചര്യങ്ങള്‍വെച്ച് അക്കാലത്തങ്ങനെ സംഭവിച്ചിട്ടില്ല എന്നെങ്ങനെ പറയാന്‍ സാധിക്കും? അതോടൊപ്പംതന്നെ അക്കാലത്ത് അങ്ങനെ സംഭവിച്ചു എന്ന് വാദിച്ചു സ്ഥാപിക്കേണ്ട ഉത്തരവാദിത്വവും നമുക്കില്ല. ആയിരത്തില്‍പരം വര്‍ഷങ്ങള്‍ ആഘോഷിക്കപ്പെട്ട പന്തിരുകുല ഇതിഹാസം സത്യത്തില്‍ സംസ്‌കാരത്തിലേക്ക് വകവെക്കപ്പെട്ടിരിക്കുന്നു. ഏതെങ്കിലുമൊരു നിശ്ചിതകാല പരിസരത്ത് സ്ഥാപിക്കപ്പെടുന്ന സംഭവങ്ങള്‍ ആ കാലത്തിന്റെ ഭൗതിക നാശത്തോടെ അസ്തമിക്കും. എന്നാല്‍ അതീത പരികല്പനയില്‍ വിന്യസിക്കപ്പെട്ട ഇതിഹാസങ്ങള്‍ കാലാതീതമായി നിലനിന്ന് 'സംസ്‌കാര'ത്തില്‍ ലയിക്കും. എന്നാല്‍ ഈ അതീതപരികല്പനകള്‍ ശൂന്യതയില്‍ നിന്നാവിര്‍ഭവിക്കുന്നതല്ല. സ്ഥായിയായ ധാതുമൂലകങ്ങളില്‍ അവയ്ക്ക് ഉചിതമായ കാലദേശങ്ങള്‍ സംഭവിച്ചിരിക്കും. ചരിത്രം ശാസ്ത്രം എന്നിവകൊണ്ട് അതീത കാലങ്ങളെ നിര്‍ണയിക്കാനാവില്ല. ഉദാഹരണത്തിന് പക്ഷികള്‍ മനുഷ്യനോട് വേദവചനങ്ങള്‍ ചൊല്ലി എന്നത് ശാസ്ത്രലോകത്തിന് എങ്ങനെ സാധൂകരിക്കാനാവും?
പക്ഷികളുടെ ജൈവലോകത്തെ സൂക്ഷ്മനിരീക്ഷണം നടത്തുന്നതില്‍ മനുഷ്യര്‍ ഇപ്പോഴും വളരെ പിറകിലാണ്. പക്ഷികളുടെ ശരീരശാസ്ത്രം തന്നെ ഇപ്പോഴും പൂര്‍ണതയില്‍ പഠിക്കപ്പെട്ടിട്ടില്ല. എന്നിട്ടല്ലേ പക്ഷികളുടെ മനസ്സ് പഠിക്കുന്നത്. എന്നാല്‍ തത്തകള്‍ ഇപ്പോഴും മനുഷ്യയുക്തിയില്‍ സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ആയതിനാല്‍ പ്രപഞ്ച സ്പന്ദനത്തെ പൂര്‍ണതയില്‍ ഉള്‍ക്കൊള്ളുന്നത് ചരിത്രമോ ശാസ്ത്രമോ അല്ല സംസ്‌കാരമാണ്. ദര്‍ശനങ്ങള്‍, മിത്തുകള്‍, ഐതിഹ്യങ്ങള്‍, കാവ്യങ്ങള്‍, പുരാവൃത്തങ്ങള്‍ അങ്ങനെ ബൃഹത്തായ കവചങ്ങളിലൂടെ കാലം സംസ്‌കാരത്തെ വഹിക്കുന്നു. ആ നിലയ്ക്കാണ് പറയിപെറ്റ പന്തിരുകുലം നമുക്ക് സ്വീകാര്യമാവുന്നത്. മാത്രമല്ല ഈ ലോകംതന്നെ ആദിയും അന്തവും നിര്‍ണയിക്കാനാവാത്ത പ്രതിഭാസമായതിനാല്‍ അവ്യക്തതയിലും അദൃശ്യതയിലും പുലരുന്ന പുരാവൃത്തങ്ങളാണ് ആത്യന്തികമായി ലോകത്തെ ജയിക്കുന്നത്.
