നവിമുംബൈയിൽ ആദ്യദിനം 48 വിമാന സർവീസുകൾ; 4000 യാത്രക്കാർ| VIDEO

#Travel Desk
photo: Navi Mumbai International Airport/instagram
photo: Navi Mumbai International Airport/instagram

ഇന്ത്യൻ വ്യോമയാന ചരിത്രത്തിൽ പുതിയ ഒരധ്യായം എഴുതിച്ചേർത്ത് മുംബൈ മേഖലയിലെ രണ്ടാമത്തെ വിമാനത്താവളമായ നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം (എൻഎംഐഎ) വ്യാഴാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ആദ്യത്തെ ഷെഡ്യൂൾഡ് പാസഞ്ചർ ഫ്ലൈറ്റുകളുടെ സർവീസുകളോടെ ഇന്ത്യയുടെ വാണിജ്യ വ്യോമയാന ഭൂപടത്തിൽ ഇത് ഔദ്യോഗികമായി ഇടം നേടി.

ബെംഗളൂരുവിൽനിന്ന് വന്ന ഇൻഡിഗോ 6E460 ആയിരുന്നു നവി മുംബൈയിലേക്കെത്തിയ ആദ്യ വിമാനം. ഇത് രാവിലെ എട്ടുമണിക്ക് പറന്നിറങ്ങി. അര മണിക്കൂറിന് ശേഷം എൻഎംഐഎയിൽ നിന്ന് ആദ്യ വിമാനം പുറപ്പെട്ടു.

ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ ഫ്ലൈറ്റ് രാവിലെ 8.40-നാണ് പറന്നുയർന്നുയർന്നത്. ആദ്യ ദിവസം, ഒൻപത് ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിച്ച് 48 വിമാനങ്ങളാണ് സർവീസ് നടത്തിയത്. 4,000-ൽ അധികം യാത്രക്കാർക്ക് സേവനവും നൽകി. ഏറ്റവും തിരക്ക് അനുഭവപ്പെട്ടത് വൈകുന്നേരം അഞ്ചിനും ഏഴിനും ഇടയിലായിരുന്നു. വിമാനത്താവളം കാണാൻ ആകാംക്ഷയോടെ സന്ദർശകരും എത്തിയിരുന്നു. ആദ്യ ദിവസം ഇൻഡിഗോ, അക്കസ എയർ, എയർ ഇന്ത്യ എക്സ്പ്രസ്, സ്റ്റാർ എയർ എന്നീ നാല് കമ്പനികളാണ് പ്രവർത്തനം ആരംഭിച്ചത്.

ദശാബ്ദങ്ങളായി ഒറ്റ റൺവേയിൽ പ്രവർത്തിക്കുന്നതും ഒരു ദിവസം 950 വിമാനങ്ങൾ കൈകാര്യം ചെയ്യുന്നതുമായ നിലവിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം മുംബൈ മേഖലയിലെ വ്യോമഗതാഗതത്തിൽ പ്രയാസം അനുഭവിച്ചിരുന്നു. സർവീസുകളുടെ ബാഹുല്യംകൊണ്ട് വീർപ്പുമുട്ടുന്ന ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിന് എൻഎംഐഎയുടെ വരവ് ആശ്വാസമാകും.

എൻഎംഐഎയിൽ നിന്നുള്ള സർവീസുകൾ യാത്രക്കാർക്ക്, പ്രത്യേകിച്ച് മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, തെലങ്കാന തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രാദേശിക കണക്റ്റിവിറ്റി മെച്ചപ്പെടുത്തും. യാത്രാ സമയം ഇത് ഗണ്യമായി കുറയ്ക്കുകയും ചെയ്യും.

ഏകദേശം 2,866 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ വിമാനത്താവളം രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നാണ്. പ്രതിവർഷം 90 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ഇതിന് കഴിയും. പൻവേലിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ റായ്ഗഢ് ജില്ലയിൽപ്പെടുന്ന 1160 ഹെക്ടർ സ്ഥലത്താണ് വിമാനത്താവളം സ്ഥിതിചെയ്യുന്നത്. വിമാനത്താവളത്തിന്റെ നിർമാണത്തിനായി ഇതുവഴി ഒഴുകുന്ന ഗദ്ധിനദിയെ വഴി തിരിച്ചുവിടുകയും ഉൽവെ കുന്ന് ഇടിച്ച് നിരപ്പാക്കുകയും ചെയ്തു. സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി 5000 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. 16700 കോടി രൂപയാണ് ചെലവ്.

1997ൽ സിഡ്‌കോയാണ് നവിമുംബൈ വിമാനത്താവളം എന്ന ആശയം മുന്നോട്ട് വെക്കുന്നത്. 2007ൽ സർക്കാർ അനുമതി നൽകിയെങ്കിലും തറക്കല്ലിട്ടത് 2018ലാണ്. 2014ൽ ആഗോള ടെൻഡർ വിളിച്ച് ജിവികെയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനാണ് ആദ്യം നിർമാണച്ചുമതല നൽകിയത്. സ്ഥലം ഏറ്റെടുക്കുന്നതിലെ പ്രശ്നങ്ങളും കോവിഡും കാരണം നിർമാണം വൈകി. 2021ലാണ് സിഡ്‌കോയും അദാനി എയർപോർട്ട് ഹോൾഡിങ്ങ് ലിമറ്റഡും ചേർന്ന് രൂപവത്കരിച്ച നവിമുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (എൻഎംഐഎഎൽ) ജിവികെയിൽനിന്ന് നിർമാണം ഏറ്റെടുത്തത്.

എങ്ങനെ എത്തിച്ചേരാം

മുംബൈ ഭാഗത്തുനിന്ന് അടൽ സേതുവഴി മുക്കാൽ മണിക്കൂർ കൊണ്ട് വിമാനത്താവളത്തിലെത്താം. സയേൺ പൻവേൽ ഹൈവേ വഴി വരുന്നവർക്ക് ഉറാൻ ഫാട്ടയിൽനിന്ന് പതിനഞ്ചു മിനിറ്റ് കൊണ്ട് എത്താൻ കഴിയും. പൻവേൽ സ്റ്റേഷനിൽനിന്ന് റിക്ഷയിലോ ടാക്‌സിയിലോ പത്തുമിനിറ്റുകൊണ്ട് എത്തിച്ചേരാൻ കഴിയുന്ന ദൂരമാണ്. നവിമുംബൈ ഭാഗത്തുനിന്നുള്ളവർക്ക് ലോക്കൽട്രെയിനിൽ കയറി തർഘർ സ്റ്റേഷനിലിറങ്ങിയാൽ നടന്നുപോകേണ്ട ദൂരമേയുള്ളൂ.

തർഘർ സ്റ്റേഷനിൽനിന്ന് വിമാനത്താവളത്തിലേക്ക് ഷട്ടിൽ സർവീസുകളും ഏർപ്പെടുത്തുന്നുണ്ട്. നവിമുംബൈയുടെ ഏതു ഭാഗത്തുനിന്നും അരമണിക്കൂറിനുള്ളിൽ വിമാനത്താവളത്താം. പുണെ ഭാഗത്തുനിന്ന് വരുന്നവർക്ക് അതിവേഗ പാതയിലൂടെ ഒന്നര മണിക്കൂറിലെത്താൻ കഴിയും.

Content Highlights: Navi Mumbai International Airport (NMIA) is now operational! Discover flight schedules, destinations, and how it boosts regional connectivity. Your new aviation hub awaits!