ഹൃദയത്തില്‍ തൊട്ട് അഗസ്ത്യമല

By: എഴുത്ത്: ജി.ജ്യോതിലാല്‍/ചിത്രങ്ങള്‍: മധുരാജ്
ഗസ്ത്യഹൃദയം തേടി പോകാം. കൊടും കാടിന്റെ പൊരുളറിഞ്ഞ്, വെള്ളച്ചാട്ടങ്ങളും പുല്‍മേടുകളും താണ്ടി അപൂര്‍വ്വ ഔഷധസസ്യങ്ങളുടെ ലോകത്തിലൂടെ ഒരു യാത്ര. 36 കിലോമീറ്റര്‍ നടന്ന് അഗസ്ത്യമുനിയുടെ ശിലാപ്രതിഷ്ഠയും തൊഴുത് തിരിച്ചിറങ്ങുമ്പോള്‍ മനസും ശരീരവും പുത്തനുണര്‍വ്വ് കൈവരിക്കുന്നു. കേരളത്തിലെ ഏറ്റവും ദുര്‍ഘടമായ ട്രെക്കിങ് പാത്താണ് നിങ്ങള്‍ കീഴടക്കുന്നത്. ശബരിമല നട അടയ്ക്കുമ്പോള്‍ ഇവിടേയ്ക്കുള്ള തീര്‍ഥാടനം തുടങ്ങുകയായി.
വന്യമൃഗങ്ങളുടെ സങ്കേതം. ചോരയൂറ്റാന്‍ കാത്തിരിക്കുന്ന അട്ടകള്‍. അള്ളിപ്പിടിച്ച് കയറേണ്ട പാറകള്‍. ദുര്‍ഘടമായ പാതയും. തിരുവനന്തപുരത്തു നിന്ന് അഗസ്ത്യകൂടത്തിലേക്ക് യാത്രതിരിക്കും മുമ്പ് മുന്നനുഭവങ്ങളുടെ വെളിച്ചത്തില്‍ പലരും പറഞ്ഞു. എല്ലാം താണ്ടിയെത്തുമ്പോള്‍ മനസ്സില്‍ സൂക്ഷിക്കാന്‍ ബാക്കിയാവുന്ന അനുഭവനിധികളെ പറ്റി പറയാനും അവര്‍ മറന്നില്ല.
തിരുവനന്തപുരം- നെടുമങ്ങാട്-വിതുര. ഒമ്പതു മണിക്ക് പുറപ്പെട്ട യാത്ര വിതുരയിലെത്തിയപ്പോള്‍ മണി 11. വിതുരയില്‍ നിന്നാണ് കാട്ടിലേക്ക് വേണ്ട സാധനങ്ങള്‍ സ്‌റ്റോക്ക് ചെയ്തത്. അത്യാവശ്യ സാധനങ്ങളുമായി കാണിത്തടത്തെ വനം വകുപ്പ് ചെക്ക്‌പോസ്റ്റിലെത്തുമ്പോള്‍ 12 മണിയായി. വഴികാട്ടികളായി ഗിരീഷ്‌കുമാറും ബിനുക്കുട്ടനും കാത്തിരിപ്പുണ്ടായിരുന്നു. ഫോറസ്റ്റ് ഗാര്‍ഡ് ശശിധരക്കുറുപ്പ് അഗസ്ത്യമലയെ കുറിച്ച് ചില പ്രാഥമിക വിവരങ്ങള്‍ തന്നു. ഒരു മണിക്ക് ബോണക്കാടെത്തി. ബോണക്കാടില്‍ നിന്ന് നാലു കിലോമീറ്റര്‍ നടന്നാല്‍ വനംവകുപ്പിന്റെ പിക്കറ്റ് സ്റ്റേഷനായി. കാട് അവിടെ തുടങ്ങുന്നു.പച്ചക്കാടാണ് ഇനി. സൂര്യ വെളിച്ചം നിഴലായി മാത്രം താഴെയെത്തുന്ന നിബിഡ വനം. കല്ലും മുള്ളും വേരും നിറഞ്ഞ ട്രെക്കിംഗ് പാത്ത്. അടുത്ത ലക്ഷ്യം അതിരുമല ബേസ് ക്യാംപാണ്. അവിടെയൊരു വയര്‍ലസ് സ്റ്റേഷനും ഡോര്‍മറ്ററിയുമുണ്ട് 16 കിലോമീറ്ററാണ് അവിടേക്ക് നടക്കാനുള്ളത്. ഞങ്ങള്‍ യാത്ര തുടങ്ങി. മണി മൂന്നായി.
