സഞ്ചാരികളെത്തുന്നു; പൊന്മുടിയിൽ കുടിവെള്ളമില്ല, ഗസ്റ്റ് ഹൗസുകളുടെ പ്രവർത്തനം താളംതെറ്റി

നെടുമങ്ങാട്: വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടിയിൽ കുടിവെള്ളക്ഷാമം രൂക്ഷം. കുടിവെള്ളം നിലച്ചതോടെ പി.ഡബ്ല്യു.ഡി. ഗസ്റ്റ് ഹൗസ്, കെ.ടി.ഡി.സി. ഗസ്റ്റ് ഹൗസ് എന്നിവയുടെ പ്രവർത്തനം താളംതെറ്റി. മുൻകൂട്ടി മുറികൾ ബുക്ക് ചെയ്തവർക്കുപോലും താമസ സൗകര്യം ഏർപ്പെടുത്താൻ ഇവർക്കാകുന്നില്ല.
ഗ്യാസിന്റെ ക്ഷാമംകൂടി ആയതോടെ ആഹാരം വിതരണം ചെയ്യുന്നതിനും ബുദ്ധിമുട്ടായി. അവധിക്കാലമായതിനാൽ നൂറുകണക്കിനു പേരാണ് പ്രതിദിനം പൊന്മുടിയിലെത്തുന്നത്. പക്ഷേ ഇവർക്ക് താമസസൗകര്യമോ, ഭക്ഷണമോ നൽകാനാകാതെ അധികൃതർ ബുദ്ധിമുട്ടുന്നു.
നേരത്തെ ഗസ്റ്റ് ഹൗസുകളിൽ മുറി ബുക്ക് ചെയ്തിരുന്നവരെ അങ്ങോട്ടു വിളിച്ച് വിവരമറിയിക്കുകയാണ് ജീവനക്കാർ. കെ.ടി.ഡി.സി.ക്കും, പി.ഡബ്ല്യു.ഡി.ക്കുമായി ഇരുന്നൂറിലധികം പേർക്കാണ് ഇവിടെ താമസ സൗകര്യമുള്ളത്. എന്നാൽ ഇപ്പോൾ ഇതിന്റെ നാലിലൊന്നു പേർക്കുപോലും സൗകര്യമൊരുക്കാനാകാതെ നെട്ടോട്ടത്തിലാണ് അധികൃതർ. ആയിരക്കണക്കിന് സഞ്ചാരികൾ വന്നുപോകുന്ന പൊന്മുടിയിൽ വെള്ളമെത്തിക്കുന്നതിന് ആകെയുള്ളത് ഒരു കുഴൽക്കിണർ മാത്രം.
അത്യാവശ്യം വേണ്ട സന്ദർഭങ്ങളിൽ ഐ.എസ്.ആർ.ഒ.യുടെ അനക്സ് കെട്ടിടത്തിന്റെ പിന്നിലായുള്ള നീരൊഴുക്കിൽ തടയണകെട്ടി വെള്ളം എത്തിക്കുന്നുണ്ട്. പക്ഷേ ഇതൊന്നുംകൊണ്ട് ഇവിടത്തെ കുടിവെള്ളപ്രശ്നം പരിഹരിക്കാനാകില്ല. സന്ദർശക ഫീസ് ഇനത്തിൽ പ്രതിവർഷം കോടിക്കണക്കിന് രൂപ വരുമാനം ലഭിക്കുന്ന വനം വകുപ്പിനും ഇവിടെ കുടിവെള്ളം നൽകണമെന്ന കാര്യത്തിൽ യാതൊരു താത്പര്യവുമില്ല.
പൊന്മുടി വനംവകുപ്പിന് കറവപ്പശുവാണെന്ന് വ്യാപകമായ പരാതിയുമുണ്ട്. ഇവർക്ക് വരുമാനം മാത്രംമതി. പൊതുമരാമത്തും, വാട്ടർ അതോറിറ്റിയും, വനംവകുപ്പും മനസ്സുവച്ചാൽ പൊന്മുടിയിലെ കുടിവെള്ള പ്രശ്നത്തിന് നിസ്സാരമായി പരിഹാരം കാണാനാകും.
വേനൽ കനത്തതോടെ കുടിവെള്ളത്തിനായി മൃഗങ്ങളും നാട്ടിലേക്കിറങ്ങുന്നത് പതിവായി. ഉൾവനമേഖലയിൽ വന്യമൃഗങ്ങൾക്കാവശ്യമായ വെള്ളവും ആഹാരവും ഇല്ല. ഇവ തേടിയാണ് കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, മ്ലാവ് തുടങ്ങിയ വന്യമൃഗങ്ങൾ വ്യാപകമായി നാട്ടിലേക്കിറങ്ങുന്നത്. കാടിനോടുചേർന്നു കിടക്കുന്ന കല്ലാറിലും വെള്ളം വറ്റി ഒഴുക്കുനിലച്ചു. വലിയ പാറക്കെട്ടുകൾ വെള്ളത്തിന് പുറത്തായി. അവിടവിടെ കയങ്ങൾപോലെ വെള്ളം കെട്ടിക്കിടക്കുന്നത് വൻ അപകടങ്ങൾക്കും കാരണമാകുന്നു.
Content Highlights: Severe drinking water shortage disrupting KTDC and PWD guest house operations., Pre-booked accommodations cancelled due to lack of water and gas supply., Wildlife encroaching into residential areas searching for water and food., Lack of infrastructure maintenance despite high tourism revenue generation., Call for intervention from PWD, Water Authority, and Forest Department.