ആലിംഗനം 3 മിനിറ്റുമതി; വൈകാരിക നിമിഷങ്ങള്‍ കാര്‍ പാര്‍ക്കിങ്ങിലാക്കണം; നിയന്ത്രണം വിമാനത്താവളത്തില്‍

വിമാനത്താവളങ്ങളുടെ കവാടങ്ങള്‍ വികാരനിര്‍ഭരമായ കാഴ്ചകള്‍ സാധാരണമാണ്. പരസ്പരം വാരിപ്പുണര്‍ന്നും ആലിംഗനം ചെയ്തും നിറഞ്ഞ കണ്ണുകളോടെ പ്രിയപ്പെട്ടവരെ യാത്രയാക്കും. ആഗമനം കവാടങ്ങളില്‍ ആനന്ദ കണ്ണീരുകളോടെയാകും ഈ വാരിപ്പുണരല്‍. എന്നാല്‍ ന്യൂസിലന്‍ഡിലെ ഈ വിമാനത്താവളത്തില്‍ ഇറങ്ങുമ്പോഴും പുറപ്പെടുമ്പോഴും നിങ്ങളുടെ വൈകാരിക നിമിഷങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ചിരിക്കുകയാണ്.
സൗത്ത് ഐലന്‍ഡിലുള്ള ഡണ്‍ഡിന്‍ അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് ആലിംഗനത്തിന് സമയപരിധി വെച്ചിരിക്കുന്നത്. പരമാവധി മൂന്ന് മിനിറ്റേ നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള വിമാനത്താവളത്തിലെ ഡ്രോപ്പ് ഓഫ് സോണില്‍ വൈകാരിക നിമിഷം നീണ്ടു നില്‍ക്കേണ്ടതുള്ളൂവെന്നാണ് ചട്ടം.
സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഡ്രോപ്പ്-ഓഫ് സോണില്‍ ഗതാഗതം കുരുക്ക് ഒഴിവാക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ആലിംഗന നിയന്ത്രണമെന്നാണ് വിശദീകരണം.
വിമാനത്താവളങ്ങളില്‍ ആളുകളെ വാഹനത്തില്‍ നിന്ന് ഇറക്കുന്ന ഭാഗങ്ങളില്‍ നിയന്ത്രണം സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 'പരമാവധി ആലിംഗന സമയം 3 മിനിറ്റ്. പ്രിയപ്പെട്ടവരുടെ യാത്രപറച്ചിലുകള്‍ക്കായി ദയവായി കാര്‍ പാര്‍ക്ക് ഉപയോഗിക്കുക', ബോര്‍ഡുകളില്‍ പറയുന്നു.
നിയമം അനുസരിച്ചില്ലെങ്കില്‍ പിഴ അടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്ന് വിമാനത്താവള എക്സിക്യുട്ടീവ് ഡാന്‍ ഡി ബോനോ പറഞ്ഞു.
ഡ്രാപ്പ്-ഓഫ് സോണില്‍ വളരെയധികം ആളുകള്‍ കൂടുതല്‍ സമയമെടുക്കുന്നു. മറ്റുള്ളവര്‍ക്ക് ഇത് തടസ്സമുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: New Zealand airport slammed over three minute time limit for farewell hugs