മൃഗങ്ങള്‍ എന്തെല്ലാമുണ്ടീ കാട്ടില്‍?'ആന, പുലി, കാട്ടുപോത്ത്, കരടി, കരിങ്കുരങ്ങ്, കേഴമാന്‍ തുടങ്ങി പലതരം. പാമ്പുമുണ്ട്.'ആക്രമിക്കാറുണ്ടോ?വന്യമൃഗങ്ങള്‍ വെറുതേകേറി ആക്രമിക്കാറില്ല. ജീവരക്ഷാര്‍ഥം മാത്രം. കുഞ്ഞ് കൂടെയുണ്ടെങ്കില്‍ കരടി ചെലപ്പോ ആക്രമിക്കും. കുഞ്ഞിനെ തട്ടിയെടുത്താലോ എന്ന ഭയം കൊണ്ടാണത്. കരടിക്ക് നല്ല ശക്തിയാ, ഒരടി കിട്ടിയാല്‍ എല്ലു വരെ നുറുങ്ങിപ്പോവും. അങ്ങിനെ കൈ നഷ്ടപ്പെട്ട ഒരാള്‍ ഞങ്ങള്‍ക്കിടയിലുണ്ട്. കരടി തേന്‍ എടുക്കാന്‍ മരത്തില്‍ കയറും. കയറാന്‍ അറിയാമെങ്കിലും അതിന് ഇറങ്ങാന്‍ പറ്റില്ല. തേന്‍ കുടിച്ച് മത്തായി പിടി വിട്ട് താഴെയ്ക്ക്് വീഴുകയാണ് ചെയ്യുക.'
ബിനു പകരുന്ന കാടറിവുകളും കേട്ട്, ബോണാ ഫാള്‍സ്്, തങ്കയ്യന്‍ വെച്ച കോവില്‍, കരമനയാറ്, വാഴപീന്തിയാറ്, അട്ടയാറ്, പിന്നെ കൊച്ചു കൊച്ചു വെള്ളച്ചാട്ടങ്ങള്‍ വേറെയും പിന്നിട്ട് ഏഴുമടക്കം തേരിയിലെത്തി. പുല്‍മേടായ ഒരു മല കടക്കാന്‍ ഏഴു മടക്കായിട്ടിരിക്കുന്ന വഴിയാണിത്. ചുരം സ്റ്റൈലില്‍ ഏഴു ഹെയര്‍പിന്‍ വളവുകള്‍. കിഴക്ക് സഹ്യപര്‍വ്വതം കോട്ട കെട്ടിയപോലെ. പടിഞ്ഞാറ് പച്ചവിരിച്ചിട്ട മലനിരകളുടെ നിമ്‌നോന്നതങ്ങള്‍. ബ്രിട്ടീഷുകാര്‍ പണിത ഒരു കുതിര ലായത്തിന്റെ അവശിഷ്ടങ്ങളും കണ്ടു. അന്നവര്‍ അതിരു മലയില്‍ തേയിലത്തോട്ടമുണ്ടാക്കിയിരുന്നു.
ഇരുണ്ടു തുടങ്ങി. കാട്ടിലെ രാത്രിക്ക് ഇരുളിമ കൂടുതലാണ്. വഴി ഹൃദിസ്ഥമായ ബിനുക്കുട്ടനാണ് മുന്നില്‍. അവന്റെ കാലടികള്‍ പിന്തുടരുകയാണ് ഞങ്ങള്‍. പുല്‍മേട്ടില്‍ നിലാവെളിച്ചം തുണയുണ്ട്.മുന്നില്‍ നടന്ന ബിനു പെട്ടെന്നൊന്ന് നിന്നു. കണ്ണും കാതും കൂര്‍പ്പിച്ചു. മണം പിടിച്ചു. അവന്‍ പരിസരത്തെങ്ങാനുമുണ്ടോ?എന്താടാ, എന്തുപറ്റി? പിന്നില്‍ നിന്നും ടോര്‍ച്ചടിച്ച് ഗിരീഷ്.പുല്ല് പറിച്ചിട്ടിരിക്കുന്നു. ചൂരുമുണ്ട്. ആനയുണ്ടെന്നാ തോന്നുന്നത്.ഗിരീഷ് ഓടിയെത്തി. ടോര്‍ച്ചടിച്ചു. ഇത് ഉച്ചയ്‌ക്കെങ്ങാനും പോയതായിരിക്കും. പുല്ല് വാടിയിട്ടുണ്ട്. നടക്ക്. അത് അതിന്റെ വഴിക്ക് പോകും. നമ്മള്‍ നമ്മുടെ വഴിക്കും. നടത്തം തുടര്‍ന്നു. വഴിക്ക് ആനപിണ്ടങ്ങള്‍, നീരരുവികളില്‍ ആന കുളിച്ച് മദിച്ചതിന്റെ ലക്ഷണങ്ങള്‍. മനസ്സില്‍ ഒരാനപ്പേടി ചിന്നം വിളിച്ചെങ്കിലും പുറത്ത് കാണിച്ചില്ല.
