ലക്ഷദ്വീപിലേക്ക് മംഗളൂരുവില്‍ നിന്ന് അതിവേഗ കപ്പല്‍; യാത്രാ സമയം വെറും ഏഴ് മണിക്കൂറില്‍ താഴെ

പവിഴപ്പുറ്റുകള്‍ നിറഞ്ഞ, ലഗൂണുകളാല്‍ ചുറ്റപ്പെട്ട പച്ചക്കടലുള്ള ലക്ഷദ്വീപ് സമൂഹത്തിലേക്ക് ജീവിതത്തില്‍ ഒരിക്കലെങ്കിലും യാത്ര പോകാന്‍ ആഗ്രഹിക്കാത്തവരുണ്ടാവില്ല. പക്ഷെ, ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലേക്ക് പോകുന്നതുപോലെ അത്ര എളുപ്പമല്ല ലക്ഷദ്വീപ് യാത്ര. എല്ലാ കാര്യങ്ങളും ശരിയായാലും കപ്പലലില്‍ ടിക്കറ്റ് കിട്ടിയെന്ന് വരില്ല. വളരെ പരിമിതമായ യാത്രാ സംവിധാനങ്ങള്‍ മാത്രമേ ലക്ഷദ്വീപിലേക്കുള്ളു. ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലക്ഷദ്വീപ്-മംഗളൂരു തീരങ്ങളെ ബന്ധിപ്പിച്ച് ഒരു കപ്പല്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നു എന്നതാണ് വാര്‍ത്ത.
കോവിഡ് സമയത്ത് നിര്‍ത്തിവെച്ച സര്‍വീസാണ് ഇപ്പോള്‍ പുരനരാരംഭിക്കുന്നത്. ലക്ഷദ്വീപില്‍ നിന്ന് അതിവേഗ കപ്പലായ 'എം.എസ്.വി പരളി' യാത്രക്കാരുമായി വ്യാഴാഴ്ച മംഗലാപുരം തുറമുഖത്ത് എത്തിയതോടെയാണ് സര്‍വീസ് പുനരാരംഭിച്ചത്. ലക്ഷദ്വീപിലെ കടമത്ത്, കില്‍ത്താന്‍ ദ്വീപുകളെ മംഗളുരുവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് സര്‍വീസ് നടത്തുന്നത്. ഏഴ് മണിക്കൂറില്‍ താഴെ സമയം കൊണ്ട് ലക്ഷദ്വീപിലെത്താമെന്നതാണ് ഈ സര്‍വീസിന്റെ പ്രത്യേകത. പൈലറ്റും ചീഫ് എഞ്ചിനീയറും ഉള്‍പ്പടെ എട്ട് പേരാണ് ഇതില്‍ ജീവനക്കാരായി ഉള്ളത്.
സമീപകാലത്ത് ലക്ഷദ്വീപ് ആഗോള തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയോട് ഉടക്കി നില്‍ക്കുന്ന മാലദ്വീപിന് ബദലായി ലക്ഷദ്വീപിനെ ഉയര്‍ത്തിക്കാണിക്കുന്ന ക്യാംപെയിനുകളും സജീവമായിരുന്നു. ഇത് ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിച്ചതോടെയാണ് ഇങ്ങോട്ടുള്ള ഗതാഗത സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇന്ത്യക്കകത്ത് നിന്നും പുറത്ത് നിന്നും നിരവധി സഞ്ചാരികള്‍ ഇപ്പോള്‍ ലക്ഷദ്വീപിലെത്താറുണ്ട്. ടൂര്‍ പാക്കേജ് വഴിയല്ലാതെ ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ദ്വീപ് അധികൃതരുടെ അനുമതി വാങ്ങേണ്ടതുണ്ട്.
Content Highlights: Lakshadweep to Mangaluru highspeed ferry service launched for tourists