കല്ലാര്‍കുട്ടിയില്‍ ബോട്ടിങ് നിലച്ചിട്ട് വര്‍ഷങ്ങള്‍; സാഹസിക ടൂറിസം കേന്ദ്രവുമായില്ല

കല്ലാര്‍കുട്ടി ഡാം
കല്ലാര്‍കുട്ടി ഡാം

കല്ലാര്‍കുട്ടി അണക്കെട്ടിലെ ബോട്ടിങ് കോവിഡ് കാലത്ത് നിന്നുപോയതാണ്. ഇപ്പോള്‍ രണ്ട് വര്‍ഷത്തിലേറെയായി ബോട്ടിങ് സെന്ററും ബോട്ടുകളും നശിക്കുകയാണ്. പ്രദേശത്തെ ടൂറിസം വികസനത്തിന് ഏറെ പ്രയോജനപ്പെടുമെന്ന് കരുതിയ പദ്ധതിയാണ് ഇപ്പോള്‍ ഇങ്ങനെ കിടക്കുന്നത്.

ആളുകള്‍ വന്നുതുടങ്ങി

2019-ല്‍ തുടങ്ങിയ പദ്ധതി കെ.എസ്.ഇ.ബി.യുടെ ഹൈഡല്‍ ടൂറിസവും മുതിരപ്പുഴ ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റിയും ചേര്‍ന്നാണ് നടത്തിക്കൊണ്ടിരുന്നത്. കുട്ടവഞ്ചി, പെഡല്‍ ബോട്ട്, ഫൈബര്‍ വള്ളം എന്നിവയാണ് ഇവിടെയുണ്ടായിരുന്നത്.

സ്പീഡ് ബോട്ട് കൊണ്ടുവരുമെന്ന പ്രഖ്യാപനവും ഉണ്ടായി.

എന്നാല്‍, മഹാപ്രളയത്തിനുശേഷം സഞ്ചാരികള്‍ കുറഞ്ഞു. സ്പീഡ് ബോട്ട് ഇല്ലാത്തതും പ്രശ്‌നമായി. ഇതോടെ സെന്ററിലെ ദൈനംദിന കാര്യങ്ങള്‍ക്കുപോലും വരുമാനമില്ലാത്ത അവസ്ഥയായി. എങ്കിലും മുമ്പോട്ട് പോകുകയായിരുന്നു. അതിനിടെയാണ് കോവിഡെത്തിയത്. അതോടെ കേന്ദ്രം പൂട്ടി. അതിനെയെല്ലാം അതിജീവിച്ച് സഞ്ചാരികള്‍ എത്തിത്തുടങ്ങിയപ്പോഴും ബോട്ടിങ് പുനരാരംഭിച്ചില്ല. ഇപ്പോള്‍ സഞ്ചാരികള്‍ വന്നിട്ട് തിരികെപോകുന്ന സാഹചര്യമുണ്ട്. പെഡല്‍ ബോട്ടുകളൊഴിച്ച് ബാക്കിയെല്ലാം ജില്ലയിലെ മറ്റ് ഹൈഡല്‍ ടൂറിസം കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അത് തിരികെകൊണ്ടുവരണമെന്നും ആവശ്യം ഉയരുന്നു.

എത്രയും പെട്ടെന്ന് സ്പീഡ് ബോട്ടും കൊണ്ടുവരണം. അങ്ങനെയെങ്കില്‍ കൂടുതല്‍ സഞ്ചാരികളെത്തും. ഡാമിലെ വ്യൂപോയിന്റുകളെ ബന്ധിപ്പിച്ച് ഫാം ടൂറിസം, ട്രെക്കിങ്, സാഹസിക ടൂറിസം എന്നിവ പ്രഖ്യാപിച്ചിരുന്നു. അതും നടപ്പാക്കിയിട്ടില്ല. ഈ പദ്ധതികളും യാഥാര്‍ഥ്യമാക്കിയാല്‍ സഞ്ചാരികളെ ഇനിയും ആകര്‍ഷിക്കാന്‍ കഴിയും. ഡാമില്‍ ചെളിയും മണലും വന്നടിഞ്ഞതും വേനല്‍ക്കാലത്ത് ഡാമില്‍ ഉണ്ടാകുന്ന വെള്ളക്കുറവും പദ്ധതി താളംതെറ്റുവാന്‍ മറ്റൊരു കാരണമായി പറയുന്നു. അണക്കെട്ടിലെ ചെളിയും മണലും നീക്കി ആഴം കൂട്ടണമെന്ന ആവശ്യവും ഉയരുന്നു.

ബോട്ടിങ് തുടങ്ങിയപ്പോള്‍ നാടിനും വികസനം ഉണ്ടായതാണ്. കല്ലാര്‍കുട്ടിയുടെയും കൊന്നത്തടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളുടെയും വിനോദസഞ്ചാര സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടായിരുന്നു പദ്ധതി തുടങ്ങിയത്. പ്രദേശവാസികള്‍ക്ക് ഒട്ടേറെ തൊഴില്‍ സാധ്യതകള്‍ തുറന്നുനല്‍കിയിരുന്നു.

വിസ്മയ യാത്ര

കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഭാഗത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെ മുതിരപ്പുഴ റോഡിലാണ് ബോട്ടുജെട്ടിയും മറ്റ് സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. മൂന്നാറില്‍നിന്ന് സഞ്ചാരികള്‍ ഇടുക്കിയിലേക്ക് പോകുന്നവഴിയിലാണ് കല്ലാര്‍കുട്ടി അണക്കെട്ട് സ്ഥിതിചെയ്യുന്നത്. അതിനാല്‍ സഞ്ചാരികള്‍ക്ക് എത്തിപ്പെടാന്‍ എളുപ്പമാണ്. കൂടുതല്‍ സഞ്ചാരികളെ ഇവിടെ എത്തിക്കാമെന്നായിരുന്നു പ്രതീക്ഷ. ആല്‍പ്പാറ, നാടുകാണി, കാറ്റാടിപ്പാറ തുടങ്ങിയ നിരവധി മനോഹര ദൂരക്കാഴ്ചകള്‍ കല്ലാര്‍കുട്ടി ജലസംഭരണിയിലെ ബോട്ടിങ്ങിനിടെ കാണാനാകും.

Content Highlights: kallarkutty dam munnar tourism destination