ഇനി വരാന്‍ പോകുന്നതാണ് മുട്ടിടിച്ചാന്‍ തേരി. കയറുമ്പോള്‍ കാല്‍മുട്ട് താടിയില്‍ പോയിടിക്കും. അത്രയ്ക്ക് കഠിനമായ പാത. കൊടുംകാടും. നിലാവ് താഴെയെത്തുന്നില്ല. പിന്നില്‍ നിന്നടിക്കുന്ന ടോര്‍ച്ച് വെളിച്ചത്തില്‍ പയ്യെ പയ്യെ മുന്നോട്ട്. ടോര്‍ച്ച് മങ്ങി തുടങ്ങുന്നു. ഇനിയും ദൂരങ്ങള്‍ താണ്ടാനുണ്ട്. മസിലുകള്‍ പിടിച്ചു തുടങ്ങിയിരിക്കുന്നു. ആയാസപ്പെടുന്ന ചുവടുകള്‍ക്ക് ആശ്വാസമേകാന്‍ കാട്ടിലെ കാറ്റ് തുണ. കാട്ടരുവിയിലെ വെള്ളവും. നടത്തം ഊര്‍ജ്ജിതപ്പെടുത്തി.
ടോര്‍ച്ചിലെ വെളിച്ചം മങ്ങി തുടങ്ങി. വഴിയറിയാത്ത ഈ വനാന്തരത്തില്‍ വെളിച്ചമില്ലാതെ എന്തു ചെയ്യും? എന്തായാലും അതിരുമലയെത്തിയാലെ പറ്റൂ. തലചായ്ക്കാനല്ല. കാല് ചായ്ക്കാന്‍. മസിലുകള്‍ പെരുകി മുറുകുന്നു. നടത്തത്തിന് വേഗം കൂടി .വെളിച്ചത്തിന് മങ്ങലും. ഒടുക്കം അതൊരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമായി. വഴി നിശ്ചയമുള്ളതു കൊണ്ട് ബിനുക്കുട്ടന്‍ മുന്നോട്ട്. പിന്നാലെ ഞങ്ങളും. അട്ടക്കാടെത്തി. കാലില്‍ എവിടെയൊക്കെയോ അട്ട കയറുന്നു. ഒന്നും നോക്കാന്‍ നേരമില്ല. ഗിരീഷ്‌കുമാര്‍ ചെക്‌പോസ്റ്റിലേക്ക് വിളിച്ചു. വയര്‍ലസ്സില്‍ ഒരു മെസേജ് നല്‍കാന്‍. ഡോര്‍മെറ്ററിയില്‍ നിന്ന് ആരെങ്കിലും ടോര്‍ച്ചുമായി വന്നെങ്കില്‍..! പക്ഷേ എന്തു ചെയ്യാന്‍? വയര്‍ലെസ് സെറ്റ് ഓഫ് ചെയ്തിട്ടിരിക്കുകയാണ്. ഇനി ഒന്നും നോക്കാനില്ല. കണ്ണും പൂട്ടി നടക്കുക തന്നെ.
8.30. അതിരുമലയിലെത്തി. വയര്‍ലസ് ഓപ്പറേറ്റര്‍ ഋഷികേശ് ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. 'ആരാ... ആരാ...' അദ്ദേഹം ഓടി വന്നു. മുന്‍കൂട്ടി വിവരം ലഭിക്കാത്തതിനാല്‍ ഇങ്ങിനെ ചില അതിഥികളെ അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. ദൈ്വവാരം കാട്, ദൈ്വവാരം നാട്. ഋഷികേശ് എന്ന വിമുക്തഭടന്റെ ഇവിടുത്തെ ജീവിതം അങ്ങിനെയാണ്. 15 ദിവസത്തേക്കുള്ള ഭക്ഷണവുമായി കാടു കയറിയാല്‍ പിന്നെ 15 ദിവസം കഴിഞ്ഞിറങ്ങും. പകരം മാത്തന്‍ കാണി വരും. മഴയായാലും വെയിലായാലും ഇത് തെറ്റിക്കാന്‍ പറ്റില്ല. കാടിനുള്ളിലെ വിവരങ്ങള്‍ പുറംലോകത്തെത്തിക്കാന്‍ വയര്‍ലസ്സാണ് ഏക സംവിധാനം. കറന്റില്ലാത്ത അവിടെ സോളാര്‍ ബാറ്ററി കൊണ്ടാണിവ പ്രവര്‍ത്തിക്കുന്നത്.
