മണിക്കൂറില്‍ 280 കിലോമീറ്റര്‍, അതിവേഗ തീവണ്ടികള്‍ വരുന്നു; കരാര്‍ ബെമലിന്

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗത്തില്‍ ഓടാവുന്ന അതിവേഗതീവണ്ടി നിര്‍മിക്കാനുള്ള കരാര്‍ പെരമ്പൂര്‍ ഐ.സി.എഫ്. ബെമലിന് നല്‍കി. എട്ട് കോച്ചുകള്‍ വീതമുള്ള രണ്ട് തീവണ്ടികളാണ് നിര്‍മിക്കുക. 866.87 കോടി രൂപയ്ക്കാണ് കരാര്‍ നല്‍കിയത്. തീവണ്ടി രൂപകല്പന ചെയ്യാനും നിര്‍മിക്കാനുമുള്ള ചെലവുകള്‍ക്ക് പുറമെ അടിസ്ഥാന സൗകര്യം ഒരുക്കാനുള്ള ചെലവും ഉള്‍പ്പെടുമെന്ന് ഐ.സി.എഫ്. വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യത്ത് റെയില്‍വേയുടെ ചരിത്രത്തില്‍ ഒരു നാഴികകല്ലാകുമെന്ന് കരുതുന്ന അതിവേഗ തീവണ്ടിയുടെ നിര്‍മാണം 2026 അവസാനത്തോടെ പൂര്‍ത്തിയാക്കി സര്‍വീസിന് സജ്ജമാക്കാനാണ് പദ്ധതി. എട്ട് കോച്ചുകളുള്ള ചെയര്‍കാര്‍ തീവണ്ടിയായിരിക്കും നിര്‍മിക്കുക. വന്ദേഭാരത് തീവണ്ടിയിലുള്ള എല്ലാ സൗകര്യങ്ങളും അതിവേഗ തീവണ്ടിയിലുമുണ്ടാകും.

അതിവേഗതീവണ്ടികള്‍ ഇന്ത്യയില്‍ നിര്‍മിക്കാനായുള്ള പരിശ്രമങ്ങളാണ് ഈ പദ്ധതിയിലൂടെ നടക്കുന്നതെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു.

എട്ട് കോച്ചുകളുള്ള രണ്ട് തീവണ്ടികള്‍ നിര്‍മിച്ചശേഷം നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള അതിവേഗ തീവണ്ടികള്‍ നിര്‍മിക്കുമെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. വന്ദേഭാരതിന് 180 കിലോമീറ്ററിനും 220 കിലോമീറ്ററിനുമിടയിലാണ് വേഗം. വന്ദേ ഭാരതിനെക്കാളും കൂടുതല്‍ വേഗത്തില്‍ ഓടുന്ന തീവണ്ടികളാണ് ഇനി റെയില്‍വേ ലക്ഷ്യമിടുന്നത്. ഇതിനായി ദക്ഷിണേന്ത്യയിലും വടക്കേന്ത്യയിലും ട്രാക്കുകള്‍ തിരഞ്ഞെടുക്കും.- റെയില്‍വേ അധികൃതര്‍ പറഞ്ഞു.

Content Highlights: icf manufacturing high speed train sets capable of 280 km/h