എങ്കിലും ഒരു കൗതുകത്തിന് പന്തിരുകുലത്തിന്റെ കാലഗണന ഒന്നു പരിശോധിച്ചുനോക്കാം. വരരുചി വിക്രമാദിത്യരാജാവിന്റെ സദസ്സിലെ സേവകനായിരുന്നു എന്നതാണ് ഇതില്‍ പ്രധാനപ്പെട്ട കാലസൂചിക. ഭാരതത്തില്‍ വിക്രമാദിത്യ രാജവംശങ്ങള്‍ ഒന്നിലധികമുണ്ടായിട്ടുണ്ട്. നമ്മള്‍ കേട്ടുരസിച്ച വിക്രമാദിത്യകഥകളിലെ വേതാളത്തോടുകൂടി നടക്കുന്ന വിക്രമാദിത്യ രാജവംശമാണ് ഇതില്‍ പ്രധാനം. ഈ വിക്രമാദിത്യ രാജവംശം ഉത്തരേന്ത്യയിലെ ഉജ്ജയിനിയിലാണ് പിറവികൊണ്ടത്. ഉജ്ജയിനിയിലെ വിക്രമാദിത്യ രാജവംശത്തിന്റെ കാലഗണന നിര്‍ണയിച്ചിരിക്കുന്നത് മൂന്നാംനൂറ്റാണ്ടാണ്. ആയതിനാല്‍ പറയിപെറ്റ പന്തിരുകുല പിതാവായ വരരുചി ഇക്കാലത്തെ വിക്രമാദിത്യ രാജസദസ്സിലുണ്ടായിരിക്കാന്‍ സാധ്യതയില്ല. മാത്രമല്ല ഉത്തരേന്ത്യയില്‍ നിന്ന് ദമ്പതികള്‍ ദേശാന്തരങ്ങള്‍ താണ്ടി വള്ളുവനാട്ടില്‍ എത്തിച്ചേരുകയെന്നതും അസംഭവ്യമാണ്.
എന്നാല്‍ ഏഴാം നൂറ്റാണ്ടില്‍ പടിഞ്ഞാറന്‍ ചാലുക്യരാജവംശത്തില്‍ ഒരു വിക്രമാദിത്യ രാജപരമ്പര സംഭവിച്ചിട്ടുണ്ട്. ഈ രാജവംശത്തില്‍ആറ് രാജാക്കന്‍മാരുണ്ടായിരുന്നു. 670-ലാണ് വിക്രമാദിത്യ ഒന്നാമന്‍ അധികാരമേല്‍ക്കുന്നത്. വിക്രമാദിത്യ രണ്ടാമന്റെ കാലത്ത് പരാക്രമികളായ പല്ലവന്‍മാരുടെ പടയോട്ടത്തെ തടഞ്ഞുനിര്‍ത്തുകയും ദക്ഷിണേന്ത്യയുടെ വലിയൊരു ഭാഗം പടിഞ്ഞാറന്‍ ചാലൂക്യവംശത്തിന്റെ അധീനതയിലാക്കുകയും ചെയ്തു. പടിഞ്ഞാറന്‍ ചാലൂക്യരുടെ രാജ്യം കന്നഡദേശമാണ്. ആയതിനാല്‍ വരരുചി ഈ വിക്രമാദിത്യ സദസ്സിലാണ് സേവകനായി ഇരുന്നത് എന്നതിന് ചരിത്രപരമായ പൊരുത്തമുണ്ട്. മാത്രമല്ല. കന്നഡദേശത്തുനിന്ന് വരരുചിക്കും പഞ്ചമിക്കും ദേശാടനം നടത്തി എത്തിപ്പെടാന്‍ പാകത്തിലുള്ള ദൂരം മാത്രമേ വള്ളുവനാട്ടിലേക്കുള്ളൂ എന്നതും സ്വീകാര്യമാണ്. വരരുചിയും പഞ്ചമിയും കന്നഡദേശം കടന്ന് കേരളദേശത്തെത്തിച്ചേര്‍ന്നു എന്ന് അനുമാനിക്കാവുന്ന 7-8 നൂറ്റാണ്ടുകള്‍ കേരളദേശത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. എന്തെന്നാല്‍ 788-ലാണ് ശങ്കരാചാര്യര്‍ ജനിക്കുന്നത്. ഇന്ത്യന്‍ ആത്മീയതയുടെ ഇതിഹാസനായകനായ ശങ്കരാചാര്യര്‍ ബുദ്ധമതത്തിന്റെ ജീര്‍ണതയില്‍ നിന്ന് ഇന്ത്യ മുഴുവന്‍ പറന്നുനടന്ന് ഹൈന്ദവ നവോത്ഥാനം സാക്ഷാത്കരിച്ചു. 821-വരെ ജീവിച്ച് 33-ാം വയസ്സിലാണ് ശങ്കരാചാര്യര്‍ മരിക്കുന്നത്. 825-ലാണ് ചേരമാന്‍ പെരുമാള്‍ കേരളരാജ്യം പകുത്തു കൊടുത്ത് മക്കത്തേക്ക് കപ്പല്‍ കയറിയത്. ഇവ രണ്ടും കേരളചരിത്രത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്.