ഈ ഏകാന്ത കാനനവാസം മടുപ്പിക്കില്ലേ? ഋഷികേശന്‍ ചേട്ടനോട് ചോദിച്ചു. ഇത് ശീലമായി. പിന്നെ നിങ്ങളെപ്പോലുള്ള അതിഥികള്‍ ഇടയ്ക്കുണ്ടാവും. റേഡിയോയാണ് മറ്റൊരു കൂട്ട്. അതിപ്പം ചീത്തയായി കിടക്കുകയാണ്.തണുത്ത കാറ്റ് ആഞ്ഞുവീശുന്നു. മുകളില്‍ അഗസ്തകൂടം മഞ്ഞില്‍ പുതഞ്ഞ്കിടക്കുന്നു. കാറ്റില്‍ കോട നീങ്ങുമ്പോള്‍ ഇടയ്ക്കത് തെളിയുന്നു. നക്ഷത്രങ്ങള്‍ വിരിഞ്ഞ നീല വാനില്‍ പൗരാണികതയുടെ ദിവ്യ സാന്നിധ്യമായി അഗസ്ത്യകൂടം മോഹിപ്പിക്കുന്ന കാഴ്ചയായി നിറയുന്നു.കാല് നനയുന്നുണ്ട്. ഒന്നു നോക്കണം. സോളാര്‍ ലൈറ്റിന്റെ വെളിച്ചത്തില്‍ ഷൂസ് ഊരി നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. കാല് നിറയെ അട്ട. കുടു കുടാ ചോര. ഋഷികേശ് ഉപ്പുമായോടി വന്നു. അട്ടകള്‍ പിടിവിട്ടു. പക്ഷേ ചോര നിലയ്ക്കുന്നില്ല. ചോര കട്ടിയാവാതിരിക്കാനുള്ള മരുന്ന് കൂടി കുത്തി വെച്ചിട്ടാണത്രെ അട്ട ചോരയൂറ്റാന്‍ തുടങ്ങുന്നത്. കാലുകഴുകി. മുറിവായില്‍ ഉപ്പിന്റെ നീറ്റല്‍. ചോര ചാടുന്നിടത്ത്് ന്യൂസ് പേപ്പറുകള്‍ ഒട്ടിച്ചിട്ടു. രക്തം നിലയ്ക്കാന്‍ അതാണ് വഴി.ഗിരീഷും ബിനുവും കഞ്ഞിവെപ്പ് ആരംഭിച്ചിരുന്നു. അടുപ്പിനരികില്‍ ചൂടു പിടിപ്പിച്ചങ്ങിനെ.. അഗസ്ത്യകൂടത്തിന്റെ മനോഹരമായ ഒരു രാത്രി കാഴ്ച ക്യാമറയിലാക്കാനുള്ള വെമ്പലിലാണ്. മധു. ഈ ഡോര്‍മിറ്ററി ഒരു കിടങ്ങിനു നടുവിലാണ്. അതുകൊണ്ട് ആനയെ പേടിക്കണ്ട. പണ്ടിവിടെ പണിക്കു വന്നവരുടെ കൂടെയുണ്ടായിരുന്ന പട്ടിയെ പുലിപിടിച്ച കഥ ഋഷികേശ് പറഞ്ഞു. വാതില്‍ കുറ്റിയിട്ടെന്ന് ഉറപ്പു വരുത്തിയത് അതുകൊണ്ടു കൂടിയാണ്.
കഞ്ഞികുടിച്ച് സ്ലീപ്പിംഗ് ബാഗിനുള്ളില്‍ ഉറക്കം കാത്ത് കിടക്കുമ്പോള്‍ പിന്നിട്ട വഴികളെ കുറിച്ച് ഓര്‍ത്തുപോയി. അറിയാതെ പടരുന്നൊരു ഭയം. എന്ത് വിവരക്കേടാണ് കാണിച്ചത്. കയ്യിലൊരു ടോര്‍ച്ചില്ലാതെ ഒരിക്കലും കാട്ടില്‍ പോകരുത്. ഓരോരുത്തരുടെ കയ്യിലും ഒരു ടോര്‍ച്ച് വേണം. അട്ട കടിക്കാതിരിക്കാന്‍ കാലില്‍ ഉപ്പു പുരട്ടണം. കയ്യില്‍ ഒരു ഉപ്പു കിഴി കരുതിയാല്‍ ഉത്തമം. കാട്ടിലെ പാഠങ്ങള്‍ മനസ്സിലുറപ്പിക്കവെ ചിന്തകള്‍ ഉറക്കത്തിന് വഴി മാറി.കൊക്കക്കോ.. കോ.. കാട്ടിലും കൂവിയുണര്‍ത്താന്‍ കോഴിയോ? കാട്ടുകോഴികള്‍ കാടിനെ കൂവിയുണര്‍ത്താറുണ്ടോ? ഓ, ഇത് മൊബൈല്‍ കോഴിയാണ്. അലാറം വെച്ചിരുന്നു. 5.30. എല്ലാവരും എഴുന്നേറ്റു. ഒരു കട്ടന്‍ ചായ തയ്യാറാക്കി. പ്രാഥമിക കൃത്യങ്ങള്‍ കഴിഞ്ഞ് അതിരുമലയില്‍ നിന്ന് അഗസ്ത്യകൂടത്തിലേക്ക്.
Travel Tips
 • നിശ്ശബ്ദതയും അച്ചടക്കവും പാലിക്കുക
 • വര്‍ണ്ണ വസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളും ഉപയോഗിക്കരുത്.
 • മൃഗങ്ങളെ ശല്യപ്പെടുത്തരുത്.
 • അത്യാവശ്യ മരുന്നുകളും പ്രഥമ ശുശ്രൂഷാ കിറ്റും കരുതണം.
 • ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിക്കുക.
 • ഔഷധ സസ്യങ്ങള്‍ നശിപ്പിക്കരുത്.
