ലോകനാർകാവ് പൈതൃകടൂറിസം: പുതിയോട്ടിൽ കൊട്ടാരത്തിന് ഇനി പുതിയ മുഖം

വടകര(കോഴിക്കോട്): തലശ്ശേരി പൈതൃകസംരക്ഷണ പദ്ധതിയിൽപ്പെടുത്തി ലോകനാർകാവിൽ നടപ്പാക്കുന്ന പൈതൃകടൂറിസം പദ്ധതിയുടെ ഭാഗമായി മ്യൂസിയം കെട്ടിടം ഉൾപ്പെടെയുള്ളവ നിർമാണഘട്ടത്തിലേക്ക്.1.92 കോടി രൂപയുടെ പദ്ധതിയാണ് രണ്ടാംഘട്ടത്തിൽ നടപ്പാക്കുന്നത്. പ്രവൃത്തി ടെൻഡർചെയ്തുകഴിഞ്ഞു. അടുത്തദിവസംതന്നെ കരാർ ഒപ്പുവെക്കും. ഇതിനുശേഷം പെട്ടെന്നുതന്നെ പ്രവൃത്തിതുടങ്ങുമെന്ന് കെ.പി. കുഞ്ഞഹമ്മദ്കുട്ടി എംഎൽഎ അറിയിച്ചു.
ക്ഷേത്രത്തിനുപുറകിലെ പുതിയോട്ടിൽ കൊട്ടാരം കെട്ടിടമാണ് നവീകരിച്ച് മ്യൂസിയത്തിനുൾപ്പെടെ സജ്ജമാക്കുന്നത്. കാലപ്പഴക്കംകൊണ്ട് ശോച്യാവസ്ഥയിലാണ് ഈ കെട്ടിടം. ഇവിടെയാണ് ദേവസ്വം ഓഫീസ് ഉൾപ്പെടെ പ്രവർത്തിക്കുന്നത്. ഇതിനുസമീപമാണ് ലോകനാർകാവ് തീർഥാടന ടൂറിസംപദ്ധതിയുടെ ഭാഗമായി നിർമിച്ച അതിഥിമന്ദിരവും കളരിയുമുള്ളത്.
പുതിയോട്ടിൽ കൊട്ടാരവും മുഖംമിനുക്കുന്നതോടെ ഈ പ്രദേശത്തിന്റെ മുഖച്ഛായമാറും. കെഐഐഡിസി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.മ്യൂസിയം കെട്ടിടത്തിന്റെ നവീകരണവും പ്ലമ്പിങ്, വൈദ്യുതീകരണം എന്നിവയുമാണ് ഇപ്പോൾ നടക്കുക. മൊത്തം 7606 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം വരുന്നത്. കെട്ടിടനിർമാണത്തിനുപിന്നാലെ മ്യൂസിയത്തിന്റെ വിവിധഘടകങ്ങൾ സ്ഥാപിക്കുന്നതിനും പൈതൃകപദ്ധതിയിൽ ഫണ്ടുണ്ട്. മൊത്തം 6.69 കോടി രൂപയാണ് തലശ്ശേരി പൈതൃകടൂറിസം പദ്ധതിയിൽപ്പെടുത്തി കിഫ്ബി ലോകനാർകാവിന് അനുവദിച്ചത്.
ഇതിൽ കുറെപ്രവൃത്തികൾ പൂർത്തിയായി. മ്യൂസിയം കെട്ടിടംകൂടി സജ്ജമായാൽ ബാക്കിയുള്ളത് മ്യൂസിയത്തിനുള്ളിലെ പ്രവൃത്തികളാണ്.കിഫ്ബി ഭരണാനുമതിനൽകിയ 6.69 കോടി രൂപയിൽ ഇതെല്ലാം ഉൾപ്പെട്ടിട്ടുണ്ട്. സാങ്കേതികാനുമതി കിട്ടുന്നമുറയ്ക്ക് ഇവയും യാഥാർഥ്യമാകും.ലൈറ്റ് ഫിറ്റിങ്‌സ്, ഓഡിയോ വിഷ്വൽ എക്സ്പീരിയൻസിനുവേണ്ട സൗകര്യങ്ങൾ, ഫയർ അലാറം, ഓഡിയോ ഗൈഡൻസ് സംവിധാനം, ഐടി ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം മ്യൂസിയത്തിനുള്ളിൽ വരണം.
ഒരുകോടി രൂപയിലേറെ വകയിരുത്തിയ പദ്ധതികളാണിവ. മ്യൂസിയത്തിന്റെ നിർമാണത്തോടെ ഇതിനും സാങ്കേതികാനുമതികിട്ടുമെന്നാണ് പ്രതീക്ഷ.6.69 കോടി രൂപ അനുവദിച്ചതിൽ തന്ത്രിമഠം, ഊട്ടുപുര, വലിചിറ, ചെറിയചിറ നവീകരണം, മതിൽ, ക്ഷേത്രമുറ്റത്ത് കൊരുപ്പുകട്ടപാകൽ തുടങ്ങിയ പ്രവൃത്തികൾ നേരത്തേ പൂർത്തിയായിട്ടുണ്ട്.
Content Highlights: Lokanarkavu Heritage Tourism