ഇങ്ങനെ വിഖ്യാതമായ രണ്ട് പലായനങ്ങള്‍ നടന്ന കാലത്ത് കന്നഡ ദേശത്തുനിന്ന് കേരളദേശത്തേക്ക് പറയിപെറ്റ പന്തിരുകുലത്തിനാധാരമായ ദമ്പതീപലായനം സംഭവിച്ചിരിക്കാം. അങ്ങനെ സംഭവിക്കാനുള്ള സാധ്യത കാലദേശരാശിയില്‍ വളരെ വ്യക്തതയോടെത്തന്നെ നിലകൊള്ളുന്നു. പന്തിരുകുലത്തിന്റെ മാനസിക ഘടന, നരവംശഭാവം, സാമൂഹികഘടന എന്നിവയെല്ലാം 7-8 നൂറ്റാണ്ടുകളുടെ സാധ്യത സാധൂകരിക്കുന്നു. ശങ്കരാചാര്യരുടെതും ചേരമാന്‍ പെരുമാളുടെതും സത്യത്തില്‍ പലായനങ്ങള്‍തന്നെയായിരുന്നു. നിലവിലുള്ള സവര്‍ണ യാഥാസ്തികത്വത്തിനെതിരെ പോരാടിയ ശങ്കരാചാര്യര്‍ യാഥാസ്ഥിതികരുടെ എതിര്‍പ്പ് അസഹ്യമായതിനെത്തുടര്‍ന്ന് കേരളം വിട്ടോടിപ്പോവുകയായിരുന്നു. അതുപോലെത്തന്നെ ചേരമാന്‍ പെരുമാള്‍ ബ്രാഹ്മണരുടെ രാജ്യം ഇത്രകാലം താന്‍ അടക്കിഭരിച്ചുവല്ലോ എന്ന കുറ്റബോധത്താല്‍ വിവശനായിത്തീരുകയും പാപമോചന പരിഹാരത്തിനായി ആറുശാസ്ത്രങ്ങളിലും മൂന്നുവേദങ്ങളിലും പരതുകയും ചെയ്തു. അക്കാര്യങ്ങളില്‍ അറിവുള്ള വേദജ്ഞാനികള്‍ നിലവിലുള്ള വേദശാസ്ത്രങ്ങളിലൊന്നിലും അതിന് പരിഹാരമില്ലെന്നും നാലാം വേദത്തിലാണ് സാധ്യതയെന്നും ഉപദേശിച്ചതിനാലാണ് ചേരമാന്‍ പെരുമാള്‍ മക്കത്തേക്ക് കപ്പല്‍ കയറിയത്. ഭരണപരമായി ബ്രാഹ്മണരുമായുള്ള കലഹവും പടനായകനുമായുണ്ടായ അഭിപ്രായവത്യാസവും പരിഗണിച്ചാലും എന്തുകൊണ്ടും അതൊരു പലായനം തന്നെയായിരുന്നു. ഒരായുസ്സുകൊണ്ട് ഒരു ദേശം താണ്ടാന്‍പോലും ഗതാഗതസൗകര്യമില്ലാത്ത അക്കാലത്ത് ശങ്കരാചാര്യര്‍ 33 വയസ്സിനുള്ളില്‍ ഇന്ത്യ മുഴുവന്‍ ഓടിനടന്നു. തകര്‍ന്ന ക്ഷേത്രങ്ങള്‍ പുനരുദ്ധരിച്ചും പ്രതിഷ്ഠ നടത്തിയും ഹൈന്ദവകാലം സാക്ഷാത്കരിച്ചു. സര്‍വജ്ഞപീഠം അലങ്കരിക്കുന്നതിനു മുന്‍പുള്ള അവസാന തര്‍ക്കത്തിനായി ശങ്കരാചാര്യര്‍ ബിഹാറില്‍ ചെന്ന് മണ്ഡനമിശ്രനെ തര്‍ക്കിച്ച് തോല്‍പ്പിച്ചതും അദ്ദേഹത്തിന്റെ ഭാര്യയുമായി തര്‍ക്കിക്കവെ ലൈംഗികകാര്യങ്ങളെപ്പറ്റിയുള്ള അറിവില്‍ പരാജിതനായ ശങ്കരാചാര്യര്‍ മരിച്ച രാജാവില്‍ പരകായപ്രവേശംചെയ്ത് രാജ്ഞിയില്‍ രതീക്രീഡ നടത്തി ലൈംഗികകാര്യങ്ങളില്‍ അറിവുനേടിയശേഷം മന്ദന്‍ മിശ്രയുടെ ഭാര്യയെ തര്‍ക്കത്തില്‍ തോല്പിച്ച് സര്‍വജ്ഞപീഠം നേടിയതും വിശ്വസിക്കാമെങ്കില്‍ പറയിപെറ്റ പന്തിരുകുലത്തിന്റെ അസ്തിത്വം എന്തുകൊണ്ട് വിശ്വസിച്ചുകൂടാ...