 • മദ്യം പാടില്ല.
 • പ്ലാസ്റ്റിക്ക് അടക്കം കൂപ്പികളും മാലിന്യങ്ങളും വലിച്ചെറിയരുത്
 • ജംഗിള്‍ ബൂട്ട്‌സ് ഉപയോഗിക്കാം.
 • സ്‌ളീപ്പിങ് ബാഗ് കരുതുന്നതും നല്ലതാണ്.
 • ടോര്‍ച്ച് കരുതണം. ചാര്‍ജ് ചെയ്യാന്‍ സൗകര്യമില്ലാത്തതിനാല്‍ ബാറ്ററി ടോര്‍ച്ചാണ് നല്ലത്. ഒപ്പം ബാറ്ററിയും കരുതുക.
 • അട്ടയില്‍ നിന്ന് രക്ഷനേടാന്‍ പുകയിലയും ഉപ്പും കരുതുക.
 • ഹൃദ്രോഗികളും രക്തസമ്മര്‍ദ്ദമുള്ളവരും കഴിവതും മലകയറ്റമൊഴിവാക്കുക.
'ഈറ്റക്കാട്ടിലെത്തുമ്പോ സൂക്ഷിക്കണം. ഇന്നലെ വിസിലടി കേട്ടിരുന്നു.' (ചിന്നംവിളിക്ക് കാട്ടിലെ ഭാഷ). ഋഷികേശ് മുന്നറിയിപ്പ് തന്നു.അത് ഞങ്ങള്‍ക്ക് മുമ്പേ വന്ന ആനക്കൂട്ടമായിരിക്കും. അത് ഇപ്പോ നെയ്യാറിലെത്തിയിരിക്കും -ആന സഞ്ചാരത്തെ കുറിച്ച്് കണക്കുകൂട്ടലുകളുള്ള ഗിരീഷിന്റെ മറുപടി.
ഈറ്റക്കാട് തുടങ്ങുന്നതിനു മുമ്പുള്ള പാറക്കൂട്ടത്തിലിരുന്ന് ഞങ്ങള്‍ അവല്‍ നനച്ചു. മധു മലയോര ദൃശ്യങ്ങള്‍ ക്യാമറയിലാക്കി. ഈറ്റക്കാട്ടില്‍ ചിലപ്പോ വഴി തെറ്റിപ്പോകും. കാരണം അവിടെ ആനകളും ചില വഴിയുണ്ടാക്കിവെച്ചിട്ടുണ്ടാവും.ഇതു കണ്ടോ ഈ ഭാഗം തമിഴ്‌നാടാണ്. ബിനു കേരള-തമിഴ്‌നാട് അതിര്‍ത്തി കാട്ടിതന്നു. ഇനി നമ്മള്‍ കയറാന്‍ പോകുന്ന പൊങ്കാലപ്പാറയും തമിഴ് നാട്ടിലാണ്. തമിഴ്‌നാടിനെ ഒന്ന് തൊട്ട് വീണ്ടും കേരളത്തില്‍ കടന്ന് അങ്ങിനെയാണീ യാത്ര.ഈറ്റക്കാടിനപ്പുറത്ത് പൊങ്കാലപ്പാറ ഒരു കരിമ്പടം വിരിച്ചിട്ടപോലെ കിടക്കുന്നു. ബിനുക്കുട്ടന്‍ ഒന്നു നിന്നു. ആന? എല്ലാ മുഖങ്ങളിലും ആകാംക്ഷ. ഒരു കാട്ടിക്കൂട്ടം. ഒച്ചയുണ്ടാക്കണ്ട. ഇവിടെ പതുങ്ങിയിരുന്നോ? ഫോട്ടോയെടുക്കാന്‍ പറ്റുമോന്ന് നോക്ക.് നമ്മളെ കണ്ടാല്‍ ചിലപ്പോ ഓടിക്കളയും. ഞങ്ങള്‍ സമീപത്തെ പാറയിലമര്‍ന്നു. അട്ട കയറുമോ എന്ന ഭയത്തോടെ.ദൂരെ കുന്നിനു മുകളില്‍ രണ്ടു കൊമ്പുകള്‍ തെളിയുന്നു. കാട്ടി ഞങ്ങളെ സുക്ഷിച്ചു നോക്കുന്നു. അവ മെല്ലെ പിന്‍വാങ്ങി. ഞങ്ങള്‍ മുന്നോട്ട്. പൊങ്കാലപ്പാറയുടെ താഴ്‌വാരത്തു നിന്ന് മധു അഗസ്ത്യകൂടത്തെ ക്യാമറയിലാക്കവെ ഞാനും ബിനുക്കുട്ടനും മുകളിലെത്തി അവര്‍ വരുന്നതും കാത്ത് പാറയിലിരുന്നു. പെട്ടെന്നൊരു ശബ്ദം.. ഭുമികുലുക്കമോ? ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോള്‍ കൂറ്റന്‍ കാട്ടുപോത്ത് തൊട്ടരികിലൂടെ ഓടുന്നു. കാട്ടിക്കൂട്ടത്തില്‍ ഇവന്‍ മാത്രം മാറാതവിടെ കിടപ്പുണ്ടായിരുന്നു. ഞങ്ങളെ കണ്ട് പേടിച്ചാണവന്‍ ഓടുന്നത്!
