മൂന്നാറിന് വേണ്ടി KSRTC നിർമിച്ച ഡബിൾ ഡെക്കർ ‘റോയൽ വ്യൂ' ഓട്ടം തുടങ്ങി, ടിക്കറ്റ് നിരക്ക് അറിയാം

#Travel Desk
കെഎസ്ആർടിസിയുടെ ഡബിൾഡെക്കർ ബസ് എ. രാജ എംഎൽഎ ഫ്ലാഗോഫ് ചെയ്യുന്നു.
കെഎസ്ആർടിസിയുടെ ഡബിൾഡെക്കർ ബസ് എ. രാജ എംഎൽഎ ഫ്ലാഗോഫ് ചെയ്യുന്നു.

മൂന്നാർ: പുതുവർഷസമ്മാനമായി മൂന്നാറിന് ലഭിച്ച കെഎസ്ആർടിസിയുടെ രണ്ടാമത്തെ റോയൽ വ്യൂ ഡബിൾഡെക്കർ ബസ് സർവീസ് തുടങ്ങി. മൂന്നാർ ഡിപ്പോയിൽ നടന്ന ചടങ്ങിൽ എ. രാജ എംഎൽഎ സർവീസ് ഉദ്ഘാടനംചെയ്തു.

കെഎസ്ആർടിസി എംഡി പി.എസ്. പ്രമോജ് ശങ്കർ അധ്യക്ഷനായി. നിലവിലുള്ള ഡബിൾഡെക്കറിന് പുറമേയാണിത്. താഴത്തെനിലയിൽ 11, മുകളിൽ 39 എന്നിങ്ങനെയാണ് ബസിലെ സീറ്റ് ക്രമീകരണം.

പുറംകാഴ്ചകൾ പൂർണമായി കാണുന്നരീതിയിൽ രൂപകല്പന ചെയ്തതാണിത്. ഫെബ്രുവരി എട്ടിനാണ് മൂന്നാറിൽ ആദ്യ ഡബിൾഡെക്കർ ബസ് സർവീസ് തുടങ്ങിയത്. കെഎസ്ആർടിസി ഇതിലൂടെ 1.25 കോടിയിലധികം രൂപ വരുമാനം നേടിയിരുന്നു.

സർവീസുകൾ ഇങ്ങനെ

കെഎസ്ആർടിസിയുടെ മൂന്നാർ ഡിപ്പോയിൽനിന്നാണ് സർവീസുകൾ തുടങ്ങുന്നത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ്റോഡ്, ആനയിറങ്കൽ എന്നിവിടങ്ങൾ സന്ദർശിച്ച് തിരികെ ഡിപ്പോയിലെത്തും.

രാവിലെ 8, 9, 11.30, ഉച്ചയ്ക്ക് 12.30, വൈകീട്ട് 3, 4 എന്നീ സമയങ്ങളിലാണ് സർവീസുകൾ തുടങ്ങുന്നത്. താഴത്തെനിലയിൽ 200, മുകളിൽ 400 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകൾ ഓൺലൈനായും നേരിട്ടും ബുക്കുചെയ്യാം.

മെയ്ഡ് ഇൻ പാപ്പനംകോട്

കെഎസ്ആർടിസിയുടെ രണ്ടാമത്തെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസും നിരത്തിൽ ഇറങ്ങിയതിന്റെ അഭിമാനത്തിലാണ് കെഎസ്ആർടിസി പാപ്പനംകോട് സെൻട്രൽ വർക്സിലെ തൊഴിലാളികൾ. 30 തൊഴിലാളികൾ ചേർന്നാണ് ഈ ഡബിൾ ഡെക്കർ ബസ് നിർമിച്ചത്. ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ ആശയം അനുസരിച്ചാണ് ഈ ബസ് ഒരുങ്ങിയത്.

പാപ്പനംകോട് സെൻട്രൽ വാർക്‌സിലെ പെയിന്ററായ മഹേഷാണ് റോയൽ വ്യൂ ബസിന്റെ ഡിസൈൻ ഒരുക്കിയത്. ഈ ബസിൽ ഉപയോഗിച്ചുള്ള ഗ്ലാസുകൾ പുറത്തുനിന്നും എത്തിക്കുകയായിരുന്നു. മൂന്നാറിലേക്കുള്ള ആദ്യ ഡബിൾ ഡെക്കർ ബസും 2024-ലെ പുതുവർഷത്തിലാണ് എത്തിയത്. തൊട്ടടുത്ത വർഷം തന്നെ രണ്ടാമത്തെ ബസും എത്തിക്കാൻ കെഎസ്ആർടിസിക്ക് സാധിച്ചു.

Content Highlights: Experience Munnar`s stunning views with KSRTC`s new Royal View double-decker bus. Enjoy scenic routes & comfortable travel. Book tickets now!