പന്തിരുകുലത്തില്‍ വായില്ലാകുന്നിലപ്പനൊഴികെ ജീവിച്ച പതിനൊന്നു പേരും പരസ്പരം തിരിച്ചറിയുകയും സഹോദരസ്‌നേഹത്തോടെ പുലരുകയും ചെയ്തു. അച്ഛനമ്മമാരുടെ ശ്രാദ്ധദിവസം പതിനൊന്നു പേരും അഗ്നിഹോത്രി ഇല്ലത്ത് ഒത്തുകൂടുകയും ഒരുമിച്ച് ബലിയിടുകയും ചെയ്തു. വിവിധ ജാതിമത സമൂഹങ്ങളില്‍ വളര്‍ന്ന് പന്തിരുകുലം കേരളദേശത്തിലെ ആദിമ മതമധുരസഹവാസത്തിന്റെ പ്രതിപുരുഷന്‍മാരാണ്. പന്തിരുകുലം അവതാരജന്മങ്ങളാണെന്ന് പൊതുവില്‍ വിശ്വസിക്കപ്പെടുന്നു. അപാരമായ ദൈവികാംശവും അതീന്ദ്രിയകലയും മായികസൂത്രങ്ങളും പന്തിരുകുലത്തില്‍ നിറവാര്‍ന്നു നിന്നു. എന്നാല്‍ മനുഷ്യപരമായ വിധിനിയോഗങ്ങളും പ്രാരബ്ധങ്ങളും പ്രയാസങ്ങളും മുറതെറ്റാതെ മനുഷ്യാവസ്ഥയില്‍ അനുഭവിച്ചാണ് പന്തിരുകുലം ആയുസ്സുപുലര്‍ന്നത്. മഹാവേദശാസ്ത്രജ്ഞാനിയായ അഗ്നിഹോത്രി പിതൃപാതയില്‍ 99 യാഗങ്ങള്‍ നടത്തി. 100-ാമത്തെ യാഗത്തിനൊരുങ്ങിയെങ്കിലും ദൈവിക ലോകത്തുനിന്ന് തടസ്സങ്ങളുണ്ടായി. എന്തെന്നാല്‍ നൂറാമത്തെ യാഗം നടന്നാല്‍ അതോടെ ദേവലോകം മനുഷ്യലോകത്തിനു സമമായിത്തീരും. മഹാ ദൈവികകലയില്‍ മണ്ണിനെയും വൃക്ഷങ്ങളെയും മൃഗങ്ങളെയും കാറ്റിനെയും നിയന്ത്രിക്കാനുള്ള ആത്മീയപ്രഭാവം അഗ്നിഹോത്രിക്കുണ്ടായിരുന്നു. ലോകത്തിന് ഔഷധമായ യാഗങ്ങളുടെ അവതാരപുരുഷനായിരുന്നു അഗ്നിഹോത്രി. കേരളദേശത്തിനു പുറത്ത് ചോള-പാണ്ഡ്യ രാജ്യങ്ങളിലും അഗ്നിഹോത്രി തന്റെ ആത്മീയപ്രഭാവം പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ അഗ്നിഹോത്രി ഒഴികെയുള്ളവരുടെ ആത്മീയദര്‍ശനം വ്യത്യസ്തമായിരുന്നു. അധികപരിവേഷങ്ങളും ചമയങ്ങളും ആവശ്യമില്ലാതെ ആത്മാര്‍ഥമായ ഉപാസനാവൈഭവംകൊണ്ട് ദൈവലോകത്തെ പ്രാപിക്കാനാവും എന്ന ദര്‍ശനമാണ് പന്തിരുകുലത്തിലെ ഭൂരിഭാഗംപേരും സ്വന്തം ജീവിതംകൊണ്ട് സമര്‍ഥിച്ചത്. പില്‍ക്കാലത്ത് മഹാത്മജിയുടെ ദൈവികദര്‍ശനവും ഈ നിലയിലാണ് വിഭാവനം ചെയ്യപ്പെട്ടത്. പാക്കനാരുടെ ഒരു ജീവിതാനുഭവത്തില്‍നിന്നുതന്നെ ആ ദര്‍ശനത്തിന്റെ പൊരുള്‍ വ്യക്തമാക്കാം.