മുനിമാര്‍ മരുന്നരയ്ക്കാന്‍ കുഴിച്ച ഉരുള് കുഴിച്ചാന്‍ പാറ കണ്ടു. തണുത്ത കാറ്റ് വീശുന്നുണ്ട്. മലകളില്‍ പൂക്കള്‍ വിരിഞ്ഞു തുടങ്ങിയിരിക്കുന്നു. സീസണ്‍ ആയാല്‍ ഇത് മുഴുവന്‍ പൂക്കള്‍ കൊണ്ട് നിറയും. ഇതൊരു പൂ മലയാവും.നടത്തം ഇപ്പോള്‍ ഏറ്റവും ദുര്‍ഘടമായ പാതയിലെത്തി. ഉരുളന്‍ കല്ലുകള്‍ അട്ടിയിട്ടപോലെ. അള്ളിപിടിച്ച് കയറേണ്ട മലകള്‍. ഒരിടത്ത് മാത്രം കയറു കെട്ടിയിട്ടുണ്ട്. കുന്നിന്റെ ഉച്ചിക്കടുത്തും കാടുണ്ട്. മരങ്ങള്‍ക്ക് അധികം ഉയരമില്ല. കാറ്റ് അവയുടെ ഉയരം തടയുന്നു. ഔഷധസസ്യങ്ങള്‍ ധാരാളം. ഒരു മരത്തിനു ചുവട്ടില്‍ പുല്ല് ആരോ അടിച്ചിട്ട പോലെ. പുലി വന്നതിന്റെ ലക്ഷണമാണ്. മുന്നോട്ട് പോയപ്പോള്‍ ഒഴിഞ്ഞൊരു സ്ഥലത്ത് എന്തോ വന്ന് കിടന്നതിന്റെ ലക്ഷണം. പുല്ല് ഞെരിഞ്ഞമര്‍ന്നിരിക്കുന്നു. പുലിയല്ല, കടുവയാണ്. തൊട്ടു താഴെ തമിഴ്‌നാട് സര്‍ക്കാരിന്റെ കടുവാ സങ്കേതമാണ്.
InfoAGASTHYAKOODAM Agasthyakoodam is located about 61 kms from Thiruvanthapuram, Kerala. It is located at a height of 1,868 meters (6129 feet)How to reach: By Air: Trivandrum 69 kmBy Rail: Nearest station trivandrum 61 kms.By Road: Trivandrum- nedumangad -vithura- bonacaud -61 kms.Stay at Trivandrum or Nedumangad. Sights Around: Neyyar dam. Peppara dam. Neyyar lion safari park.Contact:The Wildlife Warden, Agasthyavanam Biological Park,Rajeev Gandhi Nagar, Vattiyourkavu.P.O.Trivandrum 695013Phone: 0471-2360762വിശദവിവരങ്ങള്‍ക്ക്. The Wildlife Warden, Agasthyavanam Biological Park, Rajeev Gandhi Nagar, Vattiyourkavu.P.O. Trivandrum 695013 Phone: 0471-2360762
വീണ്ടും മുന്നോട്ട്. അളളിപ്പിടിച്ചും ചുവടുറപ്പിച്ചും അഗസ്ത്യമലയുടെ ഉച്ചിയില്‍ എത്തുമ്പോഴേക്കും സൂര്യനും ഉച്ചസ്ഥായിയിലെത്തിയിരുന്നു. സമയം 12.30. അവിടെ അഗസ്ത്യമുനിയുടെ ശിലാപ്രതിമയുണ്ട്. എന്നോ വന്ന ഭക്തര്‍ അര്‍പ്പിച്ച പൂക്കള്‍ വാടിക്കിടപ്പുണ്ട്. കാണിക്കയര്‍പ്പിച്ച ഏതാനും നാണയത്തുട്ടുകളും. താഴെ കിഴക്കോട്ട് നോക്കിയാല്‍ തമിഴ്‌നാട്. തിരുനെല്‍വേലി ജില്ലയാണത്. അംബാസമുദ്രം കാണാം. മൂടല്‍മഞ്ഞിന്റെ പാലാഴി കാരണം കാഴ്ചകള്‍ അവ്യക്തം. പടിഞ്ഞാറ് നെയ്യാറും പേപ്പാറയും ഡാമുകള്‍. ഏതോ ഭൂഖണ്ഡത്തിന്റെ ഭൂപടങ്ങള്‍ പോലെ... ഭൂമിയില്‍ നിന്നൊരു ഗൂഗിള്‍ എര്‍ത്ത് കാഴ്ച.