നൃത്തവും പാട്ടും നിറഞ്ഞ ഏഴാംരാവ്; കണ്ണൂര്‍ ദസറയില്‍ ഇന്ന് ഫ്യൂഷന്‍ ഡാന്‍സും സൂഫി സംഗീതസന്ധ്യയും

കണ്ണൂർ ദസറയിൽ ഷൈജ ബിനീഷും സംഘവും അവതരിപ്പിച്ച നൃത്തസന്ധ്യ
കണ്ണൂർ ദസറയിൽ ഷൈജ ബിനീഷും സംഘവും അവതരിപ്പിച്ച നൃത്തസന്ധ്യ

കണ്ണൂര്‍: വേദിയില്‍നിന്ന് നൃത്തവും പാട്ടും സദസ്സിലേക്ക് പടര്‍ന്നതോടെ കണ്ണൂര്‍ ദസറയുടെ ഏഴാംരാവ് ഏറെ ആസ്വാദ്യകരമായി. കലാഭവന്‍ ദില്‍നരാജ് അവതരിപ്പിച്ച സംഗീതാര്‍ച്ചന, ആരതി രാജീവന്റെ മോഹിനിയാട്ടം, ഷൈജ ബിനീഷ് ടീമിന്റെ ക്ലാസിക്കല്‍ ഫ്യൂഷന്‍, ഗായകന്‍ കണ്ണൂര്‍ ഷെരീഫ് നയിച്ച ഗാനമേള എന്നിവ അരങ്ങേറി.

കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന ദസറയുടെ സാംസ്‌കാരികസമ്മേളനം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്തു.

മനുഷ്യബന്ധങ്ങള്‍ ശിഥിലമാക്കുന്ന കാലത്താണ് ജീവിക്കുന്നതെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു.

വയനാട് ദുരന്തമുണ്ടായപ്പോള്‍ നമ്മുടെ യുവാക്കള്‍ കാണിച്ച സേവനസന്നദ്ധത ഇവിടെ എടുത്തുപറയേണ്ട കാര്യമാണ്. യോജിപ്പിന്റെ ചിഹ്നങ്ങള്‍ നമ്മുടെ നാട്ടില്‍ ബാക്കിനില്‍ക്കുകയാണ്. സ്നേഹവും ഒത്തുചേരലും സാമൂഹികസേവന പ്രവര്‍ത്തനങ്ങളും നമ്മുടെ പിരിമുറുക്കങ്ങള്‍ കുറക്കാന്‍ സഹായിക്കുന്നു. കണ്ണൂര്‍ ദസറ യോജിപ്പിന്റെയും രമ്യതയുടെയും നന്മയുടെ കൂടിച്ചേരലായി മാറട്ടെ എന്നും അദ്ദേഹം പറഞ്ഞു.

സ്ഥിരംസമിതി അധ്യക്ഷ ഷാഹിന മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. സംവിധായകന്‍ ഇ.എം. അഷ്റഫ്, നടി കണ്ണൂര്‍ ശ്രീലത എന്നിവര്‍ മുഖ്യാതിഥികളായി. കൗണ്‍സിലര്‍മാരായ പി.കെ. സാജേഷ് കുമാര്‍, കെ. പ്രദീപന്‍, പ്ലാനിങ് റിസോഴ്സ് പേഴ്സണ്‍ പി.പി. കൃഷ്ണന്‍, വി.വി. പുരുഷോത്തമന്‍, ബി.കെ. അഹമ്മദ്, പി.സി. അശോകന്‍, കേരള ഫോക് ലോര്‍ അക്കാദമി സെക്രട്ടറി എ.വി. അജയകുമാര്‍, യുവസംരംഭകന്‍ നിര്‍മല്‍ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. മേയര്‍ മുസ്ലിഹ് മഠത്തില്‍, ഡെപ്യൂട്ടി മേയര്‍ അഡ്വ. പി. ഇന്ദിര, കൗണ്‍സിലര്‍മാരായ പനയന്‍ ഉഷ, കെ.പി. രജനി, അഡ്വ. പി.കെ. അന്‍വര്‍ എന്നിവര്‍ പങ്കെടുത്തു.

കണ്ണൂര്‍ ദസറ ഇന്ന്

വൈകീട്ട് 5. 30-ന് സാംസ്‌കാരിക സമ്മേളനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്യും. കൗണ്‍സിലര്‍ ടി. രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. സംഗീതജ്ഞന്‍ ഡോ. സി.വി. രഞ്ജിത്ത്, പ്രകൃതിസംരക്ഷകന്‍ പി. അബ്ദുല്‍ കരീം, ഗാനരചയിതാവ് വിവേക് മുഴക്കുന്ന് എന്നിവര്‍ മുഖ്യാതിഥികളാകും.

തുടര്‍ന്ന് ആവണി രാഗേഷ് ആന്‍ഡ് ദേവഗംഗ അവതരിപ്പിക്കുന്ന ഭരതനാട്യം, സിനി ആന്‍ഡ് ടീം മാതൃവേദി കീഴ്പ്പള്ളി അവതരിപ്പിക്കുന്ന മാര്‍ഗംകളി, തളാപ്പ് ഗവ. മിക്‌സഡ് യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഫ്യൂഷന്‍ ഡാന്‍സ്. ബിന്‍സിയും ഇമാമും പാടുന്ന സൂഫി സംഗീതസന്ധ്യ.

Content Highlights: kannur dussehra celebrations