കുറ്റാലം കൊട്ടാരം ബുക്കിങ് ഓണ്‍ലൈനായില്ല; സര്‍ക്കാരിന് നഷ്ടം ലക്ഷങ്ങള്‍

കുറ്റാലം കൊട്ടാരം (ഫയല്‍ ചിത്രം)
കുറ്റാലം കൊട്ടാരം (ഫയല്‍ ചിത്രം)

തമിഴ്നാട്ടിലെ ചെങ്കോട്ടയ്ക്കടുത്ത് കേരള പൊതുമരാമത്തുവകുപ്പിന്റെ അധീനതയിലുള്ള, കുറ്റാലം കൊട്ടാരത്തിന്റെ ബുക്കിങ് ഇതുവരെ ഓണ്‍ലൈനാക്കിയില്ല. കരട് ഉത്തരവിറക്കിയിട്ട് ഒന്‍പതുമാസം കഴിഞ്ഞിട്ടും സോഫ്റ്റ്‌വേര്‍ പരിഷ്‌കരിക്കാത്തതാണ് കാരണം. 11 കെട്ടിടസമുച്ചയങ്ങളുള്ള കുറ്റാലം കൊട്ടാരത്തില്‍, മുറികളായും കെട്ടിടങ്ങളൊന്നായും വാടകയ്ക്കു നല്‍കുന്നതിനാലാണ് സോഫ്റ്റ്‌വേര്‍ പരിഷ്‌കരിക്കേണ്ടിവരുന്നത്. ഇങ്ങനെ ഒന്നാകെയുള്ള ബുക്കിങ്ങിന് പൊതുമരാമത്തുവകുപ്പിന്റെ വിശ്രമ മന്ദിര ബുക്കിങ് സോഫ്റ്റ്‌വേറില്‍ നിലവില്‍ സൗകര്യമില്ല; 

അല്പസമയംകൊണ്ട് ചെയ്യാവുന്ന പരിഷ്‌കാരം മാസങ്ങളായി നീളുന്നതിനാല്‍ സര്‍ക്കാരിന് ലക്ഷങ്ങളുടെ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്. പൊതുമരാമത്തുവകുപ്പിനു കീഴിലെ വിശ്രമ മന്ദിരങ്ങളില്‍ ഇതുവരെ ഓണ്‍ലൈനാകാത്തത് കുറ്റാലം കൊട്ടാരത്തിന്റെ ബുക്കിങ് മാത്രമാണ്. സോഫ്റ്റ്‌വേര്‍ പരിഷ്‌കരിക്കാന്‍ സി.ഡിറ്റിനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും നടപടി പുരോഗമിക്കുകയാണെന്നുമാണ് പൊതുമരാമത്തുവകുപ്പ് അധികൃതര്‍ പറയുന്നത്. 

ജനറേറ്റര്‍, ഇന്‍വെര്‍ട്ടര്‍ സൗകര്യമില്ലാത്തതും ആവശ്യത്തിന് ശുചീകരണത്തൊഴിലാളികള്‍ ഇല്ലാത്തതുംമൂലം ബുക്കിങ് ഓണ്‍ലൈനാക്കുന്നതിന് ഉദ്യോഗസ്ഥര്‍ താത്പര്യമെടുക്കാത്തതെന്നാണ് വിവരം. കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമുള്ളതിനാല്‍ തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് വൈദ്യുതിബന്ധം വിച്ഛേദിക്കുന്നെന്ന പരാതി പൊതുമരാമത്തുവകുപ്പിനുണ്ട്.

11 കെട്ടിടങ്ങളിലായി 35 മുറികളുണ്ടിവിടെ. രണ്ടുകോടിയോളം രൂപ മുടക്കി നവീകരിച്ചപ്പോള്‍ വലിയ വരുമാനം പ്രതീക്ഷിച്ചിരുന്നു. ഓണ്‍ലൈന്‍ ബുക്കിങ് ഇല്ലാത്തതിനാല്‍ ഇതുണ്ടായില്ല. വിശാലമായ പാര്‍ക്കിങ് സൗകര്യമുള്ളതിനാല്‍ വിനോദസഞ്ചാരസംഘങ്ങള്‍ കെട്ടിടങ്ങള്‍ ഒന്നാകെ വാടകയ്‌ക്കെടുക്കാറുണ്ടായിരുന്നു. ഓഫ്ലൈന്‍ ബുക്കിങ് ആയതിനാല്‍ വരുമാനം ചോരുന്നതായി നേരത്തേതന്നെ സംശയമുണ്ട്. കുറ്റാലം കൊട്ടാരത്തിന്റെ പരിപാലനത്തിന് ഒരുവര്‍ഷം ചെലവഴിക്കുന്ന തുകപോലും ഇപ്പോള്‍ വരുമാനമായി ലഭിക്കുന്നില്ല. ഓണ്‍ലൈന്‍ ബുക്കിങ് ക്രമീകരിക്കുന്നതിനു മുന്നോടിയായി കുറ്റാലത്തെ വാടകനിരക്കുകള്‍ ഇരട്ടിയിലേറെ വര്‍ധിപ്പിച്ചതിന്റെ ഫലം കിട്ടാത്ത സ്ഥിതിയാണ്.

Content Highlights: kuttalam palace kuttalam Courtallam waterfalls tenkasi tamil nadu