അമേരിക്കൻ വിസ: മുപ്പതിലധികം രാജ്യങ്ങളിലേക്ക് യാത്രാ ഇളവുകൾ, അപേക്ഷിക്കാൻ അഞ്ച് ഘട്ടങ്ങൾ

അമേരിക്കൻ വിസയെടുത്താൽ മുപ്പതിലധികം രാജ്യങ്ങളിലേക്ക് വിസ ഫ്രീയ/ ഇ- വിസ/ വിസ ഓൺ അറൈവൽ എന്നീ രീതികളിൽ സന്ദർശിക്കാൻ സൗകര്യമുണ്ട്. സാധാരണയായി ഇന്ത്യൻ പൗരന്മാർക്ക് 10 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയാണ് ലഭിക്കുക. ഈ 10 വർഷത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും അമേരിക്ക സന്ദർശിക്കാം. ഒരു തവണത്തെ സന്ദർശനത്തിൽ പരമാവധി ആറു മാസം വരെ തങ്ങാം.
അമേരിക്കൻ വിസ എടുക്കുന്നതിന് പ്രധാനമായും അഞ്ചു ഘട്ടങ്ങൾ:
യു.എസ്. എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ (CEAC) DS-160 Form ഓൺലൈനായി പൂരിപ്പിക്കണം. വ്യക്തിഗത വിവരങ്ങൾ, യാത്രയുടെ ലക്ഷ്യം, സാമ്പത്തിക വിവരങ്ങൾ എന്നിവ കൃത്യമായി നൽകി കൺഫർമേഷന് പേജ് പ്രിന്റ് ചെയ്ത് സൂക്ഷിക്കുക. US Travel Docs വെബ്‌സൈറ്റിൽ പ്രൊഫൈൽ സൃഷ്ടിച്ച് വിസ ഫീസ് അടയ്ക്കണം. ഫീസ് അടച്ചതിന് ശേഷം ലഭിക്കുന്ന റസീപ്റ്റ് നമ്പർ ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിക്കണം. രണ്ട് അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യണം. ബയോമെട്രിക് വിവരങ്ങൾ നൽകാനും ഫോട്ടോ എടുക്കാനും- VAC (Visa Application Center)
യു.എസ്. എംബസിയിലോ കോൺസുലേറ്റിലോ (ചെന്നൈ, മുംബൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത) നേരിട്ടുള്ള അഭിമുഖത്തിന് (Consular Interview).
തീരുമാനിച്ച തീയതിയിൽ VAC കേന്ദ്രത്തിൽ വിരലടയാളവും ഫോട്ടോയും നൽകുക.(ആവശ്യമായ രേഖകൾ: പാസ്പോർട്ട്, DS-160 Confirmation, അപ്പോയിന്റ്‌മെന്റ് കൺഫർമേഷൻ).എംബസി/കോൺസുലേറ്റിൽ നേരിട്ടെത്തി ഇന്റർവ്യൂവിൽ പങ്കെടുക്കുക. അഭിമുഖം നടത്തുന്ന ഉദ്യോഗസ്ഥൻ നിങ്ങളുടെ യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ചും ഇന്ത്യയിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചും ചോദിക്കും. വിസ അംഗീകരിച്ചാൽ പാസ്പോർട്ട് വാങ്ങിവെക്കുകയും വിസ സ്റ്റാമ്പ് ചെയ്ത് കൊറിയർ വഴി അയച്ചുതരികയും ചെയ്യും.
ചെലവ്
വിസ അപേക്ഷാ ഫീസ് (MRV Fee): 185 ഡോളർ (ഏകദേശം 15,700 - 16,000 രൂപ). മറ്റ് ചെലവുകൾ: അഭിമുഖത്തിനായി ചെന്നൈയിലോ മറ്റ് നഗരങ്ങളിലോ പോകാനുള്ള യാത്രാച്ചെലവും താമസച്ചെലവും .ശ്രദ്ധിക്കുക: വിസ നിരസിക്കപ്പെട്ടാലും അപേക്ഷാ ഫീസ് തിരികെ ലഭിക്കില്ല.
