സൗജന്യയാത്ര; സ്ത്രീ-പുരുഷ യാത്രക്കാരുടെ കണക്കെടുക്കാൻ കെ.എസ്.ആർ.ടി.സി.

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാർ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി. സ്ത്രീ-പുരുഷ യാത്രക്കാരുടെ കണക്കെടുക്കുന്നു. ടിക്കറ്റ് മെഷീനുകളിൽ യാത്രക്കാർ സ്ത്രീയാണോ പുരുഷനാണോയെന്ന് രേഖപ്പെടുത്താനുള്ള സൗകര്യം ഏർപ്പെടുത്തി. ടിക്കറ്റ് നൽകുമ്പോൾ ഇക്കാര്യം രേഖപ്പെടുത്തണമെന്നാണ് കണ്ടക്ടർമാർക്കുള്ള നിർദേശം. സൗജന്യ യാത്രാപദ്ധതി നിലവിൽവരുമ്പോൾ എത്രരൂപയുടെ ബാധ്യത ഉണ്ടാകുമെന്ന് കണക്കാക്കാനാണിത്.
കെ.എസ്.ആർ.ടി.സി. സി.എം.ഡി. പി.എസ്. പ്രമോജ് ശങ്കറിന്റെ നിർദേശപ്രകാരം ഐ.ടി. ഡെപ്യൂട്ടി ജനറൽ മാനേജരാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമ്പോൾ ദിവസം മൂന്നുകോടി രൂപയുടെ ബാധ്യതയുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. 2026 ജനുവരിയിലെ കണക്കുപ്രകാരം കെ.എസ്.ആർ.ടി.സി.യിൽ ദിവസം ശരാശരി 22.18 ലക്ഷം യാത്രക്കാരാണുള്ളത്. ഇതിൽ 40 ശതമാനത്തോളം സ്ത്രീകളാണ്. സൗജന്യം അനുവദിച്ചാൽ 10 ശതമാനം വർധന പ്രതീക്ഷിക്കാം. 4500 ബസുകളിൽ 14.78 ലക്ഷം കിലോമീറ്ററാണ് ഒരു ദിവസം കെ.എസ്.ആർ.ടി.സി. സർവീസ് നടത്തുന്നത്.
പെൻഷന് 80 കോടി രൂപയും ശമ്പളത്തിന് 50 കോടി രൂപയും കെ.എസ്.ആർ.ടി.സി.ക്ക് മാസം സർക്കാർ നൽകുന്നുണ്ട്. ഇതിനുപുറമേ 100 കോടി രൂപകൂടി ലഭിച്ചാലേ സ്ഥാപനത്തിന് പിടിച്ചുനിൽക്കാനാകൂ. സർക്കാർ സഹായമായ 80 കോടി രൂപ കൃത്യസമയത്ത് കൈമാറാത്തതിനാൽ എസ്.ബി.ഐ.യിൽനിന്നും മാസം 50 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്താണ് ശമ്പളം നൽകുന്നത്. സൗജന്യയാത്ര ഓർഡിനറി, സിറ്റി ബസുകളിൽ മാത്രമായി ചുരുക്കുന്ന രീതിയാണ് മറ്റു സംസ്ഥാനങ്ങളിലുള്ളത്.
യു.ഡി.എഫ്. പ്രഖ്യാപിച്ച പദ്ധതിയിൽ ഏതു വിഭാഗംവരെയാണ് സൗജന്യമെന്നതിൽ വ്യക്തതയില്ല. സൂപ്പർ ക്ളാസ് ബസുകളെ ഒഴിവാക്കിയാൽ ഫാസ്റ്റ്, സിറ്റി ഫാസ്റ്റ്, ഓർഡിനറി, സിറ്റി സർക്കുലർ വിഭാഗങ്ങളിൽ സൗജന്യം നൽകേണ്ടിവരും.
കെ.എസ്.ആർ.ടി.സി.ക്ക് 5565 ബസുകൾ ഉണ്ടെന്ന് അവകാശപ്പെടുമ്പോഴും ശരാശരി 4500 ബസുകളാണ് നിരത്തിലിറങ്ങുന്നത്. ഇതിൽ 2047 ബസുകൾ 15 വർഷം കഴിഞ്ഞതിനാൽ പൊളിക്കേണ്ടവയാണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ 734 ബസുകൾ മാത്രമാണ് വാങ്ങിയത്. കുറഞ്ഞത് 1000 ബസുകളെങ്കിലും ഉടൻ വേണ്ടിവരും.
Content Highlights: KSRTC implements gender-based passenger tracking in ticket machines., Estimated daily financial liability of Rs 3 crore for free travel., 2026 data shows 22.18 lakh daily passengers, with 40% female ridership., Financial constraints: KSRTC requires an additional Rs 100 crore monthly support., Fleet aging crisis: 2,047 buses are over 15 years old and require replacement.