പറക്കാനാവുന്നില്ലെങ്കിലും തമാശയ്‌ക്ക് കുറവില്ല; ചിരി പടർത്തി എയര്‍ലൈന്‍ കമ്പനികളുടെ ട്വീറ്റുകള്‍

ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിമാന സര്‍വീസ് മുടങ്ങിയ നിരാശയിലാണ് എയര്‍ലൈന്‍ കമ്പനികള്‍. പക്ഷേ അവര്‍ക്കിടയില്‍ ഈയിടെയുണ്ടായ രസകരമായ ട്വീറ്റുകള്‍ ഇന്ന് നവമാധ്യമങ്ങളില്‍ വൈറലാണ്. ഇന്‍ഡിഗോയാണ് ട്വീറ്റിന് തുടക്കമിട്ടത്. അവരുടെ പ്രധാന എതിരാളികളായ എയര്‍ വിസ്താരയെ കളിയാക്കിയാണ് ട്വീറ്റ് ചെയ്തത്.

'ഹേയ് എയര്‍ വിസ്താര നിങ്ങള്‍ ഈ ദിവസങ്ങളില്‍ പറക്കുന്നില്ലെന്ന് കേട്ടു?' എന്നതാണ് ട്വീറ്റ്. അതോടൊപ്പം സ്റ്റേയിങ് പാര്‍ക്ക്ഡ് സ്റ്റേയിങ് സേഫ് എന്ന ഹാഷ്ടാഗും കൊടുത്തിട്ടുണ്ട്.

തൊട്ടുപിന്നാലെ വിസ്താര അതിന് മറുപടിയായെത്തി. 'ഇല്ല. ഈ ദിവസങ്ങളില്‍ ഗ്രൗണ്ടില്‍ കഴിയുന്നത് വലിയ കാര്യമാണ്. പറക്കുന്നത് അത്ര സ്മാര്‍ട്ട് ചോയ്‌സല്ല. എന്ത് പറുയുന്നു ഗോ എയര്‍?' വിസ്താര ഒരേസമയം ഇന്‍ഡിഗോയ്ക്ക് മറുപടിയും ഗോ എയറിന് ഒരു ചോദ്യവും സമ്മാനിച്ചു. ഇതുകണ്ട ഗോ എയറും രംഗത്തിറങ്ങി.

' തീര്‍ച്ചയായും. വീട്ടില്‍ കഴിയുന്നതാണ് സുരക്ഷിതം. എല്ലാവര്‍ക്കും പറക്കാന്‍ കഴിയുന്ന സമയത്ത് നമുക്കും പറക്കാം അല്ലേ എയര്‍ ഏഷ്യ ഇന്ത്യന്‍?' വിസ്താരയില്‍ നിന്നും കിട്ടിയ ചോദ്യത്തിന് ഉത്തരം നല്‍കി ഗോ എയര്‍ ഈ ട്വീറ്റിലേക്ക് എയര്‍ ഏഷ്യ ഇന്ത്യയെയും കൊണ്ടുവന്നു. എയര്‍ ഏഷ്യയും ഇക്കാര്യത്തോട് യോജിച്ച് സ്‌പൈസ് ജെറ്റിനെയും ഈ ട്വീറ്റിലേക്ക് ക്ഷണിച്ചു.

ഉടൻതന്നെ പറക്കാനാവുമെന്ന പ്രത്യാശ പ്രകടിപ്പിച്ച സ്‌പൈസ് ജെറ്റ് നാളെയുടെ സുരക്ഷയ്ക്കായി ഇന്ന് പറക്കാതിരിക്കാം എന്ന് പറഞ്ഞ് ട്വീറ്റ് അവസാനിപ്പിച്ചു. പറഞ്ഞത് ശരിയല്ലേ എന്ന് ഡൽഹി എയർപോർട്ടിനോട് ചോദിക്കുന്നുമുണ്ട് സ്പൈസ് ജെറ്റ്.

ഇന്ത്യയിലെ ഒട്ടുമിക്ക എയര്‍ലൈന്‍ കമ്പനികളും രംഗത്തിറങ്ങിയതോടെ ഈ ട്വീറ്റ് ചുരുങ്ങിയ നിമിഷം കൊണ്ട് യാത്രികര്‍ ഏറ്റെടുത്ത് വൈറലാക്കി. എല്ലാവരും രസകരമായ കമന്റുകളാണ് ട്വീറ്റിന് നല്‍കുന്നത്.

Content Highlights: IndiGo Ribs Vistara, Tweet Turns Into Witty Thread Among Rivals

Content Highlights: