ചെങ്കോട്ടയിലെ കുറ്റാലം രാജകൊട്ടാരത്തില്‍ താമസിക്കാം; ബുക്കിങ് ഓണ്‍ലൈന്‍ ആക്കുന്നു

കുറ്റാലം കൊട്ടാരം (ഫയല്‍ ചിത്രം)
കുറ്റാലം കൊട്ടാരം (ഫയല്‍ ചിത്രം)

തമിഴ്‌നാട്ടിലെ ചെങ്കോട്ടയ്ക്കടുത്ത് കേരള പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള കുറ്റാലം കൊട്ടാരത്തിന്റെ ബുക്കിങ് ഒടുവില്‍ ഓണ്‍ലൈനാക്കുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും. ഇതോടെ പൊതുമരാമത്ത് വകുപ്പിനു കീഴിലെ എല്ലാ വിശ്രമ മന്ദിരങ്ങളിലെയും മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനാകും.

അടുത്തിടെ രണ്ടുകോടി മുടക്കി നവീകരിച്ചിട്ടും കുറ്റാലം കൊട്ടാരത്തിന്റെ ബുക്കിങ് ഓണ്‍ലൈനിലാക്കാതിരുന്നത് മാതൃഭൂമി വാര്‍ത്തയാക്കിയിരുന്നു. കുറ്റാലത്ത് രാജകൊട്ടാരം, ദളവാ കൊട്ടാരം, അമ്മച്ചിക്കൊട്ടാരം തുടങ്ങി ചെറുതും വലുതുമായ 11 കെട്ടിടങ്ങളുള്ളതിനാല്‍ കെട്ടിടങ്ങള്‍ ഒന്നാകെ വാടകയ്ക്ക് നല്‍കാറുണ്ട്. ഇങ്ങനെ ഒന്നാകെയുള്ള ബുക്കിങ്ങിന് പൊതുമരാമത്ത് വകുപ്പിന്റെ വിശ്രമമന്ദിര ബുക്കിങ് സോഫ്റ്റ്‌വേറില്‍ സൗകര്യമുണ്ടായിരുന്നില്ല. ഓഫ്ൈലന്‍ ബുക്കിങ്ങായതിനാല്‍ വരുമാനം ചോരുന്നതായി സംശയമുയര്‍ന്നിരുന്നു.

ഓണ്‍ലൈന്‍ ബുക്കിങ് ക്രമീകരിക്കുന്നതിനു മുന്നോടിയായി കുറ്റാലത്തെ നിരക്കുകള്‍ പുതുക്കിയിട്ടുണ്ട്. സീസണ്‍, ഓഫ് സീസണ്‍ എന്നിങ്ങനെ രണ്ടായി തിരിച്ചായിരുന്നു നേരത്തേ വാടക ഈടാക്കിയിരുന്നത്. ഇനി വര്‍ഷം മുഴുവന്‍ ഒരേ വാടകയായിരിക്കും. 

കുറ്റാലം കൊട്ടാരം

തെങ്കാശി താലൂക്കിലാണ് തിരുനെല്‍വേലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കൊട്ടാരമാണ് കുറ്റാലം കൊട്ടാരം. 1882ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് വിശാഖം തിരുനാളാണ് കുറ്റാലം വെള്ളച്ചാട്ടത്തിനടുത്ത് വിശ്രമമന്ദിരമെന്നനിലയില്‍ കൊട്ടാരനിര്‍മ്മാണത്തിന് തുടക്കമിട്ടത്. കൊട്ടാരത്തിന്റെ രൂപകല്പനയും നിര്‍മ്മാണമേല്‍നോട്ടവും നിര്‍വഹിച്ചത് യൂറോപ്യന്‍ എന്‍ജിനീയര്‍മാരാണ്. ശ്രീമൂലം തിരുനാള്‍ മഹാരാജാവ് കുറ്റാലം കൊട്ടാരത്തിന്റെ പണി പൂര്‍ത്തിയാക്കി. 56.57 ഏക്കര്‍ സ്ഥലത്ത് 2639.98 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ളതാണ് കൊട്ടാരസമുച്ചയം.

Content Highlights: kuttalam palace kuttalam Courtallam waterfalls tenkasi tamil nadu