പണ്ടിവിടെ ഒരു വാന നിരീക്ഷണ കേന്ദ്രവും ഉണ്ടായിരുന്നത്രെ. അവിടെ നിന്ന് ദൂരദര്‍ശിനിയിലൂടെ ശ്രീലങ്കയിലെ കിള്ളിനോച്ചി കാണാമായിരുന്നെന്നും പറയുന്നു.സൂര്യന് ചൂടുണ്ടെങ്കിലും നമ്മളതറിയുന്നില്ല. കോടമഞ്ഞ് തഴുകാനെത്തും. ചിലപ്പോഴത് നമ്മെ പൊതിയും. പച്ചപ്പിന്റെ നേര്‍ത്തരാശിയുള്ള പാറയില്‍ തട്ടി മഞ്ഞ് മഴ പെയ്യും. കണ്ണീരൊലിപ്പിച്ച് നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ വെയിലില്‍ വെട്ടിതിളങ്ങുന്നു.'വാതം പറത്തി'യും 'നീരുപറ്റി'യും ബിനു കാണിച്ചു തന്നു. മലങ്കാണി കണ്ടെടുത്ത ആരോഗ്യപച്ചയും ഈ വനാന്തരത്തിലാണ്. അത് തിന്നാല്‍ വിശപ്പും ദാഹവുമറിയാതെ ദിവസങ്ങളോളം വനത്തില്‍ കഴിയാമത്രെ. മലയുടെ ഉച്ചിയില്‍ വളരുന്ന കവുങ്ങിനുമുണ്ട്്് ചില പ്രത്യേകതകള്‍. കാന്തകവുങ്ങ് എന്നാണത് അറിയപ്പെടുന്നത്. കൊഞ്ഞുള്ള കുഞ്ഞുങ്ങള്‍ക്ക് ഇതിന്റെ പാളയില്‍ ചോറുകൊടുത്താല്‍ മതിയത്രെ. ഇതിന്റെ കൂമ്പ് കറിവെക്കാനും ഉപയോഗിക്കാം നല്ല ഇറച്ചിക്കറി പോലെയുണ്ടാവും. ബിനു അറിയാവുന്ന ഔഷധ രഹസ്യങ്ങള്‍ പറയുകയാണ്.
തിരിച്ചിറക്കം. നടത്തം കുറച്ച് വേഗത്തിലാക്കി. കാരണം അന്നുതന്നെ താഴ്‌വരയിലെത്താന്‍ തിടുക്കമുണ്ടായിരുന്നു. കയ്യില്‍ ടോര്‍ച്ചില്ല, ഭക്ഷണ സാധനങ്ങളുമില്ല. ഇരുളും മുമ്പേ കാടിറങ്ങിയാല്‍ രക്ഷപ്പെട്ടു. പെരുകുന്ന മസിലുകള്‍ വകവെയ്ക്കാതെ ആഞ്ഞുപിടിച്ചു. ആലോചിച്ചാല്‍ ഒരന്തവുമില്ല. ആലോചിക്കാതിരുന്നാല്‍ ഒരു കുന്തവുമില്ല. ഗിരീഷ് മലകയറ്റത്തിന്റെ പ്രാഥമിക പാഠം പങ്കുവെക്കുന്നു.
അതിരുമലയിലെത്തി കഞ്ഞികുടിച്ച് ഇറങ്ങുമ്പോള്‍ സമയം നാലു മണിയായി. ഇന്നലെ ഞങ്ങള്‍ പിന്നിട്ട വഴിയാണോ ഇതൊക്കെ? ഇരുളില്‍ ഒന്നുമറിയാതെ കടന്നു പോന്ന വഴി പകല്‍വെളിച്ചത്തില്‍ കണ്ടപ്പോള്‍ വിശ്വാസം വരുന്നില്ല. ഏഴുമടക്കംതേരി പിന്നിട്ടാല്‍ അട്ടയാറിനടുത്ത് നിന്ന് ഈറ്റ വെട്ടി ചൂട്ടുണ്ടാക്കി എട്ടു മണിക്ക് മുമ്പ് കാട് കടക്കാമെന്നാണ് ഗിരീഷും ബിനുവും പറയുന്നത്. അട്ടയാറിലെത്തുമ്പോള്‍ ഇരുള്‍ വ്യാപിച്ചിരുന്നു. ചൂട്ടിനു പോയ ബിനു വെറും കയ്യോടെ തിരിച്ചു വന്നു. ഉണങ്ങിയ ഈറ്റ അവിടെങ്ങുമില്ല.