ഒരുദിവസം പാക്കനാര്‍ മാടത്തിനു മുറ്റത്തിരിക്കുമ്പോള്‍ കാശിയിലേക്ക് ഗംഗാസ്‌നാനത്തിനു പോകുന്ന ഒരുകൂട്ടം ബ്രാഹ്മണരെ കണ്ടുമുട്ടി. പാക്കനാര്‍ ബ്രാഹ്മണരോട് പറഞ്ഞു. ഞാന്‍ ഒരു വടി തരട്ടെ അതുകൂടി ഒന്നു ഗംഗയില്‍ മുക്കിക്കൊണ്ടുവന്നാല്‍ ഉപകാരം. ബ്രാഹ്മണര്‍ സമ്മതിച്ചു. പാക്കനാര്‍ ലക്ഷണമൊത്ത ഒരു വടി ബ്രാഹ്മണരുടെ വശം കൊടുത്തയയ്ക്കുകയും ചെയ്തു. പാക്കനാര്‍ കൊടുത്തയച്ച വടി ഗംഗയില്‍ വെച്ച് കൈമോശംവന്നുപോയി. തീര്‍ഥയാത്ര കഴിഞ്ഞ് മടങ്ങിവന്ന ബ്രാഹ്മണയാത്രാസംഘത്തോട് പാക്കനാര്‍ എന്റെ വടിയെവിടെയെന്ന് ചോദിച്ചു. ബ്രാഹ്മണര്‍ വിഷമത്തിലായി, വടി പോയ്‌പ്പോയല്ലോ പാക്കനാരേ... പാക്കനാര്‍ ചോദിച്ചു എവിടെവെച്ചാണ് വടി നഷ്ടപ്പെട്ടത്? ബ്രാഹ്മണര്‍ പറഞ്ഞു ഗംഗയില്‍വെച്ചുതന്നെ. പാക്കനാര്‍ ചിരിച്ചു. സാരമില്ല... എന്നാല്‍ പരിഹാരമുണ്ട്. പാക്കനാര്‍ വീടിനു മുന്‍പിലുള്ള കുളത്തിലേക്ക് നോക്കി പറഞ്ഞു: ''എന്റെ വടിയിങ്ങോട്ടു പോരട്ടെ''. ഗംഗയില്‍ പൊയ്‌പ്പോയ വടി കുളത്തില്‍നിന്ന് പൊന്തിവരുന്നതു കണ്ട് ബ്രാഹ്മണര്‍ വിസ്മയപ്പെട്ടു. ഭക്തിയുള്ളവര്‍ക്ക് സകല ജലാശയങ്ങളും ഗംഗയാണ് എന്ന വിശ്വാസപ്രഖ്യാപനമാണ് പാക്കനാര്‍ സംഭവത്തിലൂടെ ബ്രാഹ്മണരെ ബോധ്യപ്പെടുത്തിയത്.