ഏതെല്ലാം രാജ്യങ്ങളിലേക്ക്
അമേരിക്കൻ വിസയുണ്ടെങ്കിൽ മെക്‌സിക്കോയിലേക്ക് വിസയില്ലാതെ നേരിട്ട് പ്രവേശിക്കാം (പരമാവധി 180 ദിവസം). യു.എ.ഇ. (Dubai/UAE)14 ദിവസത്തേക്ക് വിസ ഓൺ അറൈവൽ ലഭിക്കും . (ഫീസ് ബാധകം).ഒമാൻ, ഖത്തർ വിസ ഓൺ അറൈവൽ അല്ലെങ്കിൽ എളുപ്പത്തിൽ ഇ- വിസ ലഭിക്കും. ജോർജിയ, അൽബേനിയ, സെർബിയ, മോണ്ടിനെഗ്രോ എന്നീ യൂറോപ്യൻ രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശിക്കാം. തുർക്കി കോൺസുലേറ്റിൽ പോകാതെ ഓൺലൈനായി 30 ദിവസത്തെ e-Visa എടുക്കാം. ഫിലിപ്പീൻസിൽ 14 മുതൽ 30 ദിവസം വരെ വിസയില്ലാതെ സന്ദർശിക്കാം. തായ്വാനിലേക്ക് ഓൺലൈൻ അപ്രൂവൽ (ROC Travel Authorization Certificate) വഴി വിസയില്ലാതെ പോകാം. സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്ക് ട്രാൻസിറ്റ് വിസ സൗകര്യമുണ്ട്. കൊളംബിയ, പെറു, ചിലി, പനാമ, കോസ്റ്റാറിക്ക എന്നിവയിലേക്ക് വിസ ഫ്രീ ആണ്. ബഹാമാസ്, ഡൊമിനിക്കൻ റിപ്പബ്ലിക് തുടങ്ങിയ കരീബിയൻ രാജ്യങ്ങളിൽ വിസ ഇല്ലാതെ പ്രവേശിക്കാം.
(പ്രധാന കുറിപ്പ്: മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ യു.എസ്. വിസയ്ക്ക് കുറഞ്ഞത് ആറു മാസത്തെ സാധുത ഉണ്ടായിരിക്കണം. ചില രാജ്യങ്ങളിൽ യു.എസ്. വിസ ഉപയോഗിച്ച് കുറഞ്ഞത് ഒരു തവണയെങ്കിലും അമേരിക്കയിൽ പോയിട്ടുണ്ടാകണം ).
ഇന്റർവ്യൂവിന് കൊണ്ടുപോകേണ്ട രേഖകൾ
കുറഞ്ഞത് ആറുമാസത്തെ സാധുതയുള്ള പാസ്പോർട്ട്. (പഴയ പാസ്പോർട്ടുകൾ ഉണ്ടെങ്കിൽ അതും കരുതുക).
DS-160 Confirmation Page: ബാർകോഡ് വ്യക്തമായി കാണുന്ന പ്രിന്റ്ഔട്ട്.
Appointment Confirmation Letter: VAC, Consular ഇന്റർവ്യൂ അപ്പോയിന്റ്‌മെന്റുകളുടെ കൺഫർമേഷൻ പ്രിന്റ്.
വിസ ഫീസ് റെസീപ്റ്റ് (MRV Fee Receipt): ഫീസ് അടച്ചതിന്റെ വിവരങ്ങൾ.
ഫോട്ടോ: യു.എസ്. വിസ മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരു പ്രിന്റഡ് ഫോട്ടോ (DS-160 ഫോമിൽ ഫോട്ടോ അപ്ലോഡ് ചെയ്യാൻ തടസ്സമുണ്ടായിരുന്നെങ്കിൽ മാത്രം).
അനുബന്ധ രേഖകൾ (Supporting Documents): ജോലി/ബിസിനസ് തെളിവുകൾ:ജോലിക്കാർ: എംപ്ലോയർ നൽകുന്ന Leave Approval Letter, കഴിഞ്ഞ 3-6 മാസത്തെ സാലറി സ്ലിപ്പുകൾ, കമ്പനിയുടെ ID കാർഡ്.
ബിസിനസ്സുകാർ: കമ്പനി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, സാമ്പത്തിക രേഖകൾ.
സാമ്പത്തിക ഭദ്രത തെളിയിക്കുന്നവ:കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്. കഴിഞ്ഞ 2-3 വർഷത്തെ ഇൻകം ടാക്‌സ് റിട്ടേൺ. ഫിക്‌സഡ് ഡെപ്പോസിറ്റ്, സ്ഥലം/സ്വത്ത് സംബന്ധമായ ആധാരങ്ങൾ, മറ്റ് നിക്ഷേപ രേഖകൾ.
യാത്രയുടെ ആവശ്യകത തെളിയിക്കുന്നവ: ടൂർ പ്ലാൻ , ഹോട്ടൽ ബുക്കിംഗുകൾ.
അമേരിക്കയിലുള്ള ബന്ധുക്കൾ/സുഹൃത്തുക്കൾ ക്ഷണിച്ചതാണെങ്കിൽ: Invitation Letter, അവരുടെ വിസ/ഗ്രീൻ കാർഡ്/പാസ്പോർട്ട് കോപ്പി.
ബിസിനസ് ആവശ്യത്തിനാണെങ്കിൽ: ക്ഷണക്കത്ത് (Business Invitation Letter), കോൺഫറൻസ് രജിസ്ട്രേഷൻ വിവരങ്ങൾ.
ഇവ അരുത്
കോൺസുലേറ്റിനകത്തേക്ക് മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, വലിയ ബാഗുകൾ എന്നിവ അനുവദിക്കില്ല.
Content Highlights: Detailed 5-step application process including DS-160 and interview, US visa fee is 185 USD (approx 15,700 - 16,000 INR), Travel to over 30 countries visa-free or with visa-on-arrival using a valid US visa, Complete checklist of documents required for the consular interview