വിസയും ടിക്കറ്റും ഓക്കെയാണെങ്കിലും യാത്ര മുടങ്ങാം; പാസ്‌പോര്‍ട്ടിന്റെ കാര്യത്തിലും ഈ കരുതല്‍ വേണം

വിദേശ യാത്രകള്‍ മുടങ്ങുന്നതിലെ പ്രധാന വില്ലന്‍ പലപ്പോഴും വിസയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും ടിക്കറ്റിലെ കുഴപ്പങ്ങളുമാണ്. എന്നാല്‍, സാധുവായ വിസയും ടിക്കറ്റും എല്ലാം ഉണ്ടായിട്ടും യാത്ര മുടങ്ങുന്ന സാഹചര്യമുണ്ടാകുമോ? ഉണ്ടാകുമെന്ന് തന്നെ വേണം പറയാന്‍. പാസ്‌പോര്‍ട്ടിന്റെ കാലാവധി അവസാനിക്കുന്നത് അതിന്റെ സാധുതയെ ബാധിക്കുമെന്ന് ഏറക്കുറേ എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍, ഇതിനുപുറമെ, പാസ്‌പോര്‍ട്ടിലുണ്ടാകുന്ന കേടുപാടുകള്‍ പോലും യാത്ര മുടക്കാന്‍ ഇടയാക്കിയേക്കാം.
പാസ്‌പോര്‍ട്ടിന്റെ കാലാവധിയാണ് എല്ലാ യാത്രക്കാരും സാധാരണയായി നോക്കാറുള്ളത്. അതുപോലെ തന്നെ പ്രധാന്യമുള്ളതാണ് പാസ്‌പോര്‍ട്ടിന്റെ അവസ്ഥയും. അതായത് പാസ്‌പോര്‍ട്ടിലുണ്ടാകുന്ന കീറല്‍, പേജുകളില്‍ ഉണ്ടായിട്ടുള്ള വലിയ ചുളിവുകള്‍, വെള്ളം വീണ പാടുകള്‍, ഡേറ്റ ചിപ്പിലെ പോറലുകള്‍ തുടങ്ങിയ കേടുപാടുകളെല്ലാം പാസ്‌പോര്‍ട്ട് നിരസിക്കാനുള്ള കാരണങ്ങളായേക്കും. ഇമിഗ്രേഷന്‍ പരിശോധനയില്‍ പ്രശ്‌നമുണ്ടാക്കുമെന്ന് സംശയം തോന്നുന്ന പാസ്‌പോര്‍ട്ടുകള്‍ക്കാണ് യാത്ര വിലക്കുന്നത്.
എന്തുകൊണ്ടായിരിക്കും പാസ്‌പോര്‍ട്ടിന് കേടുപാടുകള്‍ സംഭവിച്ചാല്‍ യാത്ര വിലക്ക് ഉണ്ടാകാന്‍ കാരണം. ഇപ്പോള്‍ നല്‍കുന്ന പാസ്‌പോര്‍ട്ടുകളില്‍ ചിപ്പുകള്‍, ഹോളോഗ്രാമുകള്‍, മെഷീന്‍ റീഡബിള്‍ സോണുകള്‍ തുടങ്ങി പാസ്‌പോര്‍ട്ടിന് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിരവധി സംവിധാനങ്ങള്‍ നല്‍കുന്നുണ്ട്. ഇവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ ഇലക്ട്രോണിക് ഡിവൈസുകളില്‍ ഇത് റീഡ് ചെയ്യില്ല. പാസ്‌പോര്‍ട്ടുകള്‍ കീറുകയും മറ്റും ചെയ്താല്‍ സ്വാഭാവികമായും പാസ്‌പോര്‍ട്ടില്‍ കൃത്രിമം നടന്നതായി വിലയിരുത്തും.
ചെറിയ കേടുപാടുകള്‍ സംഭവിച്ചാല്‍ വിട്ടുവീഴ്ച ചെയ്യുന്ന രാജ്യങ്ങള്‍ നിരവധിയുണ്ടെങ്കിലും അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ വളരെ കര്‍ശനമായ നിലപാടാണ് സ്വീകരിക്കുന്നത്. ബയോമെട്രിക് സ്‌കാനിങ്ങിനെ ആശ്രയിക്കുന്നതിനാലാണ് അമേരിക്ക വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തത്. ചിപ്പ് റീഡ് ആകുന്നില്ലെങ്കിലും പേജുകളില്‍ മഷി പടര്‍ന്നിട്ടുണ്ടെങ്കിലും യാത്ര നിഷേധിക്കുകയാണ് ഇവരുടെ രീതി.
കേടുപാടുകള്‍ സംഭവിച്ച പാസ്‌പോര്‍ട്ടുകളെ രണ്ടായി തരംതിരിക്കുന്നുണ്ട്. പാസ്‌പോര്‍ട്ട് നമ്പറും, പേരും ഫോട്ടോയും തിരിച്ചറിയാന്‍ സാധിക്കുന്നവയെ ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചവയുടെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നു. വിവരങ്ങള്‍ അവ്യക്തമായും പ്രധാന വിവരങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുള്ളവയെ തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ കേടുപാടുകള്‍ സംഭവിച്ചവയായാണ് പരിഗണിക്കുന്നത്. ഇത് ഉപയോഗ ശൂന്യമായി പരിഗണിക്കാനും ഇടയുണ്ട്.
യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുമ്പുതന്നെ പാസ്‌പോര്‍ട്ട് കൃത്യമായി പരിശോധിച്ച് കേടുപാടുകള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കാന്‍ ശ്രദ്ധിക്കണം. ഇതിനുപുറമെ, എന്തെങ്കിലും കേടുപാടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത് ഉടന്‍ പരിഹരിക്കുകയും വേണം. ചെറിയ കേടുപാടുകളാണ് സംഭവിച്ചിട്ടുള്ളതെങ്കില്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് അവരെ വിവരം ധരിപ്പിക്കാന്‍ സാധിക്കും. എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വിസയുടെ സാധുത പോലെ തന്നെ പാസ്‌പോര്‍ട്ടിന്റെ അവസ്ഥയും കൃത്യമായി പരിശോധിക്കും.
Content Highlights: Valid visa and ticket- Passport damage can still ruin your trip.