പെരുന്തച്ചന്റെ കഥ മലയാളിക്ക് കാണാപാഠമാണ്. പന്തിരുകുലത്തില്‍ ഏറ്റവും അറിയപ്പെട്ടതും പെരുന്തച്ചനാണ്. വിശ്വകര്‍മാവ് എന്നാല്‍ ലോകത്തെ നിര്‍മിക്കുന്നവന്‍ എന്നാണര്‍ഥം. തച്ചുശാസ്ത്രകലയുടെ സൂക്ഷ്മ സൂത്രരഹസ്യങ്ങള്‍ അറിഞ്ഞ അതികായനായ തച്ചനായിരുന്നു പെരുന്തച്ചന്‍. നിസ്സാരമായ ചില കരവിരുതുകള്‍ കൊണ്ട് അപാരമായ പ്രാപഞ്ചികപ്രസരണം തച്ചുശാസ്ത്രവിദ്യയില്‍ പെരുന്തച്ചന്‍ സാക്ഷാത്കരിച്ചു. ഭൂമിയുടെ സ്പന്ദനവും കാറ്റിന്റെ മര്‍മരവും. ദിശാ സൂത്രമര്‍മങ്ങളും കാലത്തിന്റെ സഞ്ചാരഗതിയും നിര്‍ണയിക്കാന്‍ പ്രാപ്തിയുള്ള തച്ചനു മാത്രമേ നിലനില്പുള്ള ഒരു നിര്‍മിതി ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. ആവിധം തച്ചുശാസ്ത്രകലയെ അതിശയിപ്പിച്ച അവതാരമാണ് പെരുന്തച്ചന്‍. പെരുന്തച്ചന്‍ ഉളികൊണ്ട് ഒന്ന് മേടിയാല്‍ ഭൂമിയുടെ ശിരോപാളികള്‍ താനേ തുറക്കപ്പെടുമായിരുന്നു.ക്ഷേത്രമാകട്ടെ ഭവനമാകട്ടെ ഏതൊരു നിര്‍മിതിയും നാശത്തെ അതിജീവിക്കുന്നത് അതിലേക്ക് സാധ്യമാകുന്ന പ്രസാദകരമായ ഊര്‍ജപ്രവാഹംകൊണ്ടാണ്. പിന്നെ ആധുനിക കവചചമയങ്ങള്‍ കൊണ്ടും ഭൗതികകലയിലെന്നപോലെ ആന്തരികമായ ദൈവിക വാത്സല്യത്തിലും ഒരേ കാലനേരത്ത് നിലയുറപ്പിച്ചുനിന്നുകൊണ്ടാണ് പെരുന്തച്ചന്‍ കാലഹരണപ്പെടാത്ത പെരുമ കരസ്ഥമാക്കിയത്. നിര്‍മാണകലയില്‍ അഭിരമിക്കുന്നവരെ ബാധിക്കുന്ന കര്‍ത്താഭിമാനം അതായത് താനെന്ന കര്‍മഭാവം പൂര്‍ണമായും അതിജീവിക്കാന്‍ പെരുന്തച്ചന് സാധിച്ചില്ല. സ്വന്തം മകനോട് തോന്നിയ അസൂയ കര്‍മവാസനയുടെ അനിവാര്യമായ വിധി തന്നെയായിരുന്നു.
നാറാണത്ത് ഭ്രാന്തന്റെ ഭ്രാന്ത് പൂര്‍ണമായും ദാര്‍ശനികമായിരുന്നു. ഭൂമിയിലെ വിവിധ ജന്മവിഭവങ്ങള്‍ പന്തിരുകുലത്തിലെ പത്ത് പേരും പകുത്തെടുത്തപ്പോള്‍ അവസാനം അദ്ദേഹത്തിനു കിട്ടിയത് ശേഷിച്ച ഉന്മാദം മാത്രമായിരുന്നു. ഉത്തമബോധ്യത്തോടെ ഉന്മാദം സ്വീകരിച്ച നാറാണത്ത് ഭ്രാന്തന്‍ പ്രപഞ്ചത്തിന്റെ പൊരുള്‍ തേടിയുള്ള യാത്രയില്‍ ഉന്മാദലവണം മോന്തിക്കുടിച്ച് സ്വയം ഭ്രാന്തനായി പ്രഖ്യാപനം ചെയ്തു. ഭൂമിയുടെ മറവിയില്‍ മധുരം കിനിയുമ്പോഴാണ് മതിഭ്രമമുണ്ടാവുന്നത്. മതിഭ്രമത്തിലേക്ക് മനുഷ്യമനസ്സ് മോഹവലയം ചെയ്യുമ്പോള്‍ ഉന്മാദമുണ്ടാകുന്നു. അപ്പൂപ്പന്‍താടിപോലെ ഭൂമിയില്‍ പാറിനടക്കുന്ന മതിഭ്രമം ഏറ്റുവാങ്ങാനാളില്ലാതെ വന്നാല്‍ ഭൂമിക്കുതന്നെ ഭ്രാന്ത് പിടിച്ചുപോകും. ഭൂമിയെ ചങ്ങലയ്ക്കിടേണ്ട ഭീകരവിധി തിരിച്ചറിഞ്ഞ് ഭ്രാന്ത് മുഴുവന്‍ തന്നിലേക്കേറ്റുവാങ്ങിയവനാണ് നാറാണത്തുഭ്രാന്തന്‍. ഭൂമിയെ രക്ഷിക്കാനായി പരമശിവന്‍ വിഷം കോരി കുടിച്ചുതീര്‍ത്തതുപോലെ ലോകനന്മയ്ക്കുവേണ്ടി നാറാണത്തുഭ്രാന്തനും ഭൂമിയിലെ ഉന്മാദം കോരിക്കുടിച്ചു. ഭ്രാന്തന്‍മാരുടെ ദര്‍ശനങ്ങള്‍ വ്യാഖ്യാനിക്കുക പ്രയാസമാണ്. സാധാരണ മനുഷ്യയുക്തിയില്‍ ഭ്രാന്തദര്‍ശനങ്ങള്‍ വഴിപ്പെടുകയില്ല. ഉദാഹരണത്തിന് നാറാണത്തുഭ്രാന്തന്റെ പ്രധാന ഉന്മാദവൃത്തി മലയിലേക്ക് കല്ലുരുട്ടിക്കയറ്റി താഴേക്ക് ഉരുട്ടിവിട്ടശേഷം കൈകൊട്ടിച്ചിരിക്കലായിരുന്നു.
