ചന്ദനക്കാടുകള്‍, മുനിയറകള്‍, വന്യമൃഗങ്ങള്‍; കാഴ്ചകളുടെ വസന്തമാണ് മറയൂര്‍, പക്ഷേ...

മറയൂര്‍ | ഫോട്ടോ: സായ് നാഥ്
മറയൂര്‍ | ഫോട്ടോ: സായ് നാഥ്

വൈവിധ്യം നിറഞ്ഞ കാഴ്ചകള്‍കൊണ്ട് സമ്പന്നമാണ് മറയൂര്‍. എന്നാല്‍, സഞ്ചാരികളുടെ പ്രിയകേന്ദ്രമായ ഇവിടെ യാതൊരു പദ്ധതികളും നടപ്പാക്കാതെ വിനോദസഞ്ചാരവകുപ്പ്. പതിറ്റാണ്ടുകളായി മൂന്നാര്‍ ടൂറിസത്തിന്റെ നിഴലില്‍ ഒതുങ്ങിനില്ക്കുകയാണ് മറയൂര്‍. വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനോ, ഈ കേന്ദ്രങ്ങള്‍ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്താനോ നടപടികളില്ല. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളോ, യാത്രായോഗ്യമായ പാതകളോ ഇല്ല. ഈ കേന്ദ്രങ്ങളിലേക്കുള്ള ദിശാസൂചകങ്ങളോ ഇല്ല.

കാണേണ്ട കാഴ്ചകള്‍...

ഇന്ത്യയില്‍ സ്വാഭാവികമായി ചന്ദനമരങ്ങള്‍ വളരുന്ന ഏക പ്രദേശമാണ് മറയൂര്‍. 30 സെന്റിമീറ്ററിലധികം വണ്ണമുള്ള 60,000 ചന്ദനമരങ്ങള്‍ മറയൂരിലുണ്ട്. ഈ ചന്ദനക്കാടുകള്‍ സന്ദര്‍ശിക്കുവാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കാട്ടുപോത്തും മാനും മ്ലാവും വേറിട്ട അനുഭവമാണ്. ഭൗമസൂചികാപദവി ലഭിച്ച മറയൂര്‍ ശര്‍ക്കരയുടെ ഉത്പാദനയൂണിറ്റുകളും കരിമ്പ്‌തോട്ടങ്ങളും വൈവിധ്യകാഴ്ചകളായി മാറുന്നു. 

മുനിയറകളുടെ താഴ്വാരമായ മുരുകന്‍മലയും മറ്റൊരു കാഴ്ചയാണ്. ചിന്നാര്‍ വന്യജീവിസങ്കേതത്തിനുള്ളിലെ തൂവാനം, കൂട്ടാര്‍, ആലാംപെട്ടി വ്യൂ പോയിന്റ്, ചുരുളിപ്പെട്ടി തുടങ്ങിയിടങ്ങളിലെ ട്രെക്കിങ്ങും നവ്യാനുഭവമാണ്. വനം വകുപ്പിന്റെ കീഴിലുള്ള കേന്ദ്രങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ കുറച്ച് ഒരുക്കിയിട്ടുണ്ട്.

തൂവാനം ട്രെക്കിങ്ങും സഞ്ചാരികള്‍ക്ക് പ്രിയംതന്നെ. എന്നാല്‍ അരുവി തൂവല്‍ വെള്ളച്ചാട്ടത്തില്‍ യാതൊരുവിധ സൗകര്യവും ഒരുക്കിയിട്ടില്ല. കരിമൂട്ടി വെള്ളച്ചാട്ടത്തില്‍ മാത്രമാണ് സൗകര്യങ്ങള്‍ ഒരുക്കിവരുന്നത്. മുരുകന്‍മലയിലെ മുനിയറകള്‍ സംരക്ഷിക്കുന്നതിന് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. പഞ്ചായത്തുതലത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍പോലും ചെയ്യാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. മെഗാലിത്തിക് പാര്‍ക്ക് പ്രഖ്യാപനത്തില്‍മാത്രം ഒതുങ്ങി.

ഡീന്‍ കുര്യാക്കോസ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നു 35 ലക്ഷം രൂപ ഇതിനായി അനുവദിച്ചുവെങ്കിലും നടപടിയൊന്നുമുണ്ടായില്ല. മറയൂര്‍ കാര്‍ഷിക മേഖലയായിരുന്നുവെങ്കിലും കൃഷിസ്ഥലം നികത്തി കെട്ടിടങ്ങള്‍ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Content Highlights: Marayur Tourism Idukki travel destination