900 കണ്ടിയിലെ ചില്ലുപാലത്തിൽ ടൊവിനോ തോമസ്; 'നമ്മളിവിടെയൊക്കെ ഉണ്ടെന്ന്' മന്ത്രി മുഹമ്മദ് റിയാസ്

ടൊവിനോ തോമസ്, പി.എ. മുഹമ്മദ് റിയാസ് | Instagram/tovinothomas, Facebook/PAMuhammadRiyas
ടൊവിനോ തോമസ്, പി.എ. മുഹമ്മദ് റിയാസ് | Instagram/tovinothomas, Facebook/PAMuhammadRiyas

യനാട്ടിലെ 900 കണ്ടി സന്ദര്‍ശിച്ച ചലച്ചിത്രതാരം ടൊവിനോ തോമസ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ കമന്റ് ചെയ്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രണ്ടുദിവസം മുമ്പാണ് ടൊവിനോ 900 കണ്ടിയിലെ ചില്ലുപാലത്തിൽ നില്‍ക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിന് താഴെ കഴിഞ്ഞ ദിവസമാണ് റിയാസ് കമന്റ് ചെയ്തത്. 

'നമ്മളിവിടെയൊക്കെ ഉണ്ട് ട്ടോ' എന്നതിനൊപ്പം വയനാട്, എന്റെ കേരളം എന്നും സുന്ദരം എന്നീ ടാഗുകളും ചേര്‍ത്താണ് മന്ത്രിയുടെ കമന്റ്. 

കഴിഞ്ഞ ദിവസങ്ങളിലായി നടന്‍ വയനാട്ടിലെ ചില സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങളും ട്രക്കിങ് വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. 

900 കണ്ടി

വയനാട്ടിലെ ഒരു സ്വകാര്യ എസ്റ്റേറ്റാണ് 900 കണ്ടി. ജില്ലയിലെ തന്നെ അപൂര്‍വമായുള്ള കൂറ്റന്‍ പൈന്‍മരങ്ങള്‍ക്കിടയിലൂടെ വലിയ മലകളും കുന്നുകളുമാണ് 900 കണ്ടിയുടെ കാഴ്ച. 900 കണ്ടി വിസ്തൃതിയുള്ള ഒറ്റ പ്ലോട്ടില്‍ ബ്രിട്ടീഷുകാര്‍ നട്ടുവളര്‍ത്തിയതാണ് ഈ മരങ്ങള്‍. വളവുകളും കയറ്റങ്ങളും കാല്‍നടയായി പിന്നിട്ടും ബുള്ളറ്റുകളിലും ജീപ്പുകളിലുമെല്ലാമായി യഥേഷ്ടം ട്രക്കിങ്ങ് നടത്താനുള്ള സൗകര്യമാണ് പ്രധാനമായും ഇവിടെയുള്ളത്. മഴക്കാലത്ത് മഴ നനഞ്ഞുള്ള ഒരു ട്രക്കിങ്ങ് അനുഭവം വേറിട്ടതാണ്.

കേരളത്തിലെ നീളംകൂടിയ ചില്ലുപാലമാണ് ഇവിടുത്തേത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗ്ലാസ് ബ്രിഡ്ജ് എന്ന വിശേഷണമാണ് 900 കണ്ടിയിലേതെന്നാണ് ഇതിന്റെ ഉടമകള്‍ നല്‍കുന്ന വിശദീകരണം. ചൈനയിലെ ഹുനാന്‍ പ്രവശ്യയിലെ ഷാങ്ജിയായിലുള്ള അവതാര്‍ കുന്നിലാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം  നിര്‍മ്മിച്ചിട്ടുള്ളത്. ഇതിന്റെ ഏറ്റവും ചെറിയ ഒരു മാതൃകയാണ് 900 കണ്ടിയിലുള്ളത്. ഏതാനും മീറ്റര്‍ ദൂരത്തില്‍ മാത്രം നടക്കാന്‍ പറ്റുന്ന ചെറിയ പാലം. ഇറ്റലിയില്‍ നിന്ന് എത്തിച്ച ഗ്ലാസ്സുകൊണ്ട് നൂറിലധികം അടി ഉയരത്തിലാണ് ഈ പാലം ഇരുമ്പുതൂണുകളില്‍ ഉയര്‍ത്തി നിര്‍ത്തിയിട്ടുള്ളത്. ഗ്ലാസ് ബ്രിഡ്ജില്‍ കയറാന്‍ ഒരാള്‍ക്ക് 200 രൂപയാണ് ടിക്കറ്റ് നിരക്ക്.

കാറിലും മറ്റും എത്തുന്ന സഞ്ചാരികള്‍ക്ക് 900 കണ്ടിയിലെ മലകയറ്റം ദുഷ്‌കരമായിരിക്കും. ഇതിനായി ജീപ്പുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഏഴുപേരടങ്ങുന്ന സംഘത്തിന് 1200 രൂപ നല്‍കി ജീപ്പില്‍ മലകയറാം. 

ബോട്ടിങ്, കുട്ടികളുടെ പാര്‍ക്ക്, സ്‌കൈവാക്ക്, റൈഫിള്‍ ഷൂട്ടിങ്, ആര്‍ച്ചറി, ഗുഹ സന്ദര്‍ശനം എന്നിവയും 900 കണ്ടി ഇക്കോ പാര്‍ക്കിലുണ്ട്. 

Content Highlights: Tovino thomas visits 900 kandi Wayanad minister P.A. Muhammad Riyas comments