അപാരമായ പ്രയത്‌നത്തില്‍നിന്നാണ് തീരെ ചെറിയ ആനന്ദമുണ്ടാകുന്നതെന്നും അപ്രാപ്യമായ മഹാലോകത്ത് മനുഷ്യാവസ്ഥയുടെ നിസ്സാരതയും നിരര്‍ഥകതയും വിളംബരം ചെയ്യുകയാണെന്നും കല്ലുരുട്ടലിന്റെ ഭ്രാന്തകലയെ വേണമെങ്കില്‍ വ്യാഖ്യാനിക്കാം. രായിനല്ലൂര്‍ മലയിലെ സവിശേഷമായ പ്രകൃതിസാന്നിധ്യം സൂര്യന്റെ സജീവസഹവാസമാണ്. മലമുകളില്‍ നില്‍ക്കുമ്പോള്‍ സൂര്യന്‍ കൈയെത്താദൂരത്ത് ഒരു മാമ്പഴം പോലെ നില്‍ക്കുന്നതായി തോന്നും. നാറാണത്ത് ഭ്രാന്തന്റെ ഭ്രാന്തിന്റെ ഊര്‍ജവും സൂര്യനായിരുന്നു. സൂര്യന്‍ ഉച്ചിയിലെത്തുമ്പോഴാണ് മൂപ്പര്‍ക്ക് 'ഭ്രാന്ത്' മൂത്തിരുന്നത്. ഭ്രാന്തിന്റെ ജ്വരയില്‍ പ്രഭാതങ്ങള്‍ മടുത്ത നാറാണത്തുഭ്രാന്തന്‍ മലയുടെ നെറുകയിലിരുന്ന് 'ഉച്ചയായോടാ.. സൂര്യാ. ഉച്ചിയിലായോടാ.. എന്ന് ഉച്ചത്തില്‍ വിളിച്ചു ചോദിച്ചുകൊണ്ടിരുന്നു. മനുഷ്യശരീരത്തിലെ ഊര്‍ജപ്രവാഹത്തിന്റെ സന്തുലിതാവസ്ഥ പിഴയ്ക്കുമ്പോഴാണ് ഭ്രാന്തുണ്ടാകുന്നത് എന്ന ചികിത്സാതത്ത്വവും സൂര്യനുമായുള്ള നാറാണത്തുഭ്രാന്തന്റെ ഭ്രാന്തുമായി ബന്ധിപ്പിച്ച് നിര്‍ണയിക്കേണ്ടതുണ്ട്. ആ നിലയ്ക്ക് നാറാണത്ത് ഭ്രാന്തന്‍ സൂര്യനെ അനുകരിക്കുകയാണെന്നും ചിന്തിക്കാവുന്നതാണ്. രാവിലെ മുതല്‍ ഭൂമിയെ വലയം ചെയ്ത് അന്തിക്ക് കടലില്‍ ചാടുന്ന സൂര്യകുസൃതിപോലെ തന്നെയാണല്ലോ അന്തിയോളം കല്ലുരുട്ടിക്കയറ്റി അന്തിക്ക് താഴേക്കുരുട്ടി വിടുന്നത്. നേരത്തെ പറഞ്ഞതുപോലെ ഭ്രാന്തന്‍മാരുടെ ദര്‍ശനം ഭ്രാന്തില്ലാത്തവര്‍ക്ക് വ്യാഖ്യാനിക്കാനാവില്ല എന്നതാണ് സത്യം. ഇതെഴുതുന്നയാള്‍ക്ക് ചെറിയ തോതിലുള്ള ഉന്മാദമുണ്ട്. ഭാരതപ്പുഴയുടെ ഊഷ്മള ശൈത്യം കൊണ്ട് ഭ്രാന്തിനെ നേരിട്ട് നില്‍ക്കുകയാണ്. നാളെ പുഴ ജയിക്കുമോ ഭ്രാന്ത് ജയിക്കുമോ എന്നറിയില്ല. ഭ്രാന്താണ് ജയിക്കുന്നതെങ്കില്‍ തീര്‍ച്ചയായും നാറാണത്തു ഭ്രാന്തന്റെ ദര്‍ശനങ്ങള്‍ ഞാന്‍ വ്യാഖ്യാനിക്കാന്‍ പരിശ്രമിക്കാം.
