ഏപ്രിലിൽ ഇതുവരെ 29 ലക്ഷം രൂപ; റെക്കോർഡിലേക്ക് ഓടി KSRTC-യുടെ അവധിക്കാല ഉല്ലാസയാത്രകൾ

#Travel Desk
കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം യാത്രയിൽ നിന്ന് | ഫയൽ ചിത്രം / മാതൃഭൂമി
കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം യാത്രയിൽ നിന്ന് | ഫയൽ ചിത്രം / മാതൃഭൂമി

കൊല്ലം: അവധിക്കാല ഉല്ലാസയാത്രകളിലൂടെ റെക്കോഡ് കളക്‌ഷൻ നേടി കെ.എസ്.ആർ.സി.. ഏപ്രിലിൽ ഇതുവരെ നേടിയത് 29 ലക്ഷം രൂപയാണ്. മുൻവർഷങ്ങളെക്കാൾ കളക്‌ഷനിൽ വലിയ വർധനയാണ് അവധിക്കാല ഉല്ലാസയാത്രകളിലൂടെ കെ.എസ്.ആർ.ടി.സി.ക്ക് ലഭിച്ചത്.

കുറഞ്ഞ ചെലവിൽ കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാമെന്നതാണ് ബജറ്റ് ടൂറിസം സെല്ലിന്റെ അവധിക്കാല യാത്രകളുടെ പ്രത്യേകത. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ക്ഷേത്രങ്ങളിലേക്കുള്ള തീർഥാടനയാത്രകളും ഇതോടൊപ്പമുണ്ട്. യാത്രകൾക്ക് സ്വീകാര്യതയേറിയതോടെ ട്രിപ്പുകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ മേയ്‌മാസ യാത്രാപട്ടിക

  • ഏപ്രിൽ 26-നും മേയ് മൂന്ന്, 16, 27 തീയതികളിലും പുള്ളിക്കാനം യാത്ര.
  • കോയമ്പത്തൂരിലെ ഇഷ യോഗി സെന്ററും ലേസർ ഷോയും ഉൾപ്പെടുത്തി 28-ന് രാത്രിയുള്ള പാലക്കാട് യാത്ര.
  • 3,500 രൂപയ്ക്ക് മൂകാംബിക ക്ഷേത്രദർശനത്തിനൊപ്പം ഉഡുപ്പി, അനന്തപുരം, മധുർ, കാടാമ്പുഴ, വടക്കുംനാഥൻ, പറശ്ശിനിക്കടവ് എന്നിവിടങ്ങളും സന്ദർശിക്കുന്ന യാത്ര 30-ന് പുറപ്പെടും.
  • മേയ് ഒന്നിന് വാഗമൺ, പൊന്മുടി ട്രിപ്പുകൾക്ക് ഉച്ചഭക്ഷണവും യാത്രക്കൂലിയും ഉൾപ്പെടെ 1,020 രൂപയാണ് നിരക്ക്.
  • ഏഴിന് വൈകീട്ട് ആരംഭിക്കുന്ന ഊട്ടിയാത്ര ഒൻപതിന് അർധരാത്രി തിരിച്ചെത്തും. 2,250 രൂപയാണ് നിരക്ക്.
  • 650 രൂപ നിരക്കിൽ കോയിക്കൽ കൊട്ടാരവും മീൻമുട്ടി കല്ലാറും സന്ദർശിക്കുന്ന പൊന്മുടി യാത്ര മേയ് ഒന്നിനും 24-നും ഉണ്ടായിരിക്കും.
  • രണ്ട്‌, 17, 27 തീയതികളിൽ റോസ്‌മല (520 രൂപ), രണ്ടിന്‌ ഇല്ലിക്കൽക്കല്ല് (820 രൂപ).
  • മൂന്നിന് ചോറ്റാനിക്കര. തൃപ്പൂണിത്തുറ പൂർണത്രയീശക്ഷേത്രം ഉൾപ്പെടെയാണുള്ളത്.
  • തിരുവനന്തപുരത്തിന്റെ രാത്രിഭംഗിയും കന്യാകുമാരിയിലെ സൂര്യോദയവും ആസ്വദിക്കാനുള്ള യാത്ര(1,150 രൂപ) എട്ടിന് വൈകീട്ട് പുറപ്പെടും.
  • ഒൻപതിന് മൂന്നാർ-വട്ടവട, പാഞ്ചാലിമേട് യാത്രകൾ.
  • 10-ന് പൂവാർ ഐലൻഡ്‌സ് (1,200 രൂപ), രാമക്കൽമേട് യാത്രകൾ.
  • 12-ന് നെഫർറ്റിറ്റി കപ്പൽയാത്രയും 13-ന് ഗുരുവായൂർ ദർശനയാത്രയും.
  • 15-ന് രാമേശ്വരം യാത്ര. 15, 20, 30 തീയതികളിൽ ഗവിയാത്ര (1,750 രൂപ).
  • 16-ന് അംബാസമുദ്രം യാത്രയും 17-ന് കുമരകം കായൽയാത്രയും (1,760 രൂപ) ഉണ്ടായിരിക്കും.

ബുക്കിങ്ങിനും വിവരങ്ങൾക്കും ഫോൺ: 97479 69768, 94954 40444.

Content Highlights: KSRTC's holiday tours have achieved a record collection of ₹29 lakh so far this April, marking a significant increase compared to previous years. The Budget Tourism Cell has scheduled various trips for May, including affordable packages to Mookambika for ₹3,500, Ooty for ₹2,250, and specialized one-day trips to Ponmudi and Vagamon.