സമീപത്ത് കണ്ട ഉണക്കപുല്ലുകള്‍ പറിച്ചെടുത്ത് ചൂട്ടാക്കി. അഞ്ചു ചൂട്ട്. നടത്തം മുന്നോട്ട്. കൂറേക്കൂടി ഇരുട്ടിയിട്ട് കത്തിക്കാം. നടത്തിന് വേഗം കൂട്ടുമ്പോഴും വേദനിക്കുന്ന മസിലുകള്‍ പിടിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. ചൂട്ടുകള്‍ ഒരോന്നായി തീരാന്‍ തുടങ്ങി. ആഴത്തെങ്ങിന്റെ ഉണക്കോലകള്‍ കണ്ടതും ബിനുക്കുട്ടന്റെ മുഖം വിടര്‍ന്നു. ഒരഞ്ചു ചൂട്ടിനുള്ള വക കൂടിയായി.അവയും കത്തിതീര്‍ന്നപ്പോഴാണ് ഒരു ഐഡിയ തോന്നിയത്. കയ്യിലുള്ള തോര്‍ത്ത് കീറി കമ്പില്‍ കെട്ടി പന്തമാക്കിയാലോ? ഐഡിയ എല്ലാവര്‍ക്കും ബോധിച്ചു. ബിഗ്‌ഷോപ്പറില്‍ വെളിച്ചെണ്ണ കവറ് പരതാന്‍ എല്ലാവര്‍ക്കും ഉത്സാഹമായിരുന്നു. പക്ഷേ ഫലം നിരാശ. അത് അതിരുമലയില്‍ വെച്ച് മറന്നിരിക്കുന്നു. ഐഡിയയുടെ മറ്റൊരു ഫ്‌ളാഷ് മിന്നി. ഫോട്ടോഗ്രാഫര്‍ മധുരാജ് തന്റെ ഫ്‌ളാഷ് കയ്യിലെടുത്തു. അങ്ങിനെ ഫ്‌ളാഷിന്റെ വെളിച്ചത്തില്‍ കുറേ ദൂരം മുന്നോട്ട്. ഒടുക്കം അതും പിണങ്ങി. ഇനി തലേന്ന് നടന്ന പോലെ കണ്ണും പൂട്ടി നടക്കുക തന്നെ.
ഉത്സാഹത്തോടെ നടക്കാന്‍ ഇറങ്ങിയ നിത്യനടത്തക്കാരായ ഗിരീഷിനും ബിനുവിനും പോലും കാല് നോവാന്‍ തുടങ്ങി. അപ്പോഴേക്കും ഞങ്ങള്‍ 30കിലോ മീറ്റര്‍ പിന്നിട്ടിരിക്കുന്നു.രണ്ട് കിലോമീറ്റര്‍ കൂടി നടന്നാല്‍ ബോണക്കാട്ടിലെ പിക്കറ്റ് സ്റ്റേഷനെത്തും. അതിന്റെ വരാന്തയിലെങ്കിലും ഒന്ന് കാല് ചായ്ക്കാം. കാലത്ത് യാത്ര തുടരാം. ഞങ്ങള്‍ തീരുമാനിച്ചു. തീ കൂട്ടി വന്യ മൃഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി നാല് ആത്മാക്കള്‍ അവിടെ അന്തിയുറങ്ങി.
ഉറങ്ങിയെന്ന് പറയാനാവില്ല. തലേന്ന് അവിടെ പരിചയപ്പെട്ട വയര്‍ലസ് ഓപ്പറേറ്റര്‍ ഷാജി പറഞ്ഞ ആനക്കഥകള്‍ മനസ്സില്‍ കിടപ്പുണ്ടായിരുന്നു. കുടില്‍ നശിപ്പിച്ചതും വനകവാടത്തിലെ ശിലാവിഗ്രഹം വലിച്ചെറിഞ്ഞതുമെല്ലാം... ആനപ്പേടി മനസ്സിലും വേദനയുടെ സുഖനൊമ്പരം ശരീരത്തിലും. ആ കാനന രാത്രി ഞങ്ങള്‍ക്ക് പകലായിരുന്നു. എങ്കിലും കിടന്ന് ക്ഷീണം മാറ്റിയെന്ന് പറയാം.കാലത്ത് ആറു മണിക്ക് എഴുന്നേറ്റ് വീണ്ടും നടത്തം.. അകലെ അഗസ്ത്യകൂടം ഇതെല്ലാം കാണുന്നുണ്ടാവും... സാഹസികതകള്‍ക്ക് ഊര്‍ജ്ജമേകുന്ന പ്രകൃതിചൈതന്യം. എല്ലാം കഴിഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ ബാക്കിയാവുന്നത് കാടിന്റെ കുളിര്‍മ്മയും യാത്രയുടെ ത്രില്ലും.സീസണില്‍ യാത്ര ഇത്രയും ബുദ്ധിമുട്ടില്ല. വഴിതെളിക്കും. 100 പേര്‍ക്കാണ് പ്രവേശനം. 25 പേരടങ്ങുന്ന സംഘത്തിന് ഒരു ഗൈഡുണ്ടാവും. ഭക്ഷണം കാശ് കൊടുത്താല്‍ ഡോര്‍മറ്ററിയിലും പിക്കറ്റ് സ്‌റേറഷനിലും കിട്ടുമെന്നതിനാല്‍ ഭക്ഷണഭാരം കുറയും. മഴ കുറയുന്നതോടെ അട്ട ശല്യവും കുറയും.


VIEW ON mathrubhumi.com