കോഴിക്കോട്ടുമുണ്ട് കടമക്കുടിയും കുമ്പളങ്ങിയും പോലെ ഒരിടം; വരൂ, പോകാം നാരായണൻ ചിറയിലേക്ക്

നാരായണൻ ചിറ
നാരായണൻ ചിറ

തലക്കുളത്തുർ (കോഴിക്കോട്): കടമക്കുടിക്കും കുമ്പളങ്ങിക്കുമൊപ്പമെത്തുന്ന കോഴിക്കോട് ജില്ലയിലെ ഒരിടം. പാവയിൽ ചീർപ്പ് കടന്നെത്തുമ്പോൾത്തന്നെ വരവേൽക്കുന്നത് മനോഹരമായ നാരായണൻചിറയാണ്. അകലാപ്പുഴയോട് തൊട്ടുരുമ്മി 40 ഏക്കറിലധികം പരന്നുകിടക്കുന്ന ചിറ. അതിൽ ഒരുഭാഗത്ത് പെഡൽബോട്ടുകൾ കാണാം. അതിനായി ഒരു കൊച്ചുജെട്ടിയും.

ചിറയെ കീറിമുറിച്ചുപോവുന്ന റോഡിൻ്റെ മറുവശത്ത് കൊട്ടത്തോണികളുമുണ്ട്. ചിറ കാണാനെത്തുന്നവർക്ക് കൊട്ടത്തോണിയിൽ ചുറ്റി മീൻപിടിക്കാം. ചിറയോടുചേർന്നുതന്നെ ഒരു സ്വകാര്യ റിസോർട്ട്, മീൻവളർത്തുകേന്ദ്രം എന്നിവയെല്ലാമുണ്ട്. വിനോദസഞ്ചാരികളെ ലക്ഷ്യംവെച്ച് ചിറ കേന്ദ്രീകരിച്ച് തലക്കുളത്തൂർ പഞ്ചായത്ത് 'മത്സ്യസമൃദ്ധി എന്ന പദ്ധതിതന്നെ ആവിഷ്കരിച്ചിട്ടുണ്ട്. പിടിക്കുന്ന മീൻ അവിടെവെച്ചുതന്നെ പാകം ചെയ്തു കഴിക്കാവുന്ന സൗകര്യവും വൈകാതെ വരും. കൂടുതൽ ബോട്ടുജെട്ടികൾ വരുന്നുണ്ട്. 

ചുറ്റും വാക്‌‌വേ നിർമിച്ച് അലങ്കാര വിളക്കുകൾ സ്ഥാപിച്ച് നാരായണൻചിറയെ മനോഹരമാക്കിമാറ്റാൻ പദ്ധതിയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. പ്രമീള പറഞ്ഞു. പതിയെ വളർന്നുവരുന്നയുള്ളൂവെങ്കിലും ഒരിക്കൽ വന്നവരെ പിന്നെയും തിരികെ വിളിക്കുന്നത്ര മനോഹരമാണിവിടം. അകലാപ്പുഴയും നാരായണൻചിറയും ആ കാഴ്ചകളുടെ ഓരത്തുകൂടെ സഞ്ചരിക്കാവുന്ന തീരദേശപാതയുമെല്ലാം സംഗമിക്കുമ്പോൾ വീണ്ടുമെങ്ങനെ തിരികെ ഇവിടേക്ക് വരാതിരിക്കും.  

തീരദേശത്തു കൂടെയുള്ള റോഡിലൂടെ കുറച്ചു കൂടെ മുന്നോട്ടു പോയാലാണ് നാരായണൻചിറയും അകലാപ്പുഴയും ഒന്നിക്കുന്ന പാറക്കൽതാഴത്ത് എത്തുക. ബണ്ടിനപ്പുറത്തായി ചിറ ഇപ്പുറത്ത് അകലാപ്പുഴ രണ്ടായി വഴി പിരിഞ്ഞുപോവുന്നു. അകലാപ്പുഴയുടെ എല്ലാ അഴകും സംഗമിക്കുന്ന ഇടമാണ് പാറക്കൽതാഴം. അവിടെ തലക്കുളത്തൂർ പഞ്ചായത്തിൻ്റെ ഒരു ബോട്ടുജെട്ടിയുണ്ട്. ഇവിടെനിന്ന് ബോട്ടിൽ ഒളോപ്പാറയിലേക്കും തിക്കോടി പുറക്കാടേക്കും ജലയാത്ര നടത്താം. മുൻ കൂട്ടി അറിയിച്ചാൽ നല്ല പിടയ്ക്കുന്ന കരിമീനും വാങ്ങി മടങ്ങുകയുംചെയ്യാം. പെരുമഴ പെയ്യുന്ന ദിവസങ്ങളിൽ പാവയിൽചീർപ്പുമുതൽ അകലാപ്പുഴവരെയുള്ള യാത്ര മനോഹരമാണ്. 

രാവിലെയെത്തുന്നവർക്ക് ഉച്ചവരെയെങ്കിലും ഇവിടെ ചെലവഴിക്കാനുള്ളതെല്ലാം ആ ഗ്രാമ ഭംഗിതന്നെ ഒരുക്കി വെച്ചിട്ടുണ്ട്. അതുകഴിഞ്ഞ് കോരപ്പുഴയുടെ നടുവിലുള്ള നടുത്തുരുത്തി എന്ന ദ്വിപിലേക്കും യാത്ര പോവാം. മനോഹര മായ കാഴ്ചകളും ആ ദ്വീപിന്റെ ജീവിതവും തൊട്ടറിയാം.
 

Content Highlights: travel-destination-narayanan-chira-kozhikode