ഇ-പാസ്: ദിവസം അനുമതി 1500 വാഹനങ്ങൾക്ക്, വാൽപ്പാറയിൽ സഞ്ചാരികളുടെ വരവ് കുറയുന്നു

#Travel Desk
വാൽപ്പാറ| ഫോട്ടോ: രമേഷ്കുമാർ വെള്ളമുണ്ട
വാൽപ്പാറ| ഫോട്ടോ: രമേഷ്കുമാർ വെള്ളമുണ്ട

കോയമ്പത്തൂർ: ഇ-പാസ് സംവിധാനം ഏർപ്പെടുത്തിയശേഷം വാൽപ്പാറയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിൽ ഗണ്യമായ കുറവുവന്നതായി വ്യാപാരികൾ. നവംബർ ഒന്നുമുതലാണ് ഇ-പാസ് ഏർപ്പെടുത്തിയത്. ദിവസം 1,500 വാഹനങ്ങൾക്കാണ് അനുമതി നൽകിയത്. എന്നാൽ, ആഴ്ച അവസാനംപോലും ഇത്രയും വാഹനങ്ങൾ വരുന്നില്ലെന്ന്‌ പറയുന്നു.

ഊട്ടി, കൊടൈക്കനാൽ എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ നടപ്പാക്കിയ ശേഷമാണ് ഇ -പാസ് സംവിധാനം വാൽപ്പാറയിൽ കൊണ്ടുവന്നത്. ഊട്ടി, കൊടൈക്കനാൽ ഭാഗങ്ങളിൽ ഇ-പാസിനെതിരേ വൻ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന്, സംസ്ഥാന സർക്കാർ ഇടപെട്ട് കൂടുതൽ വാഹനങ്ങൾവരാൻ അനുമതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് വാൽപ്പാറയിലും ഇ-പാസ് കൊണ്ടുവരാൻ ഹൈക്കോടതി ഉത്തരവിട്ടത്.

മിക്ക തേയിലത്തോട്ടങ്ങളും അടച്ചിടുകയും വന്യജീവിശല്യം വ്യാപകമാവുകയും ചെയ്തതോടെ വാൽപ്പാറയിൽനിന്ന് അടുത്തകാലത്തായി ആളുകൾ താമസംമാറ്റുന്നത് കൂടിയിട്ടുണ്ട്. വിനോദസഞ്ചാരം മാത്രമാണ് ഇവിടത്തെ പ്രധാന ജീവനോപാധി. സഞ്ചാരികളെ ലക്ഷ്യമിട്ട് നിരവധി കോട്ടേജുകളും ഹോംസ്റ്റേകളും അടുത്തകാലത്തായി തുടങ്ങിയിരുന്നു. വാൽപ്പാറ ചുരവും മലക്കപ്പാറ-അതിരപ്പിള്ളി വനപാതയും കാണാൻ നൂറുകണക്കിനുപേർ എത്തിയിരുന്നു.

സഞ്ചാരികളെ ആശ്രയിച്ച് നിരവധി കടകൾ, ഹോട്ടലുകൾ, താമസകേന്ദ്രങ്ങൾ, ഓട്ടോ-ടാക്സി വാഹനങ്ങൾ എന്നിവയുമുണ്ട്. എന്നാൽ, ഇ-പാസ് ഏർപ്പെടുത്തിയതോടെ പലരും വരാൻ മടിക്കയാണ്. ഇതോടെ സഞ്ചാരികളെ ആശ്രയിച്ചുകഴിഞ്ഞിരുന്ന വ്യാപാരസ്ഥാപനങ്ങളിൽ കച്ചവടം കുറഞ്ഞു. ലോഡ്‌ജുകൾ, കോട്ടേജുകൾ എന്നിവിടങ്ങളിൽ മുറിയെടുക്കാനും ആളില്ലാതായി. പല സ്ഥാപനങ്ങളും അടച്ചുപൂട്ടാനും ഒരുങ്ങുന്നു.

വാൽപ്പാറ ചുരംറോഡിൽ ടോപ് സ്ലിപ്പിലാണ് വനംവകുപ്പ് ഇ-പാസ് നൽകുന്നത്. പാസി ല്ലാത്ത ടൂറിസ്റ്റ് വണ്ടികൾ കടത്തിവിടില്ല. അതിരപ്പിള്ളി ഭാഗത്തുനിന്ന് വരുമ്പോൾ മലക്കപ്പാറയിലും ഇ-പാസ് നൽകും.

Content Highlights: Introduction of mandatory e-pass for vehicles entering Valparai., Significant decline in tourist footfall affecting local businesses., Economic impact on hotels, homestays, and small traders., Comparison with e-pass systems in Ooty and Kodaikanal., High Court directive behind the implementation of the pass system.