കരിയാത്തുംപാറ മനോഹരിയാണ്, പക്ഷേ... അപകടം ഒളിഞ്ഞിരിക്കുന്നു; ഭീഷണിയായി ചുഴിയും അടിയൊഴുക്കും

കൂരാച്ചുണ്ട്: ഒരിടവേളയ്ക്കുശേഷം വീണ്ടും കരിയാത്തുംപാറ വിനോദസഞ്ചാരകേന്ദ്രത്തിൽ ഒരു ജീവൻകൂടി പൊലിഞ്ഞതിന്റെ നടുക്കത്തിലാണ് പ്രദേശവാസികൾ. അവധിയാഘോഷിക്കാൻ കുടുംബാംഗങ്ങളോടൊപ്പം കരിയാത്തുംപാറ വിനോദസഞ്ചാരകേന്ദ്രത്തിലെത്തിയ ഫറോക്ക് ചുങ്കം എട്ടേനാലിൽ അഹമ്മദ്, കെ.ടി. നസീമ ദമ്പതിമാരുടെ ആറുവയസ്സുള്ള മകൾ അബ്റാറയാണ് തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെ കരിയാത്തുംപാറ ജലാശയത്തിൽ മുങ്ങിമരിച്ചത്. ടൂറിസം കേന്ദ്രം ഗേറ്റിൽനിന്ന് 100 മീറ്റർ അകലെ അധികം ആഴമില്ലാത്തഭാഗത്ത് ബന്ധുക്കളായ കുട്ടികൾ ഉൾപ്പെടെയുള്ളവർക്കൊപ്പം കുളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ഉടൻതന്നെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞവർഷം ഓഗസ്റ്റിൽ കരിയാത്തുംപാറയിൽത്തന്നെ വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ലാത്ത മേഖലയിൽ കോട്ടയം സ്വദേശിയായ യുവാവ് മുങ്ങിമരിച്ചിരുന്നു. ഈ വർഷം ജൂലായിൽ കക്കയംപുഴയിലും ഒഴുക്കിൽപ്പെട്ട് കിനാലൂർ സ്വദേശിയായ യുവാവിന്റെ ജീവൻ നഷ്ടമായിരുന്നു.
ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ കക്കയവും കരിയാത്തുംപാറയും പ്രകൃതിസൗന്ദര്യത്താൽ അനുഗൃഹീതമായ പ്രദേശങ്ങളാണ്. പ്രകൃതി ഒളിപ്പിച്ചുവെച്ച സൗന്ദര്യംപോലെത്തന്നെയാണ് ഇവിടെ പതിയിരിക്കുന്ന അപകടങ്ങളും. ജലാശയങ്ങളെക്കുറിച്ച് അറിയാവുന്ന പ്രദേശവാസികളുടെയും പ്രദേശത്തെ ഗൈഡുമാരുടെയും വാക്കുകൾ മുഖവിലയ്ക്കെടുക്കാൻ സഞ്ചാരികൾ വിമുഖതകാണിക്കുന്നതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. അവധിക്കാലത്ത് സന്ദർശനത്തിനെത്തുന്നവരാണ് മുങ്ങിമരിക്കുന്നതിലേറെയും. സ്ഥലപരിചയമില്ലാതെ അമിത ആത്മവിശ്വാസത്തോടെ വെള്ളത്തിലിറങ്ങി അപകടത്തിൽപ്പെടും. അതിസാഹസികത കാട്ടാനുള്ള ശ്രമങ്ങളും അപകടത്തിനിടയാക്കും.
നന്നായി നീന്തലറിയാമെന്ന ആത്മവിശ്വാസത്തിൽ ഇറങ്ങുന്നത് അടിയൊഴുക്കേറിയ കയങ്ങളിലായിരിക്കും. മുങ്ങിമരണങ്ങളിലേറെയും സംഭവിക്കുന്നത് ഇങ്ങനെയാണ്. ചുഴി, അടിയൊഴുക്ക്, പാറക്കെട്ടുകളിലെ വഴുക്കൽ, മുങ്ങാങ്കുഴിയിടുന്നവരെ കുടുക്കുന്ന കരിങ്കൽച്ചീളുകൾ, കുഴികൾ എന്നിങ്ങനെ പലവിധത്തിൽ പുഴ അപകടക്കെണിയാകാം. ഇവയെക്കുറിച്ച് ധാരണയില്ലാത്തിടത്ത് ഇറങ്ങരുത്. പുഴയെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും അറിയാവുന്ന പ്രദേശവാസികളുടെയും ഗൈഡുമാരുടെയും വാക്കുകൾ മുഖവിലക്കെടുക്കാൻ സഞ്ചാരികൾ തയ്യാറായാൽത്തന്നെ അപകടസാധ്യത കുറയും.
മുന്നറിയിപ്പില്ലാതെയെത്തുന്ന മലവെള്ളപ്പാച്ചിലും മലയോരമേഖലയിൽ പതിവാണ്. വനമേഖലയോട് ചേർന്നുകിടക്കുന്ന മേഖലകളായതിനാൽ മഴക്കാലത്ത് അപ്രതീക്ഷിതമായാണ് മലവെള്ളപ്പാച്ചിലുണ്ടാവാറുള്ളത്. മുകൾഭാഗത്തെ വനമേഖലയിൽ ശക്തമായ മഴപെയ്യുമ്പോൾ വളരെ പെട്ടെന്നാണ് പുഴകളിലേക്ക് മലവെള്ളം കുത്തിയൊലിച്ചെത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധമേഖലകളിൽനിന്നായി നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ദിവസേന കക്കയം, കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. കരിയാത്തുംപാറ, കക്കയം ഡാംസൈറ്റ് മേഖലകളിൽ ഗൈഡുമാരുടെ സാന്നിധ്യമുണ്ട്. എന്നാൽ, ഗൈഡുമാരുടെയോ അധികൃതരുടെയോ സാന്നിധ്യമില്ലാത്ത കക്കയം പഞ്ചവടി, കരിയാത്തുംപാറ പാപ്പൻചാടിക്കയം തുടങ്ങിയ മേഖലകളിലേക്കും സഞ്ചാരികൾ കടന്നുചെല്ലുകയാണ്. പാറകളും, തെളിഞ്ഞ തണുത്തവെള്ളവുംകണ്ട് പുഴയിലിറങ്ങുന്നവർ ആഴംകൂടിയ കയങ്ങളിലും ചുഴികളിലുംപെട്ട് മരണത്തിലേക്ക് നീങ്ങിപ്പോവുകയാണ്. പലപ്പോഴും ശബ്ദംകേട്ടെത്തുന്ന പ്രദേശവാസികൾകാരണമാണ് അപകടങ്ങൾ ഒഴിവാകുന്നത്. അപായമില്ലാതെ കുളിക്കാൻപറ്റിയ സ്ഥലം എവിടെയാണെന്ന് അറിയാതെയാണ് പലരും പുഴയിലേക്കിറങ്ങുക. പഞ്ചായത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ചിലമേഖലകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരും വകവെക്കാറില്ല. പലപ്പോഴും വിനോദസഞ്ചാരികളും പ്രദേശവാസികളും തമ്മിലുള്ള തർക്കത്തിനും ഇത് കാരണമാകാറുണ്ട്.
Content Highlights: A tragic drowning incident at Koorachundu`s Kariyathumpara tourist spot highlights serious safety risks for visitors