പറയി പെറ്റ പന്തിരുകുലം ഈ ഭൂമുഖത്ത് എങ്ങനെ മുളയിലും വിളയിലും മണ്‍പശിമയിലും പുളഞ്ഞു ജീവിച്ചു എന്നതിനുള്ള ഏറ്റവും വലിയ തെളിവുകളാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലും നിലനില്‍ക്കുന്ന പന്തിരുകുലശേഷിപ്പുകള്‍. അഗ്നിഹോത്രി ഇല്ലം, നാറാണത്തു ഭ്രാന്തന്‍ വസിച്ച രായ്‌നല്ലൂര്‍ മല, പാക്കനാര്‍ക്ഷേത്രം എന്നിവയാണ് പ്രധാനപ്പെട്ട പന്തിരുകുല കമാനങ്ങള്‍. പുരാതനഗന്ധം വമിക്കുന്ന ഭൂതകാല പേടകം എന്നു വിശേഷിപ്പിക്കാവുന്ന അഗ്നിഹോത്രിഇല്ലം അതിന്റെ സകലശാഖികളോടും ചമയങ്ങളോടും കൂടി കാലത്തെ കവച്ചുവെച്ച് നിലകൊള്ളുന്നു. ആ പ്രാചീന ഭവനത്തെ ഘനീഭവിപ്പിച്ചുനില്‍ക്കുന്ന നിഗൂഢഭാവവും കാലപ്പഴക്കവും പ്രാചീന ഭംഗിയും ആരേയും അതിശയപ്പെടുത്തും. നാറാണത്ത് ഭ്രാന്തന്റെ ഭ്രാന്തദര്‍ശനം മൂത്തുവിളഞ്ഞ രായിനല്ലൂര്‍ മല പ്രകൃതിയുടെ നിഷ്‌കളങ്കമായ ജൈവികോത്സവത്തിന് ഭ്രാന്തിന്റെ ഉന്മാദവന്യത വഹിച്ചുനില്‍ക്കുന്നു. പാക്കനാര്‍ ക്ഷേത്രത്തില്‍ പാക്കനാരുടെ പിന്‍മുറക്കാര്‍ കുലപരമായ ഗോത്രോപാസനാ സംസ്‌കാരത്തില്‍ പുലരുന്നു. പാക്കനാര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനു പന്തിരുകുലത്തിലെ പിന്‍മുറക്കാര്‍ ഇപ്പോഴും എത്തിച്ചേരാറുണ്ട്. ഉത്സവദിവസം പാക്കനാര്‍ ക്ഷേത്രത്തില്‍ പൂജനടത്തുന്നത് അഗ്നിഹോത്രി ഇല്ലത്തെ ബ്രാഹ്മണരാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകത്തില്‍ പന്തിരുകുലത്തിലെ പിന്‍മുറക്കാര്‍ ചേര്‍ന്ന് അഗ്നിഹോത്രി ഇല്ലത്ത് വെച്ച് വരരുചിക്കും പഞ്ചമിക്കും ഒരു ശ്രാദ്ധബലി അര്‍പ്പിക്കുകയുണ്ടായി. വരാനിരിക്കുന്ന തലമുറകളുടെ ബലിപിണ്ഡത്തില്‍ കാലത്തെ ഹോമം ചെയ്ത് ലോകാവസാനത്തിന്റെ മടുപ്പും മ്ലാനതയും മറികടക്കാനായി കറവറ്റാത്ത കഥകളും കളിയുംചിരിയുമായി വരരുചിയും പറയിയും പ്രണയസല്ലാപം രചിച്ചിരിക്കുന്നു.


VIEW ON mathrubhumi.com