കേരളത്തിന് 2.47 ലക്ഷം വിമാനസീറ്റുകൾ നഷ്ടം; തിരിച്ചടി നേരിട്ട് പ്രവാസി മേഖല, വീഴാതെ കൊച്ചി!

കേരളത്തിലെ വിമാന സർവീസുകളിൽ വൻ സീറ്റ് വെട്ടിക്കുറയ്ക്കൽ. അന്താരാഷ്ട്ര വ്യോമയാന ഡാറ്റാ ഏജൻസിയായ ഒഫീഷ്യൽ എയർലൈൻ ഗൈഡ് (OAG) പുറത്തുവിട്ട 2026 ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22.7% കുറവാണ് സംസ്ഥാനത്തെ വിമാന സീറ്റുകളിൽ രേഖപ്പെടുത്തിയത്. ഒറ്റവർഷം കൊണ്ട് 2,47,285 സീറ്റുകളാണ് കേരളത്തിന് നഷ്ടമായത്.
രാജ്യത്തെ ഭൂരിഭാഗം വിമാനത്താവളങ്ങളിലും സീറ്റ് വെട്ടിക്കുറച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റ് പ്രതിസന്ധി, ഉയർന്ന ഇന്ധനവില, എയർലൈനുകളുടെ പുന:ക്രമീകരണം എന്നിവയാണ് പ്രധാന തിരിച്ചടിയായത്. പ്രവാസി മലയാളികളുടെ ജീവനാഡിയായ യുഎഇയിലേക്കുള്ള ഇന്ത്യയിലെ വിമാനസീറ്റ് ശേഷിയിൽ നാല് ശതമാനം കുറവുണ്ടായി. വിനോദസഞ്ചാര റൂട്ടുകളിലും വൻ ഇടിവു നേരിട്ടു. മലയാളി സഞ്ചാരികളുടെ പ്രിയപ്പെട്ട ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയിലെ വിമാന സീറ്റുകളിൽ വൻതോതിൽ വെട്ടിക്കുറയ്ക്കൽ നടന്നു.
മലേഷ്യ: -22%, തായ്ലാന്റ്: -21%, ശ്രീലങ്ക: -13%, സിംഗപ്പൂർ: -10%.
മറ്റ് വിമാനത്താവളങ്ങളിൽ ഭൂരിഭാഗവും സീറ്റുകളിൽ വൻവെട്ടിക്കുറയ്ക്കൽ ഉണ്ടായപ്പോഴും 1.7% പോസിറ്റീവ് വളർച്ചയോടെ കൊച്ചി തലയുയർത്തി നിന്നു. 2.9 ലക്ഷം സീറ്റുകളോടെ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ കൊച്ചി പത്താം സ്ഥാനത്തെത്തി. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങളുടെ പട്ടികയിൽ പോസിറ്റീവ് വളർച്ച രേഖപ്പെടുത്തിയ മൂന്ന് വിമാനത്താവളങ്ങളിലൊന്നാണ് കൊച്ചി (ഡൽഹിക്കും പൂനെയ്ക്കുമൊപ്പം).
ഇന്ത്യയിൽനിന്നുള്ള ആകെ സീറ്റ് ശേഷിയുടെ 50% വിപണി വിഹിതത്തോടെ ഇൻഡിഗോ ഒന്നാം സ്ഥാനം തുടർച്ചയായി നിലനിർത്തി. 2026 ഓഗസ്റ്റിൽ ഇൻഡിഗോയുടെ സീറ്റ് ശേഷി 1.17 കോടിയാണ്. 33 ലക്ഷം സീറ്റുകളും 14% വിപണി വിഹിതവുമായി എയർ ഇന്ത്യയാണ് രണ്ടാമത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എയർ ഇന്ത്യയുടെ സീറ്റ് ശേഷിയിൽ 4.2% കുറവുണ്ടായി (1,44,000 സീറ്റുകളുടെ കുറവ്).
എയർ ഇന്ത്യ എക്സ്പ്രസും സീറ്റിൽ 8.4% കുറവ് വരുത്തി. (2,28,000 സീറ്റുകളുടെ കുറവ്) 80,000 സീറ്റുകളുടെ കുറവാണ് സ്പൈസ് ജെറ്റ് വരുത്തിയത് (16.6% കുറവ്).
1.63 കോടി സീറ്റുകളും 69% വിപണി വിഹിതവുമായി ലോകോസ്റ്റ് എയർലൈനുകളാണ് ഇന്ത്യൻ വിപണിയിൽ ആധിപത്യം തുടരുന്നത്. എന്നാൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശേഷിയിൽ 1.6% കുറവുണ്ട്
പ്രധാന വിമാനത്താവളങ്ങളിലെ സീറ്റ് ശേഷിയും മാറ്റവും:
1. ന്യൂഡൽഹി (DEL)2.88 ദശലക്ഷം+17.2%
2. മുംബൈ (BOM)1.80 ദശലക്ഷം-4.0%
3. ബെംഗളൂരു (BLR)1.60 ദശലക്ഷം-4.0%
4. ഹൈദരാബാദ് (HYD)1.05 ദശലക്ഷം-13.3%
5. കൊൽക്കത്ത (CCU)0.76 ദശലക്ഷം-12.0%
6. ചെന്നൈ (MAA)0.72 ദശലക്ഷം-13.0%
7. പൂനെ (PNQ)0.59 ദശലക്ഷം+11.1%
8. അഹമ്മദാബാദ് (AMD)0.45 ദശലക്ഷം-11.6%
9. ഗുവഹാത്തി (GAU)0.31 ദശലക്ഷം-1.8%
10. കൊച്ചി (COK)0.29 ദശലക്ഷം+1.7%
Content Highlights: Kerala flight seats decreased by 22.7% in August 2026 according to OAG data., Over 2.47 lakh seats lost in a single year due to Middle East crisis and high fuel costs., Kochi airport showed positive growth of 1.7%, ranking 10th busiest in India., Major airlines like Air India and IndiGo adjusted capacities, affecting international and domestic routes.